കെട്ടുകഥകൾ ചരിത്രമാകുമ്പോൾ
text_fieldsതാജ്മഹൽ
പുരുഷോത്തം നാഗേഷ് ഓക്ക്, സീതാറാം ഗോയൽ എന്നീ രണ്ട് അസാധാരണ വ്യക്തികളുടെ രചനകൾ ഞാൻ തെരഞ്ഞുപിടിച്ച് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ എഴുത്തുകളിലുള്ള വിശ്വാസമല്ല, മറിച്ച് അമ്പരപ്പിക്കുന്ന അവകാശവാദങ്ങൾ അപാര ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവാണ് എന്നെ ആകർഷിച്ചിരുന്നത്.
ക്രിസ്തുമതവും ഇസ് ലാമും ഹിന്ദുമതത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെന്നതായിരുന്നു ഓക്കിന്റെ ഏറ്റവും പ്രശസ്തമായ വാദം. ഓക്കിന്റെ അഭിപ്രായത്തിൽ വത്തിക്കാൻ, മക്കയിലെ കഅ്ബാലയം, ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി, എന്തിനേറെ താജ്മഹൽ പോലും ശിവഭഗവാന് സമർപ്പിക്കപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നു. മാർപ്പാപ്പ സ്ഥാനം വൈദിക പുരോഹിത വ്യവസ്ഥയുടെ തുടർച്ച മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിന്നീട് താജ്മഹലിലൂന്നിയുള്ള പ്രചാരണങ്ങളിലും വ്യവഹാരങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. താജ്മഹൽ ‘തേജോ മഹാലയ’ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധന നടത്താൻ അനുവാദം നൽകണമെന്നും വാദിച്ച് സുപ്രീം കോടതിയെ വരെ സമീപിച്ചു.
2000 ജൂലൈ 13-ന് ഹർജി ‘‘തെറ്റിദ്ധാരണാജനകം’’ എന്ന് പറഞ്ഞ് തള്ളിയ രണ്ടംഗ സുപ്രീം കോടതി ബെഞ്ച്, താജ്മഹൽ ഓക്കിന്റെ ‘‘തലക്ക് പിടിച്ചിരിക്കുകയാണ്’’ എന്നും കൂട്ടിച്ചേർത്തു. ഒരു വ്യക്തി പ്രത്യേക വിഷയത്തെക്കുറിച്ച് തികഞ്ഞ മുൻവിധിയോടെ നിരന്തരം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന തരത്തിൽ ഭ്രമമായി മാറുന്ന അവസ്ഥയെ കുറിക്കുന്ന ‘A bee in his bonnet’ എന്ന പ്രയോഗമാണ് കോടതി നടത്തിയത്.
ഓക്കിന്റെ ഭാവനക്ക് അതിരുകളുണ്ടായിരുന്നില്ല. താജ്മഹലിന് പുറമെ ചെങ്കോട്ട, ഡൽഹി ജമാ മസ്ജിദ്, കുതുബ് മിനാർ, ലഖ്നോയിലെ ഇമാം ബാര, ഹൈദരാബാദിലെ ചാർമിനാർ എന്നിവയെല്ലാം ഇസ് ലാമിക സ്മാരകങ്ങളാക്കി മാറ്റുന്നതിന് മുമ്പ് ഹൈന്ദവ പശ്ചാത്തലമുള്ളവയായിരുന്നു എന്ന് അദ്ദേഹം വാദിച്ചു. അറേബ്യയുടെ വൈദിക കാലഘട്ടത്തിലാണ് കഅ്ബ നിർമിച്ചതെന്ന് അവകാശപ്പെട്ട അദ്ദേഹം, തന്റെ സിദ്ധാന്തം വിശദീകരിക്കാൻ വിചിത്രമായ വ്യാഖ്യാനങ്ങൾ നിറഞ്ഞ ലഘുലേഖകളുമിറക്കി. താജ്മഹൽ നാലാം നൂറ്റാണ്ടിലേതാണെന്നായിരുന്നു അദ്ദേഹം ആദ്യം വാദിച്ചിരുന്നത്. എന്നാൽ അത്തരമൊരു കൂറ്റൻ കെട്ടിടം നിർമിക്കാൻ ആവശ്യമായ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകൾ അക്കാലത്ത് നിലവിലുണ്ടായിരുന്നില്ലെന്നും ആ കാലഘട്ടത്തിലെ പ്രധാന വാസ്തുവിദ്യകൾ പാറകൾ വെട്ടിത്തുരന്നുണ്ടാക്കിയവയായിരുന്നുവെന്നും ചരിത്രവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചതോടെ ഓക്ക് നിർമാണ തീയതി പന്ത്രണ്ടാം നൂറ്റാണ്ടിലേക്ക് മാറ്റിപ്പറഞ്ഞു.
ചരിത്രം തിരുത്തിയെഴുതുന്നതിനായി ഓക്ക് ‘ഇന്ത്യൻ ഹിസ്റ്ററി റീറൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്’ പോലും സ്ഥാപിച്ചു. ആ സ്ഥാപനം കാലക്രമേണ ഇല്ലാതായെങ്കിലും, ചരിത്രം തിരുത്തിയെഴുതൽ പദ്ധതിക്ക് ഇപ്പോൾ പുത്തനുണർവ് കൈവന്നിരിക്കുകയാണ്. ജ്യോതിശാസ്ത്രവും വൈമാനിക ശാസ്ത്രവും മുതൽ പ്ലാസ്റ്റിക് സർജറി, ആണവശാസ്ത്രം, ഹൈഡ്രജൻ ബോംബുകൾ വരെയുള്ള എല്ലാ അറിവുകളും - യൂറോപ്പ് അതിന്റെ പ്രാകൃത യുഗത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് എത്രയോ മുമ്പ് തന്നെ - പുരാതന ഇന്ത്യക്ക് സ്വന്തമായിരുന്നുവെന്ന് സംഘപരിവാർ നിരന്തരം വാദിക്കുന്നു. ഇത്തരം ആഖ്യാനങ്ങൾ ഒരുപക്ഷേ ചിലരിൽ ദേശീയ വികാരം ഉണർത്തുന്നുണ്ടാവാമെങ്കിലും, അവ പലപ്പോഴും രേഖപ്പെടുത്തപ്പെട്ട ചരിത്രവും ഐതിഹ്യങ്ങളും തമ്മിലെ അതിർവരമ്പുകൾ അപകടകരമായ രീതിയിൽ ഇല്ലാതാക്കുന്നു.
തന്റെ സിദ്ധാന്തം ഏതെങ്കിലുമൊരു കോടതി അംഗീകരിക്കുന്നത് കാണാനാകാതെ 2007 ഡിസംബറിൽ ഓക്ക് അന്തരിച്ചു. എങ്കിലും, വരുംതലമുറകൾക്ക് ഈ പോരാട്ടം തുടരാൻ ആവശ്യമായ സംശയത്തിന്റെ വിത്തുകൾ പാകിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സുപ്രീം കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളി ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം, താജ്മഹലിന്റെ ഫോട്ടോഗ്രാഫിക്, വീഡിയോഗ്രാഫിക് സർവേ നടത്താൻ എന്തുകൊണ്ട് അനുമതി നൽകിക്കൂടാ എന്ന് വിശദീകരിക്കാൻ അലഹബാദ് ഹൈകോടതി ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടും കേന്ദ്ര സർക്കാരിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. വൈരുദ്ധ്യമെന്നു പറയട്ടെ, താജ്മഹലിൽ അവകാശമുന്നയിച്ച് ഓക്ക് സമർപ്പിച്ച ഹർജി പതിറ്റാണ്ടുകൾക്ക് മുൻപ് ഇതേ ഹൈകോടതി തള്ളിയതാണ്.
എന്നാൽ ഇത്തവണ ഹർജിക്കാരൻ ഒരു സാധാരണ പൗരനല്ല. അയോധ്യ, കാശി, മഥുര മസ്ജിദുകൾക്ക് മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ പക്ഷത്തിന് വേണ്ടി കോടതിയിലെത്തിയ അഡ്വ. ഹരിശങ്കർ ജെയിൻ മുഖേന ‘ശ്രീ അഗ്രേശ്വർ മഹാദേവ് നാഗ്നാഥേശ്വർ വിരാജ്മാൻ’ എന്ന പ്രതിഷ്ഠയും ഭക്തരുമാണ് ഈ ഹർജിസമർപ്പിച്ചിരിക്കുന്നത്. സ്മാരകം പരിശോധിക്കുന്നതിനും ചിത്രീകരിക്കുന്നതിനും ഒരു അഡ്വക്കേറ്റ് കമീഷണറെ നിയമിക്കണമെന്ന ആവശ്യം ആഗ്രയിലെ രണ്ട് കോടതികൾ നിരസിച്ചതിനെ ചോദ്യം ചെയ്താണ് അവർ ഹൈകോടതിയിലെത്തിയത്.
ഒരു പ്രതിഷ്ഠ തന്നെ വ്യവഹാരിയായി മാറുമ്പോൾ, കേസിന് സ്വാഭാവികമായും വൈകാരികമായ മറ്റൊരു തലം കൈവരുന്നു. എങ്കിലും, കോടതികൾ ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നിയമം നിയമമായി തുടരണമെങ്കിൽ ആ വ്യത്യാസം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
താജ്മഹലിനെച്ചൊല്ലിയുള്ള രാഷ്ട്രീയം പ്രത്യയശാസ്ത്രപരമായ ഒരു വലിയ പോരാട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ സ്മാരകം മുഗൾ ചക്രവർത്തി ഷാജഹാനുമായി ബന്ധപ്പെട്ടിട്ടുള്ളതായതുകൊണ്ട് തന്നെ, ഇതിന് അർഹിക്കുന്ന ആഗോള പ്രാധാന്യത്തേക്കാൾ കുറഞ്ഞ ഔദ്യോഗിക പരിഗണനയാണ് പലപ്പോഴും ലഭിക്കാറ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുപ്പത്തിരണ്ട് ആകർഷണങ്ങൾ ഉൾപ്പെടുത്തി ഉത്തർപ്രദേശ സർക്കാർ ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു. അത്ഭുതമെന്നു പറയട്ടെ, ആ പട്ടികയിൽ ഇന്ത്യയിലെ മറ്റേതൊരു സ്മാരകത്തേക്കാളും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതും ടൂറിസം വഴിയും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങൾ വഴിയും പ്രതിവർഷം 200 കോടിയിലധികം രൂപ വരുമാനം നേടിത്തരുന്നതുമായ താജ്മഹലിന് ഇടമുണ്ടായിരുന്നില്ല.
മറ്റൊരു പ്രധാന ചർച്ചാവിഷയം താജ്മഹലിലെ അടച്ചുപൂട്ടിയ ഇരുപത്തിരണ്ട് മുറികളാണ്. ഒളിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെക്കുറിച്ചും രഹസ്യ പാതകളെക്കുറിച്ചുമുള്ള ഊഹാപോഹങ്ങൾക്ക് ഇവ വളക്കൂറേകി. എന്നാൽ, ഇവ അടിത്തറയ്ക്ക് ബലം നൽകാനും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കെട്ടിടത്തിനടിയിലൂടെ സുരക്ഷിതമായി ഒഴുകിപ്പോകാനും രൂപകൽപ്പന ചെയ്ത വെറും ശൂന്യമായ ആർച്ച് ഇടനാഴികൾ മാത്രമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ളിൽ നിഗൂഢമായി ഒന്നുമില്ലെന്ന് കാണിക്കുന്ന ചിത്രങ്ങളും അവർ പുറത്തുവിട്ടിരുന്നു.
എന്നിരുന്നാലും, തെളിവുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കാനുള്ള അത്ഭുതകരമായ ശേഷി ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കുണ്ട്. ഓരോ വിശദീകരണവും മറ്റൊരു ചോദ്യത്തിനും, മറ്റൊരു ഹർജിക്കും, ഒരിക്കലും നിലവിലില്ലാത്ത ഒരു ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള മറ്റൊരു ശ്രമത്തിനും മാത്രമാണ് വഴിയൊരുക്കുന്നത്.
അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിർമിക്കപ്പെട്ട ഒരു സ്മാരകം, സങ്കൽപ്പിച്ചെടുത്ത ചരിത്രങ്ങളെച്ചൊല്ലിയുള്ള അനന്തമായ തർക്കങ്ങളിലേക്ക് വീണ്ടും വീണ്ടും വലിച്ചിഴക്കപ്പെടുന്നത് എത്ര വലിയ ദുരന്തമാണ്.
കഴ്സൺ പ്രഭുവിന്റെ പൈതൃക പ്രണയം
ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ നിർമിച്ചതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഈ പ്രണയസ്മാരകത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിൽ കഴ്സൺ പ്രഭു വഹിച്ച പങ്ക് കുറച്ചുപേർക്ക് മാത്രമേ അറിയൂ, ബംഗാൾ വിഭജനത്തിന്റെയും കടുത്ത ക്ഷാമത്തിന്റെയും പേരിൽ വിവാദപുരുഷനായ അതേ കഴ്സൺ.
കഴ്സൺ വൈസ്രോയിയായി ചുമതലയേൽക്കുമ്പോഴേക്കും രണ്ട് നൂറ്റാണ്ടുകളായുള്ള അവഗണനയും കൊള്ളയടിയും കാരണം താജ്മഹൽ ജീർണാവസ്ഥയിലായിരുന്നു. മുഗൾ സാമ്രാജ്യം തകർന്നതോടെ അധിനിവേശക്കാർ അതിലെ വിലപിടിപ്പുള്ള രത്നങ്ങൾ കൊള്ളയടിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് സൈന്യം ഈ സമുച്ചയം കൈയടക്കുകയും കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മാർബിൾ ചുവരുകളിൽ പതിപ്പിച്ചിരുന്ന പല യഥാർഥ രത്നങ്ങളും നഷ്ടപ്പെട്ടിരുന്നു.
കൊളോണിയൽ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷണ പദ്ധതികളിലൊന്നിന് തുടക്കം കുറിച്ച അദ്ദേഹം താജ്മഹലിലെ മഖ്ബറ മാത്രമല്ല, അതിന്റെ അങ്കണവും പൂന്തോട്ടങ്ങളും പുനരുദ്ധരിച്ചു. ഇന്ത്യയിൽ വ്യവസ്ഥാപിതമായ പൈതൃക സംരക്ഷണത്തിന് അടിത്തറയിട്ട 1904-ലെ ‘ഏൻഷ്യന്റ് മോണ്യുമെന്റ്സ് പ്രൊട്ടക്ഷൻ ആക്റ്റ്’ കൊണ്ടുവരുന്നതിൽ മുന്നിൽനിന്ന കഴ്സൺ ഖജുരാഹോ ക്ഷേത്രങ്ങളുടെ ഖനനത്തിനും സംരക്ഷണത്തിനും തുടക്കമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

