ട്രംപ് തകർക്കുന്നത് അമേരിക്കയെത്തന്നെയാണ്
text_fieldsഇറാൻ തലസ്ഥാനമായ തെഹ്റാനിൽ യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിൽ തകർന്ന കെട്ടിടം
‘പാവപ്പെട്ടവർ’ എന്ന് നിർവചിക്കപ്പെട്ട കുട്ടികൾക്ക് മഞ്ഞനിറത്തിലുള്ള ഒരു വിഭവവും ഒരു ഗ്ലാസ് പാലും സൗജന്യമായി വിതരണം ചെയ്തിരുന്ന ഒരു സാധാരണ സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചത്. സ്കൂളിലെ ചെറിയൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ധാന്യച്ചാക്കുകൾക്കും പാൽപ്പൊടിപ്പാക്കറ്റുകൾക്കും മുകളിൽ അമേരിക്കൻ ചിഹ്നങ്ങൾ പതിപ്പിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ക്ഷാമം നേരിട്ട കാലത്ത് അമേരിക്ക നൽകിയിരുന്ന ‘പബ്ലിക് ലോ 480’ (PL 480) എന്ന ഭക്ഷ്യസഹായ പദ്ധതിയുടെ ഭാഗമായിരുന്നു അവ.
‘പാവപ്പെട്ടവർ’ എന്ന പട്ടികയിൽ പെടാഞ്ഞതിനാൽ എനിക്ക് ആ ഭക്ഷണത്തിന് അർഹതയുണ്ടായിരുന്നില്ല. അമ്മ കെട്ടിത്തരുന്ന പൊതിച്ചോറുമായാണ് ഞാൻ പോയിരുന്നത്. പാവപ്പെട്ടവരല്ലാത്ത ചില അധ്യാപകർ പോലും ആ സൗജന്യ ഭക്ഷണം രഹസ്യമായി കഴിക്കുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. ഭൗമരാഷ്ട്രീയത്തെക്കുറിച്ച് യാതൊരറിവുമില്ലായിരുന്ന കുട്ടിക്കാലത്ത് അമേരിക്ക എന്ന വിദൂര രാജ്യത്തുനിന്നാണ് ഈ ഭക്ഷണം വരുന്നതെന്ന് മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. എനിക്ക് കാണാൻ കഴിയുന്ന, എന്നാൽ അനുഭവിക്കാൻ കഴിയാത്ത ഔദാര്യം നൽകുന്ന പരോപകാരി രാഷ്ട്രം എന്നാണ് അമേരിക്കയെ ആദരപൂർവം ഞാൻ മനസ്സിൽ നിരൂപിച്ചത്.
പിന്നീട് എന്റെ രാഷ്ട്രീയ ബോധ്യങ്ങൾ മാറി; കമ്യൂണിസം ആകർഷിച്ചുതുടങ്ങി. ബൗദ്ധിക ചർച്ചകളിൽ അമേരിക്ക ഒരു ബൂർഷ്വാ രാജ്യമായും മുതലാളിത്തത്തിന്റെ മൂർത്തീകരണമായും ആക്ഷേപിക്കപ്പെട്ടു. സമത്വം നിലനിൽക്കുന്ന, അവസരങ്ങൾ സമ്പത്തിനെ ആശ്രയിക്കാത്ത ഭാവി ലോകമായി സോവിയറ്റ് യൂനിയൻ അവതരിപ്പിക്കപ്പെട്ടു. റഷ്യയിൽ നടത്തിയ ഒരു വിമാനയാത്രയെക്കുറിച്ച് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പങ്കുവെച്ച അനുഭവം ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീ, മകൾക്ക് നൽകാൻ ജീവനുള്ള ഒരു പൂവൻകോഴിയെയും കൊണ്ടാണ് യാത്ര ചെയ്തിരുന്നത്.
വിയറ്റ്നാം യുദ്ധം ഒരു നിർണായക ഘട്ടമായിരുന്നു. അക്കാലത്തെ അനവധി ഇന്ത്യൻ യുവജനങ്ങളെപ്പോലെ ഞാനും അമേരിക്കൻ ഇടപെടലിനെതിരായ പ്രകടനങ്ങളിൽ പങ്കുചേർന്നു. 1975 ഏപ്രില് 29ന് സൈഗോണിൽ നിന്ന് അമേരിക്ക തോറ്റോടിയ സന്തോഷത്തിൽ ഞങ്ങളുടെ എഡിറ്റർ നിഖിൽ ചക്രവർത്തി വിതരണം ചെയ്ത ലഡു, നിറഞ്ഞ സംതൃപ്തിയോടെയാണ് ഞാൻ വാങ്ങിക്കഴിച്ചത്. ഒരു വൻശക്തിക്ക് മേൽ ചെറിയൊരു രാജ്യം നേടിയ വിജയത്തിന്റെ അടയാളമായിരുന്നു അത്. വർഷങ്ങൾക്കുശേഷം വിയറ്റ്നാം സന്ദർശിച്ചപ്പോൾ, അത്രമേൽ നിശ്ചയദാർഢ്യവും അഭിമാനവുമുള്ള ആ ജനതയോടുള്ള എന്റെ ബഹുമാനം ആയിരമിരട്ടിയായി വർധിച്ചു.
പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾക്കിടയിലും അമേരിക്കയോടുള്ള എന്റെ ആരാധന പൂർണമായും മാഞ്ഞിരുന്നില്ല. പത്രപ്രവർത്തന രംഗത്തെ എന്റെ ആദ്യകാലത്തെ അസൈൻമെന്റുകളിലൊന്ന് ‘സൈറ്റ്’ (Satellite Instructional Television Experiment) പദ്ധതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാനിലേക്ക് പോയതായിരുന്നു. ഉൾഗ്രാമങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കാൻ ഒരു വർഷത്തേക്ക് അമേരിക്ക ഒരു സാറ്റലൈറ്റ് ഇന്ത്യക്ക് വിട്ടുനൽകിയിരുന്നു.
ഉത്തരേന്ത്യയിലുടനീളമുള്ള സാമൂഹിക കേന്ദ്രങ്ങളിൽ, കാർഷിക രീതികൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും അവബോധം നൽകുന്ന പരിപാടികൾ കാണാൻ ഗ്രാമവാസികൾ ഒത്തുകൂടി. അത് വലിയൊരു പരിവർത്തനത്തിന് തുടക്കമിട്ടു. ഇന്ത്യയിലെ, ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച ഐ.ഐ.ടി കാൺപൂർ സ്ഥാപിച്ചത് അമേരിക്കൻ സഹായത്തോടെയാണ്. ഇന്ന് ഉപഗ്രഹ വിക്ഷേപണത്തിലും വിവരസാങ്കേതിക വിദ്യയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലും അമേരിക്കയുമായുള്ള സഹകരണത്തിന്റെ അടിത്തറയുണ്ട്.
ശീതയുദ്ധകാലത്ത് ഇന്ത്യ സോവിയറ്റ് യൂനിയനോട് കൂടുതൽ അടുത്തുനിന്നു. അമേരിക്കയും ഇന്ത്യയും അകലം പാലിച്ചു. അക്കാലത്തും ഒരു അമേരിക്കൻ വിസ എന്നാൽ അവസരങ്ങളുടെ ലോകത്തേക്കുള്ള പാസ്പോർട്ടായാണ് കണക്കാക്കപ്പെട്ടിരുന്നത്. പെപ്സികോയുടെ അധ്യക്ഷ പദവിയിലെത്തിയ ഇന്ദ്ര നൂയിയുടെ കഥ ഒരു സാധാരണ ഇന്ത്യൻ സ്ത്രീക്കുപോലും ആഗോള കോർപറേഷന്റെ തലപ്പത്തെത്താം എന്ന അമേരിക്കൻ സ്വപ്നത്തിന്റെ പ്രതീകമായിരുന്നു.
അമേരിക്കയുടെ ജനാധിപത്യ പൈതൃകവും വിസ്മയിപ്പിക്കുന്നതായിരുന്നു. ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, ജെയിംസ് മാഡിസൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ തുടങ്ങിയ ഭരണഘടനാ ശിൽപികൾ അസാമാന്യ ദീർഘവീക്ഷണമുള്ളവരായിരുന്നു. സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു റിപ്പബ്ലിക് കെട്ടിപ്പടുക്കാൻ അവർ ആഗ്രഹിച്ചു. അധികാരം ഒരാളിൽ കേന്ദ്രീകരിക്കുന്നതിനെ അവർ ഭയപ്പെടുകയും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ദാരിദ്ര്യത്തിൽ ജനിച്ചിട്ടും, തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും, വ്യക്തിപരമായ ദുരന്തങ്ങൾ വേട്ടയാടിയിട്ടും തളരാതെ ധാർമികമായ വ്യക്തതയിലൂടെ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത എബ്രഹാം ലിങ്കന്റെ ജീവിതമായിരുന്നു മറ്റൊരു പ്രചോദനം.
പ്രസിഡന്റ് ജോൺ എഫ്. കെന്നഡി കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാർ സ്വന്തം വീട്ടിലെ മരണമെന്ന മട്ടിൽ സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ലോകത്തെയാകെ ആകർഷിച്ചിരുന്നു. എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും ഉയർന്ന ധാർമിക നിലവാരം പുലർത്തിയവരല്ലെങ്കിലും പലരും കർത്തവ്യബോധമുള്ള നേതാക്കളായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
ലാറ്റിൻ അമേരിക്കയിലെ അമേരിക്കൻ ഇടപെടലുകളും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ക്രൂരമായ ആറ്റംബോംബ് പ്രയോഗവും വിമർശിക്കപ്പെട്ടുവെങ്കിലും അതൊക്കെ ചില അപഭ്രംശങ്ങൾ മാത്രമാണെന്ന് പലരും കരുതി. ഐക്യരാഷ്ട്രസഭക്ക് ആസ്ഥാനം ഒരുക്കുകയും സാമ്പത്തിക സഹായം നൽകുകയും വഴി സൈനിക ശക്തി മാത്രമല്ല, സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത കൂടി പ്രദർശിപ്പിച്ചാണ് അമേരിക്ക മാന്യത നേടിയത്.
വിദേശ യുദ്ധങ്ങളിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയത്. എന്നാൽ, തന്റെ രണ്ടാമൂഴത്തിൽ അദ്ദേഹം ഇറാനെ ആക്രമിക്കാൻ ഉത്തരവിട്ടു. വെനിസ്വേലൻ പ്രസിഡന്റിനെ തടവിലാക്കി അമേരിക്കയിൽ വിചാരണക്കെത്തിച്ചു. ഇറാൻ ആണവായുധം നിർമിക്കാൻ ഒരുങ്ങുകയാണെന്നും അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. നയതന്ത്രം പരാജയപ്പെട്ടുവെന്നും ആഗോള സുസ്ഥിരതക്ക് ആക്രമണം അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഇറാൻ അമേരിക്കയുമായി മൂന്നുഘട്ട ചർച്ചകൾ നടത്തിയിരുന്നു. ജനീവയിൽ നടന്ന അവസാന ചർച്ചയിൽ, ഇറാൻ സഹകരിക്കാൻ തയാറാണെന്ന സൂചന നൽകിയിരുന്നു. എന്നിട്ടും അവിടെ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു. ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിലൂടെ, അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഏതൊരു രാജ്യത്തെ വേണമെങ്കിലും ആക്രമിക്കാൻ തീരുമാനമെടുക്കുന്ന അനേകം നേതാക്കൾക്ക് അദ്ദേഹം ജന്മം നൽകി.
ഭരണഘടനാപരമായ വെല്ലുവിളികളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം സംഘർഷങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഒരു അന്താരാഷ്ട്ര ലൈംഗിക-സാമ്പത്തിക കുറ്റവാളിയുമായുള്ള ബന്ധം പുറത്തുവന്നത് അദ്ദേഹത്തിന്റെ വിശ്വാസ്യത തകർത്തു. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും അഴിമതിക്കേസുകൾ നേരിടുകയായിരുന്നു.
1947ൽ ജോർജ് മാർഷൽ പറഞ്ഞത്, അമേരിക്കയുടെ നയം ഏതെങ്കിലും രാജ്യത്തിന് എതിരല്ല, മറിച്ച് വിശപ്പിനും ദാരിദ്ര്യത്തിനും നിരാശക്കും എതിരാണെന്നാണ്. ആ കാഴ്ചപ്പാടാണ് ദശകങ്ങളോളം ലോകത്തെ നയിച്ചത്. എന്നാൽ, അത്തരം ആദർശങ്ങൾ ഇനി ഞങ്ങൾക്കാവശ്യമില്ലെന്നാണ് ട്രംപിന്റെ അനുയായികൾ പറയുന്നത്.
അമേരിക്കൻ ചിഹ്നമുള്ള പാൽപ്പൊടി പാക്കറ്റുകൾ അത്ഭുതത്തോടെ നോക്കിനിന്ന എന്നെപ്പോലെയുള്ള ഒരാൾക്ക് ഈ മാറ്റം വലിയ വിഷമമുണ്ടാക്കുന്നതാണ്. അമേരിക്ക ഒരിക്കലും പൂർണമായിരുന്നില്ല, പക്ഷേ അത് മഹത്തായ ആദർശങ്ങളെ ലക്ഷ്യം വെച്ചിരുന്നു. അവ ഉപേക്ഷിക്കുന്നതോടെ അമേരിക്കക്ക് നഷ്ടമാകുന്നത് അവർ കൈയാളിവന്ന ധാർമിക നേതൃത്വവും ലോകത്തിന്റെ സ്നേഹവുമാണ്. ഡോണൾഡ് ട്രംപ് തന്റെ യഥാർഥ സ്ഥാനം ജയിലാണെന്ന് തെളിയിച്ചിരിക്കുന്നു.
ajphilip@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

