Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightലോകം പെഗസസിനുശേഷം

ലോകം പെഗസസിനുശേഷം

text_fields
bookmark_border
ലോകം പെഗസസിനുശേഷം
cancel

ഇസ്രായേല്‍ ഭരണകൂടത്തി​ന്‍റെ ഒത്താശയോടെ എൻ.എസ്​.ഒ ഗ്രൂപ് വികസിപ്പിച്ച പെഗസസ് എന്ന ചാരസൂത്രം വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സ്മാർട്ട്​​ഫോണുകളിൽനിന്ന് സമഗ്രമായി ചോർത്താന്‍കഴിയുന്ന ഉഗ്രശക്തിയുള്ള സാങ്കേതികവിദ്യയാണ്. ഒരു സാങ്കേതികവിദ്യയും രാഷ്​ട്രീയരഹിതമായി നിർമിക്കപ്പെടുന്നില്ല. സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും അവക്കെല്ലാം പൊതുവായുള്ളതാണ് രാഷ്​ട്രീയമായ സാംഗത്യങ്ങള്‍. ചില സവിശേഷ സാങ്കേതികവിദ്യകള്‍ പ്രത്യക്ഷമായിത്തന്നെ നമ്മുടെ സാമൂഹിക-രാഷ്​ട്രീയ സംവിധാനങ്ങളെ എന്നന്നേക്കുമായി മാറ്റിമറിക്കുന്നവയാണ്. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ അതിലൊന്നായിരുന്നു. അരനൂറ്റാണ്ടുകാലം നിലനിന്ന ശീതസമരത്തി​ന്‍റെ ആഗോള രാഷ്​ട്രീയാന്തരീക്ഷം ആണവസാങ്കേതിക വിദ്യയുടെകൂടി സൃഷ്​ടിയായിരുന്നു.

അണുബോംബുകള്‍ നിറഞ്ഞ സോവിയറ്റ്- അമേരിക്കന്‍ ആയുധപ്പുരകളാണ് ലോകത്തെ രണ്ടു ശാക്തികചേരികളായി ദശാബ്​ദങ്ങളോളം തിരിച്ചുനിർത്തിയത്. അതി​ന്‍റെ മേമ്പൊടിയായിട്ടാണ് നക്ഷത്രയുദ്ധത്തിന്റെ, ആകാശസാങ്കേതികവിദ്യയുടെ ഭീതികളും പ്രതീക്ഷകളും ശൂന്യാകാശത്തിനുമേലുള്ള ആധിപത്യമിഥ്യകളും കമ്യൂണിസത്തി​ന്‍റെയും മുതലാളിത്തത്തി​ന്‍റെയും പ്രത്യയശാസ്ത്രങ്ങളുമായി കൂട്ടിക്കുഴച്ച് ആഗോളതലത്തില്‍ വിപണനവും വിതരണവും ചെയ്യപ്പെട്ടത്.

ആഗോളഭരണയുക്തിയുടെ പരിപ്രേക്ഷ്യങ്ങൾതന്നെ സമ്പൂർണമായി മാറ്റിയെഴുതപ്പെടുന്ന സംക്രമണഘട്ടങ്ങള്‍ ചരിത്രത്തില്‍ ഉണ്ടാവുന്നത് സാങ്കേതികവിദ്യയിലെ പരിണാമഘട്ടങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് എന്നുപറയുന്നത് സാങ്കേതിക നിർണയവാദമാണെന്ന തെറ്റിദ്ധാരണക്ക്​ അടിസ്ഥാനമില്ല. കാരണം, അത്തരം സാധ്യതകള്‍ മനുഷ്യചരിത്രത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നവയാണ്. വാളും ഫ്യൂഡലിസവും രാജാധിപത്യവും തമ്മിലെ ബന്ധംപോലെ സങ്കീർണമാണ് തോക്കും മുതലാളിത്തവും ജനാധിപത്യ-സോഷ്യലിസ്​റ്റ്​ വിപ്ലവങ്ങളും തമ്മിലുള്ള ബന്ധവും.

സാങ്കേതികവിദ്യയുടെ മേഖലയില്‍ കഴിഞ്ഞ 40 വർഷങ്ങൾക്കിടയില്‍ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട കുതിച്ചുചാട്ടങ്ങള്‍ ജൈവസാങ്കേതികമേഖലയിലും ഡിജിറ്റല്‍ സാങ്കേതികമേഖലയിലുമാണ് എന്നത് ശ്രദ്ധേയമാണ്. ഇവ രണ്ടും ആഗോളതലത്തില്‍ ദേശരാഷ്​ട്രങ്ങളുടെയും കോർപറേറ്റുകളുടേയും നിരന്തര പ്രോത്സാഹനത്തില്‍ വളർന്നുവന്നവയാണ് എന്നതിനേക്കാള്‍ രണ്ടുശക്തികളും ഇക്കാര്യത്തില്‍ അവര്‍ പുലർത്തുന്ന നൈതികസമീപനങ്ങളെക്കുറിച്ചുള്ള സംശയങ്ങളെ അസഹിഷ്ണുതയോടെ കാണുന്നു എന്നതിനാണ് ഞാന്‍ പ്രാധാന്യം നൽകുന്നത്. ഈ രണ്ടു സാങ്കേതികവിദ്യകളും ഉൽപാദനശക്തികളുടെ സ്വാഭാവികവികാസം എന്നതിനപ്പുറം ലോക സാങ്കേതിക-നവീകരണ വ്യവസ്ഥയിലെ പ്രഥമ പരിഗണനതന്നെയായി കോർപറേറ്റുകളും ഭരണകൂടങ്ങളും സ്വീകരിച്ചിട്ടുണ്ട്. മനുഷ്യന്‍ എന്ന അവസ്ഥയിൽനിന്ന് പോസ്​റ്റ്​‌ഹ്യൂമന്‍ എന്ന രൂപാന്തരത്തിലേക്ക് പോകുന്നതി​ന്‍റെ രാഷ്​ട്രീയ-സാംസ്കാരിക വിവക്ഷകള്‍ നാം മനസ്സിലാക്കുന്നതും ഈ സാങ്കേതികവിദ്യകളുടെ സംയോജനം സൃഷ്​ടിച്ചിട്ടുള്ള അഭൂതപൂർവമായ ദാർശനികപ്രതിസന്ധികളുടെ സന്ദർഭത്തെ മുൻനിർത്തിയാണ്. ജൈവായുധങ്ങളാല്‍ നയിക്കപ്പെടുന്ന യുദ്ധങ്ങളെക്കുറിച്ചും ഡിജിറ്റല്‍ സാങ്കേതികവിദ്യ ചാരവൃത്തി മുതല്‍ നേരിട്ടുള്ള ആക്രമണങ്ങൾക്ക്​ ഉപയോഗിക്കുന്നതുവരെയുമുള്ള ആശയങ്ങള്‍ സയൻസ്​ ഫിക്​ഷന്‍ ഭാവനകളെക്കാള്‍ വേഗത്തില്‍ യാഥാർഥ്യമായി മാറിയത് നമ്മുടെ കൺമുന്നില്‍ തന്നെയാണ്. ഭരണകൂടങ്ങളും കോർപറേറ്റുകളും തമ്മിലെ ബന്ധങ്ങളെപ്പറ്റിയും അവരുടെ പ്രവർത്ത നങ്ങളെപ്പറ്റിയും നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക്​ കാരണമായതും ചുരുങ്ങിയ കാലയളവില്‍ ഈ മേഖലകളിലുണ്ടായ അസ്വാഭാവികമെന്നുപോലും വിശേഷിപ്പിക്കാവുന്ന വികാസം തന്നെയാണ്.

ലോകം പെഗസസിനുശേഷം

ഈ രണ്ടു സാങ്കേതികവിദ്യകളും രണ്ടുരീതിയില്‍ ഭരണകൂടങ്ങൾക്ക്​ ഉപയോഗിക്കാന്‍ കഴിയുന്നു. ഒന്ന്- അവയുടെ ജിയോ പൊളിറ്റിക്കല്‍ ആധിപത്യ മോഹങ്ങൾക്ക്​ ഇവ സഹായകമാവുന്നു എന്നതാണ്. ജൈവായുധവും ഡിജിറ്റല്‍ ചാരവൃത്തിയും പ്രതിരോധസംവിധാനങ്ങളുടെ മൂർച്ചകൂട്ടുന്നു. രണ്ടു, ഇവ ജൈവാധികാരത്തിന്റെ രൂപത്തിലും മൃത്യുരാഷ്​ട്രീയത്തിന്റെ രൂപത്തിലും സ്വന്തം ജനതക്കുമേല്‍ പ്രയോഗിക്കാനും ഭരണകൂടത്തിനു മുന്നില്‍ അവരെ കൂടുതല്‍ കൂടുതല്‍ നിസ്സഹായരും നിരായുധരുമാക്കുവാനും അവസരംനൽകുന്നു. ഈ പ്രവണത സ്വാഭാവികമായും വലിയ എതിർപ്പുകൾക്ക്​ കാരണമാവും എന്നത് തീർച്ചയാണ്. പക്ഷേ, ആ എതിർപ്പുകള്‍ അതിജീവിക്കാന്‍ ഭരണകൂടങ്ങൾക്ക്​ മുന്നിലുള്ളത് ഇതേ സാങ്കേതികവിദ്യകളെത്തന്നെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയും, മർദനോപകരണങ്ങള്‍ എന്ന നിലയിലുള്ള അവയുടെ ഉപയോഗം നിരന്തരം നവീകരിക്കുകയും ജനങ്ങൾക്കുമേല്‍ പരക്കെ പ്രയോഗിക്കുകയുംചെയ്യുക എന്നുള്ളതാണ്. പൊലീസും പട്ടാളവും അടങ്ങുന്ന മർദനസംവിധാനത്തിന് ശക്തിപകരുന്ന ഒരു അനുബന്ധം മാത്രമല്ല ഇന്ന് സാങ്കേതികവിദ്യ. അത് ഭരണകൂടം നേരിട്ട് ജനങ്ങൾക്കുമേല്‍ അടിച്ചേൽപിക്കുന്ന ഒരു സവിശേഷ മർദനോപകരണമാണ്.

2013 മുതൽക്കെങ്കിലും പെഗസസിന്​ സമാനമായ സാങ്കേതികവിദ്യയോ ഇസ്രായേല്‍ വിറ്റുവരുന്നുണ്ട്. ആദ്യഘട്ടത്തിലെ ഇവയുടെ ഉപയോഗത്തിന്റെ ഒരു ക്ഷണികദൃശ്യം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് യഥാർഥത്തില്‍ ഒരു തുടക്കം മാത്രമാണ്. ആഗോളതലത്തില്‍ ചൈനയും റഷ്യയും അമേരിക്കയുമെല്ലാം സവിശേഷമായ ഡിജിറ്റല്‍ ചാരസാങ്കേതികവിദ്യകള്‍ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. 'ഗമ്മ' എന്ന ബ്രിട്ടീഷ് കമ്പനി വികസിപ്പിച്ച സ്പൈവെയര്‍ 'ഫിന്ഫിഷര്‍', മുല്ലപ്പൂവിപ്ലവകാലത്ത് ഈജിപ്​തിനടക്കം നിരവധി രാഷ്​ട്രങ്ങൾക്ക്​ ജനാധിപത്യ പ്രവർത്തകരെ അപകടപ്പെടുത്താന്‍ വിറ്റിരുന്നു. ഇറ്റാലിയന്‍ കമ്പനി 'ഹാക്കിങ്​ ടീം' അമേരിക്കയിലടക്കം ചാരസാങ്കേതികവിദ്യ വിൽക്കുന്നുണ്ട്. നിരവധി ഭരണകൂടങ്ങള്‍ വാങ്ങുന്നുമുണ്ട്‌. തങ്ങള്‍ ദേശരാഷ്​ട്രങ്ങളുടെ നിയമ സംവിധാനങ്ങൾക്കാണ് സ്പൈവെയര്‍ വിൽക്കുന്നതെന്ന് അവരിപ്പോള്‍ പരസ്യമായി സമ്മതിക്കുന്നുണ്ട്. വിക്കിലീക്സിനു പിന്നാലെ പോകാന്‍ 'ടീം തെബിസ്' മുതല്‍ 'ടിവേർസി'വരെയുള്ള സ്വകാര്യ സ്പൈവെയര്‍ കമ്പനികളെ ആശ്രയിച്ചത് അമേരിക്കന്‍ ഭരണകൂടം തന്നെയാണ്. എന്നാല്‍, അതിസൂക്ഷ്മമായി വ്യക്തികളുടെ ഫോണുകളില്‍ കടന്നുചെന്ന് വിവരങ്ങള്‍ പൂർണമായും ചോർത്തുന്ന പെഗസസ് ഈ മേഖലയില്‍ ഒരു ഭീതിദമായ മുന്നോട്ടുപോക്കായിരുന്നു.

രണ്ടു കാര്യങ്ങളാണ് ഈ സൂചനകളിൽനിന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഒന്ന് ഈ രംഗത്ത് ഇസ്രായേല്‍ വഹിക്കുന്ന പങ്കാണ്. മറ്റുപല സ്വകാര്യകമ്പനികളും ഈ മേഖലയില്‍ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോള ജനാധിപത്യവിരുദ്ധ ഇടപെടലുകളുടെ ചുക്കാന്‍ ലോകസാമ്രാജ്യത്വം നല്‍കിയിരിക്കുന്നത് ഇസ്രായേലിനാണ്. അവരത് അറബ് മേഖലയിലെ അരക്ഷിതത്വം സൃഷ്​ടിക്കൽ മുതല്‍ ഇപ്പോള്‍ പെഗസസ് വരെ എത്തിനിൽക്കുന്ന ഇടപെടലുകളിലൂടെ ദൃഢീകരിക്കുകയാണ്. അതായതു സ്വകാര്യക്കമ്പനികളോടൊപ്പം ഇസ്രായേലും ഒരു കൂലിക്കമ്പനിയുടെ പങ്കാണ് ആഗോള ജിയോരാഷ്​ട്രീയത്തില്‍ നിർവഹിക്കുന്നത്.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ഈ സാങ്കേതികവിദ്യകള്‍ ആഗോളരാഷ്​ട്രീയത്തെ എങ്ങനെമാറ്റുന്നു എന്നതാണ്. മർദനോപകരണങ്ങള്‍ എന്ന നിലക്കുള്ള പരക്കെയുള്ള ഇവയുടെ ഉപയോഗം ഭരണകൂടങ്ങളുടെ സമഗ്രാധിപത്യപ്രവണതകളെ ശക്തിപ്പെടുത്തുകയാണ്. ഇന്ന് മനുഷ്യാവകാശ പ്രവർത്തകരെ ആണെങ്കില്‍ നാളെ മുഴുവന്‍ ജനതയേയും മേൽനിരീക്ഷണത്തി​ന്‍റെ ഇരകളാക്കാനുള്ള ഒരു സമ്മതിനിർമാണംകൂടി ഇതോടൊപ്പം നടക്കുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. അതായത്, ആഗോളതലത്തിൽതന്നെ ജനാധിപത്യം അതിന്റെ അന്തഃസത്തകള്‍ ഒന്നൊന്നായി നഷ്​ടപ്പെട്ടു നാമമാത്രമായിത്തീരുകയോ ഇല്ലാതാവുകയോ ചെയ്യുന്നു എന്നർഥം. ഇന്ത്യയടക്കമുള്ള ലിബറല്‍ ജനാധിപത്യങ്ങളിൽപോലും കടുത്ത യാഥാസ്ഥിതിക ഭരണയുക്തികള്‍ വേരുറപ്പിക്കുകയും ഇത്തരം മർദനോപകരണങ്ങള്‍ സമഗ്രാധിപത്യത്തിലേക്കുള്ള രൂപാന്തരീകരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പെഗസസ് ആ അർഥത്തില്‍ ഒരു നിമിത്തം മാത്രമാണ്. ജനാധിപത്യം എങ്ങനെ ലോകത്തുനിന്ന് നിഷ്ക്രമിക്കുന്നു എന്നതി​ന്‍റെ ഭീതിജനകമായ സൂചകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus rowindian goverment
Next Story