മയക്കുമരുന്നുമായി 16 പേർ പിടിയിൽ
text_fieldsRepresentational Image
കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി 16 പേരെ നാർകോട്ടിക് കൺട്രോളിന്റെ ജനറൽ വിഭാഗം അറസ്റ്റ്ചെയ്തു. 12 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രതികൾ പിടിയിലായത്. ഷാബു, ഹഷീഷ്, മരിജുവാന തുടങ്ങി ഏകദേശം 11,250 കിലോഗ്രാം മയക്കുമരുന്നുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. രണ്ടു കിലോ ലിറിക്ക പൗഡർ, 3,200 സൈക്കോട്രോപിക് ഗുളിക, 15 കുപ്പി മദ്യം, നടാൻ തയാറായ കഞ്ചാവ് വിത്തുകൾ, നാല് ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും, വിൽപനയിൽനിന്ന് ലഭിച്ച തുകയും പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്നു കടത്ത്, വിൽപന, ദുരുപയോഗം എന്നിവക്കെതിരെ പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ എമർജൻസി ഫോണിലും (112) മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്ലൈനിലും (1884141) അറിയിക്കാൻ അഭ്യർഥിച്ചു.

