Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightസൂക്ഷ്‌മ നിരീക്ഷണംchevron_rightഇഫ്താറും ഒരു...

ഇഫ്താറും ഒരു കുറ്റകൃത്യമാകുമ്പോൾ

text_fields
bookmark_border
ഇഫ്താറും ഒരു കുറ്റകൃത്യമാകുമ്പോൾ
cancel
camera_alt

ഗംഗയിൽ ഇഫ്താർ സംഘടിപ്പിച്ച് അറസ്റ്റിലായ യുവാക്കൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഞങ്ങൾ കുടുംബസമേതം എവിടെയോ പോയി മടങ്ങുകയായിരുന്നു. യാത്രക്കിടെ ഞങ്ങളുടെ ഡ്രൈവർ ഇടക്കിടെ വാച്ചിലേക്ക് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. റമദാൻ നോമ്പനുഷ്ഠാനത്തിലായിരുന്ന അദ്ദേഹത്തിന് ബാങ്ക് വിളി സമയം അടുത്തപ്പോൾ നോമ്പ് തുറയും നമസ്കാരവും യഥാസമയം നിർവഹിക്കാനാകുമോ എന്ന ആശങ്കയായിരുന്നു. ഞങ്ങൾക്ക് സഞ്ചരിക്കേണ്ട റൂട്ടിൽ നിന്ന് അല്പം മാറി വാഹനം ഓടിച്ചോട്ടെ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ അടുത്തുള്ള ഒരു പള്ളിയിൽ എത്തി അവിടെ അദ്ദേഹത്തിന് പ്രാർത്ഥിക്കാനും നോമ്പ് തുറക്കാനും സാധിക്കുമായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അതൊരു തികച്ചും ന്യായമായ ആവശ്യമായിരുന്നു. പകൽ മുഴുവൻ ഭക്ഷണവും വെള്ളവുമില്ലാതെ വാഹനമോടിച്ച അദ്ദേഹത്തിന് മതപരമായ കടമ നിർവഹിക്കാൻ ഏതാനും മിനിറ്റുകൾ അനുവദിക്കുക എന്നത് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമായിരുന്നു. വാഹനം പള്ളിയിലേക്ക് വിട്ട് സമാധാനത്തോടെ നോമ്പ് തുറയും പ്രാർത്ഥനയും നിർവഹിച്ചു വരാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ആ ചെറിയ സംഭവം എന്റെ മനസ്സിൽ തങ്ങിനിൽക്കാൻ കാരണം, അത് ഇന്ത്യയെക്കുറിച്ചുള്ള ലളിതമായ ഒരു സത്യം വെളിപ്പെടുത്തിയതുകൊണ്ടാണ്. വ്യത്യസ്ത മതസ്ഥരായ ആളുകൾ പലപ്പോഴും പരസ്പരം വിശ്വാസങ്ങളെ നിശബ്ദമായ രീതിയിൽ ബഹുമാനിക്കാറുണ്ട്. അതിന് വലിയ പ്രഭാഷണങ്ങളുടെ അകമ്പടികളൊന്നും വേണ്ട, വിവേകപൂർണ്ണമായ ചെറിയ പ്രവർത്തികൾ മാത്രം മതിയാകും.

വാരണാസിയിൽ 14 മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ വാർത്ത വായിച്ചപ്പോഴാണ് ഇതെല്ലാം എന്റെ മനസ്സിലേക്ക് വന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജമ്മു മേഖലയിലെ കത്വയിൽ റിപ്പോർട്ട് ചെയ്തതുപോലുള്ള ക്രൂരമായ അതിക്രമമാണോ അവർ ചെയ്തത്? ഗുജറാത്ത് വംശഹത്യയ്ക്കിടെ ബെസ്റ്റ് ബേക്കറിയിൽ ചെയ്തതുപോലെ ആളുകളെ ജീവനോടെ ചുട്ടെരിച്ചോ? അതൊന്നുമല്ല: ഗംഗാനദി മലിനമാക്കി എന്നതാണ് പൊലീസിന് ലഭിച്ച പരാതി പ്രകാരം അവരുടെ പേരിലുള്ള കുറ്റം. ഗംഗാനദിയിൽ ഒരു ബോട്ടിലൂടെ സഞ്ചരിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു എന്നതാണ് അവർ ചെയ്ത ‘പാതകം’.

"സനാതന ധർമ്മ"സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയിലെ അംഗം നൽകിയ പരാതി പ്രകാരം, നോമ്പ് തുറന്ന ശേഷം അവർ ചിക്കൻ ബിരിയാണി കഴിക്കുന്നത് മറ്റൊരു ബോട്ടിലിരുന്ന് കണ്ടുവത്രേ. യുവാക്കൾ കോഴി എല്ലുകൾ നദിയിലേക്ക് എറിയുന്നത് മറ്റൊരാൾ കണ്ടതായും പരാതിക്കാരൻ ആരോപിക്കുന്നു. ചിക്കൻ ബിരിയാണി ആയത് മഹാഭാഗ്യം. ബീഫായിരുന്നെങ്കിൽ കേസ് ഇതിലും ഗുരുതരമായേനെ.

ആ സാക്ഷികളുടെ കാഴ്ചശക്തിയെ എന്തായാലും സമ്മതിക്കണം. സന്ധ്യ കഴിഞ്ഞ് നദിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് നോക്കി, എല്ലുകൾ എറിയുന്നത് കാണാനും അവ മുരിങ്ങക്കായ കഷ്ണങ്ങളല്ല, കോഴി എല്ലുകളാണെന്ന് തിരിച്ചറിയാനും അവർക്ക് സാധിച്ചല്ലോ!. എന്നാൽ ഈ കഥയിലെ യഥാർത്ഥ "നായകൻ" ആ പരാതി സ്വീകരിക്കുകയും പൊലീസിന് അന്വേഷണം നടത്താനായി യുവാക്കളെ 14 ദിവസത്തേക്ക് ജയിലിലേക്ക് അയക്കുകയും ചെയ്ത മജിസ്‌ട്രേറ്റാണ്. ആ കോഴി എവിടെ നിന്ന് വന്നു, ആരാണ് ബിരിയാണി പാകം ചെയ്തത്, ആരാണ് അത് ബോട്ടിൽ എത്തിച്ചത് എന്നൊക്കെയായിരിക്കും പൊലീസ് ഇനി കണ്ടെത്താൻ ശ്രമിക്കുന്നത്.

എന്തായാലും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ആ ചെറുപ്പക്കാർക്ക് ജയിലഴികൾക്കുള്ളിലൂടെ നിറകണ്ണുകളോടെ നിലാവ് കാണേണ്ടി വന്നു.

ഗംഗയെ മ ലിനമാക്കുന്നതിനെക്കുറിച്ചാണ് ആശങ്കയെങ്കിൽ, പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ, ഗംഗയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ഒരു പ്രമുഖ ഹിന്ദി പത്രം ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. അത്രയധികം ആളുകൾ മരിച്ചതിനാൽ, വിറകും പണവും ആവശ്യമായ ശ്മശാനങ്ങളിലെ സംസ്‌കാരത്തിന് പകരം മൃതദേഹങ്ങൾ നദിയിലേക്ക് ഒഴുക്കുന്നതാണ് എളുപ്പമെന്ന് ചില കുടുംബങ്ങൾ തീരുമാനിച്ചതാണ്.

സത്യം അംഗീകരിക്കുന്നതിന് പകരം, സംഭവം റിപ്പോർട്ട് ചെയ്ത പത്രത്തെ വേട്ടയാടുകയാണ് അധികാരികൾ ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് പാട്നയിലെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലി ചെയ്തിരുന്നപ്പോൾ ശ്മശാനങ്ങളിലെ മറ്റൊരു അസ്വസ്ഥജനകമായ രീതി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു- മരിച്ചവരുടെ ബന്ധുക്കൾ പോയിക്കഴിഞ്ഞാൽ വിറക് ലാഭിക്കാനായി ശ്മശാന ജീവനക്കാർ ചിതയിലെ തീ കെടുത്തി പാതി വെന്ത മൃതദേഹം നദിയിലേക്ക് എറിയുന്നതിനെക്കുറിച്ച്.

രാജ്യത്തെ വിശുദ്ധ നദിയായി കണക്കാക്കപ്പെടുന്ന ഗംഗ തന്നെയാണ് ഏറ്റവും മലിനമായൊഴുകുന്നതും. ഗംഗാ ശുദ്ധീകരണ പദ്ധതികൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവിട്ട ശേഷവും നദിയിൽ മലിനജലവും വ്യാവസായിക അവശിഷ്ടങ്ങളും വന്നുചേരുന്നു. മതപരമായ ആചാരങ്ങളുടെ ഭാഗമായി ദിനേന ആയിരക്കണക്കിനാളുകൾ ബന്ധുക്കളുടെ ചിതാഭസ്മവും അസ്ഥിക്കഷ്ണങ്ങളും അടങ്ങിയ കലശങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നു. അതൊരു പവിത്രമായ ആചാരമായി കരുതുന്നതിനാൽ ആരും അതിനെ എതിർക്കുന്നില്ല.

ഒരു അജ്ഞേയവാദി ആയിരുന്നിട്ടും ജവഹർലാൽ നെഹ്‌റു പോലും തന്റെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യണമെന്ന് ആഗ്രഹിച്ചു. തന്റെ വിൽപ്പത്രത്തിൽ അദ്ദേഹം നദിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇന്ത്യയുടെ നദി, ഈ ജനതയ്ക്ക് പ്രിയപ്പെട്ടവൾ, ഇന്ത്യയുടെ ഓർമ്മകളും പ്രതീക്ഷകളും ഭയങ്ങളും വിജയഗീതങ്ങളും വിജയപരാജയങ്ങളും ഈ നദിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു."

പക്ഷേ ചോദ്യം ഇതാണ്: കുംഭമേളയിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുമ്പോൾ ശുചിമുറി സൗകര്യങ്ങൾ തികയാതെ വരുമ്പോൾ പലരും നദിക്ക് സമീപം മലമൂത്രവിസർജ്ജനം നടത്താറുണ്ട്. ചിലപ്പോൾ വെള്ളത്തിൽ മനുഷ്യവിസർജ്ജ്യം ഒഴുകി നടക്കുന്നത് പോലും കാണാം. ഭക്തർ പൂജാസാമഗ്രികൾ നദിയിലേക്ക് എറിയുന്നു. ആഘോഷവേളകളിൽ ആയിരക്കണക്കിന് വിഗ്രഹങ്ങൾ വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നു. ഈ വിഗ്രഹങ്ങളിൽ പലപ്പോഴും നദിയെ ദോഷകരമായി ബാധിക്കുന്ന കെമിക്കൽ ചായങ്ങൾ പൂശിയിട്ടുണ്ടാകും. ഈ പ്രവൃത്തികളൊന്നും അറസ്റ്റുകളിലേക്ക് നയിക്കുന്നില്ല. എന്നാൽ ബോട്ടിൽ ഒരു ഇഫ്താർ സംഘടിപ്പിക്കുന്നത് മാത്രം എന്ത് കൊണ്ട് കുറ്റകരമാകുന്നു?

ഇതോടൊപ്പം തന്നെ ഭക്ഷണശീലങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മത്സ്യ-മാംസാഹാരങ്ങളുടെ വിൽപനയും ഉപയോഗവും നിരോധിച്ചു. ഹരിദ്വാർ, ഋഷികേശ്, ഉജ്ജയിൻ, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. എല്ലാ ക്ഷേത്രങ്ങൾക്ക് സമീപവും ഇത്തരം നിയമങ്ങൾ ബാധകമാക്കണമെന്ന നിർദ്ദേശവും ഉയർന്നു തുടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ ഏകദേശം 6.5 ലക്ഷം ക്ഷേത്രങ്ങളുണ്ട്. അവയ്ക്കല്ലാം ചുറ്റും 15 കിലോമീറ്റർ വെജിറ്റേറിയൻ സോൺ സൃഷ്ടിച്ചാൽ, രാജ്യത്തിന്റെ വലിയൊരു ഭാഗം പ്രദേശങ്ങളിലും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും. രാജ്യത്തെ ഭൂരിഭാഗം ഹിന്ദുക്കളും സസ്യാഹാരമല്ലാത്ത ഭക്ഷണം കഴിക്കുന്നവരാണ്. ബ്രാഹ്മണരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് കർശനമായ സസ്യാഹാര ശീലം പാലിക്കുന്നത്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതുമില്ല.

ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും ആദ്യകാല നേതാവും സ്വയംസേവകനുമായിരുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ചിക്കനും ഹിമാചൽ പ്രദേശിൽ നിന്നുള്ള പുഴമീനുകളും ആസ്വദിച്ചിരുന്നു.നമ്മുടെ കുമരകം കരിമീന്റെ പ്രശസ്തി കടൽ കടന്നതും വാജ്‌പേയി ഇവിടെ വന്നു പോയതോടെയാണ്. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒരുക്കുന്ന വിരുന്നുകളിലെ മുഖ്യ വിഭവം അദ്ദേഹത്തിന്റെ നാടായ ആന്ധ്രയിൽ നിന്നെത്തിക്കുന്ന വലിപ്പമേറിയ ചെമ്മീനുകൾ ആയിരുന്നു. എന്നിട്ടും അവരുടെ പിന്മുറക്കാർ എന്നവകാശപ്പെടുന്ന ഒരു ചെറിയ വിഭാഗം ഇന്ത്യയെ സസ്യാഹാരികളുടെ രാജ്യമാക്കി മാറ്റിയേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഇഫ്താർ നടത്തിയതിന് ചെറുപ്പക്കാരെ ജയിലിലടച്ച യു.പിയിൽ നിന്നാണ് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നതെന്നും തൽക്കാലം നമ്മൾ മറന്നേക്കാം, അല്ലേ?

ajphilip@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meetUP police torture
News Summary - When Iftar also becomes a crime
Next Story