അറിയപ്പെടാത്ത സത്യജിത്ത് റായ്
text_fieldsസത്യജിത്ത് റായ് ഭാര്യ ബിജോയക്കും മകൻ സന്ദീപിനുമൊപ്പം
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച 1921 ഒരു മഹാപ്രതിഭയുടെ ജന്മവർഷം കൂടിയായിരുന്നു. പകരം വെക്കാനില്ലാത്ത വിഖ്യാത സംവിധായകൻ സത്യജിത്ത് റായിയുടെ. മേയ് രണ്ടിന് അദ്ദേഹത്തിന് നൂറ് വയസ്സാവും. 1992 ഏപ്രിൽ 23ന് വിട്ടുപിരിയും വരെ അദ്ദേഹം കലകൊണ്ടും ജീവിതംകൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. ഏവരും സ്നേഹപൂർവം മണിക് ദാ എന്ന് വിളിച്ചിരുന്ന അദ്ദേഹം മരണശേഷവും ഒരു വിസ്മയം തന്നെ.
ആകാരഭംഗികൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും പെരുമാറ്റത്തിലെ മാന്യത കൊണ്ടും തെൻറ ഗണത്തിലെ മറ്റുള്ളവരേക്കാൾ ഏറെ മുന്നിലുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിെൻറ വ്യക്തിജീവിതത്തെക്കുറിച്ച് വിശദമായ രചനകൾ അധികമൊന്നും ഉണ്ടായിട്ടില്ല. എന്താണതിന് കാരണം എന്നു ചോദിച്ചാൽ, ഒപ്പം പ്രവർത്തിച്ച സ്ത്രീകളുമായി ചേർത്ത് അദ്ദേഹത്തിെൻറ പേര് ഒരുതരത്തിലും ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതു തന്നെ.
അദ്ദേഹത്തിെൻറ ദാമ്പത്യജീവിതം തികച്ചും സന്തുഷ്ടവും സംതൃപ്തവുമായിരുന്നു. അമ്മാവെൻറ മകൾ ബിജോയയെ ആണ് റായ് വിവാഹം ചെയ്തത്. അവർ എല്ലാ അർഥത്തിലും സഹകാരികളും സഹചാരികളുമായിരുന്നു. പിതാവ് മരിക്കുേമ്പാൾ കഷ്ടിച്ച് രണ്ട് വയസ്സു മാത്രമായിരുന്നു കുഞ്ഞുറായ്ക്ക്. അമ്മാവെൻറ കുടുംബത്തോടൊപ്പമായി അന്നു മുതൽ താമസം. ഒപ്പം കളിച്ചു വളർന്ന ബിജോയ പിൽക്കാലത്ത് ജീവിത സഖിയുമായി മാറി. സംഗീതത്തിലും സിനിമയിലും കഴിവും താൽപര്യവും ആവോളമുണ്ടായിരുന്ന അവർ ആദ്യകാലങ്ങളിൽ ബോംബെയിൽ ഹിന്ദി സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വിവാഹശേഷം അഭിനയജീവിതം അവസാനിപ്പിച്ച് റായിയെ സിനിമയിൽ സഹായിച്ചും പിന്തുണച്ചും നിലകൊണ്ടു. റായ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അപുവായി മാറിയസുബിർ ബാനർജിയെ കണ്ടെത്തിയത് ബിജോയയാണ്, തെൻറ ആഭരണങ്ങൾ പണയംവെച്ച് ഭർത്താവിെൻറ ആദ്യ സിനിമ പൂർത്തിയാക്കാൻ പണം സ്വരൂപിച്ചതും അവരാണെന്നത് അധികമാർക്കും അറിയാത്ത സത്യം.
നടിയും നിരൂപകയും ജവഹർലാൽ നെഹ്റുവിെൻറ ജീവചരിത്രകാരിയുമായ മേരി സേറ്റൻ തന്നെയാണ് 'പോട്രേയ്റ്റ് ഓഫ് എ ഡയറക്ടർ' എന്ന റായിയുടെ ജീവചരിത്രത്തിെൻറയും രചയിതാവ്. അതിലദ്ദേഹം പറയുന്നുണ്ട്, തെൻറ തിരക്കഥകളുടെ ആദ്യവായനക്കാരിയായ ബിജോയയെക്കുറിച്ച്. യുക്തിയധിഷ്ഠിതമായതും ഒട്ടും മയമില്ലാത്തതുമായിരുന്നു അവരുടെ പ്രതികരണങ്ങൾ. ഏറെ ഗുണപ്രദമായ നൈസർഗികവും പെൺപക്ഷ കാഴ്ചപ്പാടുള്ളതുമായ നിർദേശങ്ങൾ മാനിച്ച് ഉൾച്ചേർക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
റായിയെക്കുറിച്ചുള്ള തെൻറ കാഴ്ചപ്പാടുകൾ ആൻട്രൂ റോബിൺസൻ എഴുതിയ സത്യജിത്ത് റായ് -ദി ഇന്നർ ഐ എന്ന ഗ്രന്ഥത്തിൽ ബിജോയയും വിവരിക്കുന്നുണ്ട്. ലാളിത്യത്തിനും ദയാവായ്പ്പിനും സത്യസന്ധതക്കുമൊപ്പം മണിക്കിൽ താൻ ഏറ്റവും വിലമതിക്കുന്നത് സമസ്ത മേഖലകളിൽ നിന്നുള്ള മനുഷ്യരുമായും ഉൾച്ചേരാനുള്ള അദ്ദേഹത്തിെൻറ കഴിവാണെന്നും വീട്ടിലുള്ളപ്പോഴും അദ്ദേഹം എല്ലാവർക്കും പ്രാപ്യനായിരുന്നുവെന്നും ബിജോയ ചൂണ്ടിക്കാട്ടുന്നു -മഹാൻമാരായ ആളുകളുടെ ഗുണമായാണ് അവരതിനെ എണ്ണുന്നത്.
പ്രമുഖ മാധ്യമപ്രവർത്തകൻ ബിദ്യുത് സർക്കാർ വേൾഡ് ഓഫ് സത്യജിത്ത് റായ് എന്ന പുസ്തകത്തിൽ ഒരു ന്യൂയോർക് അനുഭവം രേഖപ്പെടുത്തുന്നു. 1958ൽ താൻ ന്യൂയോർക്കിൽ താമസിക്കുന്ന കാലത്ത് പഥേർ പാഞ്ചാലിയുടെ റിലീസ് ആവശ്യാർഥം റായ് അവിടേക്ക് വരുന്നതായി വിവരം ലഭിച്ചു. വരുേമ്പാൾ ഒപ്പം താമസിക്കാൻ ക്ഷണിച്ച് ഉടനെ കത്തയച്ചു.
വീട്ടുശീലങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത റായിക്ക് ഹോട്ടലുകളുടെ കെട്ടുകാഴ്ചകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകുമെന്നറിയാമായിരുന്നു. ക്ഷണം സ്വീകരിക്കുകയും ചെയ്തു. അപ്പാർട്മെൻറിലെ മുറിയിൽ സെൻട്രൽ പാർക്കിെൻറ ചേതോഹരമായ കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കുന്ന അദ്ദേഹത്തെ ഞാൻ നോക്കിനിൽക്കും. പക്ഷേ അങ്ങനെ ഇരിക്കുേമ്പാഴും പാർക്കിെൻറ ഗാംഭീര്യം അദ്ദേഹത്തിെൻറ ചക്രവാളത്തിൽനിന്ന് മന്ത്രശക്തിയാലെന്നപോലെ മാഞ്ഞുപോവുകയും ചെയ്യാനിരിക്കുന്ന അടുത്ത സിനിമയുടെ സ്കെച്ചുകൾ നിരനിരയായി മുന്നിൽ തെളിയുന്നതായും തോന്നിയിട്ടുണ്ട്.
രണ്ടേ രണ്ട് സ്ത്രീകൾ മാത്രമേ റായിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നുള്ളൂവെന്ന് സർക്കാർ തറപ്പിച്ച് പറയുന്നുണ്ട്. അകാലത്തിൽ വിധവയായ, സത്യജിത്ത് റായ് എന്ന മനുഷ്യെൻറ വളർച്ചയിൽ മഹത്തായ പങ്കുവഹിച്ച അമ്മയായിരുന്നു അതിലൊരാൾ. അടുത്തത് റായ് എന്ന കലാകാരനെ വാർത്തെടുക്കുന്നതിൽ വലിയ ഭാഗധേയം നിർവഹിച്ച ഭാര്യ ബിജോയയും.
തെൻറ ചിത്രങ്ങളിൽ നായികമാരെ തിരഞ്ഞെടുക്കുേമ്പാൾ ബാഹ്യഭംഗി അദ്ദേഹം പരിഗണിച്ചിരുന്നതേയില്ല, ബൗദ്ധിക സൗന്ദര്യമാണ് അദ്ദേഹം തേടിയിരുന്നത്. മാധബി മുഖർജി, ശർമിള ടാഗോർ, അവസാന മൂന്ന് ചിത്രങ്ങളിലെ മമത ശങ്കർ എന്നിവരെയെല്ലാം സംബന്ധിച്ച് ഈ പ്രസ്താവന തികച്ചും യോജിക്കുന്നതുമാണ്.
ചാരുലതയുടെ ചിത്രീകരണ വേളയിൽ മാധബി മുഖർജിയെ പരമാവധി സൗന്ദര്യവതിയായി അവതരിപ്പിക്കുന്നതിന് റായ് നടത്തിയ കഷ്ടപ്പാടുകളിലേക്ക് ആൻട്രൂ റോബിൻസൺ വായനക്കാരെ ക്ഷണിക്കുന്നുണ്ട്. ചാരുലതയെപ്പോലെ മാധബിക്കും വെറ്റിലമുറുക്കൽ ശീലം കലശലായിരുന്നതിനാൽ അവരുടെ പല്ലുകളും മോണയും കോലംകെട്ട നിലയിലായിരുന്നു. താഴെ നിരയിലെ പല്ലുകൾ കറനിറഞ്ഞവയാകയാൽ സംസാരിക്കുേമ്പാൾപോലും പല്ലുകൾ ദൃശ്യമാവാത്ത വിധം ആംഗിൾ താഴ്ത്തിയാണ് കാമറ വെച്ചിരുന്നതെന്ന് റായ് പറഞ്ഞിരുന്നു.
നാണംകുണുങ്ങിപ്പയ്യനായിരുന്നു റായ് എന്ന് ബിദ്യുത് സർക്കാറിെൻറ പുസ്തകത്തിലുണ്ട്.
ചെറുപ്പത്തിലൊരിക്കൽ ട്രെയിനിൽ ഇംഗ്ലീഷുകാരായ സ്ത്രീ പുരുഷൻമാർ നിറഞ്ഞ കമ്പാർട്ട്മെൻറിൽ എത്തിപ്പെട്ട അദ്ദേഹം നിലത്തിരുന്നു കളഞ്ഞത്രേ. സീറ്റ് ലഭിച്ചാൽപോലും അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയില്ലല്ലോ എന്ന ആശങ്കയാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. ആത്മവിശ്വാസമില്ലായ്മ പക്ഷേ അദ്ദേഹത്തെ ജീവിതത്തിൽ ഒരു ഘട്ടത്തിലും പിന്നോട്ടടിപ്പിച്ചില്ല. മറിച്ച് വെല്ലുവിളികളെ ഏറ്റെടുക്കാനും അധൈര്യത്തെ മറികടക്കാനും അദ്ദേഹത്തെ കൂടുതൽ ശ്രദ്ധാലുവാക്കുകയാണ് ചെയ്തത്.
സംഗീതത്തോടായിരുന്നു തെൻറ ആദ്യ പ്രണയമെന്ന് റായ് പറയുന്നുണ്ട്. ബാലിഗഞ്ചിലെ വീട്ടിൽ നിത്യേന ഗ്രാമഫോണിൽ പാട്ടുകൾ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരു നാൾ ബീഥോവെൻറ ഒമ്പതാം സിംഫണി പാടിച്ചുകൊണ്ടിരിക്കെ വാതിൽക്കൽ മുട്ട് കേട്ടു -തുറന്നു നോക്കുേമ്പാൾ അത്ഭുതപരവശനായി നിൽക്കുന്ന ഒരു അമേരിക്കൻ പട്ടാളക്കാരനെയാണ് കണ്ടത്. ഒരു ബംഗാളി ഭവനത്തിൽനിന്ന് ഇതുപോലൊരു സംഗീതം കേൾക്കുമെന്നത് അയാൾക്ക് സങ്കൽപ്പിക്കാൻപോലും കഴിയുമായിരുന്നില്ല.
മദ്യപാനത്തിൽനിന്ന് പരിപൂർണമായി വിട്ടുനിന്നൊരു കലാകാരനായിരുന്നു റായ് എന്നും ബിദ്യുത് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയാവാൻ പോലും സാധിക്കുമായിരുന്ന ആളായാണ് ബിദ്യുത് സർക്കാർ റായിയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം സമ്മതിക്കുകയും പ്രതിപക്ഷ പാർട്ടികളുടെ കണക്കുകൂട്ടലുകൾ ഫലിക്കുകയും ചെയ്തിരുന്നെങ്കിൽ അത് സംഭവിച്ചേനെ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ക്ഷണം സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നെങ്കിൽ രാജ്യസഭയിൽ ഇടം നേടാനും എളുപ്പത്തിൽ സാധിക്കുമായിരുന്നു. പക്ഷേ ഒരുതരം പ്രലോഭനങ്ങൾക്കും വശംവദനാവാത്ത ആളായിരുന്നു അദ്ദേഹം, ഒരുവിധ ഒത്തുതീർപ്പുകൾക്കും ഒരുക്കവുമല്ലായിരുന്നു ആ മഹാമനുഷ്യൻ.
ഒഴിവാക്കാമായിരുന്ന കൂട്ടമരണങ്ങൾ
ഒരു വൈറസിനെതിരെ ഒരു വർഷമായി തുടരുന്ന പോരാട്ടത്തെക്കാൾ ഇപ്പോൾ നാം ഓരോരുത്തരെയും തളർത്തിക്കൊണ്ടിരിക്കുന്നത് രാജ്യത്തെ അത്യന്തം പരിതാപകരമായ ഭരണസംവിധാനമാണ്. നൂറുകണക്കിന് മനുഷ്യർ പ്രാണവായു ലഭിക്കാതെ പിടഞ്ഞു മരിക്കുന്ന ഘട്ടത്തിൽ ആ അടിസ്ഥാന അവകാശംപോലും ഒരുക്കി നൽകാൻ അധികൃതർക്ക് താൽപര്യമില്ലെന്ന് കാണുേമ്പാൾ ഒരുവേള ഒരു ഭരണസംവിധാനം ഇന്ത്യയിൽ ഇല്ല എന്നു പോലും തോന്നിപ്പോകുന്നു.
തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാവാത്തതു മൂലം മനുഷ്യർ, നമ്മുടെ സഹപൗരജനങ്ങൾ മരിക്കുന്നുവെന്ന്- ഈ ദുരന്തം സംഭവിക്കുന്നത് വികസിതവും ആധുനികവുമായ ഒരു കാലത്താണെന്നോർമിക്കണം.
കിതച്ചും ശ്വാസം മുട്ടിയും കുഴഞ്ഞും രോഗികൾ അടിക്കടി മരിച്ചുവീഴുന്നതിനെ എങ്ങനെ വിവരിക്കാനാവും? തകർന്നു പോയ നമ്മുടെ സംവിധാനങ്ങളെ എന്തു പറഞ്ഞ് ന്യായീകരിക്കാനാവും?ആശുപത്രികളിലും അവിടെ ഇടംകിട്ടാതെ വീടുകളിലും വഴിയോരങ്ങളിലുമായി ഇത്രയേറെ മനുഷ്യരിങ്ങനെ ഓരോ ദിവസവും ഇല്ലാതാവുന്നത് കണ്ട് സഹിച്ചും ക്ഷമിച്ചും എങ്ങനെ നമുക്ക് തുടരാൻ കഴിയും? -ഒരു കാര്യം ഓർമിക്കണം.
ഭരണകൂടത്തിന് ഈ കൂട്ടമരണങ്ങൾ തടയാൻ കഴിയുമായിരുന്നു, ജനങ്ങളിലും അവരുടെ ക്ഷേമത്തിലും ശ്രദ്ധവെച്ചിരുന്നുവെങ്കിൽ. കഷ്ടമെന്ന് പറയട്ടെ, നമ്മുടെ ക്രൂരഭരണാധികാരികൾക്ക് താൽപര്യം തെരഞ്ഞെടുപ്പ് നേട്ടങ്ങളിലും റാലികളിൽ ഒത്തുകൂടുന്ന ജനങ്ങൾക്ക് മുന്നിൽ പൊള്ളയായ വാചകമടികൾ നടത്തുന്നതിലുമായിരുന്നു.