Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightഅത്ര ആനന്ദകരമല്ല...

അത്ര ആനന്ദകരമല്ല പുതുവർഷപ്പുലരികൾ...

text_fields
bookmark_border
അത്ര ആനന്ദകരമല്ല പുതുവർഷപ്പുലരികൾ...
cancel

ഈ പുതുവർഷത്തിലും സുന്ദരമായ ഒരു അലങ്കാരക്കുറിപ്പ് എഴുതാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ആനന്ദവിനാശം സംഭവിച്ച കാലത്ത് പുതുവത്സരാശംസകളെല്ലാം വെറും നിസ്സാരം. ഈ വർഷം അവസാനിക്കുേമ്പാഴും വേദന നിറഞ്ഞ നിലവിളികളാണ് ചുറ്റും ഉയർന്നുകേൾക്കുന്നത്. എങ്കിലും ഒറ്റവാക്കിൽ പറയാതിരിക്കാനാവില്ല, പുതുവത്സരാശംസകൾ!

എല്ലാ വർഷാരംഭത്തിലുമെന്നപോലെ ഈ കൊല്ലവും ചൂടുവെള്ളം നിറച്ച കുപ്പിവെള്ളവും പിടിച്ചു ഫൈസ് അഹ്​മദ് ഫൈസിെൻറ വരികളും വായിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

''തലയിണയ്‌ക്ക് ചാരെ എവിടെയോ
രാത്രി മങ്ങുന്നു, അതോ
മെഴുകുതിരി ഉരുകിയൊലിക്കയാണോ
ഉള്ളിലെന്തോ കത്തുന്നു
നിെൻറയോർമയാണോ
അതോ എെൻറ ജീവ​െൻറ പുറപ്പെടലോ...''

എന്നെ പഴഞ്ചനെന്നോ കാലഹരണപ്പെട്ടവളെന്നോ അന്തർമുഖിയെന്നോ ഒക്കെ നിങ്ങൾക്ക് വിളിക്കാം. പക്ഷേ, അതിനെയൊക്കെ ഞാൻ നിരാകരിക്കും. അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്നു ഒഴിഞ്ഞുമാറാനുതകുന്ന മാനസികാവസ്ഥയിലല്ല ഞാൻ. നമ്മളെ അത്ഭുതപ്പെടുത്തുന്നവിധം എന്താണ് വരും വർഷം സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾ പറഞ്ഞുതരിക. വൈറസ്, മലിനീകരണം, ദുരിതം എന്നിവയിൽ മുങ്ങിത്തന്നെയായിരിക്കും പുതുവർഷവും. സാമ്പത്തിക ഞെരുക്കങ്ങളുടെ ഇരുണ്ട സമയങ്ങളും വരാനുണ്ട്. ഗ്ലാസിലെ പാതിനിറഞ്ഞ കാഴ്ച കാണാൻ നിങ്ങളെന്നെ നിർബന്ധിച്ചാലും അതിലെ ഒഴിഞ്ഞ പാതിയും ഞാൻ കാണും. നമ്മുടെ കുടിലുകളിലൂടെയും വയലേലകളിലൂടെയും ഇടവഴികളിലൂടെയും സഞ്ചരിച്ചാൽ പുതുവർഷത്തിലെ വരാനിരിക്കുന്ന സമരങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പ് ലഭിക്കും. അപ്പോൾ നിങ്ങൾ എന്നോട്​ ചോദിക്കും, നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു എന്ന്​. എങ്ങനെ പുതുവർഷത്തെ പുണരാനാകുന്നു എന്ന്​.

അതിനാൽ ദയവായി പുതുവർഷാശംസപ്പെയ്​ത്തുമായി ഈ വഴി വരരുത്. നിങ്ങളെ പൊതിഞ്ഞിരിക്കുന്ന വിലക്കിെൻറ ഭാരങ്ങളെ വലിച്ചെറിഞ്ഞുവന്ന് ഇന്നിെൻറ യാഥാർഥ്യങ്ങൾ കാണുക. നമ്മുടെ രാജ്യത്തെ മാത്രമല്ല, അതിന് പുറത്തുള്ളവരെയും കാണുക.

ഗവൺമെൻറിെൻറ ശാസനകൾ കടുത്ത സ്വേച്ഛാധിപത്യമനോഭാവം നിറഞ്ഞതാണ്. നമ്മുടെ കർഷകർ ഈ തണുത്തുറഞ്ഞ ദിനങ്ങളിലും ഡൽഹിയിലെ അതിർത്തികളിൽ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഭരണാധികാരികളുടെ ചൂഷണം നേരിടാൻ അവരെ പ്രേരിപ്പിക്കുന്ന ശക്തി തന്നെ മനക്കരുത്താണ്. അതിനുപുറത്ത് നമ്മുടെ പാതകളിൽതന്നെ വിവാഹിതരായ ദമ്പതികൾ നിലവിലെ ഭരണാധികാരികളുടെ ഫാഷിസ്​റ്റ്​ 'ലവ്​ ജിഹാദ്' നയങ്ങളാൽ വലിച്ചെറിയപ്പെടുന്നു. കഴിഞ്ഞ വൈകുന്നേരവും തികച്ചും ദയനീയമായ ഒരു കാഴ്ച ടെലിവിഷനിൽ കാണാനിടയായി. ബംഗ്ലാദേശിെൻറ ഒരു തീരത്തു നിന്ന് മറ്റൊന്നിലേക്ക് നിസ്സഹായരായ നൂറുകണക്കിന് റോഹിങ്ക്യൻ അഭയാർഥികളെയും വഹിച്ചുകൊണ്ടുള്ള ബോട്ടുകളുടെ ദൃശ്യങ്ങൾ. കന്നുകാലികളും കുഞ്ഞുങ്ങളും പെണ്ണുങ്ങളും ഒക്കെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഇടമില്ലാതെ പലായനം ചെയ്യുന്നു.

നമ്മുടെ രാജ്യത്തും റോഹിങ്ക്യൻ അഭയാർഥികളുടെ അവസ്ഥ പരമദയനീയമാണ്. മ്യാൻമറിലെ കൊടിയ പീഡനങ്ങളിൽനിന്നു പുറപ്പെട്ടുവന്ന റോഹിങ്ക്യൻ അഭയാർഥികൾ നമ്മുടെ തലസ്ഥാന നഗരത്തിലും കഠിനമായ അവസ്ഥകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന സന്നദ്ധസംഘടനകൾ മാത്രമാണ് അവരുടെ അടുത്തെത്തുന്നത്. വിരോധാഭാസമെന്തെന്നാൽ 1940കളുടെ അവസാനംവരെ ന്യൂഡൽഹിയിലെ ജനസംഖ്യയുടെ പകുതിയോളം അഭയാർഥികളായിരുന്നു. എന്നിട്ടും റോഹിങ്ക്യരുടെ ദുരവസ്ഥയോട് നമുക്കിടയിൽ വല്ലാത്തൊരു നിസ്സംഗതയുണ്ട്.

ഒരർഥത്തിൽ നമ്മളെല്ലാവരും അഭയാർഥികളല്ലേ? അഭയം തേടുന്നതു തന്നെ ഒരു മാനസികാവസ്ഥയല്ലേ? അതിനാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിക്കാൻ നമ്മൾ കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിനെ കൂടുതൽ സമാധാനമായ ഒന്നിലേക്ക് മേയാൻ വിടുന്നു. നമ്മിൽ എത്രപേർ ഉപദ്രവത്തിൽനിന്നും വഞ്ചനയിൽനിന്നും അഭയം തേടുന്നു. എന്തൊരു വേദനയാണ്... ഭയാനകമായ സങ്കീർണമായ കഥാപാത്രങ്ങളിൽനിന്ന് ഒളിച്ചോടുകയാണോ നമ്മൾ? ദുരിതങ്ങളിൽനിന്ന് ഓടിയകലാൻപോലും ഭാഗ്യമില്ലാത്തവരാണവർ. ദുപ്പട്ടയിലോ ഷാളിലോ ഒന്നു മുഖം അമർത്തി വിതുമ്പാൻ പോലുമാകാത്തവർ. കുറഞ്ഞത് ആ ഒരു കഷണം തുണിപോലും അവർക്ക് തലയിണയാണ്.

മുന്നോട്ടുപോകുംതോറും പഴയ കാലത്തെക്കുറിച്ച് ഓർത്ത് ആശ്ചര്യം തോന്നുന്നു. സങ്കീർണതയില്ലാതെ വളരെ സ്വതന്ത്രമായി അവർ ഇവിടെ അലഞ്ഞുതിരിഞ്ഞു. ഒരു നടപടിക്രമങ്ങളും അവർക്ക് ബാധകമായില്ല. അവരെ ആരും ഉൾക്കടലിൽ പാർപ്പിക്കുകയോ 'അഭയാർഥികൾ' എന്ന് മുദ്രകുത്തുകയോ ചെയ്തില്ല. ആരും അവരിലേക്ക് സംശയനോട്ടമെറിഞ്ഞില്ല. പകരം അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്ന് കഥയാകെ മാറി. ഇന്ന് നമ്മൾ 'വിദേശികളെ' ചുറ്റും കാണുന്നു. അഭയം തേടുന്ന ഭവനരഹിതരായ നിസ്സഹായരെ കാണുന്നു.

വരുന്ന വർഷം ലോകമെമ്പാടും അഭയാർഥി പ്രതിസന്ധി കൂടുതൽ സങ്കീർണമാകും എന്നതിൽ സംശയമില്ല. ലോകരാജ്യങ്ങളിൽ കൂടുതൽ വലതുപക്ഷ ഗവൺമെൻറുകൾ അവരുടെ നിലപാടുകൾ കടുപ്പിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞത് ഒരു തലയണയെങ്കിലും ഈ അഭയാർഥികൾക്ക് നൽകാൻ ഐക്യരാഷ്​ട്രസഭക്കു പോലും കഴിയുന്നില്ല. അവർക്ക് അഭയമെവിടെ, നീതിയെവിടെ, അവരുടെ ഭാവി എന്താണ്, അവർ എവിടെ പോകുന്നു. ഒരു രാജ്യത്തിൽനിന്നും മറ്റൊന്നിലേക്ക് അവർക്ക് ഓടാനാകുമോ? എത്രപേർ ആഴത്തിൽ മുങ്ങി. എത്ര ജീവനുകൾ നഷ്​ടമായി. നമ്മൾ ഓടിയൊളിക്കുകയാണോ? അതിർത്തി കടക്കുന്ന അഭയാർഥികളുടെ ദൃശ്യങ്ങൾ കണ്ട്​ ഞരമ്പുകൾ കോച്ചിവലിക്കുന്നുളെപ്പോലും ഞെട്ടിക്കുന്നു.

ന്യൂഡൽഹിയിലെ റോഹിങ്ക്യകളിലേക്ക് എത്തുന്ന സാമൂഹിക പ്രവർത്തകർ അഭയാർഥികൾ താണ്ടിയ ദുരിതപർവങ്ങളെ പറ്റി വിവരിക്കുന്നുണ്ട്. എത്രമേൽ ദുരിതംപേറിയാണ് അവർ ഇവിടേക്ക് എത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കാനാവുന്നില്ലെങ്കിൽ സ്വന്തം സങ്കടങ്ങൾ മാത്രം പേറി മരിച്ചുപോവുകയല്ലാതെ നിർവാഹമില്ല.

അടിസ്ഥാനപരമായ ഒരു വസ്തുത എന്തെന്നാൽ രാഷ്​ട്രീയ അരാജകത്വവും ആഭ്യന്തരകലഹവും മൂലം രാജ്യത്തെ പൗരന്മാർക്ക് ഒറ്റരാത്രികൊണ്ട് അഭയാർഥികളാകാം എന്നതാണ്. അവർക്ക് വീടുകളിൽനിന്നും പലായനം ചെയ്യേണ്ടിവരും. ചിലപ്പോൾ സ്വന്തം രാജ്യത്തു തന്നെ അഭയാർഥിയാകേണ്ടിവരും. ചിലപ്പോൾ രാജ്യത്തെതന്നെ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് പലായനം ചെയ്യേണ്ടിവരും.

പിയറി കാർഡിൻ ഓർമയായി...


ഈ എഴുത്ത് പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് വിഖ്യാത ഫ്രഞ്ച്-ഇറ്റാലിയൻ ഡിസൈനർ പിയറി കാർഡിെൻറ മരണവാർത്ത അറിഞ്ഞത്. 98 വയസ്സായിരുന്നു അദ്ദേഹത്തിന്. 1989 തുടക്കത്തിൽ തന്നെ ഞാൻ അദ്ദേഹത്തെ ന്യൂഡൽഹിയിൽ കണ്ടുമുട്ടിയിട്ടുണ്ട്. സൂരജ്കു​ണ്ട്​ കൈത്തറിമേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒരു രൂപപോലും കൈപ്പറ്റാതെയാണ് അദ്ദേഹം ആ പരിപാടിയിൽ സഹകരിച്ചത്. അതിനെക്കുറിച്ച് ഞാൻ ചോദിച്ചു.

''ഉത്തരം വളരെ ലളിതമാണ്. ഞാൻ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സുഹൃത്താണ്. നീണ്ട യാത്രയും തിരക്കുപിടിച്ച ഷെഡ്യൂളും പ്രയാസകരമാണ്. എന്നാലും ഞാൻ സൗഹൃദത്തിന് വിലകൽപിക്കുന്നു. 1965ലാണ് ഞാൻ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഞാനാണ് ആദ്യമായി ഇന്ത്യൻതുണികൾ വാങ്ങുന്നതും അതിനെ പടിഞ്ഞാറിന് പരിചയപ്പെടുത്തുന്നതും'' -അദ്ദേഹം പറഞ്ഞു.

ഏത് ഇന്ത്യൻ ഫാബ്രിക് ആണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചതെന്ന ചോദ്യത്തിന് ഖാദി എന്നായിരുന്നു ഉത്തരം. ഖാദി ഉപയോഗിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത ടി ഷർട്ടുകൾ അദ്ദേഹം ഇന്ത്യക്ക് സമ്മാനിച്ചു.

വിശദമായ അഭിമുഖത്തിൽനിന്നുള്ള ചില ഭാഗങ്ങൾ...

മറ്റു വസ്ത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾ വില കുറഞ്ഞതാണ്?

അല്ലല്ല. ഇന്ത്യൻ തുണിത്തരങ്ങൾ വിലകുറഞ്ഞതല്ല. കനത്ത കസ്​റ്റംസ്, ട്രാവൽ ചാർജുകൾ ഞങ്ങൾ നൽകണം. ഞാൻ അത് വാങ്ങുന്നു. കാരണം അതിെൻറ മികവ് തന്നെ.

പക്ഷേ, ഇന്ത്യക്കാർ ഇപ്പോഴും ആ മൂല്യം തിരിച്ചറിയുന്നില്ലല്ലോ?

അത് ശരിയല്ല. പടിഞ്ഞാറൻ സിന്തറ്റിക്സ് ഇപ്പോൾ ഫാഷനബിൾ അല്ല. പരുത്തി തീർച്ചയായും ഫാഷനബിൾ ആണ്.

രൂപകൽപന ചെയ്യുമ്പോൾ ശരീരത്തിെൻറ ഏതു ഭാഗമാണ് നിങ്ങൾ ഹൈലൈറ്റ് ചെയ്യുന്നത്?

പ്രത്യേകിച്ച് ഒന്നുമില്ല. ചില സമയങ്ങളിൽ ഞാൻ നീളവും അയഞ്ഞതുമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു. ചില സമയങ്ങളിൽ നേർ വിപരീതവും. ഇതെല്ലാം ഓരോ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വരുന്ന വസന്തകാലത്തിനായി ഞങ്ങൾ നീളമുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു.

ഏതു തരം സ്ത്രീകളാണ് നിങ്ങളെ ആകർഷിക്കുന്നത്?

ഓരോ സ്ത്രീക്കും ആകർഷകത തോന്നാം. സൗന്ദര്യം മാത്രം പോരാ. മികച്ച വ്യക്തിത്വവും വേണം. ഒരു സ്ത്രീക്ക് സ്വന്തത്തോട് ബഹുമാനം തോന്നുക എന്നതാണ് ഏറ്റവും പ്രധാനം.

1965 മുതൽ നിങ്ങൾ ഇന്ത്യ സന്ദർശിക്കുന്നു. ഫാഷൻ രംഗത്ത് എന്തെങ്കിലും മാറ്റം?

ഒരുപാട്. 1965ൽ ഞാൻ ചുരിദാറിൽ പെൺകുട്ടികളെ കണ്ടു. ഇപ്പോൾ ധാരാളം പെൺകുട്ടികൾ പാൻറ്സ് ധരിക്കുന്നു.

ഇന്ത്യയിൽ സമ്പന്നർക്ക് മാത്രമേ ഫാഷൻ പിന്തുടരാനാകൂ. ഈ കുത്തക നമുക്ക് എങ്ങനെ തകർക്കാൻ കഴിയും?

ഞാൻ സാധാരണക്കാർക്കായി വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നു. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിൽ പോലും നിങ്ങൾ പറഞ്ഞത് ശരിയാണ്. പടിഞ്ഞാറ് വരേണ്യസ്ത്രീകൾക്ക് വലിയ പട്ടണങ്ങളിൽ മാറുന്ന ഫാഷനുകളെ പിന്തുടരാൻ കഴിയും. എന്നാൽ സാധാരണ സ്ത്രീകൾക്ക് രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രമേ പുതിയ വസ്ത്രങ്ങൾ വാങ്ങാനാകൂ. ചിലപ്പോൾ അങ്ങനെയായിക്കൊള്ളണമെന്നില്ല.

Show Full Article
TAGS:new year Rohingya virus 
News Summary - New Year's Eve is not so happy ...
Next Story