വീട്ടിൽ രഹസ്യ അറയിൽ ഒളിപ്പിച്ച 108 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsപടിഞ്ഞാറത്തറ: എക്സൈസ് റെയ്ഡിൽ രഹസ്യമായി ഒളിപ്പിച്ചുവെച്ച 108 ലിറ്റർ മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ 16ാം മൈൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിൽ നിന്ന് മാഹി മദ്യം പിടികൂടിയത്. വീട്ടിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യം.
സംഭവത്തിൽ പടിഞ്ഞാറത്തറ 16ാം മൈൽ സ്വദേശി സരസ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന രാധാകൃഷ്ണൻ. കെ (50) ആണ് അറസ്റ്റിലായത്. ഇയാൾ മാഹിയിൽ നിന്നു മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വിൽപ്പനക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു.
മാഹി മദ്യം കേരളത്തിൽ വിൽപ്പന നടത്താൻ പാടില്ലെന്നാണ് നിയമം. 10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സജിപോൾ, അരുൺ പി.ഡി., അനന്തുമാധവൻ എന്നിവർ പങ്കെടുത്തു. മദ്യവിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതു മുതൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിയെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയ്ഞ്ചിന് കൈമാറി. മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

