ലൈസൻസില്ലാതെ വാഹനമോടിക്കൽ: ചൊക്ലിയിൽ ഒരുമാസത്തിനിടെ പിടിയിലായത് 15ഓളം കുട്ടിഡ്രൈവർമാർ
text_fieldsചൊക്ലി: പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന കുട്ടി ഡ്രൈവർമാർക്കെതിരെ നടപടികൾ ശക്തമാക്കി ചൊക്ലി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വാഹന പരിശോധനകളിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ച 15 ഓളം കൗമാരക്കാരെ പൊലീസ് പിടികൂടി. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമം ലംഘിച്ച് വാഹനമോടിക്കുന്ന പ്രവണത വർധിക്കുന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ലൈസൻസില്ലാതെ വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്റ്റേഷൻപരിധി ചൊക്ലിയാണെന്നാണ് പോലീസിന്റെ കണക്ക്. കൗമാരക്കാർക്കിടയിലെ നിയമലംഘനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്കും വലിയ നിയമ-സാമ്പത്തികബാധ്യതകൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു.
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ ആർ.സി ഉടമയുടെ പേരിലാണ് കേസ് എടുക്കുക ഇത്തരം കുറ്റകൃത്യത്തിന് ഏറ്റവും ചെറിയ പിഴ 25,000 രൂപയോ അല്ലെങ്കിൽ മൂന്ന് വർഷം കഠിനതടവോ ആണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നത് ഇത്തരം കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു. അതോടൊപ്പം വൻ തുക പിഴക്കൊപ്പം ഇത്തരത്തിൽ കേസിൽ അകപ്പെടുന്നവർക്ക് 25 വയസ്സുവരെ ലൈസൻസ് ലഭിക്കില്ല എന്നുള്ളതും ഗൗരവമേറിയ കാര്യമാണെന്നും ചൊക്ലി എസ്.എച്ച്.ഒ ആർ. രാകേഷ് പറഞ്ഞു.

