'അമ്മാ... ഞാൻ ചിപ്സ് പായ്ക്കറ്റ് മോഷ്ടിച്ചിട്ടില്ല, ഞാൻ കള്ളനല്ല'; മോഷണക്കുറ്റമാരോപിച്ചതിനു പിന്നാലെ ജീവനൊടുക്കിയ 12 കാരന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്
text_fieldsകൊൽക്കത്ത: മോഷണക്കുറ്റമാരോപിക്കപ്പെട്ട് പരസ്യ വിചാരണ നേരിട്ടതിന്റെ മനോവിഷമത്തിൽ 12 വയസുകാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി. ചിപ്സ് പായ്ക്കറ്റ് വാങ്ങാനായി കടയിലെത്തിയ 12 കാരനെയാണ് മോഷണക്കുറ്റമാരോപിച്ച് കടയുടമ പിടികൂടിയത്. കൊൽക്കത്തയിലെ പശ്ചിം മേദിനിപൂർ ജില്ലയിലാണ് സംഭവം. കടയിലെ ചിപ്സ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് കടക്കാരൻ കുട്ടിയോട് ചിപ്സ് പായ്ക്കറ്റ് പുറത്തെടുക്കാൻ ആവശ്യപ്പെട്ടു.
കൃഷ്ണേന്ദു ദാസ് എന്ന ഏഴാംക്ലാസ് വിദ്യാർഥിയാണ് ഇത്തരത്തിൽ പരസ്യമായി അപമാനിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
ചിപ്സ് വാങ്ങാനെത്തിയ കുട്ടി കടയിൽ ആളെ കാണാത്തതിനാൽ കുറെ നേരം ഉറക്കെ വിളിച്ചു. എന്നാൽ ആരും പുറത്തുവരാതായതിനെ തുടർന്ന് ഒരു ചിപ്സ് പായ്ക്കറ്റുമെടുത്ത് കുട്ടി കടയിൽനിന്നിറങ്ങി. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കടയുടമ ശുഭാങ്കർ ദീക്ഷിത് കുട്ടിയെ പിന്തുടർന്ന് പിടികൂടി കടയിലേക്ക് കൊണ്ടുവന്നു.
എന്നാൽ ചിപ്സ് താൻ മോഷ്ടിച്ചതല്ലെന്നും പണം കൊടുത്ത് വാങ്ങാമെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും കടയുടമ കേട്ടില്ല. കടയുടമയുടെ പരാതിയിൽ പൊലീസ് കുട്ടിയുടെ അമ്മയെ വിളിപ്പിച്ചു. ആരോടും ചോദിക്കാതെ ജങ്ക് ഫുഡിന്റെ പായ്ക്കറ്റ് എടുത്തതിന് അമ്മ കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വഴക്കുപറഞ്ഞു. എന്നാൽ കടയുടെ മുന്നിൽ കൂമ്പാരമായി കിടന്നിരുന്ന ജങ്ക് ഫുഡിന്റെ പായ്ക്കറ്റുകളിലൊന്ന് എടുക്കുകയായിരുന്നുവെന്നും അതിന്റെ പണം പിന്നീട് നൽകുമായിരുന്നുവെന്നും കുട്ടി പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല.
ആകെ തകർന്ന കൃഷ്ണേന്ദു അമ്മക്കൊപ്പം വീട്ടിലെത്തിയ ഉടൻ മുറിയിൽ കയറി വാതിലടച്ചു. കുറച്ചു സമയം കഴിച്ച് അയൽക്കാരെ കൂട്ടി വന്ന് അമ്മ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന് തറയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കീടനാശിനിയുടെ കുപ്പിയും സമീപത്തുണ്ടായിരുന്നു. അതിനടുത്ത് തന്നെ കുട്ടിയുടെ ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു. ''അമ്മാ ഞാൻ കള്ളനല്ല, ഞാനൊന്നും മോഷ്ടിച്ചിട്ടില്ല. ഞാൻ കടയിൽ പോയപ്പോൾ കടക്കാരനെ കണ്ടില്ല. തുടർന്ന് റോഡിലേക്ക് വീണുകിടന്ന കുർകുറെ പായ്ക്കറ്റ് എടുക്കുകയായിന്നു. എനിക്ക് കുർകുറെ ഒരുപാടിഷ്ടമാണ്. ഇതെന്റെ അവസാന വാക്കുകളാണ്. ഇങ്ങനൊരു കടുംകൈ ചെയ്തതിൽ എന്നോട് ക്ഷമിക്കണം.''-എന്നാണ് അതിൽ എഴുതിയിരുന്നത്.
കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

