വീട്ടുതടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചു, ഗർഭസ്ഥ ശിശുവിനെ നഷ്ടമായി -കർണാടക ബി.ജെ.പി പ്രവർത്തകന് എതിരെ ഗുരുതര ആരോപണവുമായി യുവതി
text_fieldsബംഗളൂരു: കർണാടകയിലെ ബി.ജെ.പി പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങളുമായി ദലിതരടക്കമുള്ള സ്ത്രീകൾ രംഗത്ത്. സ്വന്തം ഉടമസ്ഥതയിലുള്ള കോഫി പ്ലാന്റേഷനിൽ പൂട്ടിയിട്ടതായി ആരോപിച്ച് 16 ദലിത് സ്ത്രീകളാണ് ബി.ജെ.പി അനുയായി ജഗദീശ്വ ഗൗഡക്കെതിരെ രംഗത്തുവന്നത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഈ സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ക്രൂരമായ പീഡനത്തിനൊടുവിൽ അതിലൊരു ഗർഭിണിക്ക് കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തു. സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതികളുടെ പരാതിയിൽ ജഗദീശ്വ ഗൗഡക്കും മകൻ തിലക് ഗൗഡക്കും എതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
അതിനിടെ, ജഗദീശ്വ പാർട്ടി നേതാവാണെന്ന റിപ്പോർട്ട് ബി.ജെ.പി തള്ളിയിട്ടുണ്ട്. ജഗദീശ്വ പാർട്ടി അംഗം പോലുമല്ലെന്നും കേവലമൊരു അനുയായി മാത്രമാണെന്നുമാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പിയെ അനുകൂലിക്കുന്ന ഒരു വോട്ടർ മാത്രമാണ് ജഗദീശ്വ എന്നും ജില്ല വക്താവിന്റെ വിശദീകരണമുണ്ട്.
ജഗദീശ്വ ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒക്ടോബർ എട്ടിന് ഒരുകൂട്ടം ആളുകൾ ബലെഹൊന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ ഉടൻ തന്നെ അവർ പരാതി പിൻവലിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗർഭിണിയായ യുവതിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കയുണ്ടായി. അതോടെയാണ് പീഡന കഥകൾ പുറംലോകമറിയുന്നത്.
10ഓളം സ്ത്രീകളെ ഒരു മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസ് ഉടമയെ ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്. 15 ദിവസമായി ഈ യുവതികൾ വീട്ടുതടങ്കലിലായിരുന്നു. ഒരു ദിവസം എന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. ക്രൂരമായി മർദ്ദനമേറ്റ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായി. എന്റെ ഫോൺ അയാൾ പിടിച്ചുവാങ്ങി.-മർദ്ദനത്തിനിരയായ യുവതി പറയുന്നു. മകളെയും മരുമകനെയും ജഗദീശ്വ ഗൗഡ മർദ്ദിച്ചതായി യുവതിയുടെ മാതാവും പൊലീസിനോട് പറഞ്ഞു. രണ്ടു മാസം ഗർഭിണിയായിരുന്നു യുവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

