യുവതിയെ കൊള്ളയടിച്ച രണ്ടു പേർക്ക് 10 വർഷം തടവ്
text_fieldsദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് വന്‍തുക കവര്‍ന്ന സംഭവത്തില്‍ രണ്ട് ഏഷ്യക്കാര്‍ക്ക് വിധിച്ച ശിക്ഷ ദുബൈ അപ്പീല്‍ കോടതി 10 വര്‍ഷമായി വര്‍ധിപ്പിച്ചു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്വന്തം നാട്ടുകാരിയായ സ്ത്രീയെയാണ് പ്രതികൾ ആക്രമിച്ച് പീഡനത്തിനിരയാക്കി കൊള്ളയടിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പരിചയം മുതലെടുത്ത് ഒരു പാർട്ടിയിലേക്ക് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, വാഹനത്തിൽ കയറ്റി ദുബൈ ജബൽ അലിയിലെ വില്ലയിലെത്തിച്ച് പണം കവരുകയായിരുന്നു.
സ്ത്രീയുടെ ചിത്രങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുടുംബത്തോടും പണം ആവശ്യപ്പെട്ടിരുന്നു. 1.7 ലക്ഷം ദിർഹമാണ് പ്രതികൾ സ്ത്രീയുടെ കൈയിൽനിന്നും ബാങ്ക് അക്കൗണ്ടിൽ നിന്നുമായി തട്ടിയെടുത്തത്.മൂന്നു ദിവസം തടവിൽ പാർപ്പിച്ചശേഷം യുവതിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെനിന്ന് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ നടന്ന സംഭവത്തിൽ നേരത്തേ കോടതി അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ യുവതിക്ക് 1.7 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കുശേഷം ഇരുവരെയും യു.എ.ഇയില്‍നിന്ന് നാടുകടത്താനും ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

