സമര ഭാരതത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി
text_fieldsവിവാദ കാർഷിക നിയമങ്ങൾക്കെതിരെ വനിതാ കർഷകരുടെ പ്രതിഷേധം
2014 മുതലുള്ള 12 വർഷങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സങ്കീർണമായ രാഷ്ടീയാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മർദക രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ ഹിന്ദുത്വത്തിന്റെ ഏകീകരണം നടന്നത് കർഷകർ, വിദ്യാർഥികൾ, തൊഴിലാളികൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, തൊഴിലില്ലാത്ത യുവജനങ്ങൾ, സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ എന്നിവരുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊപ്പമാണ് എന്നത് രാഷ്ട്രീയമായും സൈദ്ധാന്തികമായും പ്രാധാന്യമുള്ള കാര്യമാണ്. ഇന്ത്യയുടെ സാമൂഹികഘടനയുടെ വൈരുധ്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഈ പ്രക്ഷോഭങ്ങൾ വലിയ തോതിൽ വ്യത്യസ്തതകള്‍ പുലർത്തിയിരുന്നു. അവയെ ഏകീകൃത ഹിന്ദുത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗങ്ങളായി കാണാനാവില്ല. എന്നാല്‍, സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയുടെ ഉപരിപ്ലവമായ സ്ഥിരതക്കുതാഴെ നിലനിൽക്കുന്ന വിള്ളലുകളെ അവ ശക്തമായി വെളിപ്പെടുത്തുന്നുണ്ട്. ബി.ജെ.പി ഭരണം സുഗമമായി നാലാംതവണയിലേക്ക് കടക്കില്ലെന്നോ, പരാജയപ്പെടുമെന്നുതന്നെയോ ഉറപ്പുവരുത്താന്‍ അവക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ആത്യന്തിക വിജയം സാധ്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ അടിസ്ഥാനമെന്താണ്?
നിശ്ശബ്ദമാകാത്ത സമര ഭാരതം
ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ ആദ്യകാല വിദ്യാർഥിമുന്നേറ്റങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവൺമെന്റ് ഇടപെടലുകളെയും സർവകലാശാലകളുടെ പ്രത്യയശാസ്ത്രപരമായ പുനഃസംഘടനയെയും ചോദ്യംചെയ്തുള്ളതായിരുന്നു. 2016ൽ രോഹിത് വെമുലയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ജാതിവിവേചനത്തെയും സ്ഥാപനപരമായ പാർശ്വവത്കരണത്തെയും കുറിച്ചുള്ള ചർച്ചകൾ ദേശീയതലത്തിലെത്തിച്ചു. അതേവർഷംതന്നെ നടന്ന ഡല്‍ഹി സമരങ്ങള്‍ വിദ്യാർഥികളുടെ വിയോജിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ദേശീയതയെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അർഥത്തെയുംകുറിച്ചുള്ള വലിയൊരു സംവാദമാക്കി മാറ്റിയത് നാം കണ്ടതാണ്. 2020-21ലെ കർഷക പ്രക്ഷോഭം മോദി സര്‍ക്കാറിന്റെ ആദ്യ രണ്ട് ഭരണകാലയളവുകളിൽ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. തെറ്റായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഒരുവർഷത്തോളം ഡൽഹി അതിർത്തികൾ ഉപരോധിച്ചു. സമരത്തിന്റെ ചില ഭാഗങ്ങളെ രാജ്യവിരുദ്ധമെന്നൊക്കെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും, ഒടുവിൽ പ്രസ്തുത നിയമങ്ങൾ പിൻവലിക്കാൻ ഗവൺമെന്റ് നിർബന്ധിതരായി. ഈ സമരത്തിന്റെ പ്രാധാന്യം, കാർഷിക നയത്തിനുമപ്പുറത്തേക്ക് വ്യാപിച്ചു: ശക്തമായ ജനകീയ കൂട്ടായ്മക്ക്, തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷമുള്ള ഗവൺമെന്റിനെപ്പോലും പിന്നോട്ടുനടത്താൻ കഴിയുമെന്ന് തെളിയിച്ചതാണ്.
2019-20ലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രസ്ഥാനം സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ്. ഭരണഘടന, ദേശീയപതാക, ജനാധിപത്യ പൗരത്വം എന്നീ ആശയങ്ങള്‍ ഉയർത്തിപ്പിടിച്ച് ജനങ്ങള്‍, വിശേഷിച്ച് മുസ്ലിം സ്ത്രീകൾ, പൊതുവിടങ്ങൾ കൈയടക്കിയ ശഹീൻബാഗ് സമരം ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതീകമായി മാറി. ഒരു പക്ഷേ, കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ആധുനിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനകീയ പ്രതിരോധമായി അത് മാറിയേനെ. പൗരത്വം, ഭരണഘടനാ മൂല്യങ്ങൾ, ബഹുസ്വരത എന്നിവതന്നെ പ്രതിരോധത്തിന്റെ ഭാഷകളായി മാറിയ മറ്റൊരു രാഷ്ട്രീയാന്തരീക്ഷം ഈ പ്രതിഷേധങ്ങൾ സൃഷ്ടിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യവ്യാപകമായി, തൊഴിലാളികളുടെ ശ്രദ്ധേയമായ പല പ്രക്ഷോഭങ്ങൾക്കും ഇന്ത്യ സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറിൽ, പിരിച്ചുവിടൽ എളുപ്പമാക്കുന്ന തൊഴിൽ പരിഷ്കാരങ്ങൾക്കെതിരെ പ്രമുഖ കേന്ദ്ര ട്രേഡ് യൂനിയനുകൾ 24 മണിക്കൂർ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2016 സെപ്റ്റംബറിൽ ഉയർന്ന കുറഞ്ഞവേതനം, സാമൂഹിക സുരക്ഷ, സ്വകാര്യവത്കരണത്തിനെതിരായ സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ഏകദേശം 150–180 ദശലക്ഷം തൊഴിലാളികൾ പങ്കെടുത്ത മറ്റൊരു വലിയ രാജ്യവ്യാപക പണിമുടക്ക് നടന്നു. 2019 ജനുവരിയിൽ, തൊഴിൽ നിയമ ഭേദഗതികൾ, കരാർവത്കരണം, ക്രോണിമൂലധനത്തിന് അനുകൂലമായ സാമ്പത്തികനയങ്ങൾ എന്നിവക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂനിയൻ ഫെഡറേഷനുകൾ രണ്ടുദിവസത്തെ പൊതുപണിമുടക്ക് സംഘടിപ്പിച്ചു. നിർദിഷ്ട തൊഴിൽ കോഡുകൾ, തൊഴിലില്ലായ്മ, സ്വകാര്യവത്കരണം എന്നിവയെ എതിർത്ത് 2020 ജനുവരി എട്ടിന് മറ്റൊരു രാജ്യവ്യാപക സമരം നടന്നു. 2020 നവംബർ 26ന്, വളർന്നുവരുന്ന കർഷക പ്രക്ഷോഭവുമായി സഹകരിച്ച് തൊഴിലാളികൾ അസാധാരണമായ രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കുചേർന്നു. 2022 മാർച്ച് 28, 29 തീയതികളിൽ നടന്ന രണ്ടുദിവസത്തെ പൊതുപണിമുടക്കിൽ 200 ദശലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അസംഘടിതരായിരുന്ന പ്ലാറ്റ്ഫോം മൂലധന മേഖലയിലെ ഗിഗ് തൊഴിലാളികള്‍ നിരവധി തീക്ഷ്ണ സമരങ്ങള്‍ പലഘട്ടങ്ങളിലായി നടത്തി ട്രേഡ് യൂനിയനുകളെത്തന്നെ അമ്പരപ്പിച്ചു. 2025 ജൂലൈ ഒമ്പതിന് നടന്ന പൊതുപണിമുടക്കിലാവട്ടെ, തൊഴിൽ കോഡുകൾ, സ്വകാര്യവത്കരണം, വേതന വർധനവില്ലായ്മ, അസ്ഥിരമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവക്കെതിരെ പത്ത് കേന്ദ്ര യൂനിയനുകളും കർഷക-ഗ്രാമീണ തൊഴിലാളി സംഘടനകളും സമരരംഗത്ത് ഒന്നിച്ചണിനിരന്നു.
തൊഴിലില്ലായ്മക്കും നിയമനങ്ങളിലെ ക്രമക്കേടുകൾക്കുമെതിരെയുള്ള യുവജന പ്രക്ഷോഭങ്ങൾ; 2022ലെ അഗ്നിപഥ് പ്രതിഷേധങ്ങൾ; പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രക്ഷോഭങ്ങൾ; ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ 2023ൽ ഇന്ത്യയിലെ പ്രമുഖ ഗുസ്തിതാരങ്ങൾ നടത്തിയ അസാധാരണമായ സമരം തുടങ്ങിയവ ഭരണകൂട വിശ്വാസ്യതയെ ചോദ്യംചെയ്ത നിരവധി സമരങ്ങളില്‍ ചിലത് മാത്രമാണ്. ഒടുവില്‍, 2026ൽ ജന്തർ മന്തറിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രക്ഷോഭം പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, സ്ഥാപനപരമായ സുതാര്യത എന്നിവക്ക് ചുറ്റുമുള്ള സോഷ്യൽ മീഡിയ പരിഹാസങ്ങളിൽനിന്ന് നേരിട്ടുള്ള ജനകീയ മുന്നേറ്റത്തിലേക്ക് വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം രൂപംമാറുന്നതും നം കണ്ടുകഴിഞ്ഞു. 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു-ഒരു അടിസ്ഥാനതല യുവജന പ്രക്ഷോഭം അതിന്റെ പ്രധാന രാഷ്ട്രീയാവശ്യം നേടിയെടുത്ത അപൂർവ സംഭവങ്ങളിലൊന്നാണിത്.
പ്രതിരോധത്തിന്റെ പ്രതിസന്ധി
എന്നാല്‍, പ്രധാന ചോദ്യം, എന്തുകൊണ്ട് ഈ പ്രക്ഷോഭങ്ങള്‍ ഒരു പരിവര്‍ത്തനശക്തിയായി മാറുന്നില്ല എന്നതാണ്. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, തൊഴിൽ മേഖലയുടെ അസംഘടിതവത്കരണം, സമ്പത്തിന്റെ വർധിച്ചുവരുന്ന കേന്ദ്രീകരണം, ഇടക്കിടെയുണ്ടാകുന്ന പണപ്പെരുപ്പം, ഇല്ലിബറല്‍ ജനാധിപത്യ ഇടപെടലുകള്‍, പൗരത്വ നിഷേധ നയങ്ങള്‍ എന്നിവയിലൂടെയെല്ലാം ഇന്ത്യ കടന്നുപോയിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി വ്യാപക സമരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഭരണമാറ്റം സാധ്യമാക്കുന്ന ഏകീകൃത രാഷ്ട്രീയ വെല്ലുവിളിയായി ഇവ പരിണമിക്കുന്നില്ല. ഇന്ത്യയിലെ ഹിന്ദുത്വം വിപണ്യാധിഷ്ഠിത സാമ്പത്തിക നയങ്ങളെ, നവലിബറല്‍ സമീപനങ്ങളെ, സാംസ്കാരിക ദേശീയതയുമായും, ഉപരിപ്ലവമായ ക്ഷേമരാഷ്ട്രീയ വാഗ്ധാടികളുമായും, മതഭൂരിപക്ഷ വാദത്തിന്റെ അടിത്തറയുമായും സംയോജിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ, ഹിന്ദുത്വയെ അടിസ്ഥാന സാമ്പത്തിക യാഥാർഥ്യങ്ങളെ മറച്ചുവെക്കുന്ന കേവലമൊരു സാംസ്കാരിക ഉപരിഘടനയായി മാത്രം കാണാന്‍ കഴിയില്ല. സാമ്പത്തികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ക്ക് രാഷ്ട്രീയമായി മധ്യസ്ഥത വഹിക്കുന്ന പ്രത്യയശാസ്ത്രപരമായ സംവിധാനങ്ങളിലൊന്നായി ഹിന്ദുത്വ മാറിയിരിക്കുന്നു. സാമ്പത്തിക ഭദ്രതയില്ലായ്മയെ ദേശഭക്തി, സാംസ്കാരിക-മത പുനരുത്ഥാനം, പ്രാദേശിക പരമാധികാരം, മത ജനസംഖ്യാപരമായ ആശങ്കകൾ, സാംസ്കാരികമായ മിഥ്യാഭിമാനം എന്നിവയുടെ മറയിലേക്ക് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാക്കി മാറ്റിനിര്‍ത്തുന്ന ഭരണകൂടതന്ത്രത്തിന് വിപുലമായ സ്വാധീനമാണ് ചെലുത്താന്‍ കഴിയുന്നത്. ഇതിന്റെ ഫലമായി, ‘പൗരര്‍’ സമ്പദ് വ്യവസ്ഥയുടെ ദ്രവീകരണങ്ങള് തിരിച്ചറിയാത്ത, തൊഴിലും ക്ഷേമവും ഭരണകൂടം നല്‍കുമെന്ന് വൃഥാ വിശ്വസിക്കുന്ന സാമ്പത്തിക വിഷയിയായും, ഒപ്പം സങ്കൽപിക ദേശീയ-സാംസ്കാരിക സമൂഹത്തിലെ അംഗമായും ഒരേസമയം അഭിസംബോധന ചെയ്യപ്പെടുന്നു. അതുകൊണ്ട്, മറ്റ് ശക്തമായ രാഷ്ട്രീയ ഐഡന്റിറ്റികൾ കടന്നുവരുമ്പോൾ, ഭൗതികമായ അസംതൃപ്തികൾ നൈസര്‍ഗികമായി നിലവിലുള്ള സാമ്പത്തിക വ്യവസ്ഥക്കെതിരെയുള്ള എതിർപ്പായി മാറാതെപോകുന്നു. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം രണ്ടുതരം പുകമറയാണ് ഇവിടെ മറികടക്കേണ്ടി വരുന്നത്-ഒന്ന് സാമ്പത്തികവ്യവസ്ഥ തകിടംമറിച്ചിരിക്കുന്നു എന്ന വസ്തുതയെ മറച്ചുവെക്കുന്ന കപടാഖ്യാനങ്ങള്. രണ്ട്, സാമ്പത്തിക തകര്‍ച്ചയേക്കാള്‍ പ്രധാനമാണ് മതഭൂരിപക്ഷവാദം എന്ന പൊതുബോധം. ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിപക്ഷവും ഈ ഇരട്ട വെല്ലുവിളിയെയാണ് ഇപ്പോള്‍ നേരിട്ട് വിജയിക്കേണ്ടിവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

