പട്ടാപ്പകല്‍ വീടുകളില്‍നിന്ന് 13 പവന്‍ സ്വർണം മോഷ്ടിച്ചു
text_fieldsതേഞ്ഞിപ്പലം: ആളില്ലാത്ത സമയത്ത് പട്ടാപ്പകല്‍ വീടുകളില്‍ സ്വര്‍ണാഭരണക്കവര്‍ച്ച. കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്നും വില്ലൂന്നിയാലിലെ വീട്ടില്‍നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.വില്ലൂന്നിയാല്‍ റോഡിലെ ദേശീയപാതക്ക് സമീപത്തുള്ള സെക്ഷന്‍ ഓഫിസര്‍ സുരേഷിന്റെ വീട്ടില്‍നിന്ന് 10 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി.
ഇദ്ദേഹവും അധ്യാപികയായ ഭാര്യയും വീടുപൂട്ടി ജോലിക്ക് പോയ സമയത്ത് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് ആഭരണങ്ങള്‍ കവരുകയായിരുന്നു.വില്ലൂന്നിയാലിലെ മതുക്കുത്ത് ഗോപാലന്റെ വീട്ടിലാണ് വേറെ മോഷണം നടന്നത്. ഇവിടെനിന്ന് മൂന്ന് പവന്റെ സ്വര്‍ണാഭരണം നഷ്ടമായതായാണ് പരാതി. വെള്ളി, ശനി ദിവസങ്ങളിലായാണ് മോഷണം. ഗോപാലന്റെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൂട്ടിയിരുന്നില്ല. അതിനാല്‍, അനായാസമായാണ് മോഷണം നടത്തിയത്.
ശനിയാഴ്ച രാവിലെ ഗോപാലന്‍ ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയതായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതി പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തും.