യു.പിയിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅലിഗഢ്: ഉത്തർപ്രദേശിലെ 14കാരിയായ മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. അലിഗഢ് ജില്ലയിലെ ചർറ ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. കിഷൻ ഗോപാൽ വാത്മീകി, സഞ്ജു വാത്മീകി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്വദേശിനിയായ പെൺകുട്ടി പച്ചക്കറി വാങ്ങാൻ കടയിലേക്ക് പോയതായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ ഗ്രാമത്തിന്റെ അതിർത്തിയോടു ചേർന്നുള്ള പാടത്ത് ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരിയിലായിരുന്ന പ്രതികളെ സംഭവസ്ഥലത്തിന് സമീപത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
പ്രതികളായ കിഷനും സഞ്ജുവും ചേർന്ന് പെൺകുട്ടിയുടെ മുഖത്ത് രാസവസ്തു സ്പ്രേ ചെയ്ത് അബോധാവസ്ഥയിലാക്കിയെന്നും, പിന്നീട് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ അലിഗഢ് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

