സംരംഭകർക്ക് 1.8 കോടി സബ്സിഡി നൽകാൻ നഗരസഭ
text_fieldsകോഴിക്കോട്: ഈ കൊല്ലം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് മാത്രം പ്ലാൻ പദ്ധതിയിൽ 1.8 കോടി രൂപ നഗരസഭ വകയിരുത്തി. 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കണമെന്ന സർക്കാർ നിർദേശ പ്രകാരം നഗരസഭ നടപ്പാക്കുന്ന 'വി ലിഫ്റ്റ്' സമഗ്ര തൊഴിൽദാന പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ഓഫിസിന്റെ താഴെ നിലയിൽ സംരംഭകർക്ക് സഹായകരമാകുന്ന വിധം സംശയ നിവാരണത്തിനും മറ്റു സാങ്കേതിക സഹായങ്ങൾക്കും വേണ്ടിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ഈ സംരംഭക വർഷം നഗരത്തിൽ 2850 സംരംഭങ്ങൾ ആരംഭിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇതിനാവശ്യമായ ലൈസൻസ്, വായ്പ, കെ.എസ്.ഡബ്ല്യു, ഐ.എഫ്.ടി അപേക്ഷ നൽകൽ, ഉദ്യം രജിസ്ട്രേഷൻ, എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ, മറ്റു മാർഗ നിർദേശങ്ങൾ എന്നിവക്ക് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം. കോഴിക്കോട് കോർപറേഷനിൽ നാല് ഇന്റേണികളെ നിയമിച്ചാണ് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉത്തരവായത്. ഹെൽപ് ഡെസ്ക് ഉദ്ഘാടന പരിപാടിയിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി. രാജൻ, ഒ.പി. ഷിജിന, പി. ദിവാകരൻ, പി.കെ. നാസർ, ഡോ. എസ്. ജയശ്രീ, സെക്രട്ടറി കെ.യു. ബിനി, വ്യവസായ വകുപ്പ് ഓഫിസർ എം. ശ്രീജിത്ത്, പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

