Begin typing your search above and press return to search.
exit_to_app
exit_to_app
russia ukraine war
cancel
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightഇത് വെറും യുദ്ധമല്ല,...

ഇത് വെറും യുദ്ധമല്ല, ഭീകരാക്രമണമാണ്

text_fields
bookmark_border

അതിശക്തമായൊരു രാഷ്ട്രം സൈനിക ഹുങ്ക് ഉപയോഗിച്ച് ഒരു ചെറുരാജ്യത്തിലേക്ക് അതിക്രമിച്ചുകയറുകയും സാധാരണക്കാരെ കൊന്നൊടുക്കുകയും ഭയപ്പെടുത്തുകയും അടിസ്ഥാനസൗകര്യങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക? ഈ യുദ്ധം, യുക്രെയ്നു മേലുള്ള റഷ്യൻ അധിനിവേശം, സകല പരിധികളും ലംഘിച്ച ഭീകരവാദം എന്നു വിളിക്കപ്പെടേണ്ട സൈനിക അഴിഞ്ഞാട്ടംതന്നെയാണ്. യുക്രെയ്ൻ ജനത അതീവ ചകിതരാണ്! കുറേയേറെ പേർ കൊല്ലപ്പെട്ടു. അതിനും എത്രയോ ഇരട്ടി ആളുകൾ ഭവനരഹിതരും അനാഥരും നെഞ്ചിൽ മുറിവേറ്റവരുമായി. എല്ലാം നടക്കുന്നത്, നൂറുകണക്കിന് സമാധാനവേദികളും കൂട്ടായ്മകളും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആധുനിക ലോകത്തിന്റെ കൺമുന്നിൽവെച്ചാണ്. എത്ര വലുപ്പവും ശക്തിയുമുണ്ടായിട്ടെന്തു പ്രയോജനം, മാനവികതയെ സംരക്ഷിക്കാൻ അവക്കൊന്നും ആവുന്നില്ലല്ലോ.

ലോക നേതാക്കളുടെ മിനുസ്സമുള്ളതും മൂർച്ചയുള്ളതുമായ പ്രസംഗങ്ങൾക്കൊന്നും യുക്രെയ്നിലെ ജനങ്ങളെ രക്ഷിക്കാൻ ഉപകരിച്ചില്ല. നൂറുകണക്കിന് നിരപരാധികളായ സിവിലിയന്മാർ ഇതിനകംതന്നെ കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഭീകരവാദം എന്ന വാക്കിന്റെ നിർവചനം വിപുലീകരിക്കേണ്ട സമയമാണിത്. ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമാണല്ലോ നമ്മളീ പദം ഉപയോഗിക്കുന്നത്, അതിലേറെ മുസ്‍ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നതിനും തടവിലാക്കുന്നതിനും ഉപദ്രവിക്കുന്നതിനും വേണ്ടിയാണല്ലോ അതിനെ ദുരുപയോഗം ചെയ്യുന്നത്.


ഭീകരതയുടെയും ഭീകരവാദത്തിന്റെയും നിർവചനം കൂടുതൽ വിശാലമായ ഒരു വീക്ഷണത്തിൽ എടുത്തുനോക്കുക. പല നിറത്തിലും മറയിലും ഒളിവേഷത്തിലും ഭീകരത നമുക്കു മുന്നിലെത്തുന്നുണ്ട്. നമ്മളത് മുമ്പ് കാണാഞ്ഞിട്ടും അറിയാഞ്ഞിട്ടുമൊന്നുമല്ല. ഏറ്റവും അപകടകരമായ പടക്കോപ്പുകളും തന്ത്രങ്ങളും ഉപയോഗിച്ച് സാമ്രാജ്യത്വ വ്യാപനചിന്തയുമായി മറ്റു രാജ്യങ്ങളിലേക്ക് വലിയ രാഷ്ട്രങ്ങൾ നുഴഞ്ഞുകയറുന്നത് നാം കണ്ടിട്ടില്ലേ. കൈയേറ്റത്തിനും അതിക്രമിച്ചുകയറ്റത്തിനും ആക്രമണത്തിനുമെല്ലാം പലവിധ ഒഴികഴിവുകളും ന്യായങ്ങളും അവരുണ്ടാക്കുന്നു. പിന്നീട് സ്വേച്ഛാധിപത്യം ജനങ്ങളുടെയും ഭൂമിയുടെയും മേൽ നടപ്പാക്കുന്നു.

വർഷങ്ങൾക്കുമുമ്പ് ഒരു ശീതകാല സായാഹ്നത്തിൽ ഡൽഹി ഐ.ഐ.ടിയുടെ ആരാവലി ഹോസ്റ്റലിന്റെ അടുത്തെത്തുമ്പോൾ അവിടെ ഭൗതികശാസ്ത്ര അധ്യാപകനായിരുന്ന പ്രഫ. വി.കെ. ത്രിപാഠി വിദ്യാർഥികളും ഗവേഷകരുമായി വളർന്നുവരുന്ന ധ്രുവീകരണത്തെയും ഭീകരതയെയുംകുറിച്ച് ചർച്ചചെയ്യുന്നതു കണ്ടു. രാഷ്ട്രീയ മുൻവിധികളോടെയുള്ള ഭീകരവാദ ചർച്ചയായിരുന്നില്ല അത്.

അദ്ദേഹമന്ന് പറഞ്ഞതിങ്ങനെയാണ്: ''ഭീകരതയെ ചെറുക്കുന്നതിന്, അതിന്റെ എല്ലാ രൂപങ്ങളും മനസ്സിലാക്കൽ സുപ്രധാനമാണ്, തീവ്രവാദത്തിന്റെ ഉത്ഭവം, മാനങ്ങൾ, അന്താരാഷ്ട്രതലത്തിൽ അതുകൊണ്ട് രാഷ്ട്രീയം കളിക്കുന്നവർ അവരെയൊക്കെ മനസ്സിലാക്കാനും പരാമർശിക്കാനും പലപ്പോഴും നാം മറക്കുകയാണ്.''


യുദ്ധം തകർത്ത യുക്രെയ്നിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയിരിക്കുമ്പോഴും യുദ്ധത്തിനായുള്ള മുറവിളികളും യുദ്ധം വിതച്ച നാശത്തിന്റെ ദൃശ്യങ്ങളും നമ്മെ ബാധിക്കുന്നു. യുദ്ധം അങ്ങനെയാണ്! അത് എല്ലാറ്റിനെയും നശിപ്പിക്കുന്നു. ലോകനേതാക്കൾ എന്നു വിളിക്കപ്പെടുന്നവരിലും മനുഷ്യരാശിയെ രക്ഷിക്കാനെന്ന പേരിൽ അവർ വലിയ വായിൽ നടത്തുന്ന വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ഏറ്റവും ചെറിയ കണികപോലും അത് ഇല്ലാതാക്കുന്നു!

യുദ്ധം കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ ഈ നേതാക്കളെല്ലാം എവിടെയാണ്? ലോകത്ത് സ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള സുരക്ഷാസംവിധാനം എവിടെയാണ്! എന്തുകൊണ്ടാണ് കൂടുതൽ മനുഷ്യർ മരിക്കുന്നതിനു മുമ്പ് ഉടനടി ഒരു വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം ഏതുവിധേനയെങ്കിലും നിർത്താൻ ശ്രമിക്കാത്തത്?

കോവിഡ് സൃഷ്ടിക്കുന്ന ഭീതിയെ സർവശക്തിയുപയോഗിച്ച് പ്രതിരോധിക്കണമെന്നും ഇല്ലാതാക്കണമെന്നുമായിരുന്നല്ലോ ഇത്രയും നാൾ ലോകനേതാക്കൾ പറഞ്ഞിരുന്നത്, ആ പ്രതിരോധ ആഹ്വാനങ്ങൾക്കെല്ലാം എന്തു സംഭവിച്ചു എന്നാലോചിച്ചിരുന്നുവോ?

തീർച്ചയായും കൊറോണ വൈറസ് വലിയ തലവേദനയും നാശകാരിയുമായിരുന്നു. പക്ഷേ, നൂറുകണക്കിന് ജീവിതങ്ങളെ നശിപ്പിക്കുന്ന സൈനിക അഹങ്കാരത്തോളം, യുദ്ധഭീകരതയോളം മാരകമായിരുന്നില്ല!

Show Full Article
TAGS:russia ukraine crisis Russian invasion saynotowar 
News Summary - This is not just a war, it is a terrorist attack
Next Story