Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightവി ദ പീപ്പ്​ൾ ഒാഫ്​...

വി ദ പീപ്പ്​ൾ ഒാഫ്​ ഇന്ത്യ

text_fields
bookmark_border
വി ദ പീപ്പ്​ൾ ഒാഫ്​ ഇന്ത്യ
cancel

ജനുവരി 26, റിപ്പബ്ലിക്​ ദിനം

ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, ആചാരം, കല, സംസ്‌കാരം, മതം തുടങ്ങിയ മേഖലകളിൽ സമ്പന്നവും വൈവിധ്യവുമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കാൻ സ്വന്തം ജീവിതംപോലും ബലിയർപ്പിച്ച് ബ്രിട്ടീഷുകാരോട് പോരാടി  സ്വാതന്ത്ര്യം നേടിത്തന്ന എത്രയോ പൂർവികർ നമുക്കുണ്ട്​. അവർ നേടിത്തന്ന സ്വാതന്ത്ര്യം ഇന്നും പലവിധ ഭീഷണികളാൽ ബന്ധിതമാണ്. നമ്മുടെ രാഷ്​ട്രീയ^മത^വർഗീയ ചിന്തകൾ രാജ്യത്തി​െൻറ കെട്ടുറപ്പിനെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്ന് ചിന്തിക്കേണ്ട സമയമാണിത്. ജാതി മത ഭേദങ്ങൾക്കതീതമായി നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ മുൻ നിർത്തിക്കൊണ്ട് ശക്തവും ഐശ്വര്യപൂർണവുമായ ഒരു ഇന്ത്യയെ നമുക്ക് പടുത്തുയർത്തണം. അങ്ങനെയൊരു പ്രതിജ്ഞയോടെ പുലരുന്നതാവട്ടെ 2020ലെ റിപ്പബ്ലിക് ദിനം.
 
ഇന്ത്യയും റിപ്പബ്ലിക്കും
ലാറ്റിൻ പദമായ ‘റെസ് പബ്ലിക്ക’യിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന പദമുണ്ടായത്. ജനക്ഷേമ രാഷ്​ട്രം എന്നാണതിനർഥം. ഒരു പ്രത്യേക ഭരണഘടനക്കു കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്​ട്രത്തലവനെ ആ നാട്ടിലെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്​ട്രങ്ങളെ റിപ്പബ്ലിക്ക് എന്ന് വിളിക്കാം. ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യസമര കാലത്ത് 1929 ഡിസംബർ 31ന്​ ഇന്ത്യൻ നാഷനൽ  കോൺഗ്രസ് ലാഹോറിൽ ഒരു സമ്മേളനം ചേർന്ന്​ പൂർണ സ്വരാജ്യമാണ് നമുക്ക് വേണ്ടതെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടത് 1930 ജനുവരി 26നായിരുന്നു. ഇതും ജനുവരി 26​െൻറ പ്രത്യേകതയാണ്.

അറിയണം
ഭരണഘടന

ഇന്ത്യ സ്വതന്ത്രമാവുന്നതിനുമുമ്പുതന്നെ ഭരണഘടനയുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചിരുന്നു. 1946 ഡിസംബർ ആറിന് ഭരണഘടന നിർമാണസഭ നിലവിൽവന്നു. അതി​െൻറ ആദ്യയോഗം 1946 ഡിസംബർ ഒമ്പതിന് കോൺസ്​റ്റിറ്റ്യൂഷൻ ഹാളിൽ (ഇപ്പോൾ പാർലമെൻറ്​ സെൻട്രൽ ഹാൾ) ചേർന്നു. ആചാര്യ കൃപലാനി, ഡോ. സച്ചിദാനന്ദ സിൻഹ, ഡോ. രാജേന്ദ്രപ്രസാദ്, ബി.എൻ. റാവു തുടങ്ങിയ പ്രമുഖരായിരുന്നു സമിതിയിലെ അംഗങ്ങൾ. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ മോചിതമായി. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെൻറ്​ പാസാക്കിയ നിയമമായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്. ഇതുപ്രകാരം ഇന്ത്യയുടെ പൂർണ അധികാരം നിയമനിർമാണ സഭ (ലജിസ്​ലേറ്റിവ് അസംബ്ലി ) ഏറ്റെടുത്തു. അന്നത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശിൽപിയുമായ ഡോ. ബി.ആർ. അംബേദ്‌കർ അധ്യക്ഷനായി 1947 ആഗസ്​റ്റ്​ 29ന്​ ഇന്ത്യൻ ഭരണഘടനയുടെ കരട്‌ നിർമാണസമിതി രൂപവത്​കരിച്ചു. എന്നാൽ ഇന്ത്യൻ ഭരണഘടന അതി​െൻറ പൂർണതയിലെത്താൻ രണ്ടുവർഷവും 11 മാസവും 18 ദിവസവും വേണ്ടിവന്നു. അങ്ങനെ 1950 ജനുവരി 26ന്​ ഭരണഘടന നിലവിൽവന്നു. 24 ഭാഗങ്ങളും 444ലേറെ അനുച്ഛേദങ്ങളും പന്ത്രണ്ടോളം പട്ടികകളും അടങ്ങിയ നമ്മുടെ ഭരണഘടനയെ ചിത്രങ്ങളാലും അലങ്കാരങ്ങളാലും ഭംഗിയാക്കിയത് പ്രമുഖ ചിത്രകാരനായ നന്ദലാൽ ബോസാണ്. അദ്ദേഹത്തി​െൻറ ശിഷ്യനായ ബെഹാർ റാം മനോഹർ ഭരണഘടനയുടെ ആമുഖം തയാറാക്കിയെന്നതും ഏറെ ശ്രദ്ധേയം. ലോകത്ത് ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ ഭരണഘടനയിലെ കൈയക്ഷരങ്ങൾ പ്രേം ബിഹാരി നരൈൻ റൈസാദ (Prem Behari Narain Raizada) എന്ന വ്യക്തിയുടേതാണ്. 

നല്ലതെല്ലാം നാമെടുത്തു
എഴുതപ്പെട്ടവയിൽ ഏറ്റവും വലിയ ഭരണഘടന നമ്മുടെ രാജ്യത്തി​​െൻറതാണ്. വിവിധ രാജ്യങ്ങളുടെ ഭരണഘടനയിൽനിന്നും നല്ലത് ​െതരഞ്ഞെടുത്താണ് ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകിയത്.

  • അമേരിക്ക: മൗലികാവകാശം, ആമുഖം, രാഷ്​ട്രത്തലവൻ പ്രസിഡൻറ്​ എന്ന പേര്, സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനം.
  • ബ്രിട്ടൻ: ജനകീയ തെരഞ്ഞെടുപ്പ്, പാർലമെൻറ്​ സംവിധാനം, കേവല ഭൂരിപക്ഷ സമ്പ്രദായം, ഏക പൗരത്വം.
  • കാനഡ: അർധ ഫെഡറൽ സംവിധാനങ്ങൾ
  • ഫ്രാൻസ്: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം 
  • അയർലൻഡ്: നിർദേശക തത്ത്വങ്ങൾ 
  • ജർമനി: അടിയന്തരാവസ്ഥ
  • ദക്ഷിണാഫ്രിക്ക: ഭരണഘടന ഭേദഗതി

ഒാർക്കണം
ജനങ്ങളാണ്​ വലിയവർ  

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഇന്ത്യയിലെ ജനങ്ങളായ നാം  ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കായി മാറ്റുന്നു’ എന്ന വാക്കുകളിലൂടെയാണ്. 1946 ഡിസംബർ 13ന്​ ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution ) പിന്നീട് ആമുഖമായി മാറിയത്. 1976ൽ ആമുഖം ആദ്യമായി ഭേദഗതി ചെയ്‌തു. തുടർന്ന് സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന പ്രയോഗം കൊണ്ട് ജനങ്ങളുടെ പരമാധികാരമാണവിടെ ഊന്നിപ്പറയുന്നത്. യഥാർഥത്തിൽ അതുതന്നെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും. ആമുഖത്തിൽ നീതിയെ (Jutice) വിശദീകരിച്ചുകൊണ്ട് സാമൂഹിക സാമ്പത്തിക രാഷ്​ട്രീയ നീതി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം (Liberty) എന്നത് ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ളതാണെന്ന് പറഞ്ഞിരിക്കുന്നു. സമത്വം (Equality) എന്നാൽ  പദവിയിലും അവസരങ്ങളിലുമാണെന്ന് വിശദീകരിക്കുന്നുണ്ട്. സാഹോദര്യമാകട്ടെ (Fraternity) വ്യക്തിയുടെ അന്തസ്സും രാജ്യത്തി​െൻറ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതാകണമെന്നും വ്യക്തമാക്കുന്നു. ഭരണഘടനയുടെ ഉറവിടം ജനങ്ങളാണെന്നും രാഷ്​ട്രത്തി​െൻറ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും ഭാരതത്തി​െൻറ ഭരണസംവിധാനം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം അംഗീകരിച്ചുകൊണ്ടും രാജ്യത്തി​െൻറ ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ടുമുള്ള ജനാധിപത്യ വ്യവസ്ഥിതിയാണെന്നും ആമുഖം വ്യക്തമായി അവതരിപ്പിക്കുന്നു.

പഠിക്കണം
ബഹുമാനിക്കാൻ

ഭരണഘടനയുടെ 51A  അനുച്ഛേദത്തിൽ ഒരു പൗര​െൻറ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭരണഘടനയെയും അതി​െൻറ ആദർശങ്ങളെയും ദേശീയ പതാക, ദേശീയ ഗാനം എന്നിവയെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യാൻ അനുശാസിക്കുന്നുണ്ട്. Prevention of Insults to National Honour Act, 1971 പ്രകാരം പൊതു ഇടങ്ങളിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഭരണഘടനയോ അതി​െൻറ ഏതെങ്കിലും ഭാഗമോ നശിപ്പിക്കുകയോ കത്തിക്കുകയോ നിന്ദിക്കുകയോ ഭരണഘടനയെക്കുറിച്ച് മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്ന ഏതൊരാൾക്കും മൂന്നുവർഷത്തിൽ കുറയാത്ത തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ നൽകുന്നതാണ്.

പൗരത്വം ഭരണഘടനയിൽ 
ഇന്ത്യയുടെ പൗരനായിരിക്കുന്ന ഏതൊരാളും ഇന്ത്യൻ പാർലമെൻറ്​ നിർമിക്കുന്ന വ്യവസ്ഥകൾക്ക് വിധേയനായി രാജ്യത്തി​െൻറ പൗരനായി തുടരുമെന്ന് അനുച്ഛേദം 10ൽ പ്രതിപാദിക്കുന്നു. രാജ്യത്തെ സ്ഥിരതാമസം പൗരത്വത്തി​െൻറ മാനദണ്ഡമായി ഭരണഘടന അനുശാസിക്കുന്നു. സംസ്ഥാനങ്ങൾക്ക് പ്രത്യേകമായുള്ള പൗരത്വവും ഭരണഘടന നിഷേധിക്കുന്നുണ്ട്. ഭരണഘടന രൂപവത്​കരണത്തിനു മുമ്പ്​ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ച ആൾക്ക് ഭരണഘടനയുടെ അനുച്ഛേദം 5, 6, 8  പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ല. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം ഒരു പൗര​െൻറ മൗലിക അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. 

റിപ്പബ്ലിക്ദിന അതിഥികൾ 
ഓരോ റിപ്പബ്ലിക് ദിനത്തിലും വിവിധ രാഷ്​ട്ര പ്രതിനിധികളെ നാം അതിഥികളായി ക്ഷണിക്കാറുണ്ട്. ആദ്യ അതിഥി ഇന്തോനേഷ്യയുടെ പ്രസിഡൻറ്​ അഹ്​മദ്​ സുകാർനോ ആയിരുന്നു. ഏറ്റവും കൂടുതൽ തവണ വിശിഷ്​ടാതിഥിയായി എത്തിയ രാജ്യം ഫ്രാൻസ് ആണ്; അഞ്ചുതവണ. ഏറ്റവും കൂടുതൽ തവണ അതിഥിയായി എത്തിയത്​ ആൾ ഭൂട്ടാൻ രാജാവായിരുന്ന ജിഗ്‌മേ സിംഗേ വാങ്‌ചുക് ആണ് .1954, 1984, 2005  വർഷങ്ങളിലായി മൂന്നു തവണ  അദ്ദേഹം അതിഥിയായി എത്തി. നെൽസൺ മണ്ടേല, എലിസബത്ത് രാജ്ഞി, ബറാക് ഒബാമ  തുടങ്ങിയ പ്രമുഖരും  റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കു ചേർന്നവരാണ്. ആസിയാനിലെ 10 അംഗ രാഷ്​​്ട്രങ്ങളിലെ തലവന്മാരായിരുന്നു 2018 ലെ റിപ്പബ്ലിക് ദിന അതിഥികൾ. 10 രാഷ്​​്ട്രത്തലവന്മാർ എത്തുന്നത്  റിപ്പബ്ലിക് ദിന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ആസിയാൻ രൂപവത്​കരണത്തി​െൻറ അമ്പതാം വാർഷികവും ഇന്ത്യ ആസിയാനിൽ അംഗത്വം എടുത്തത്തി​െൻറ 25ാം വാർഷികവും കൂടിയായിരുന്നു ആ വർഷം. തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, മ്യാന്മർ, ബ്രൂണൈ, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരായിരുന്നു അതിഥികളായി എത്തിയത്. ഈ വർഷത്തെ അതിഥിയായി ഇന്ത്യയിലേക്കെത്തുന്നത്  ബ്രസീൽ പ്രസിഡൻറായ ജൈര്‍ ബോള്‍സൊനാരോ (Jair Bolsonaro) ആണ്.

ആഘോഷങ്ങൾ 
ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. 1950 മുതൽ 1954വരെ ഡൽഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്.ധ്യാൻചന്ദ് നാഷനൽ സ്​റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി. 1955  മുതലാണ് ആഘോഷ ചടങ്ങുകൾ രാജ്‌പഥിൽ നടത്താൻ തുടങ്ങിയത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ   സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കാറുണ്ട്. ഏവരെയും ആകർഷിക്കുന്ന ഈ പരിപാടികൾ മൂന്നു ദിവസം നീണ്ടുനിൽക്കും. സൈനിക പരേഡുകൾ രാഷ്‌ട്രപതിഭവനിൽ നിന്നാണ് ആരംഭിക്കുക. പരേഡിന് രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിക്കും. രാജ്പഥിലൂടെ നീങ്ങുന്ന പരേഡ് ചെങ്കോട്ടയിലാണ് അവസാനിക്കുക. റിപ്പബ്ലിക് ദിനാചരണത്തി​െൻറ അവസാന ചടങ്ങാണ് ബീറ്റിങ് റിട്രീറ്റ് . റിപ്പബ്ലിക് ദിനത്തിനു ശേഷമുള്ള മൂന്നാമത്തെ ദിവസം വൈകുന്നേരമാണ് ഈ ചടങ്ങ്. കര, വ്യോമ, നാവിക സേനകളുടെ  സംഘാംഗമാണ് ഇത് നിർവഹിക്കുന്നത്. 

പുരസ്‌കാര സമർപ്പണം 
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  രാജ്യത്തി​െൻറ വ്യത്യസ്ത മേഖലകളിലോ പ്രവർത്തനങ്ങളിലോ മികവ് തെളിയിക്കുന്ന ഭാരതീയരെ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകിവരുന്നതാണ് പത്മ പുരസ്കാരങ്ങൾ. പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ, ഭാരതരത്ന എന്നിവയെല്ലാം ഈ വിഭാഗത്തിൽപെടുന്നു. 
പരമവീരചക്രം: യുദ്ധകാല സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത പുരസ്കാരം.
മഹാവീരചക്രം: യുദ്ധസേവനങ്ങൾക്കുള്ള രണ്ടാമത്തെ ഉന്നത ബഹുമതി .
വീരചക്രം: യുദ്ധസേവനത്തിനുള്ള മൂന്നാമത്തെ ഉന്നത ബഹുമതി .
അശോകചക്ര: യുദ്ധത്തിലല്ലാതെയുള്ള സമയങ്ങളിലുള്ള അർപ്പണത്തിന്​ രാജ്യം നൽകുന്ന ബഹുമതി.
കീർത്തിചക്ര: യുദ്ധമുഖത്തല്ലാതെയുള്ള സേവനത്തിനുനൽകുന്ന രണ്ടാമത്തെ വലിയ ബഹുമതി .
ശൗര്യചക്ര: യുദ്ധേതര ഘട്ടത്തിലുള്ള സേവനങ്ങൾക്ക് നൽകുന്ന മൂന്നാമത്തെ ഉന്നത ബഹുമതി.  
ഇതോടൊപ്പം സാഹസിക പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച 6  വയസ്സിനും 18  വയസ്സിനും ഇടയിലുള്ള കുട്ടികൾക്കുള്ള ധീരത പുരസ്കാരങ്ങളും അന്നേ ദിവസം നൽകപ്പെടുന്നു.

നിറമുള്ളതാക്കാം റിപ്പബ്ലിക് ദിനം 
റിപ്പബ്ലിക് ദിനം നമുക്കൊന്ന് നിറമുള്ളതാക്കിയാലോ. അതിനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.
1.ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യ സമരം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്വിസ് മത്സരം നടത്താം .
2.മൗലികാവകാശങ്ങൾ, കുട്ടികളുടെ കടമകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസ രചന മത്സരമോ, പ്രസംഗ മത്സരമോ സംഘടിപ്പിക്കാം.
3.ഇന്ത്യ ചരിത്രം, ഭാരതശിൽപികൾ, ഭരണഘടന ശിൽപികൾ തുടങ്ങിയവയുടെ ചിത്ര പ്രദർശനം നടത്താം.
4. ഭരണഘടനയെ കുറിച്ചുള്ള അറിവ് പകരാനായി ക്ലാസുകൾ സംഘടിപ്പിക്കാം.
5. വിവിധ മേഖലകളിൽ ധീരത കാണിച്ചവരെയും മുതിർന്നവരെയും ആദരിക്കാം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story