ചെരിപ്പുകടയിൽനിന്ന് പത്ത് ലക്ഷം രൂപ കവർന്നു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsതിരൂർ: ചെരിപ്പുകടയിൽനിന്ന് പത്ത് ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി തിരൂർ പൊലീസ്. കഴിഞ്ഞദിവസം പുലർച്ചയാണ് പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ കവർച്ച നടന്നത്. കോലുപാലം സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീനാണ് (24) കേസിൽ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് കോലൂപാലത്തുവെച്ച് പിടികൂടി. സ്ഥാപനത്തിലെ സി.സി.ടി.വി മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാവ് എടുത്തുകൊണ്ടുപോയിരുന്നു. പ്രതിയുടെ വീട്ടിൽനിന്ന് മോഷ്ടിക്കപ്പെട്ട പണം പൊലീസ് കണ്ടെടുത്തു.
സി.സി.ടി.വി ഉപകരണങ്ങൾ മാങ്ങാട്ടിരി ഭാഗത്ത് പുഴയിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് പ്രതി. പണത്തിന് അത്യാവശ്യം വന്നതിനാലാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ, സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, ഹിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.മജിസ്ട്രേറ്റ് മുമ്പാകെ ശനിയാഴ്ച പ്രതിയെ ഹാജരാക്കും.