Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightവേണം, ഒരു സമഗ്രാരോഗ്യ...

വേണം, ഒരു സമഗ്രാരോഗ്യ നിയമം

text_fields
bookmark_border
covid diffence
cancel

രാജ്യത്താകമാനം കോവിഡ്​ വ്യാപനം ഒരിക്കൽക്കൂടി ഗുരുതരമായിത്തീർന്നിരിക്കുന്നു. ഇതേ സന്ദർഭത്തിലാണ്​ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പി​​െൻറ ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലും ഏർപ്പെട്ടത്​. 'സാമൂഹിക അകലം' എന്ന നിർദേശത്തെ നേതാക്കളും അണികളും മറ്റു പൗരന്മാരും ഒരുപോലെ കാറ്റിൽ പറത്തി. തെരഞ്ഞെടുപ്പിൽ മാത്രമല്ല, മതപരവും സാംസ്​കാരികവും രാഷ്​ട്രീയവുമായ മറ്റു പല പരിപാടികളിലും 'കോവിഡ്​ പ്രോ​ട്ടോകോൾ' വ്യാപകമായി ലംഘിക്കപ്പെടുന്നു. ലോക്​ഡൗൺ കാലത്തെ കാർക്കശ്യങ്ങളെ കേവലം വിചിത്രമായ ഓർമകൾ മാത്രമാക്കി ഒരു സമൂഹം യാത്ര തുടരുന്നു.

ഈ വരികൾ അച്ചടിച്ചുവരു​േമ്പാഴേക്കും കേരളത്തിൽ വോ​ട്ടെടുപ്പ്​ കഴിഞ്ഞിരിക്കും. തെരഞ്ഞെടുപ്പ്​ നടന്ന മറ്റ്​ സംസ്ഥാനങ്ങളിലും പുതിയ സർക്കാറുകൾ ചുമതലയേൽക്കും. കോവിഡി​​െൻറ രണ്ടാം വ്യാപനസമയത്ത്​ സാ​ങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെ തെരുവിലെ ആൾക്കൂട്ടങ്ങളെ ഒഴിവാക്കാൻ നമുക്ക്​ കഴിയുമായിരുന്നു. എന്നാൽ, സർക്കാറുകളോ തെരഞ്ഞെടുപ്പ്​ കമീഷനോ അത്തരത്തിലുള്ള ഒരു പദ്ധതി തയാറാക്കുകയോ അതേക്കുറിച്ച്​ ആലോചിക്കുക പോലുമോ ചെയ്​തില്ല. ആളുകൾ തിങ്ങിക്കൂടിയുള്ള, ആർഭാടം നിറഞ്ഞ പ്രചാരണങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇക്കാര്യത്തിലുണ്ടായ സാമ്പത്തികധൂർത്തും ഒഴിവാക്കാമായിരുന്നു. രാജ്യം പകർച്ചവ്യാധിയെ തുടർന്ന്​ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട അവസ്ഥയിൽ അത്​ ഒരു ശരിയായ തീരുമാനം ആകുമായിരുന്നു. എന്നാൽ, അധികാരികളിൽനിന്ന്​ സാമൂഹികനന്മ ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ ഇല്ലാതെപോയി. കോവിഡിെൻറ വൈദ്യശാസ്​ത്രപരവും രാഷ്​ട്രീയവും സാമൂഹികവുമായ തലങ്ങളെക്കുറിച്ച്​ വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്​തകം കോവിഡ്​-19 എന്ന പേരിൽത്തന്നെ അനിർബാൻ മഹാപത്ര രചിക്കുകയുണ്ടായി. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഈ പുസ്​തകത്തിലും ഇതേ വിഷയത്തിൽ വന്ന ഇതര പുസ്​തകങ്ങളിലും ചിന്തകരും ശാസ്​ത്രജ്ഞരും ഡോക്​ടർമാരും മറ്റും കാണിക്കുന്ന ഉത്തരവാദിത്തമോ പ്രതിബദ്ധതയോ ഭരണകർത്താക്കൾ കാണിക്കുന്നില്ല.

തെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാറുകളും ഇതേ അലസതയും അവഗണനയും തുടരുന്നപക്ഷം സംസ്ഥാനത്തെയും രാജ്യത്തെയും ആരോഗ്യരംഗം കൂടുതൽ വലിയ പ്രതിസന്ധികളെ നേരി​ട്ടേക്കാം. അതിനാൽ കോവിഡ്​ പശ്ചാത്തലത്തിൽ ആരോഗ്യരംഗത്തെ നിയമവാഴ്​ചയെയും നീതിയെയും സംബന്ധിച്ച്​ ഒരു ദേശീയസംവാദം തന്നെ ആവശ്യമായി വന്നിരിക്കുന്നു. യഥാസമയത്ത്​ ചികിത്സ ലഭിക്കാനുള്ള വ്യക്തിയുടെ മൗലികാവകാശത്തെക്കുറിച്ച്​ പരമാനന്ദ കടാരയുടെ കേസിൽ (1989) സുപ്രീംകോടതി വിവരിക്കുകയുണ്ടായി. എന്നാൽ, ആരോഗ്യമെന്ന വിഷയത്തെ സമഗ്രമായി സമീപിക്കുന്ന ഒരു നയമോ നിയമമോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഈ മേഖലയിലെ ഏതാണ്ടെല്ലാ നിയമങ്ങളും ചില പ്രത്യേക മേഖലകളെയും വിഷയങ്ങളെയും മാത്രം കൈകാര്യം ചെയ്യുന്നവയാണ്. 1940ലെ ഡ്രഗ്​സ്​ ആൻഡ്​​ കോസ്​മെറ്റിക്സ്​​ നിയമം മുതൽ 2010ലെ ക്ലിനിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ചതു വരെയുള്ള ഇരുപതിൽപരം നിയമങ്ങൾ ചില പ്രത്യേകകാര്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നവയാണ്​; അതല്ലാതെ ഒരു സമഗ്ര നിയമത്തിനായി നാം ശ്രമിച്ചിട്ടുപോലുമില്ല. 2017ലെ മാനസികാരോഗ്യ നിയമം, 2015, 2017 വർഷങ്ങളിലെ ആരോഗ്യ നയങ്ങൾ, 2013ലെ മരുന്നുവില നിയന്ത്രണ നിയമം, 1994ലെ അവയവമാറ്റം സംബന്ധിച്ച നിയമം എന്നിവയെല്ലാം ചില സവിശേഷ വിഷയങ്ങളെ അവയുടേതായ രീതിയിൽ സമീപിക്കുകയാണ്​ ചെയ്യുന്നത്​. ഈ വിഭാഗത്തിൽ സൂചിപ്പിച്ച നയങ്ങൾ പോലും സമഗ്രമോ സർവതലസ്​പർശിയോ അല്ല.

കച്ചവടവത്​കരിക്കപ്പെട്ട നമ്മുടെ ആരോഗ്യമേഖലയെ ജനപക്ഷത്ത്​ മാറ്റി സ്ഥാപിക്കുക എളുപ്പമല്ല. അതിന്​ വലിയ രാഷ്​ട്രീയ ഇച്ഛാശക്തിയും ബോധവത്​കരണവും വിപ്ലവകരമായ പരിഷ്​കാരങ്ങളും വേണം. സ്ഥാപനവത്​കരിക്കപ്പെട്ട ആധുനിക ചികിത്സ സ​മ്പ്രദായത്തെക്കുറിച്ച്​ ഇവാൻ ഇല്ലിച്ച്​ എഴുതിയ പ്രസിദ്ധ പുസ്​തകം 'ലിമിറ്റ്​സ്​ ടു മെഡിസിൻ' ആദ്യം പുറത്തിറങ്ങിയത്​ 1974ൽ ആണ്​. വൈദ്യരംഗത്തെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങൾതന്നെ എങ്ങനെ ​െപാതുജനാരോഗ്യത്തിന്​ ഭീഷണിയാകുന്നുവെന്ന്​ ഇല്ലിച്ച്​ ഈ പുസ്​തകത്തിലൂടെ വിശദീകരിച്ചു.

ജനങ്ങളുടെ പക്ഷത്തുനിന്ന്​ ചിന്തിക്കുന്ന ഡോക്​ടർമാരുടെയും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളുടെയും പിന്തുണയും സഹകരണവും പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തും സംസ്ഥാനങ്ങളിലും സമഗ്രമായ ആരോഗ്യ നിയമങ്ങൾ ഉരുത്തിരിഞ്ഞു വരുകയുള്ളൂ. കോഴിക്കോട്​ മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം മുൻമേധാവിയായ ഡോ. പി.കെ. ശശിധരൻ ഈ വിഷയത്തിൽ ​ശ്രദ്ധേയവും ജനോപകാരപ്രദവുമായ ഒ​ട്ടേറെ ആശയങ്ങളും വീക്ഷണഗതികളും വെച്ചുപുലർത്തുന്നു. 'ആരോഗ്യ പരിപാലനത്തി​​െൻറ കാണാപ്പുറങ്ങൾ' (2017) എന്ന അദ്ദേഹത്തി​​െൻറ പുസ്​തകത്തിലെ നി​ർദേശങ്ങളും അഭിപ്രായങ്ങളും സമഗ്രമായ ഒരു ആരോഗ്യനിയമത്തെക്കുറിച്ച്​ ചിന്തിക്കാൻ ഇനി വരാൻപോകുന്ന കേരള സർക്കാറി​നെ സഹായിക്കും. ഇച്ഛാശക്തിയോടെ കാര്യങ്ങൾ നിർവഹിക്കുന്നപക്ഷം രാജ്യത്തിനാകെ മാതൃകയാക്കാൻ കഴിയുന്ന ഒരു സമഗ്രാരോഗ്യ നിയമം നിർമിക്കാൻ കേരളത്തിന്​ കഴിയും.

ഡോ. ശശിധരൻ ആ​േരാഗ്യത്തെ കേവലം രോഗചികിത്സയായല്ല കാണുന്നത്​. ശരീരം, മനസ്സ്​, സമൂഹം, പരിസ്ഥിതി എന്നിവയടങ്ങുന്ന ഒരു സമഗ്ര ഭൂമികയിലാണ്​ അദ്ദേഹം ത​​െൻറ ആരോഗ്യ ചിന്തകൾ അവതരിപ്പിക്കുന്നത്​. പ്രാഥമികമായ രോഗപരിചരണത്തിനും അടിസ്ഥാനപരമായ ആരോഗ്യാവകാശങ്ങൾക്കും ശരിയായ ജീവിതശൈലിക്കും പ്രാധാന്യം നൽകണമെന്ന്​ പറയുന്ന അദ്ദേഹം 'കുടുംബഡോക്​ടർ' സ​മ്പ്രദായത്തി​​െൻറ സവിശേഷതക്ക്​ അടിവരയിടുന്നു. അമിതമായ വിധത്തിൽ സൂപ്പർ സ്​പെഷാലിറ്റിയോട്​ ആഭിമുഖ്യവും വിധേയത്വവും പ്രകടിപ്പിക്കുന്ന ഇന്നത്തെ സമീപനത്തെ അദ്ദേഹം കാര്യകാരണസഹിതം തുറന്നെതിർക്കുന്നുണ്ട്​. പൊതുവൈദ്യത്തിന്​ (ജനറൽ മെഡിസിൻ) പ്രാധാന്യം നൽകുന്നതുവഴി ശാസ്​ത്രീയവും ശരിയായതുമായ റഫറൽ സ​മ്പ്രദായം കൊണ്ടുവരാൻ കഴിയും എന്ന അദ്ദേഹത്തി​​െൻറ കാഴ്​ചപ്പാടും ശ്രദ്ധേയമാണ്. ദാരിദ്ര്യനിർമാർജനവും പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യ പാലനത്തിനുള്ള മുന്നുപാധികളാണെന്ന്​ വിവരിച്ച അദ്ദേഹം, ഒരു സമഗ്രാരോഗ്യ നിയമത്തിനുവേണ്ടി​ ഒരുപാട്​ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായി.

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച്​ പൊതുജനാരോഗ്യവും ആശുപത്രികളും മറ്റും സംസ്ഥാന ലിസ്​റ്റിൽ വരുന്ന കാര്യമാണ്​. കൃഷി, ജലസംഭരണം, ജലവിതരണം, ഉഭയ പട്ടികയിലെ 33ാം ഇനത്തിൽ വിവരിച്ച ഭ​​േക്ഷ്യാൽപാദനം, വിതരണം എന്നിവയും സംസ്ഥാന സർക്കാറിന്​ ഒ​ട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന മേഖലയാണ്​. ആരോഗ്യ വിദ്യാഭ്യാസത്തിനും ശരിയായ ഭക്ഷണ-ജീവിതക്രമത്തിനും ഉതകുന്ന വിധത്തിൽ ഒരു നയം രൂപവത്​കരിക്കാനും ആരോഗ്യരംഗത്തെ കുത്തകകളിൽനിന്നും നിക്ഷിപ്​ത താൽപര്യങ്ങളിൽനിന്നും സാധാരണക്കാരെ പരിരക്ഷിക്കാനും ഉതകുന്ന, വ്യത്യസ്​ത മേഖലകളെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര നിയമം കൊണ്ടുവരാനായിരിക്കണം സംസ്ഥാനത്ത്​ ഇനി വരാൻപോകുന്ന സർക്കാർ ആദ്യമായി ശ്രമിക്കേണ്ടത്​. കോവിഡ്​ കാലത്തെ വൈദ്യവും നിയമവും രാഷ്​ട്രീയവുമെല്ലാം സാധാരണ മനുഷ്യർക്കും പ്രകൃതിക്കും ഉതകുന്ന വിധത്തിൽ മാറ്റി എഴുതപ്പെടണം. ഇത്തരം ചിന്തകൾ കേരളത്തിൽ ഉണ്ടായില്ലെങ്കിൽ മറ്റെവിടെയാണുണ്ടാവുക? ഇപ്പോൾ ഉണ്ടായില്ലെങ്കിൽ എപ്പോഴാണുണ്ടാവുക?

(സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്​ ലേഖകൻ)

ട്വിറ്റർ: @KaleeswaramR

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthholistic health law
News Summary - we need a a holistic health law
Next Story