പൊലീസെന്ന വ്യാജേന ബൈക്ക് യാത്രികനില്‍നിന്ന് 11.40 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsശ്രേയസ്, മിഥുന് മോഹന്‍
തേഞ്ഞിപ്പലം: പൊലീസെന്ന വ്യാജേന ബൈക്ക് യാത്രികനില്‍നിന്ന് 11.40 ലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ കോമ്പാറ സ്വദേശികളായ ശ്രേയസ് (24), മിഥുന് (24) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 30ന് ദേശീയപാത ചേളാരി പാണമ്പ്രയിലാണ് കാറിലെത്തിയ സംഘം, മോട്ടോര്‍ സൈക്കിളിൽ പണവുമായി യാത്ര ചെയ്യുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി കാളാത്ത് മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തി പണവും ബൈക്കും കവര്‍ന്നത്. ബൈക്ക് പിന്നീട് രാമനാട്ടുകര ഭാഗത്തുനിന്ന് കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
തേഞ്ഞിപ്പലം പൊലീസും കൊണ്ടോട്ടി ആന്റി നാർകോട്ടിക് സ്ക്വാഡും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയും മറ്റു ശാസ്ത്രീയ മാര്‍ഗത്തിലൂടെയും ഒരുമാസംകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കവര്‍ച്ചക്ക് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. തൃശൂരില്‍നിന്ന് തൃശൂര്‍ ഷാഡോ പൊലീസിെൻറ സഹായത്തോടെയാണ് അറസ്റ്റ്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ എന്‍.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തില്‍, ഡാന്‍സഫ് ടീം എസ്.ഐ സത്യനാഥ് മനാട്ട്, ശശി കുണ്ടറക്കാട്, കെ. അബ്ദുൽ അസീസ്, എം. ഉണ്ണികൃഷ്ണന്, സഞ്ജീവ്, വി.പി. രവീന്ദ്രന്, സിവില്‍ പൊലീസ് ഓഫിസര്‍ റഫീഖ് മഞ്ഞരോടന് എന്നിവരടങ്ങുന്ന അനേഷണ സംഘം രൂപവത്കരിച്ച് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൃശൂരില്‍നിന്ന് പ്രതികള്‍ ഉപയോഗിച്ച കാറുള്‍പ്പെടെ പിടികൂടിയത്.