വീട്ടിൽനിന്ന് 13 പവനും 7,000 രൂപയും കവർന്നു
text_fieldsആലുവയിൽ മോഷണം നടന്ന വീട്ടിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു
ആലുവ: ആലുവ നഗരത്തിൽ കാസിനോ തിയറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ നടന്ന കവർച്ചയിൽ 13 പവൻ ആഭരണവും 7,000 രൂപയും നഷ്ടപ്പെട്ടു. കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ. സുദർശനെൻറ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി സുദർശനനും ഭാര്യയും മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയും മക്കളെ കീഴ്മാട്ടിലെ തറവാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സുദർശനൻ തിരിച്ചെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. അലമാര പൂട്ടിയിരുന്നില്ലെന്ന് സുദർശനൻ പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറാണ് സുദർശനെൻറ ഭാര്യ. ആലുവ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടുമായി പരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.