14കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി; കൈകാലുകൾ വെട്ടിമാറ്റി വനത്തിൽ ഉപേക്ഷിച്ചു
text_fieldsഝാർഖണ്ഡ്: വാക്കുതർക്കത്തെത്തുടർന്ന് 14കാരനെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകൾ വെട്ടി മാറ്റിയ നിലയിൽ ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ വനത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ദുരൂഹസാഹചര്യത്തിൽ മകനെ കാണാതായെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിനിടെ കുട്ടിയുടെ സുഹൃത്തായ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് കൊലപാതകം വെളിപ്പെട്ടത്. സുഹൃത്തും കൊല്ലപ്പെട്ട കുട്ടിയും ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ ഒരുമിച്ചുണ്ടായിരുന്നു. ഇവർ പിന്നീട് അവിനാഷ് (19) എന്ന മറ്റൊരു സുഹൃത്തിനോടൊപ്പം പലംഗാ പഹാഡ് വനപ്രദേശത്തേക്ക് പോയി.
യാത്രയ്ക്കിടെ അവിനാഷും കുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അവിനാഷ് തന്‍റെ കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുട്ടിയെ കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്ന് 14കാരൻ മൊഴിനൽകി. പിന്നീട് കൈകാലുകൾ മുറിച്ച് മാറ്റി ശരീരഭാഗങ്ങൾ മൂന്ന് ചാക്കിലാക്കി കാട്ടിൽ തള്ളിയെന്നും 14കാരൻ മൊഴി നൽകി.
അവിനാഷ് കുറ്റം സമ്മതിച്ച പശ്ചാത്തലത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പ്രതിയുടെ കൈയിലുണ്ടായിരുന്ന കൊല്ലപ്പെട്ട 14കാരന്‍റെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ഐ.പി.സി 302, 201, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.