എപ്സ്റ്റീൻ നിഴലിൽ ഒരു കേന്ദ്രമന്ത്രി
text_fieldsലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഹർദീപ് സിങ് പുരിയും- അമേരിക്കൻ നീതി വകുപ്പ് പുറത്തുവിട്ട ചിത്രം
പ്രധാനമന്ത്രി മോദി; പുരിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. ഇത് ന്യായമായ ഒരു ചോദ്യം ഉയർത്തുന്നു: എപ്സ്റ്റീനുമായുള്ള ബന്ധം പൊതുചർച്ചയായി മാറിയിട്ടും തൃപ്തികരമായ വിശദീകരണം നൽകാത്ത ഒരു മന്ത്രി എന്തിന് അധികാരത്തിൽ തുടരണം?
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈയിടെ രാജ്യം സന്ദർശിച്ചതിനൊപ്പം ഒരു കാര്യം സജീവമായി ചർച്ചയായി; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നവരോട് സ്വീകരിക്കുന്ന സമീപനങ്ങളിലെ പ്രകടമായ വൈരുധ്യം. ഇന്ത്യയിലെ യു.എസ് അംബാസഡർക്കൊപ്പമെത്തിയ റൂബിയോ, റിലയൻസിന്റെ ഉടമസ്ഥതയിൽ ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഓയിൽ റിഫൈനറി സന്ദർശിക്കുകയും മുകേഷ് അംബാനിയും മകനുമായി ചർച്ച നടത്തുകയും ചെയ്തു. വെനസ്വേലൻ ക്രൂഡ് ഓയിൽ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ അവർ സംസാരിച്ചതെന്നതടക്കമുള്ള വിഷയങ്ങളിൽ മുൻകൂട്ടി അനുമാനങ്ങൾ നടത്തുന്നത് അപക്വമായിരിക്കും. എന്നാൽ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ജാംനഗറിലേക്ക് പോകുന്നതിനുമുമ്പ് ഡൽഹി സന്ദർശനം ഒഴിവാക്കിക്കൊണ്ട് റൂബിയോ മനപ്പൂർവം പുരിയെ കാണാതെ ഒഴിഞ്ഞുമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. എങ്കിലും, ആ വൈരുധ്യം ശ്രദ്ധേയമാണ്.
പുരിയും എപ്സ്റ്റീനും ഒരുമിച്ചിരിക്കുന്ന ചിത്രം പുറത്തുവന്നതോടെ, 2019-ൽ മരിക്കുന്നതിന് വളരെ മുമ്പുതന്നെ ക്രിമിനൽ പശ്ചാത്തലം പരസ്യമായി അറിയപ്പെട്ടിരുന്ന ഒരാളുമായി മന്ത്രിക്കുള്ള ബന്ധത്തിലേക്ക് വീണ്ടും പൊതുശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. ഒരു സംഘത്തിന്റെ ഭാഗമായി ഏതാനും തവണ മാത്രമാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നാണ് പുരി വ്യക്തമാക്കുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ചിത്രം അദ്ദേഹം ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. എപ്സ്റ്റീനെ കണ്ട എല്ലാവരും അയാളുടെ കുറ്റകൃത്യങ്ങളിലും പങ്കാളികളായിരുന്നു എന്ന നിഗമനത്തിലെത്തുന്നത് അനീതീയാവും. എന്നാൽ, പിന്നീട് കേന്ദ്രമന്ത്രിയായി മാറിയ മുതിർന്ന ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ, കളങ്കിതനായ ഒരാളുമായി ബന്ധം പുലർത്തിയത് എന്തിനായിരിക്കും?
മരണശേഷം മാത്രം കുറ്റകൃത്യങ്ങൾ വെളിപ്പെട്ട ഒരു അജ്ഞാതവ്യക്തിയായിരുന്നില്ലല്ലോ എപ്സ്റ്റീൻ. 2008-ൽ ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അയാൾ കുറ്റസമ്മതം നടത്തുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു; ആ ശിക്ഷ ഇളവുകൾ നിറഞ്ഞതായിരുന്നുവെന്ന വ്യാപക വിമർശനങ്ങളെത്തുടർന്ന് 2019-ൽ സെക്സ് ട്രാഫിക്കിങ് കുറ്റങ്ങൾക്ക് എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലാവുകയും വിചാരണ കാത്ത് ന്യൂയോർക്ക് ജയിലിൽ കഴിയവെ മരണപ്പെടുകയും ചെയ്തു. അയാളുടെ ചെയ്തികളെക്കുറിച്ചുള്ള രേഖകൾ പുറത്തുവന്നപ്പോഴാണ് ലോകമെമ്പാടുമുള്ള സമ്പന്നരും സ്വാധീനമുള്ളവരുമായ വ്യക്തികളുമായി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധങ്ങളുടെ വ്യാപ്തി വെളിപ്പെട്ടത്. ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവർക്ക് അയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവവും ലക്ഷ്യവും വിശദീകരിക്കാൻ ബാധ്യതയുണ്ട്; പ്രത്യേകിച്ചും ക്രിമിനൽ പശ്ചാത്തലം പരസ്യമായതിനുശേഷവും ആ ബന്ധം തുടർന്നിരുന്നുവെങ്കിൽ.
പുരി ഒരു സാധാരണ രാഷ്ട്രീയ നേതാവല്ല. ഇന്ത്യൻ വിദേശകാര്യ സർവീസിൽ മികച്ചൊരു കരിയർ കാഴ്ചവെച്ച അദ്ദേഹം, 2009 മുതൽ 2013 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേർന്ന് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, പിന്നീട് ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു.
അദ്ദേഹത്തിന്റെ നയതന്ത്ര പശ്ചാത്തലം കൊണ്ടുതന്നെയാണ് ഈ വിവാദത്തിൽ കൃത്യമായ ഒരു വിശദീകരണം ആവശ്യമായി വരുന്നത്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് പുരി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയതെങ്കിൽ, ആ താല്പര്യങ്ങൾ എന്തൊക്കെയായിരുന്നുവെന്നും അതിൽ എപ്സ്റ്റീന് എന്ത് പങ്കാണ് വഹിച്ചതെന്നും അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്.
ഈ കൂട്ടുകെട്ട് ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന വിശദീകരണം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. 2015 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ പദ്ധതി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയിലൂടെ സർക്കാർ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
എപ്സ്റ്റീന്റെ പ്രവർത്തനങ്ങളും സ്വാധീന മേഖലകളും പരിശോധിച്ചാൽ, അത്തരമൊരു പദ്ധതിയിലേക്ക് അയാൾക്ക് എന്ത് സംഭാവനയാണ് നൽകാൻ സാധിച്ചതെന്ന് വ്യക്തമല്ല. ഇരുവരും തമ്മിൽ കൈമാറിയതായി പറയപ്പെടുന്ന ഇമെയിലുകളിലേക്കും ഈ വിവാദം വിരൽചൂണ്ടുന്നു. 2014-നും 2017-നും ഇടയിൽ ഇരുവരും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന 62 ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് കോൺഗ്രസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ പ്രതികരണവും ഒരുപോലെ പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. ഇത് ന്യായമായ ഒരു ചോദ്യം ഉയർത്തുന്നു: എപ്സ്റ്റീനുമായുള്ള ബന്ധം പൊതുചർച്ചയായി മാറിയിട്ടും തൃപ്തികരമായ വിശദീകരണം നൽകാത്ത ഒരു മന്ത്രി എന്തിന് അധികാരത്തിൽ തുടരണം?
ഡൽഹിയിൽ നടന്ന ഒരു അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുത്ത വേളയിൽ ബിൽ ഗേറ്റ്സിനോട് ഇന്ത്യ സ്വീകരിച്ച സമീപനവും എപ്സ്റ്റീൻ ബന്ധം എത്രത്തോളം ദോഷകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച ഗേറ്റ്സിനോട് ചടങ്ങിൽ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നിയമപരമായി കുറ്റം തെളിഞ്ഞിട്ടില്ലെങ്കിൽപ്പോലും, ഇത്തരം ബന്ധങ്ങൾ പരിപാടികളുടെ ശോഭ കെടുത്തുമെന്ന ഭയം സംഘാടകരെയും പ്രസ്ഥാനങ്ങളെയും എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന് ഉദാഹരണമാണിത്
ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലോ അമേരിക്കയിലോ മാത്രം ഒതുങ്ങുന്നതല്ല. വ്യവസായ, അക്കാദമിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ ഈ വിവാദം ബാധിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ പദവികൾ രാജിവെക്കുകയായിരുന്നു. പുരിയുടെ രാജ്യസഭാ കാലാവധി നവംബറിൽ അവസാനിക്കാനിരിക്കുകയാണ്; എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പുരി തന്റെ കാലാവധി തീരുന്നതുവരെയോ വിവാദങ്ങൾ കെട്ടടങ്ങുന്നതുവരെയോ കാത്തിരിക്കണമോ? അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ഉന്നത തലങ്ങളിൽ ഒരിക്കൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരാളിൽ നിന്ന് അത്തരമൊരു സമീപനം ഒട്ടും അനുയോജ്യമല്ല.
രാജിവെക്കുന്നത് തെറ്റ് സമ്മതിക്കലായി മാറണമെന്നില്ല. പൊതുപദവികൾ ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ടെന്നുള്ള തിരിച്ചറിവുകൂടിയാകാം അത്. ‘മീ ടൂ’ കാമ്പയിനിടെ ഉയർന്ന ആരോപണങ്ങളെത്തുടർന്ന് മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ രാജിവെച്ചത്, തെളിവുകളുടെയും നിയമപരമായ ബാധ്യതകളുടെയും ചോദ്യങ്ങൾ വേറിട്ടുനിൽക്കുമ്പോഴും, ഒരു വിവാദം കാരണം ഒരു മന്ത്രിക്ക് അധികാരത്തിൽ തുടരുന്നത് എങ്ങനെ അസാധ്യമായി മാറുന്നു എന്നതിന് ഉദാഹരണമാണ്.
പ്രതിപക്ഷത്തുള്ളവരിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുകയും സ്വന്തം മന്ത്രിമാരെക്കുറിച്ചുള്ള ചോദ്യങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യാൻ ഒരു സർക്കാരിന് കഴിയില്ല. കുപ്രസിദ്ധനായ ഒരു കുറ്റവാളിയുമായി ബന്ധപ്പെട്ട രേഖകളിലോ ഫോട്ടോകളിലോ പേര് വന്നതുകൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി പ്രതിപക്ഷവും വിധിയെഴുതരുത്. തന്റെ ഭാഗം പൂർണമായി വിശദീകരിക്കാനുള്ള അവസരം പുരി അർഹിക്കുന്നുണ്ട്. എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചകളുടെയും സന്ദേശങ്ങളുടെയും ലക്ഷ്യം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുകയും, ബന്ധത്തിന്റെ സ്വഭാവം വെളിപ്പെടുത്തുകയും, ലഭ്യമായ തെളിവുകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വേണം. തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ, വിവാദം താൻ സേവിക്കുന്ന സർക്കാരിന് ദോഷം വരുത്താൻ അനുവദിക്കാതെ അദ്ദേഹം സ്ഥാനമൊഴിയുകയാണ് വേണ്ടത്.
ഈ വിഷയം ആത്യന്തികമായി ഒരു മന്ത്രിയുടെ രാഷ്ട്രീയ ഭാവിയേക്കാൾ വലുതാണ്. പൊതുസംവിധാനങ്ങളുടെ വിശ്വാസ്യതയെയും അധികാരത്തിലിരിക്കുന്നവരുടെ ധാർമിക ഉത്തരവാദിത്തത്തെയുമാണ് ഇത് ബാധിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സൽപ്പേര് സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിൽ തർക്കമില്ല; പക്ഷെ അത് തുടങ്ങേണ്ടത് സ്വന്തം രാജ്യത്തിനകത്തെ തുറന്ന സമീപനത്തിൽ നിന്നും സുതാര്യതയിൽ നിന്നുമാണ്. സംശയങ്ങൾ ദൂരീകരിക്കാതെ സ്വയം ന്യായീകരിച്ചു മുന്നോട്ടു പോകണമോ, അതോ വിഷയം നീതിപൂർവം വിലയിരുത്താൻ ജനങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തുറന്നതും പൂർണവുമായ വിശദീകരണം നൽകണമോ എന്ന് പുരി തന്നെയാണ് ഇനി തീരുമാനിക്കേണ്ടത്. പന്ത് ഇപ്പോൾ പ്രധാനമന്ത്രിയുടെ കോർട്ടിലാണ്.

