Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആർ.എസ്.എസ്: സുതാര്യത, സാധുത, രാഷ്ട്രീയം
cancel
camera_alt

പ്രിയങ്ക് ഖാർഗെ, ബി.​ജെ.പി.യുടെ പ്രതികരണം സംബന്ധിച്ച് പ്രിയങ്ക് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്

കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ആർ.എസ്.എസും തമ്മിൽ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വാഗ്വാദം, ഇന്ത്യന്‍ റിപ്പബ്ലിക്കും സംഘ്പരിവാറും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല പ്രത്യയശാസ്ത്ര വൈരുധ്യങ്ങളുടെ മറ്റൊരധ്യായം മാത്രമായി അവസാനിക്കുന്നില്ല. ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയപദവി, സുതാര്യത, സ്ഥാപനപരമായ അസ്തിത്വം എന്നിവ സംബന്ധിച്ച കൂടുതൽ വ്യക്തമായ ഒരു ചർച്ചക്ക്​ ഇത് വഴിതുറന്നിരിക്കുകയാണ്.

പ്രിയങ്ക് ഖാർഗെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് സംഘടനയുടെ രജിസ്ട്രേഷൻ പദവി വ്യക്തമാക്കാനും, ധനകാര്യങ്ങളെയും പ്രവർത്തനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനും, മറ്റു പല അസോസിയേഷനുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ നിയന്ത്രണ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് രാജ്യവ്യാപക സംഘടനയായി പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ട് കത്തയച്ചതോടെയാണ് പെട്ടെന്നുള്ള വിവാദം ഉടലെടുത്തത്. ചെറിയ സംഘടനകൾപോലും രജിസ്റ്റർചെയ്യാനും കണക്കുകൾ വെളിപ്പെടുത്താനും സുതാര്യമായി പ്രവർത്തിക്കാനും ബാധ്യസ്ഥരാണെങ്കിൽ, വിദേശ ഫണ്ടിങ് എന്നപേരില്‍ അവരില്‍ പലരെയും സംശയമുനയില്‍ നിര്‍ത്തുകയാണെങ്കില്‍, അതേ മാനദണ്ഡങ്ങൾ ആർ.എസ്.എസിനും ബാധകമല്ലെയെന്ന ലളിതമായ, എന്നാല്‍ അടിസ്ഥാനപരമായ ഒരു ചോദ്യമാണ് ഖാർഗെ ഉന്നയിച്ചിട്ടുള്ളത്.

ദലിതനെന്തു കാര്യം?

ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് വിശേഷിപ്പിക്കുന്ന ആർ.എസ്.എസും ബി.ജെ.പിയും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ കോൺഗ്രസ് തങ്ങളെ ലക്ഷ്യം​ വെക്കുകയാണെന്നാണ് വാദിക്കുന്നത്. ആര്‍.എസ്.എസ് പരമ്പരാഗത രജിസ്റ്റേഡ് അസോസിയേഷനായല്ല, മറിച്ച് “വ്യക്തികളുടെ ഒരു കൂട്ടായ്മ”യായി മാത്രമായാണ് പ്രവർത്തിക്കുന്നതെന്നും, കോടതികളും നികുതിവകുപ്പും ചരിത്രപരമായി ഈ പദവി അംഗീകരിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണവര്‍ ആവർത്തിക്കുന്നത്. ബി.ജെ.പി എം.പി രമേശ് ജിഗജിനാഗിയാവട്ടെ, ഖാർഗേക്ക്​ മറുപടിയായി, ഒരു ദലിതന്‍ എന്തിനാണ് ആർ.എസ്.എസിനെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നാണ് ചോദിച്ചത്! ആർ.എസ്.എസിനെതിരെ രംഗത്തുവന്നവർ ആരും രാഷ്ട്രീയമായി നിലനിന്നിട്ടില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

2024ല്‍ ദലിതനായ തന്നെ മന്ത്രിസഭയില്‍ എടുക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടപ്പോള്‍ നിരാശനായി പരിതപിച്ച നേതാവാണ്‌ ജിഗജിനാഗി. താൻ ഡോ.ബി.ആർ. അംബേദ്കറുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിനാൽ ആരെയും ഭയപ്പെടുന്നില്ലെന്ന് ഖാർഗെ ഇതിനു ശക്തമായ മറുപടി നൽകി. സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനം ചെലുത്തുന്ന ഒരു സംഘടനയിൽനിന്ന് സുതാര്യത തേടാൻ പൗരനെന്നനിലയിലും ആഭ്യന്തരമന്ത്രിയെന്ന നിലയിലുമുള്ള തന്റെ അവകാശത്തെ ഖാര്‍ഗെ പ്രതിരോധിക്കുകയുംചെയ്തു.

തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് സ്ഥാപനപരമായ ഉത്തരവാദിത്വത്തിലേക്ക് ചർച്ചയെ മാറ്റാനുള്ള ഖാർഗെയുടെ ശ്രമം മർമംനോക്കിയുള്ള പ്രഹരംപോലെ ശക്തമാണ്. ആർ.എസ്.എസിനെ പ്രത്യയശാസ്ത്രത്തിന്റെ പേരിൽമാത്രം വിമർശിക്കുന്നതിനു പകരം, അതിന്റെ സംഘടനാഘടന, ഫണ്ടിങ്​ സംവിധാനങ്ങൾ, അക്കൗണ്ടബിലിറ്റി എന്നിവയെക്കൂടിയാണ് ഖാർഗെ ചോദ്യംചെയ്യുന്നത്. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര ഉപദേശകകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഒരു സംഘടന, മറ്റു സ്ഥാപനങ്ങൾക്ക് ബാധകമായതിനു സമാനമായ പൊതുഓഡിറ്റിങ്ങിന് വിധേയമാകണമെന്നതാണ് ഈ വിമര്‍ശനത്തിന്റെ പ്രധാന ഉള്ളടക്കം. ഈ ആവശ്യത്തെ തങ്ങളുടെ നിലനില്‍പ്പിനെ അസാധുവാക്കാനുള്ള ഗൂഢാലോചനയായാണ് ആർ.എസ്.എസ് അവതരിപ്പിക്കുന്നത്.

ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണകൂടത്തിന്‍റെ ഉപദേശകകേന്ദ്രത്തിന് യാതൊന്നും ഭയപ്പെടാനില്ലെന്ന് നമുക്കറിയാം. ആർ.എസ്.എസിനെ രാഷ്ട്രീയമായും സാമൂഹികമായും നേരിടുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പഴയൊരു പരാതി വീണ്ടും സജീവമാക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കൾ വാദിക്കുന്നത്. രജിസ്ട്രേഷന്‍ നടത്തണമെന്നും വിവരങ്ങൾ വെളിപ്പെടുത്തണമെന്നുമുള്ള ആവശ്യത്തെ, പതിറ്റാണ്ടുകളായി സാമൂഹികവും സാംസ്കാരികവുമായ സ്വാധീനം വ്യാപിപ്പിച്ച സംഘടനക്ക്​ നേരെയുള്ള നിസ്സാരമായ വൈരാഗ്യബുദ്ധിയായാണ് അവർ ചിത്രീകരിക്കുന്നത്.

ഭരണഘടനക്ക് എന്തു കാര്യം?

കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ, സിവിൽസമൂഹത്തെയും രാഷ്ട്രീയാധികാരത്തെയുംകുറിച്ചുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളെയാണ് ഈ വിവാദം പ്രതിഫലിപ്പിക്കുന്നത്. യഥാർഥ​ത്തില്‍ ഇവിടെ ആര്‍.എസ്.എസ് ആക്രമിക്കപ്പെടുന്നതേയില്ല. സ്വന്തം അസ്തിത്വത്തെ ഭരണഘടനയുടെ ചുവടുപിടിച്ചു ചോദ്യംചെയ്യുന്നു എന്നതാണ് അവരെ അസ്വസ്ഥരാക്കുന്നത്. സുതാര്യതയുടെയും നിയന്ത്രണങ്ങളുടെയും ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ച് ഉത്തരവാദിത്വം പുലർത്തേണ്ട മറ്റൊരു ഇന്ത്യന്‍ സംഘടനയാണ് ആര്‍.എസ്.എസ് എന്ന വാദം എല്ലാ ഭരണഘടനക്കും മുകളിലുള്ള പരമാധികാരമായി സ്വയംസങ്കല്‍പ്പിക്കുന്ന ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല എന്നതാണ് ഇതിലെ കേന്ദ്രപ്രശ്നം. കാരണം സ്വയം ഒരു ഭരണകൂടമായി, ഔദ്യോഗിക നിയന്ത്രണസംവിധാനങ്ങളെക്കാൾ തങ്ങളുടെ പ്രവർത്തനങ്ങളും, സംഘടനാവ്യാപ്തിയും, ചരിത്രപരമായ തുടർച്ചയും സ്വയംഭൂവായ സ്ഥാപനസാധുതയില്‍നിന്നാണ് ഉണ്ടാകുന്നത് എന്ന നിലപാടാണ് ആർ.എസ്.എസ് സ്വീകരിക്കുന്നത്.

നീരചന്ദോക് എഴുതിയ ദ കൺസീറ്റ്സ് ഓഫ് സിവിൽ സൊസൈറ്റി (The Conceits of Civil Society - 2003) എന്ന പുസ്തകത്തിൽ, സിവിൽ സമൂഹത്തെക്കുറിച്ചുള്ള അതികാൽപ്പനികമായ കാഴ്ചപ്പാടുകളെക്കുറിച്ച് അവർ നടത്തുന്ന വിമർശനങ്ങളിൽ ആർ.എസ്.എസിനും ഹിന്ദുത്വരാഷ്ട്രീയത്തിനും പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. സിവിൽസമൂഹത്തെ സഹജമായി ജനാധിപത്യപരമോ, സഹിഷ്ണുതയുള്ളതോ, പുരോഗമനപരമോ ആയ ഒരു മണ്ഡലമായി റൊമാന്റിസൈസ് ചെയ്യരുത് എന്നതാണ് ചന്ദേക്കിന്റെ കേന്ദ്രവാദം. ശീതയുദ്ധാനന്തര ലിബറല്‍ സമീപനങ്ങളില്‍ ഭൂരിഭാഗവും സിവിൽസമൂഹത്തെ പൗരപങ്കാളിത്തം, മനുഷ്യാവകാശം, ജനാധിപത്യമൂല്യങ്ങൾ എന്നിവയുടെ ഒരു സഹജവേദിയായിട്ടാണ് ആഘോഷിച്ചിട്ടുള്ളത്. എന്നാൽ, സിവിൽസമൂഹം എന്നത് അധികാരം, പാർശ്വവത്കരണം, ആധിപത്യം, സംഘർഷം എന്നിവയുടെകൂടി വേദിയാണെന്ന് വാദിച്ചുകൊണ്ട് ചന്ദോക് ഈ അനുമാനത്തെ ചോദ്യംചെയ്യുന്നു. സിവിൽസമൂഹത്തിന് ജനാധിപത്യവിരുദ്ധവും ബഹിഷ്കരണ സ്വഭാവമുള്ളതുമായ ജനകീയ സമാഹരണങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയെയാണ്. ഹിന്ദുത്വ പ്രസ്ഥാനങ്ങൾ (“വ്യക്തികളുടെ ഒരു കൂട്ടായ്മ”യെന്ന മറവില്‍ എന്ന് കൂട്ടിച്ചേര്‍ക്കാം) സിവിൽസമൂഹത്തിന്റെ ഇടങ്ങളിൽ സ്വയം ഉറപ്പിക്കുന്നതെങ്ങനെയെന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്.

ഈ നിരീക്ഷണം സിദ്ധാന്തപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ഇപ്പോഴത്തെ ഖാര്‍ഗെ-ആര്‍.എസ്.എസ് മുഖാമുഖം തെളിയിക്കുന്നു. സിവിൽസമൂഹത്തെ സ്വേച്ഛാധിപത്യപരമായ അധികാരത്തിനെതിരെയുള്ള പ്രതിരോധ സംവിധാനമായികാണുമ്പോള്‍, ഹെജിമോണിക് പദ്ധതികൾ നിർമിക്കപ്പെടുന്ന തട്ടകമായി സിവിൽസമൂഹത്തെ തീവ്രവലതുപക്ഷം മാറ്റുന്നതിനെക്കുറിച്ചാണ് ചന്ദോക് സംസാരിക്കുന്നത് എന്നു പറയാം. ഈ അർഥത്തിൽ, ആർ.എസ്.എസ് പോലുള്ള സംഘടനകൾ പ്രധാനപ്പെട്ടതാകുന്നത് അവ സിവിൽസമൂഹത്തിന് പുറത്തുനിൽക്കുന്നത് കൊണ്ടല്ല; മറിച്ച്, പ്രത്യയശാസ്ത്രപരമായ ആധിപത്യം, സാമൂഹികസമ്മതി, മതഭൂരിപക്ഷ രാഷ്ട്രീയസ്വത്വങ്ങൾ എന്നിവ കെട്ടിപ്പടുക്കാൻ സിവിൽസമൂഹത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിക്കുന്നതുകൊണ്ടാണ്. തികച്ചും നിഷ്കളങ്കമായി, രജിസ്ട്രേഷന്‍ പോലുമില്ലാതെ “വ്യക്തികളുടെ ഒരു കൂട്ടായ്മയായി”സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ നേതൃത്വം ഉൽപാദിപ്പിക്കപ്പെടുകയും പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയക്കാണ് പരമമായ സാധുത ലഭിക്കുന്നത്. ആവര്‍ത്തിച്ചുപറയേണ്ടത്, പ്രായോഗികമായ അർഥ​ത്തില്‍, ആർ.എസ്.എസ് സിവിൽസമൂഹത്തിന് പുറത്തുള്ള ഒരു അസ്വാഭാവികതയല്ല; മറിച്ച്, അതവരുടെ പ്രധാന പ്രവര്‍ത്തനമേഖലയാണ്. അവിടെ ഏകപക്ഷീയവും ജനാധിപത്യബോധ്യങ്ങള്‍ക്ക് വിരുദ്ധവും ഭരണഘടനക്ക് വിധേയവുമല്ലാത്ത ഒരു ‘മഹത് സ്ഥാന’മാണ് അവര്‍ സ്വയംകണ്ടെത്തുന്നത്. “കോടതികള്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചിട്ടുണ്ട്” എന്നുപറയുന്നത് യഥാർഥ​ത്തില്‍ ഒരു ജനാധിപത്യസമൂഹത്തില്‍ അവരുടെ മറ്റ് അന്യായങ്ങള്‍ക്ക് വ്യവഹാരസാധ്യത ഇല്ലാത്തതുകൊണ്ടുള്ള നീരസം കലര്‍ന്ന പ്രതികരണമാണ്. ആര്‍.എസ്.എസിന്റെ കാര്യത്തില്‍ ഭരണഘടനക്കെന്തു സ്ഥാനമെന്നാണ് യഥാർഥ​ത്തില്‍ അവര്‍ ചോദിക്കുന്നത്.

ഈ വിവാദം ആര്‍.എസ്.എസിനെ സംഘടനാപരമായി ബാധിക്കുമെന്ന് വിശ്വസിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല. എങ്കിലും, ഖാർഗെ-ആർ.എസ്.എസ് മുഖാമുഖം ഇന്ത്യൻ രാഷ്ട്രീയത്തിലെ പഴയതും എന്നാൽ, പരിഹരിക്കപ്പെടാത്തതുമായ ഒരു ചോദ്യം വീണ്ടും സജീവമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു: കക്ഷിരാഷ്ട്രീയത്തിന്റെ ഘടനകൾക്ക് പുറത്ത് ഔദ്യോഗികമായി നിലകൊള്ളുമ്പോൾതന്നെ, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വലിയ സ്വാധീനമുള്ള, എന്നാല്‍ ഭരണഘടനാപരമായ ബാധ്യതകള്‍ക്കു പുറത്താണ് തങ്ങളെന്നു വിശ്വസിക്കുന്ന ഒരു സംഘടനയുമായി ജനാധിപത്യസ്ഥാപനങ്ങൾ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന ചോദ്യം വീണ്ടും ഉയര്‍ത്തപ്പെട്ടിരിക്കുന്നു. നെഹ്റുവിനെയും പട്ടേലിനെയും മഥിച്ച ഈ ചോദ്യം വീണ്ടുമുയര്‍ത്താന്‍ ഖാര്‍ഗെക്കു കഴിഞ്ഞു. ആ അർഥത്തിൽ, ഈ ചർച്ച കേവലം കത്തുകളുടെയും പ്രസ്താവനകളുടെയും കൈമാറ്റത്തിനപ്പുറം വളരുകയും, സിവില്‍സമൂഹത്തെ നിസ്സാരമായി റാഞ്ചാന്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ അനുവദിക്കാതെ, നിയമസാധുത, ഭരണഘടനാധാർമികത, രാഷ്ട്രീയ ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഫലത്തില്‍ ഇതിന് ഉടനടി ഒന്നും സംഭവിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, സജീവമായി ഈ വിഷയം നിലനിര്‍ത്തുക എന്നത് ജനാധിപത്യ സിവില്‍സമൂഹത്തിന്‍റെകൂടി പ്രധാനപ്പെട്ട കടമയായി മാറുന്നു.

sreekumartt@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakahome ministerRSSPoliticsPriyank kharge
News Summary - RSS: Transparency, Validity, Politics
Next Story