എപിക് ഫ്യൂറി കൊണ്ട് എന്ത് നേടി?
text_fields‘എപിക് ഫ്യൂറി’ എന്ന് പേരിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം രണ്ടാഴ്ചയാകുമ്പോൾ, ഒരു കാര്യം വ്യക്തമായിരിക്കുന്നു: ഈ യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കുമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല.തങ്ങളുടെ സംയുക്ത സൈനിക ശക്തിയാൽ ഇറാനെ പെട്ടെന്ന് കീഴടക്കാനാകുമെന്നാണ് അമേരിക്കയും ഇസ്രായേലും വിശ്വസിച്ചിരുന്നത്. തുടർച്ചയായ ബോംബാക്രമണം ആ രാജ്യത്തിന്റെ മനോവീര്യം തകർക്കുമെന്നും നേതൃത്വത്തെ കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ യുദ്ധക്കളത്തിൽ നിന്ന് ഏറെ അകലെയുള്ള ഓഫീസുകളുടെ സുഖശീതളിമയിൽ തയ്യാറാക്കിയ പദ്ധതികളനുസരിച്ചാവണമെന്നില്ല യുദ്ധങ്ങളുടെ പോക്ക്.
ഈ സംഘർഷം തുടങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ ശക്തമായ വ്യക്തിപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങളുമുണ്ടായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ദീർഘകാലമായി അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. വംശഹത്യയെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചുമുള്ള അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്താരാഷ്ട്ര വേദികളിൽ നിലനിന്നാലും ഇല്ലെങ്കിലും ഇസ്രായേലിനുള്ളിലെ അഴിമതി ആരോപണങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ ഭീഷണിയാണ്. പെട്ടെന്നൊരു സൈനിക വിജയം നേടിയാൽ അത് തന്നെ ഒരു വിവാദ നായകനിൽ നിന്ന് ദേശീയ നായകനായി മാറ്റുമെന്ന് അദ്ദേഹം കണക്കുകൂട്ടിയതായി പല വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. അതോടെ കേസുകൾ ദുർബലപ്പെടുമെന്നും മറ്റൊരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിട്ടുണ്ടാകാം.
പ്രസിഡന്റ് ട്രംപിനും സ്വന്തമായ കാരണങ്ങളുണ്ടായിരുന്നു. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പരിമിതമായ നേട്ടങ്ങൾ മാത്രം കൈവരിച്ച ആളായാണ് വിമർശകർ അദ്ദേഹത്തെ കാണുന്നത്. യുദ്ധത്തെ ധാർമികമായി ന്യായീകരിക്കാൻ, ഇറാനിയൻ സ്ത്രീകൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരാകുന്ന വിഷയമാണ് ട്രംപ് ഉയർത്തിക്കാട്ടിയത്. സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷണമായാണ് ഈ വാദം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, എപ്സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന ഒരാൾ മറ്റുള്ളവരെ ധാർമികത പഠിപ്പിക്കാൻ യോഗ്യനല്ലെന്ന് വിമർശകർ വാദിക്കുന്നു.
ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ പുതിയ നേതാവായി പെട്ടെന്ന് ഉയർന്നുവന്നു. തകരുന്നതിന് പകരം, ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥ ഈ ആഘാതത്തോട് പൊരുത്തപ്പെട്ടു. മുൻഗാമിയേക്കാൾ ദൃഢനിശ്ചയമുള്ള, വിട്ടുവീഴ്ചയില്ലാത്തയാളാണ് പുതിയ നേതാവെന്ന് ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ, എളുപ്പത്തിലുള്ള ഭരണമാറ്റമെന്ന പ്രതീക്ഷ തകർന്നു.
സൈനികപരമായി, യു.എസും ഇസ്രായേലും ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഇറാന്റെ നാവികസേനക്കും വ്യോമസേനക്കും കനത്ത ആൾനാശമുണ്ടായി. ശുദ്ധീകരണ പ്ലാന്റുകളും എണ്ണ ശുദ്ധീകരണശാലകളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളെ വ്യോമാക്രമണങ്ങൾ ഉന്നംവെച്ചു. ശുദ്ധീകരണ പ്ലാന്റുകൾ തകർക്കപ്പെടുമ്പോൾ, അതിന്റെ നേരിട്ടുള്ള ഇരകൾ സൈനികരല്ല, മറിച്ച് കുടിവെള്ളത്തിനായി അവയെ ആശ്രയിക്കുന്ന സാധാരണ പൗരരാണ്.
അമേരിക്കൻ സൈന്യം തകർത്ത കപ്പലുകളിലൊന്ന്, നേരത്തെ ഇന്ത്യയുടെ ക്ഷണപ്രകാരം വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത ആയുധസജ്ജമല്ലാത്ത ഒരു കപ്പലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ശ്രീലങ്കക്ക് സമീപമുള്ള കടൽ വിട്ടതിന് തൊട്ടുപിന്നാലെ കപ്പലിന് നേരെ ടോർപ്പിഡോ ആക്രമണം നടക്കുകയായിരുന്നു. അമേരിക്കൻ സൈന്യത്തിന് ഈ കപ്പലിന്റെ കൃത്യമായ സ്ഥാനം എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല.
യുദ്ധത്തെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ പരസ്പരവിരുദ്ധമാണ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ഇതിനകം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ട്രംപ്, ഏതാനും മണിക്കൂറുകൾക്കകം പോരാട്ടം ആഴ്ചകളോളം തുടർന്നേക്കാമെന്നും പറയുന്നു. ട്രംപിന്റെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകളെക്കുറിച്ച് പ്രശസ്ത അമേരിക്കൻ കോളമിസ്റ്റ് തോമസ് ഫ്രീഡ്മാൻ എഴുതി: ‘‘ഒരു ദിവസം അത് ഭരണമാറ്റമാണ്, അടുത്ത ദിവസം അതല്ല; ഒരു ദിവസം ഇറാന്റെ ഭാവി തനിക്ക് പ്രശ്നമല്ലെന്ന് പറയുന്നു, അടുത്ത ദിവസം രാജ്യത്തിന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കുണ്ടാകുമെന്ന് പറയുന്നു; ഒരു ദിവസം അദ്ദേഹം ചർച്ചകൾക്ക് തയ്യാറാണ്, അടുത്ത ദിവസം നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെടുന്നു.’’
ഇത്തരം വൈരുധ്യങ്ങൾ യുദ്ധത്തിന്റെ യഥാർഥ ദിശ മനസ്സിലാക്കുന്നത് പ്രയാസകരമാക്കുന്നു. സംഘർഷം ഇറാന്റെ അതിർത്തികൾക്കും അപ്പുറത്തേക്ക് വ്യാപിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവയുൾപ്പെടെ ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങളിൽ യുദ്ധത്തിന്റെ ആഘാതം അനുഭവപ്പെട്ടു കഴിഞ്ഞു. മിസൈലുകൾ, ഡ്രോൺ ആക്രമണങ്ങൾ, ഷിപ്പിങ്ങ് റൂട്ടുകളിലെ തടസ്സങ്ങൾ എന്നിവ മേഖലയിലുടനീളം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും വലിയ ഭയങ്ങളിലൊന്ന് സാമ്പത്തികമാണ്. സംഘർഷം തുടരുകയാണെങ്കിൽ, എണ്ണവില ഗണ്യമായി വർധിക്കുകയും ബാരലിന് 200 ഡോളറിലെത്തുകയും ചെയ്തേക്കാം. അത്തരമൊരു വർധനവ് പ്രാദേശിക പ്രശ്നമായി മാത്രം ഒതുങ്ങില്ല. അത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിക്കുകയും ഇന്ധനവിലയും ഗതാഗത ചെലവും അടിസ്ഥാന സാധനങ്ങളുടെ വിലയും വർധിപ്പിക്കുകയും ചെയ്യും.
കനത്ത ബോംബാക്രമണം ഉണ്ടായിട്ടും ഇറാനിയൻ ജനത കീഴടങ്ങുന്നതിന്റെ സൂചനകളൊന്നും കാണിച്ചിട്ടില്ല. അവരുടെ ഈ നിശ്ചയദാർഢ്യം 1960-കളിലും 70-കളിലും വിയറ്റ്നാം യുദ്ധകാലത്തെ വിയറ്റ്നാമീസ് ജനതയുടെ ചെറുത്തുനിൽപ്പ് ഓർമയിലെത്തിക്കുന്നു. വിയറ്റ്നാമിലും അമേരിക്കക്ക് അമിതമായ സൈനിക ശക്തിയുണ്ടായിരുന്നു, എന്നിട്ടും വിയറ്റ്നാമീസ് ജനതയുടെ പ്രതിരോധം തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. അതേസമയംതന്നെ ഇറാനുമേൽ കൂടുതൽ അങ്ങേയറ്റം കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ ആണവബോംബാക്രമണങ്ങളെയും ഓർമിപ്പിക്കുന്നു.
ഇറാൻ ദുർബലമായതോ എളുപ്പത്തിൽ ഭയപ്പെടുത്താൻ കഴിയുന്നതോ ആയ ഒരു രാഷ്ട്രമല്ലെന്ന് പ്രസിഡന്റ് ട്രംപ് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാകാം. ഇറാനികൾക്ക് ശക്തമായ ദേശീയ ബോധവും വിദേശ ഇടപെടലുകളെ പ്രതിരോധിച്ച ഐതിഹാസിക ചരിത്രവുമുണ്ട്. തങ്ങളുടെ നഗരങ്ങളിൽ ബോംബുകൾ വീഴുന്നതുകൊണ്ട് മാത്രം അവർ കീഴടങ്ങാൻ സാധ്യതയില്ല. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ശക്തിക്ഷയമാണ് ഈ യുദ്ധത്തിന്റെ ഏറ്റവും അസ്വസ്ഥജനകമായ പാഠം. ശക്തരായ രാജ്യങ്ങൾ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുമ്പോൾ ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകൾ തികച്ചും നിസ്സഹായരായിരിക്കുന്നു.
വ്യക്തിപരമായ അഭിലാഷങ്ങളോ രാഷ്ട്രീയ അതിജീവനമോ അവ്യക്തമായ ലക്ഷ്യങ്ങളോ നയിക്കുന്ന യുദ്ധങ്ങൾ അപൂർവ്വമായേ നല്ല രീതിയിൽ അവസാനിക്കാറുള്ളൂ. അവ യുദ്ധക്കളത്തിൽ മാത്രമല്ല, ആഗോളതലത്തിൽത്തന്നെ നാശവും കഷ്ടപ്പാടും അസ്ഥിരതയും വ്യാപിപ്പിക്കുന്നു. ഇക്കാരണത്താൽ, യുദ്ധം എത്രയും വേഗം അവസാനിക്കണം. അമേരിക്കയിലെയും ഇസ്രായേലിലെയും ജനങ്ങൾ അവരുടെ നേതാക്കളോട് കഠിനമായ ചോദ്യങ്ങൾ ചോദിക്കുകയും അവരെ ഉത്തരവാദികളാക്കുകയും വേണം.
ajphilip@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

