11.5 കിലോ കഞ്ചാവും ആയുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsമേലാറ്റൂരിൽ കഞ്ചാവ് ശേഖരവുമായി അറസ്റ്റിലായ പ്രതികൾ
മലപ്പുറം: മേലാറ്റൂർ ചെമ്മാണിയോട്ട് കഞ്ചാവും മാരകായുധങ്ങളും പിടികൂടി. വിൽപനക്കായുള്ള 11.5 കിലോ കഞ്ചാവുമായി രണ്ടുപേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി നൗഫൽ (34), വെട്ടത്തൂർ കാപ്പ് മേൽക്കുളങ്ങര സ്വദേശി നജീബ് റഹ്മാൻ (29) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് തുലാസും ചെറു പ്ലാസ്റ്റിക് കവറുകളും മാരകായുധങ്ങളും 26,820 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. ഒരു പാക്കറ്റിന് 1500 രൂപ നിരക്കിലാണ് പ്രഫഷനൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സംഘം കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
വാഹന പരിശോധനയിൽ മഞ്ചേരി നറുകര പുല്ലൂരിൽനിന്ന് ഓട്ടോയിൽ കടത്തുകയായിരുന്ന 2.5 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരും അറസ്റ്റിലായി. കീഴാറ്റൂർ സ്വദേശി പ്രദീപ് എന്ന കുട്ടൻ, മേലാറ്റൂർ ചോലക്കുളം സ്വദേശി കൃഷ്ണൻ കുട്ടി എന്ന ബാബുട്ടൻ എന്നിവരെയും എക്സൈസ് പിടികൂടി. പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും കഞ്ചാവ് തൂക്കം നോക്കുന്ന ഇലക്ട്രോണിക് തുലാസും കഞ്ചാവ് വിൽപന നടത്തി ലഭിച്ച 38,200 രൂപയും കണ്ടെടുത്തു. മലപ്പുറം എക്സൈസ് ഇൻറലിജൻറ്സ്, ജില്ല എക്സൈസ് സ്പെഷൽ സ്ക്വാഡ്, എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് എന്നിവർ സംയുക്തമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോൾ, പ്രിവൻറിവ് ഒാഫിസർമാരായ എം. വിജയൻ, പി. പ്രകാശ്, സിവിൽ എക്സൈസ് ഒാഫിസർമാരായ പ്രഭാകരൻ പള്ളത്ത്, സഫീറലി, റാഷിദ്, സജി പോൾ, എക്സൈസ് ഡ്രൈവർ, സന്തോഷ് കുമാർ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

