ഏതു വകുപ്പിനാണ് ഏറ്റവും ഗ്ലാമർ?
text_fieldsപൊതുജീവിതത്തിൽ പലപ്പോഴും യാഥാർഥ്യത്തേക്കാൾ പ്രാധാന്യം കൈവരുന്നത് ആളുകളുടെ ധാരണകൾക്കും മുൻവിധികൾക്കുമാണ്. ആഭ്യന്തര വകുപ്പ് ലഭിക്കുന്ന ഒരു മന്ത്രി അതീവ ശക്തനാണെന്ന് വിലയിരുത്തപ്പെടുന്നു. മറ്റൊരാൾക്ക് മുൻപായി സത്യപ്രതിജ്ഞ ചെയ്യുന്ന നേതാവ് കൂടുതൽ പ്രമുഖനാണെന്ന് കണക്കാക്കപ്പെടുന്നു. ധനകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയെ അത്യാദരപൂർവ്വം വീക്ഷിക്കുമ്പോൾ ഗ്രാമവികസനമോ ഗതാഗതമോ ലഭിച്ച മന്ത്രി ഒതുക്കപ്പെട്ടതായി ധാരണ പരക്കുന്നു.
സത്യത്തിൽ, അധികാരം നിലകൊള്ളുന്നത് വകുപ്പിന്റെ പേരിലല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിലാണെന്ന് ചരിത്രം ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ്, ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്റെ ഒരു മുതിർന്ന സുഹൃത്ത് മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചു. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലം. ഒരു വൈകുന്നേരം എന്റെ സുഹൃത്തിന് പ്രധാനമന്ത്രിയുടെ മകൻ എച്ച്.ഡി. കുമാരസ്വാമിയുടെ ഫോൺ കോൾ വന്നു; അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വരണമെന്നറിയിച്ചുകൊണ്ട്. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് അത്തരമൊരു ക്ഷണം അസാധാരണമായിരുന്നു. പ്രധാനമന്ത്രി എന്തിനാണ് നേരിട്ട് കാണാൻ വിളിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല.
അടുത്ത ദിവസം രാവിലെ അദ്ദേഹം റേസ്‌കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. ഇഡ്ഡലിയും സാമ്പാറും വടയും ചട്ണിയുമെല്ലാം ചേർന്ന ദക്ഷിണേന്ത്യൻ പ്രാതൽ കഴിക്കുന്നതിനിടെ ദേവഗൗഡ കാര്യം വെളിപ്പെടുത്തി- "നിങ്ങളെയാണ് അടുത്ത കാബിനറ്റ് സെക്രട്ടറിയാക്കാൻ നിശ്ചയിച്ചിരിക്കുന്നത്".
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് ആഗ്രഹിക്കാവുന്ന ഏറ്റവും ഉയർന്ന പദവി! ഇന്ത്യൻ സിവിൽ സർവീസിന്റെ പരകോടി!! കുറച്ചു നേരത്തേക്ക് എന്ത് പറയണം എന്ന് പോലും അറിയാത്ത അവസ്ഥയിലായി എന്റെ സുഹൃത്ത്. ഒഡിഷയിലെ ആദിവാസി സമൂഹത്തിൽ നിന്ന് സിവിൽ സർവീസ് നേടിയ ആദ്യത്തെ വ്യക്തിയായ അദ്ദേഹത്തെ ഈ പദവിയിൽ നിയോഗിക്കാനുള്ള തീരുമാനത്തിന് വലിയൊരു പ്രതീകാത്മക മാനമുണ്ടായിരുന്നു. അനിർവചനീയമായ സന്തോഷത്തോടെ സുഹൃത്ത് വീട്ടിലേക്ക് മടങ്ങി. ഔദ്യോഗിക വിജ്ഞാപനം ഇറങ്ങേണ്ട താമസം മാത്രമേ ഉള്ളൂ എന്നിരിക്കെ കുമാരസ്വാമിയുടെ അടുത്ത ടെലിഫോൺ കോൾ വന്നു: അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ റെക്കോർഡുകളിൽ ചില "പ്രശ്നങ്ങൾ" ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ കാബിനറ്റ് സെക്രട്ടറിയായി നിയമിക്കാൻ സാധിക്കില്ലെന്നുമായിരുന്നു അറിയിപ്പ്. എങ്കിലും, നഷ്ടപരിഹാരമായി മറ്റൊരു മികച്ച പദവി നൽകാൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. ആഭ്യന്തരം, പ്രതിരോധം, വ്യവസായം തുടങ്ങിയ "ശക്തമായ" ഏത് മന്ത്രാലയത്തിന്റെ സെക്രട്ടറി പദവി വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും കുമാരസ്വാമി പറഞ്ഞു.
ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി അത്താഴമില്ല എന്ന് പറയുന്നത് പോലെ, എന്റെ സുഹൃത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ആഘാതമായിരുന്നു അത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണല്ലോ. എങ്കിലും അദ്ദേഹം പെട്ടെന്നുതന്നെ മനസ്സാനിധ്യം വീണ്ടെടുത്തു. തന്റെ മുന്നിലുള്ള ഓപ്ഷനുകളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. ശേഷം ഗ്രാമവികസന മന്ത്രാലയത്തിന്റെ സെക്രട്ടറി പദവിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതറിഞ്ഞ് ഒരുപക്ഷേ പ്രധാനമന്ത്രി പോലും അമ്പരന്നുപോയിട്ടുണ്ടാവും. മുന്നോട്ട് വെച്ചുനീട്ടിയ ഗ്ലാമർ മന്ത്രാലയങ്ങൾ എന്തുകൊണ്ട് നിരസിച്ചു എന്ന എന്റെ ചോദ്യത്തിന്, "ഗ്രാമവികസന മന്ത്രാലയമാകുമ്പോൾ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കും" എന്ന ഹൃദ്യമായ മറുപടിയാണ് അദ്ദേഹം നൽകിയത്.
കഴിഞ്ഞ ദിവസം കേരളത്തിലെ ബി.ജെ.പി എം.എൽ.എയും മുൻ കേന്ദ്രമന്ത്രിയുമായ ഒരാളുടെ പരാമർശം കേട്ടപ്പോഴാണ് ഈ സംഭവം ഓർമ്മ വന്നത്. വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും ശേഷം സത്യപ്രതിജ്ഞ ചെയ്യിക്കുക വഴി രമേശ് ചെന്നിത്തലയെ തരംതാഴ്ത്തി എന്നാണ് അദ്ദേഹം വാദിച്ചത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് മറ്റുള്ളവരേക്കാൾ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പറഞ്ഞതിൽ വല്ല കഴമ്പുമുണ്ടോ? ഇല്ലെന്ന് തെളിയിക്കുന്ന ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രം നൽകുന്നുണ്ട്.
1984-ൽ അടൽ ബിഹാരി വാജ്‌പേയി പാർട്ടി പ്രസിഡന്റായിരിക്കെ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പാർലമെന്റിൽ വെറും രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. 1989-ൽ, എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ സീറ്റ് നില 85 ആയി കുതിച്ചുയർന്നു. എന്നിട്ടും പാർട്ടി അധികാരത്തിൽ വന്നപ്പോൾ അദ്വാനിയല്ല, വാജ്‌പേയിയാണ് പ്രധാനമന്ത്രിയായത്. വാജ്‌പേയിയുടെ കാബിനറ്റിൽ അദ്വാനി ഉപപ്രധാനമന്ത്രിയും ഔദ്യോഗികമായി രണ്ടാം സ്ഥാനക്കാരനുമായിരുന്നു. എന്നാൽ വാജ്‌പേയിയുടെ പ്രധാന 'ട്രബിൾഷൂട്ടർ' ആയി പലപ്പോഴും പ്രവർത്തിച്ചത് ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു. പ്രതിരോധ മന്ത്രിയായും 23 കക്ഷികളുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ കൺവീനറായും ഫെർണാണ്ടസ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.
സത്യം പറഞ്ഞാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അതിഭാവുകത്വം നൽകി വിലയിരുത്തപ്പെടുന്ന ഒരു വകുപ്പാണ് ആഭ്യന്തരം. ഇത് സ്വാഭാവികമായും ഏറ്റവും ശക്തമായ മന്ത്രാലയമാണെന്ന് പരക്കെയൊരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ചരിത്രം പറയുന്നത് മറ്റൊരു കഥയാണ്.
1946 സെപ്റ്റംബറിൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപവത്കരിച്ചപ്പോൾ അതിൽ കോൺഗ്രസും മുസ്‌ലിം ലീഗും ഉൾപ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന് ആഭ്യന്തര വകുപ്പ് വേണമെന്ന് മുഹമ്മദ് അലി ജിന്ന നിർബന്ധം പിടിച്ചു. ഇത് സർദാർ വല്ലഭ്ഭായ് പട്ടേലിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ആഭ്യന്തരം തരില്ലെങ്കിൽ സർക്കാരിൽ താനില്ലെന്ന് പട്ടേൽ തീർത്തു പറഞ്ഞു. പട്ടേലിനെ പിണക്കാൻ പറ്റില്ലായിരുന്നു. ആഭ്യന്തരത്തിന് പകരമായി കോൺഗ്രസ് മുസ്‌ലിം ലീഗിന് ധനകാര്യ വകുപ്പ് വച്ചുനീട്ടി. തുടക്കത്തിൽ മടിച്ചെങ്കിലും ഒടുവിൽ ജിന്ന അതംഗീകരിച്ചു. അങ്ങനെ ലിയാഖത്ത് അലി ഖാൻ ധനകാര്യ ചുമതലയുള്ള അംഗമായി.
ആ ഒരൊറ്റ തീരുമാനം സർക്കാരിനുള്ളിലെ അധികാര സമവാക്യങ്ങളെ മാറ്റിമറിച്ചു. ലിയാഖത്ത് അലി ഒരു സാമ്പത്തിക വിദഗ്ദ്ധനായിരുന്നില്ല, എന്നാൽ ധനകാര്യ വകുപ്പിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ധനകാര്യ വകുപ്പാണ് എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് എന്ന് കോൺഗ്രസ് മന്ത്രിമാർ വളരെ പെട്ടെന്ന് മനസ്സിലാക്കി. ഫയലുകൾ വൈകിപ്പിച്ചു; നിർദ്ദേശങ്ങൾ തടസ്സപ്പെടുത്തി; ബജറ്റുകൾ തടഞ്ഞുവെച്ചു.
ആഭ്യന്തര വകുപ്പ് താൻ വിചാരിച്ചത്ര അധികാരം നൽകുന്നില്ലെന്ന് പട്ടേൽ ക്രമേണ മനസ്സിലാക്കി. ക്രമസമാധാനം എന്നത് പ്രധാനമായും പ്രവിശ്യകളുടെ അധികാര പരിധിയിൽ വരുന്ന വിഷയമായിരുന്നു. എന്നാൽ മിക്കവാറും എല്ലാ ഭരണപരമായ തീരുമാനങ്ങളെയും തടയാൻ ധനകാര്യ വകുപ്പിന് അധികാരമുണ്ടായിരുന്നു.
മൗലാനാ അബുൽ കലാം ആസാദ് തന്റെ 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകത്തിൽ ഈ പ്രതിസന്ധിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ധനകാര്യ വകുപ്പിലൂടെ കോൺഗ്രസ് മന്ത്രിമാർ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതിനാൽ സർക്കാർ നിശ്ചലമായ അവസ്ഥയിലായിരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തനിക്ക് ഒരു ചപ്രാസിയുടെ (പ്യൂൺ) തസ്തിക പോലും സൃഷ്ടിക്കാൻ കഴിയില്ലെന്ന് പട്ടേൽ തിരിച്ചറിഞ്ഞ കാര്യവും ആസാദ് രേഖപ്പെടുത്തുന്നു. ഭരണനിർവഹണത്തിലെ ഏറ്റവും മികച്ച പാഠങ്ങളിലൊന്നാണ് ആ സംഭവം.
ഒരു മന്ത്രാലയത്തിന്റെ യഥാർത്ഥ പ്രാധാന്യം സാഹചര്യങ്ങളെയും വ്യക്തികളെയും രാഷ്ട്രീയ നൈപുണ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഓരോ വകുപ്പും പ്രധാനപ്പെട്ടതാണ്. ഒരു നല്ല ഗതാഗത മന്ത്രിക്ക് ഒരു ശരാശരി ആഭ്യന്തര മന്ത്രിയേക്കാൾ നഗരജീവിതത്തെ മാറ്റിമറിക്കാൻ കഴിയും. കാര്യക്ഷമതയുള്ള ഗ്രാമവികസന മന്ത്രിക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും. കേരളത്തിൽ പുതുതായി രൂപവത്കരിച്ച വയോജന ക്ഷേമ വകുപ്പ് ഭാവനയോടും പ്രതിബദ്ധതയോടും കൂടി കൈകാര്യം ചെയ്താൽ ഏറ്റവും അർത്ഥവത്തായ ഒന്നായി മാറും.
നിർഭാഗ്യവശാൽ, രാഷ്ട്രീയക്കാർ തന്നെയാണ് പലപ്പോഴും ‘പ്രധാനപ്പെട്ട’ വകുപ്പുകൾ എന്നും ’പ്രാധാന്യമില്ലാത്ത’ വകുപ്പുകൾ എന്നുമുള്ള മിഥ്യാധാരണകളെ ഊട്ടിയുറപ്പിക്കുന്നത്. താല്പര്യമുള്ള ‘ഗ്ലാമർ’ മന്ത്രാലയങ്ങൾ കിട്ടിയില്ല എന്ന പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ച സംഭവങ്ങൾ നിരവധിയുണ്ട്. മന്ത്രാലയം എന്നത് ഒരു അലങ്കാര വസ്തുവല്ല; സേവനം ചെയ്യാനുള്ള അവസരമാണ്.
അതുകൊണ്ടാണ് ഇത്രയും വർഷങ്ങൾക്ക് ശേഷവും എന്റെ ഐ.എ.എസ് സുഹൃത്തിന്റെ തീരുമാനം എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നത്. വ്യക്തിപരമായ നിരാശയുടെ നിമിഷത്തിൽ അദ്ദേഹം പദവിയുടെ പ്രതാപത്തിന് പിന്നാലെ പോയില്ല, ലക്ഷ്യബോധമാണ് അദ്ദേഹത്തെ നയിച്ചത്.
പിന്തിരിഞ്ഞു നോക്കുമ്പോൾ, ആഭ്യന്തരമോ പ്രതിരോധമോ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഗ്രാമവികസന വകുപ്പ് തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ തീരുമാനം തികച്ചും യുക്തിസഹമായിരുന്നുവെന്ന് വ്യക്തമാണ്. ഒരു പദവിയിൽ ഇരിക്കുന്നതിലല്ല,മറിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ആ പദവിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാർഥ ശക്തിയും സംതൃപ്തിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

