ഭാര്യയോട് വഴക്കിട്ട് സ്വന്തം വീടിന് തീയിട്ടു; ഒപ്പം കത്തിയമർന്നത് 10 വീടുകൾ
text_fieldsമുംബൈ: ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ അഗ്നിക്കിരയായത് 10 വീടുകൾ. സതാരയിലെ പഠാൻ താലൂക്കിലെ മജ്ഗോൺ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
പ്രതിയായ സഞ്ജയ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തതായി എ.ബി.പി മാസ റിപ്പോർട്ട് ചെയ്തു.
ഭാര്യ പല്ലവിയുമായി വഴക്കിട്ട സഞ്ജയ് സ്വന്തം വീടിന് തീയിടുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ അയൽപക്കത്തെ വീടുകളിലേക്ക് തീപടർന്നു.
ഗ്രാമീണർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീടുകൾ കത്തിയമർന്നു. സഞ്ജയ്യെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചെങ്കിലും ക്രൂരമായ മർദനത്തിനിരയാക്കിയ ശേഷമാണ് ഗ്രാമീണർ പൊലീസിന് കൈമാറിയത്. പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജയ്യെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

