സവർണ ഭരണവ്യവസ്ഥയുടെ കൊലപാതകങ്ങള്‍
text_fieldsനിതിൻ രാജിന്റെ മൃതദേഹത്തിനരികിൽ വിലപിക്കുന്ന കുടുംബാംഗങ്ങൾ
നിതിൻ രാജിന്റെ മരണം ആധുനിക കേരളത്തിലെ അസ്വസ്ഥപ്പെടുത്തുന്ന ഒരു യാഥാർഥ്യത്തിലേക്ക് ഒരിക്കല്‍കൂടി കണ്ണുതുറപ്പിക്കുന്നതാണ്-ജാതി വിവേചനം എല്ലാ നവോത്ഥാനങ്ങള്‍ക്കും മീതെ സാമൂഹിക ജീവിതത്തിലെ ഘടനാപരവും ചരിത്രപരവുമായ അസ്തിത്വാവസ്ഥയായി ഇവിടെ നിനില്‍ക്കുന്നു. ഭരണഘടനാപരമായ ജനായത്തത്തിന്റെ ആവിര്‍ഭാവത്തോടെ അവക്ക് വാര്‍ത്താപ്രാധാന്യം ലഭിച്ചു എന്നതൊഴിച്ചാല്‍ ഉത്തരേന്ത്യയിലെപ്പോലെ പ്രത്യക്ഷവും വ്യാപകവുമായ ജാതിശരീര മർദനങ്ങള്‍ അപൂർവമായേ ഇവിടെ ഉണ്ടാകുന്നുള്ളൂ എന്നതൊഴിച്ചാല്‍ സ്വകാര്യ-സാമൂഹികതലങ്ങളില്‍ ജാതിവിവേചനം നിഷ്കൃഷ്ടമായ രീതികളില്‍ അതിശക്തമായി നിലനില്ക്കുന്നു. യഥാർഥത്തില്‍ ഇന്ത്യയില്‍ ശൂദ്രജാതി മേല്‍ക്കോയ്മയുള്ള അതികഠിനമായ ജാതിവ്യവസ്ഥയുടെ മൃത്യുരാഷ്ട്രീയം അതീവ സൂക്ഷ്മമായി പരിപാലിച്ചുപോന്നിരുന്ന രാഷ്ട്രീയ-സാമൂഹിക മണ്ഡലം ചരിത്രപരമായി ഏറ്റവും ശക്തമായിരുന്ന പ്രദേശമായിരുന്നു കേരളം. അതിന്റെ തുടര്‍ച്ചകളില്‍ അഭിരമിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഒരു സവർണ സാമൂഹികബോധം യോഗക്ഷേമ സഭയായും എൻ.എസ്.എസായും എസ്.എൻ.ഡി.പിയായും ചില പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ ഇവിടെ സഹവര്‍ത്തിത്വം ചെയ്യുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഭിസംബോധനചെയ്യാന്‍ കഴിയാത്ത, ജനാധിപത്യത്തിന്റെ സ്ഥാപന സംവിധാനങ്ങളുടെ സൂക്ഷ്മഘടനകളില്പ്പോലും പതിയിരിക്കുന്ന, ജാതിവെറുപ്പും വിദ്വേഷവും വിവേചനവും നിരന്തരം ഉൽപാദിപ്പിക്കുന്ന നിശ്ശബ്ദ ബ്രാഹ്മണ്യത്തിന്റെ നിലക്കാത്ത സാന്നിധ്യമാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ ദലിത് വിരുദ്ധ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ് എന്ന കണക്ക്, അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ കൂടുതലായതിനാലാണ് എന്ന് വാദിക്കാന്‍ കഴിയും. പക്ഷേ അതിന്റെ പിന്നിലെ യാഥാർഥ്യം, റിപ്പോര്‍ട്ട് ചെയ്യാന്‍പോലും കഴിയാത്ത അതിസൂക്ഷ്മമായ ഒഴിവാക്കലുകളും രഹസ്യാവഹേളനങ്ങളുംകൂടി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നതാണ്. മാത്രമല്ല, ഉത്തരേന്ത്യയിലെപ്പോലെ ദലിത് വിരുദ്ധ അക്രമങ്ങള്‍ പരസ്യമായി തെരുവില്‍ നടത്താന്‍ കേരളത്തില്‍ ബുദ്ധിമുട്ടാണ് എന്നതിനാല്‍, (സാധ്യമല്ലാത്തതുകൊണ്ടല്ല, മധുവിന്റെ കൊലപാതകം പോലുള്ള സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്, മറിച്ച് ജാതിയില്ല എന്ന് ഭാവിക്കാന്‍ അത് വലിയ തടസ്സമാകും എന്നതിനാല്‍) അതിന്റെ കടുത്ത നൈരാശ്യവും കൂടിച്ചേര്‍ന്ന അതിഹീനമായ നിന്ദാവ്യവഹാരമാണ് കേരളത്തിലെ ആധുനിക ജാതിവിവേചനം.
സവർണതയുടെ സമാന്തര ഭരണം
കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഡിഗ്രി വിദ്യാർഥിയായിരുന്ന ദലിത് യുവാവ് ആർ.എൽ. നിതിൻരാജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനത്തെ മാത്രമല്ല വെളിവാക്കുന്നത്; അത് കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ പൊതുവായ അവസ്ഥയുടെ ഒരു ഉദാഹരണം മാത്രമാണ്. 2026 ഏപ്രിലിൽ കോളജ് കെട്ടിടത്തിൽനിന്ന് നിതിന്‍ വീണുമരിച്ചത് കടുത്ത മാനസിക വിഷമത്തെത്തുടർന്നുള്ള ആത്മഹത്യയായാണ് കണക്കാക്കപ്പെടുന്നത്. നിതിൻ ജാതിപരമായ അധിക്ഷേപങ്ങൾക്കും, അധ്യാപകരുടെയും സഹപാഠികളുടെയും ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലുകൾക്കും ഇരയായിരുന്നു എന്ന് കുടുംബവും വിവിധ ദലിത് സംഘടനകളും ആരോപിക്കുന്നു. സ്വയംഹത്യക്കുമുമ്പ് നിതിൻ അയച്ച ശബ്ദസന്ദേശത്തിൽ, അധ്യാപകരിൽനിന്നുള്ള പീഡനത്തെക്കുറിച്ച് പരാമർശമുണ്ട്. ലോൺ ആപ്പുകളിൽനിന്നുള്ള സാമ്പത്തിക സമ്മർദമാണ് മരണകാരണമെന്ന് കോളജ് അധികൃതർ വാദിച്ചെങ്കിലും, ജാതി അധിക്ഷേപമാണ് യഥാർഥ കാരണമെന്നതില്‍ കുടുംബം നിരവധി തെളിവുകളോടെ ഉറച്ചുനിൽക്കുന്നു. ഒരു ചെറിയ ലോണിന്റെ ‘അലിബി’യില്‍ ഒരു സ്ഥാപനത്തിലെ അധ്യാപകര്‍ നിരന്തരമായി നടത്തിപ്പോന്ന ജാത്യാവഹേളന പരമ്പരയെ റദ്ദുചെയ്തുപോകാന് പൊലീസ് ശ്രമിക്കുന്നത് ഈ കേസിന് ഇനി സംഭവിക്കാന്‍ പോകുന്ന അനിവാര്യമായ നിസ്സാരവത്കരണത്തിന്റെ ആദ്യസാക്ഷ്യം മാത്രമാണ്.
കാമ്പസുകളിലെത്തന്നെ ജാതിവിവേചനം കേരളത്തില്‍ പുതിയ സംഭവമല്ല. മറിച്ച്, ഇത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വ്യവസ്ഥാപിത ജാതിവിവേചനത്തിന്റെ (Institutional Casteism) ഭാഗമാണ്. കേരളത്തിന്റെ ആധുനികതയിൽ ജാതിശ്രേണികൾ അപ്രത്യക്ഷമായിട്ടില്ല, പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്ഷേത്രങ്ങളിലും പൊതുസ്ഥലത്തും അവ പുതിയ രൂപങ്ങളില്‍ അഭംഗുരം തുടരുന്നുവെന്നത് ദലിത് രാഷ്ട്രീയ വ്യവഹാരത്തിലെ ദീര്‍ഘകാലമായുള്ള ഉള്‍ക്കാഴ്ചയാണ്. ക്ലാസ് മുറി എന്നത് സവിശേഷമായ ഒരു ‘സ്വകാര്യ-പൊതുസ്ഥല’മാണ്. ജാതിപരമായ അധിക്ഷേപങ്ങളും പരസ്യമായ അപമാനിക്കലും അധ്യാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വിനിമയങ്ങളെ ദലിത് വിദ്യാര്‍ഥികള്‍ പെരുപ്പിച്ചുകാട്ടുന്നതാണെന്നുവാദിച്ച് അവഗണിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ഒരു സന്ദിഗ്ധസ്ഥലം കൂടിയാണ് ക്ലാസ് മുറി. അതുകൊണ്ടുതന്നെ അതിനേക്കാള്‍ ദൃശ്യത കുറവുള്ള അക്കാദമിക് ശൃംഖലകളിൽ നിന്നും സൗഹൃദക്കൂട്ടങ്ങളിൽ നിന്നുമുള്ള മാറ്റിനിർത്തൽ, പരീക്ഷാ മൂല്യനിർണയത്തിലും മേൽനോട്ടത്തിലും കാണിക്കുന്ന പക്ഷപാതങ്ങള്‍, റിസർവേഷൻ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളോടുള്ള സാമ്പത്തികവും സാമൂഹികവുമായ അവജ്ഞ എന്നിവ നിരന്തരം ജീവിതാനുഭവങ്ങളായി നിലനില്‍ക്കുമ്പോള്‍പോലും സ്വയംഹത്യയിലൂടെയല്ലാതെ പ്രതികരിക്കാന്‍പോലും കഴിയാത്ത ആത്മസംഘര്‍ഷവും വ്യക്തിസമ്മർദങ്ങളുമാണ് ഈ വിവേചനം ഓരോ വിദ്യാര്‍ഥിക്കും പ്രതിദിനമെന്നോണം നല്‍കുന്നത്.
കേരളത്തിലെ വാര്‍ത്താപ്രാധാന്യം നേടിയ മുൻകാല സംഭവങ്ങൾ നോക്കുക. വയനാട്ടിലെ വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം കാമ്പസുകളിലെ ക്രൂരമായ മർദനമുറകളുടെയും മാഫിയാ പ്രവർത്തനങ്ങളുടെയും നേർചിത്രമായിരുന്നു.
ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി കോളജ് അധികൃതരുടെ പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത സംഭവം, സ്വാശ്രയ കോളജുകളിലെ ഏകാധിപത്യപരമായ അച്ചടക്കരീതികളെ പുറത്തുകൊണ്ടുവന്നതാണ്. പൊലീസ് കസ്റ്റഡിയിലെ പീഡനത്തെത്തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യചെയ്ത സംഭവം, ജാതി വിവേചനത്തിന്റെ ഏറ്റവും പരസ്യവും നിന്ദ്യവുമായ ഉദാഹരണമായിരുന്നു. വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നില്ല എന്നതുകൊണ്ട് മാത്രം അനേകം വിവേചനങ്ങള്‍ അറിയപ്പെടാതെ പോകുന്നു; ചിലരെങ്കിലും നിരന്തരമായ സമരങ്ങളിലൂടെ വിവേചനത്തെ ചെറുക്കുന്നു. വ്യാപകമായ ഒരു പ്രതിഭാസമാണിത്, ഒറ്റപ്പെട്ട സംഭവങ്ങളല്ല. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ മാത്രംനടന്ന ജാത്യാഭിമാനക്കൊലകള്‍ വർണസങ്കരഭീതിയുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ കഴിയുന്ന അദൃശ്യമായ സവർണ ഭരണവ്യവസ്ഥ കേരളത്തിന്റെ സാമൂഹികതയില്‍ നിലനിൽക്കുന്നു എന്നതിന്റെ തെളിവടയാളങ്ങളാണ്. സവര്‍ണതയുടെ ഈ സമാന്തരഭരണമാണ്, അതിന്റെ പ്രത്യയശാസ്ത്ര അധീശത്വമാണ്, ജാത്യാഭിമാനക്കൊലകളും ജാതി അധിക്ഷേപങ്ങളും ജാതിപരമായ പാര്‍ശ്വവത്കരണങ്ങളും നിസ്സാരമായി ഒറ്റപ്പെട്ട സംഭവങ്ങളായി വ്യാഖ്യാനിക്കാന്‍ നമ്മെ പഠിപ്പിക്കുന്നത്.
രോഹിത് വെമുല ആക്ട് എന്തുകൊണ്ട് അനിവാര്യം?
ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയുടെ മരണം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇതേത്തുടർന്നാണ് ദലിത് വിവേചനത്തിന്റെ തുടർച്ചകളെ പ്രതിരോധിക്കാന്‍ കഴിയുന്ന നിയമനിർമാണവും സ്ഥാപനപരമായ സാധ്യതകളും ഉള്‍ക്കൊള്ളുന്ന ‘രോഹിത് വെമുല ആക്ട്’ നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ക്രിമിനൽ കുറ്റമാക്കുക, തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ ‘ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലു’കൾ നിർബന്ധമാക്കുക, പരാതിപരിഹാരത്തിന് നിശ്ചിത സമയപരിധിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, വിവേചനം കാണിക്കുന്ന അധ്യാപകർക്കും അധികൃതർക്കുമെതിരെ കർശന നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുക തുടങ്ങിയവയാണ്. നിലവിലുള്ള നിയമങ്ങൾ ഒരു ദുരന്തം നടന്നതിനുശേഷംമാത്രം പ്രതികരിക്കുന്നവയാണ്. എന്നാൽ, രോഹിത് വെമുല ആക്ട് അത്തരം വിവേചനങ്ങൾ തടയാനുള്ള ഒരു മുൻകരുതൽ സംവിധാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള സന്നദ്ധത കർണാടക, തെലങ്കാന സര്‍ക്കാറുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആത്മാര്‍ഥമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാല്‍ ഇത് വിവിധ ഘട്ടങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ‘രോഹിത് വെമുല ആക്ട്’ എന്നത് ഒരു പേര് മാത്രമാണ്. ഏതു പേരിലായാലും പരിഹാരക്രിയക്കപ്പുറം വിവേചനങ്ങളെ മുളയില്‍ത്തന്നെ നുള്ളാൻ കഴിയുന്ന ഫലപ്രദമായ ഒരു നിയമസംവിധാനം ആവശ്യമാണ് എന്ന ആശയത്തിനാണ് പ്രാധാന്യമുള്ളത്. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കും മറ്റു പ്രദേശങ്ങളിലേക്കുംപോയ സവർണവിഭാഗങ്ങള്‍ അത്തരത്തില്‍ കുടിയേറിയ അവർണക്കെതിരെ ജാതിവിവേചനം കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമാനമായ നിയമങ്ങള്‍ പല അമേരിക്കന്‍ സര്‍വകലാശാലകളിലും നടപ്പാക്കിയ വസ്തുത ‘ജാതിയുടെ ആഗോളവ്യവസ്ഥ’ എന്ന ഈ പംക്തിയിലെ ഒരു ലേഖനത്തില്‍ ഞാന്‍ മുമ്പ് ചര്‍ച്ചചെയ്തിരുന്നു. അതുപോലെ, കടുത്ത ഇസ്ലാമോഫോബിയ സംഘ്പരിവാര്‍ (ഈ പരിവാരം ഇപ്പോള്‍ ഒരു വിപുലീകൃത പരിവാരമാണ്) മുന്നിട്ടിറങ്ങി വ്യാപകമാക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വിവേചനംകൂടി ഇത്തരം നിയമങ്ങളുടെ പരിധിയില്‍ വരേണ്ടതല്ലേ എന്ന്, എന്നെ ഈയിടെ സന്ദര്‍ശിച്ച ചില ആക്ടിവിസ്റ്റുകള്‍ ചോദിച്ചിരുന്നു. സമാനമായ അനുഭവങ്ങള്‍ക്ക് സമാനമായ നിയമസംരക്ഷണം തീര്‍ച്ചയായും ആവശ്യമാണ്.
ഒരു ദിവസത്തിന്റെ അനിവാര്യതയില്‍ സംഭവിച്ച അപകടമല്ല നിതിൻ രാജിന്റെ ആത്മഹത്യ. അത് നിരന്തരമായി നടന്ന അധിക്ഷേപ മർദനത്തിലൂടെയുള്ള കൊലപാതകമാണ്. ക്ലാസ് മുറികള്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് ലോക്കപ് മുറികളാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനരഹിതമായ ഇടങ്ങളായി മാറണമെങ്കിൽ കേവലം പ്രതിഷേധങ്ങൾക്കപ്പുറം, രോഹിത് വെമുല ആക്ട് പോലുള്ള ശക്തമായ നിയമനിർമാണങ്ങളും സാമൂഹികമായ മാറ്റങ്ങളും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

