Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണകേന്ദ്രിത സമീപനം

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണകേന്ദ്രിത സമീപനം
cancel

ഇക്കൊല്ലത്തെ കേരള ബജറ്റില്‍ വിജ്ഞാനസമൂഹത്തി​െൻറ നിർമിതി, ഇന്നൊവേഷന്‍ വ്യവസ്ഥയുടെ വ്യാപനം, ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനം എന്നീ കാര്യങ്ങള്‍ക്ക് അഭൂതപൂർവമായ ഊന്നല്‍ നല്‍കിയത്​ ശ്രദ്ധേയമാണ്. ഈ മേഖലകളില്‍ ബജറ്റില്‍ പ്രഖ്യാപിച്ച തുക ലക്ഷ്യം നേടുന്നതിനു പര്യാപ്തമാണോ, അവ സാധാരണാർഥത്തില്‍ പ്രായോഗികമാണോ എന്നതല്ല പ്രധാനം. ഈ മേഖലകള്‍ സവിശേഷമായി ഉന്നയിച്ച്​ അവയുടെ പ്രാധാന്യം ഉറപ്പിക്കുക ഈ സന്ദര്‍ഭത്തില്‍ വളരെ നിർണായകംതന്നെയായിരുന്നു. ദേശീയ/അന്തർദേശീയ കൺസൽട്ടൻസി റിപ്പോര്‍ട്ടുകളിലും വിവിധ സര്‍ക്കാറുകളുടെ നയരേഖകളിലുമൊക്കെ കഴിഞ്ഞ രണ്ടു ദശാബ്​ദങ്ങള്‍ക്കിടയില്‍ ചിരപരിചിതമായ കാര്യങ്ങളാണെങ്കിലും ഇവയുടെ പ്രയോഗസാധ്യത സര്‍ക്കാര്‍ ഇടപെടലുകള്‍മൂലം വർധിക്കുന്നു. കേരളത്തില്‍തന്നെ ഐ.ടി മിഷ​െൻറ ആദ്യകാല രേഖകളിലും ആസൂത്രണ ബോര്‍ഡി​െൻറ ഇലക്ട്രോണിക് മാധ്യമ ടാസ്ക് ഫോഴ്​സി​െൻറ പഠനങ്ങളിലുമൊക്കെ ഇത്തരം കാര്യങ്ങള്‍ മുമ്പും പരാമർശിക്കപ്പെട്ടിരുന്നതാണ്. ഇതെല്ലാം ഉണ്ടെങ്കിലും വിജ്ഞാന സമ്പദ്​വ്യവസ്ഥ, ഇന്നൊവേഷന്‍ വ്യവസ്ഥ, ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചലനാത്കത എന്നീ മൂന്നുകാര്യങ്ങളും തമ്മിലുള്ള ജൈവബന്ധത്തെ എങ്ങനെ അഭിസംബോധനചെയ്യാം എന്നത് കൂടുതല്‍ പരിശോധനയര്‍ഹിക്കുന്നു.

വിജ്ഞാനസമൂഹനിർമിതി ആഗോളതലത്തില്‍ നടക്കുന്ന ചരിത്രപ്രക്രിയയാണ്. എൺപതുകളിലെ നിയോ ലിബറല്‍ മൂലധന നയംമാറ്റമാണ് അത് സാധ്യമാക്കിയത്. കേരളം, ഒരു അധ്വാനക്കയറ്റുമതി പ്രദേശം എന്ന നിലയില്‍ തുടക്കംമുതൽ അതി​െൻറ ഭാഗമായിരുന്നു. സോഫ്റ്റ്‌വെയര്‍ -ഹാര്‍ഡ്‌വെയര്‍ മേഖലകളില്‍ അന്നും ഇന്നും വലിയ സംഭാവനകള്‍ കേരളത്തില്‍നിന്ന് ആഗോളമൂലധനം പ്രതീക്ഷിക്കുന്നില്ല. മുതലാളിത്തത്തി​െൻറ ചില ജ്യോഗ്രഫിക് തൊഴില്‍വിഭജന രീതികള്‍ മറികടക്കുക എളുപ്പമല്ല. ഇതിന്​ എളുപ്പത്തില്‍ മാറ്റംവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ -കേന്ദ്രം പോലും- വലുതായി സാധിക്കുകയുമില്ല. ഇവിടെയാണ്‌ ഇന്നൊവേഷന്‍ വ്യവസ്ഥയും ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനവും വിജ്ഞാനസമൂഹനിർമിതിയില്‍ ശക്തമായി ഇടപെടുന്ന പ്രക്രിയകളായി മാറുന്നത്. ഇവ തമ്മില്‍ സമഗ്രമായ നയപരിപ്രേക്ഷ്യത്തില്‍ ബന്ധിപ്പിക്കുക അനിവാര്യമായ വികസനതന്ത്രമാണ്.

'രണ്ടും കൽപിച്ചു' നീങ്ങു​േമ്പാൾ

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 'രണ്ടും കൽപിച്ചു' നീങ്ങണം എന്നാണ്​ ബജറ്റില്‍ സൂചിപ്പിച്ചത്. ഇതൊട്ടും അതിശയോക്തിയല്ല. 'രണ്ടും കൽപിച്ചു' നീങ്ങേണ്ട അടിയന്തര സാഹചര്യംതന്നെയാണ് ആ മേഖലയില്‍ ഇപ്പോഴുള്ളത്. സര്‍വകലാശാലകള്‍ക്ക് 200 -300 കോടി രൂപയുടെ ധനസഹായം, കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസന സഹായം, അധ്യാപകരുടെ ഒഴിവുകള്‍ നികത്തല്‍, 1000 പുതിയ അധ്യാപക തസ്​തികകള്‍ സൃഷ്​ടിക്കല്‍, അന്തര്‍വിജ്ഞാന പഠനത്തിനു മുന്‍‌തൂക്കംനല്‍കി മികവുകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ഒരുലക്ഷം രൂപയുടെ 500 പോസ്​റ്റ്​ ഡോക്​ടറല്‍ ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങള്‍. എന്നാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ ആപേക്ഷികമായ നിർജീവാവസ്ഥ തകര്‍ക്കാനും ഈ മേഖലയെ ഗവേഷണോന്മുഖമാക്കാനും ആവശ്യം കൂടുതല്‍ അധ്യാപക- വിദ്യാര്‍ഥി കേന്ദ്രിത പാക്കേജുകളാണ്. ഗവേഷണത്തി​െൻറ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രാമുഖ്യം നൽകുന്ന പാക്കേജുകളുണ്ടെങ്കില്‍ മാത്രമേ ഇന്നൊവേഷന്‍ വ്യവസ്ഥയുടെ ജൈവഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖല മാറുകയുള്ളൂ എന്ന ദിശാബോധം ഇക്കാര്യത്തില്‍ അനിവാര്യമാണ്. ഉന്നത സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരംകിട്ടുന്ന ഗവേഷകര്‍ അനുവാദത്തിനും പണത്തിനുമായി ആഴ്ചകളും മാസങ്ങളും പരക്കംപായാറുണ്ട്. മാത്രമല്ല, ഇത്തരം പാക്കേജുകള്‍ ദലിത്‌/ആദിവാസി വിഭാഗങ്ങളില്‍പെടുന്ന ഗവേഷകര്‍ക്ക്‌ പ്രത്യേകപരിഗണന നല്‍കുന്നവയുമായിരിക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോസ്​റ്റ്​ ഡോക്​ടറല്‍ ഫെലോഷിപ്പുകള്‍ അമ്പതുശതമാനം സ്ത്രീകള്‍ക്കും ദലിത്‌/ആദിവാസി വിഭാഗങ്ങളിലുംപെട്ട ഗവേഷകര്‍ക്കായി സംവരണം ചെയ്യുന്നത് ഈ ഘട്ടത്തില്‍ വലിയ ഗുണംചെയ്യും.

അന്താരാഷ്​ട്ര പ്രസിദ്ധീകരണങ്ങളും സെമിനാറുകളും

അന്താരാഷ്​ട്ര പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അന്താരാഷ്​ട്ര സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും അധ്യാപക- വിദ്യാര്‍ഥി വിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള തടസ്സങ്ങള്‍ മാറണം. പോസ്​റ്റ്​ ഡോക്​ടറല്‍ ഫെലോഷിപ്പുകള്‍ വർധിപ്പിക്കുക പ്രധാനമാണെങ്കിലും –വിശേഷിച്ചു കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഫെലോഷിപ്പുകള്‍ മരവിപ്പിക്കുന്ന സാഹചര്യത്തില്‍- വിദ്യാർഥികള്‍ക്ക് ഗവേഷണ കാലയളവില്‍ ഒരു വിദേശസെമിനാറിലെങ്കിലും പങ്കെടുക്കാനുള്ള തുക ഉറപ്പുവരുത്തുന്നതും അധ്യാപര്‍ക്ക് രണ്ടോ മൂന്നോ വര്‍ഷത്തെ കാലയളവില്‍ അന്താരാഷ്​ട്ര കോൺഫറൻസുകളില്‍ പ്രബന്ധം സ്വീകരിക്കപ്പെട്ടാല്‍ യാത്രക്കും രജിഷ്​​േട്രഷനും മറ്റുമുള്ള ധനസഹായം നല്‍കുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാക്കേജി​െൻറ ഭാഗമായി വരേണ്ടതുണ്ട്. ഇത് ഔദാര്യമായല്ല, അധ്യാപകരുടെയും ഗവേഷണവിദ്യാര്‍ഥികളുടെയും അവകാശമായി കണക്കാക്കണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍വകലാശാലകളെയും ഐ.ഐ.ടികളെയും മാതൃകയാക്കാം.

ഇപ്പോള്‍ യു.ജി.സിയും ഐ.സി.എസ്​.എസ്​.ആറും മറ്റും നല്‍കുന്ന സഹായങ്ങള്‍ തികച്ചും അപര്യാപ്തമാണ്. അതിനുള്ള ചുവപ്പുനാട പൂർണമായും ഒഴിവാക്കണം. അക്കാദമിക മാനദണ്ഡങ്ങള്‍ അനുസരിച്ച പീര്‍ റിവ്യൂവിലൂടെ സ്വീകരിക്കപ്പെട്ട ഒരു പ്രബന്ധം അന്താരാഷ്​ട്ര സെമിനാറില്‍ അവതരിപ്പിക്കാന്‍ പോകുന്നതിന്​ എന്തിനാണ് കേരളത്തില്‍ മാത്രം വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ അനുവാദം? അങ്ങേയറ്റം പോയാല്‍ സര്‍വകലാശാല വി.സിയുടെ അനുവാദം മതി. ഇത്തരം അനാവശ്യ കീഴ്വഴക്കങ്ങള്‍ എടുത്തുകളയാന്‍ അധ്യാപകസംഘടനകള്‍ സമ്മർദം ചെലുത്തണം. സർവകലാശാലകളുടെ സ്വയംഭരണസ്വഭാവത്തെയും അത് ബാധിക്കുന്നു. അതുപോലെ, അന്താരാഷ്​ട്ര പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ വരുന്നതാണ് ഗവേഷണത്തി​െൻറ ഗുണപരത നിർണയിക്കുന്ന ഏക മാനദണ്ഡം എന്ന് അഭിപ്രായമില്ല.

എങ്കിലും അന്താരാഷ്​ട്ര റാങ്കിങ്​ മാതൃകകളെ പിന്തുടര്‍ന്ന്​ കേരളത്തിലെ/ഇന്ത്യയിലെ സ്ഥാപനങ്ങള്‍ അതില്‍ കടന്നുവരുന്നില്ലെന്ന് വിലപിക്കുന്നുണ്ടെങ്കില്‍ അവയില്‍ കയറാനുള്ള പ്രധാനമാനദണ്ഡം അന്താരാഷ്​ട്ര പഠന ജേണലുകളിലെ ദൃശ്യതയാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ. കൂടാതെ കൂടുതല്‍ കൂടുതല്‍ അന്തര്‍വിജ്ഞാന പഠനകേന്ദ്രങ്ങള്‍ എന്ന പഴയരീതി മാറ്റി​െവച്ച് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ഗവേഷകരുടെയും അധ്യാപകരുടെയും അന്തര്‍വിജ്ഞാന റിസര്‍ച്ച് ക്ലസ്​റ്ററുകള്‍ രൂപവത്​കരിക്കുകയും അവക്ക് അവര്‍ നല്‍കുന്ന പ്രോജക്​ടുകളുടെ പീര്‍ പരിശോധനാടിസ്ഥാനത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തി ഫെലോഷിപ്പുകള്‍ നല്‍കുകയും ചെയ്യണം.

ഇന്നൊവേഷൻ വ്യവസ്ഥയിലെ മാറ്റവും ഗവേഷണ സ്വാതന്ത്ര്യവും

ഇന്ത്യയിലെ ഇന്നൊവേഷന്‍ വ്യവസ്ഥ നിയോ ലിബറല്‍ കാലത്ത് കൂടുതല്‍ കൂടുതല്‍ സര്‍ക്കാര്‍ മുക്തമാവുകയും വിപണി അധിഷ്ഠിതമാവുകയും ചെയ്തിട്ടുണ്ട്. കേരളവും ഈ അവസ്ഥയില്‍തന്നെ. ഇത് സ്വതന്ത്രഗവേഷണത്തെ തടയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനു കൂട്ടുനില്‍ക്കുകയാണ്. ഇതിനെ മറികടക്കാൻ സര്‍ക്കാര്‍ ഇടപെടലുകള്‍ സംസ്ഥാനതലങ്ങളില്‍ ഉണ്ടാവുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇത് വിജയിക്കാന്‍ ഇന്നൊവേഷന്‍ വ്യവസ്ഥയിലെ ഏറ്റവും പ്രധാന ഘടകമായ ഗവേഷകര്‍ക്ക് നേരിട്ടുള്ള പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും ആവശ്യമാണ്‌. അത് ഫെലോഷിപ്പുകള്‍ നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അതുപോലെ, ഒരു സ്ഥൂലപ്രശ്നമായി ഡിജിറ്റല്‍ വിഭജനത്തെ കാണുന്ന കാലവും കടന്നുപോയിരിക്കുന്നു. പുതിയ വിജ്ഞാനസമ്പദ്​വ്യവസ്ഥകള്‍ അനിവാര്യമായും സൂക്ഷ്മതലത്തില്‍ ഡിജിറ്റല്‍ വിഭജനത്തി​െൻറ പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍, പാര്‍ശ്വവത്​കൃത വിഭാഗങ്ങള്‍, പ്രായമായവര്‍ തുടങ്ങിയവരെ നേരിട്ട് ഉൾക്കൊള്ളിക്കുന്ന പദ്ധതികള്‍ വിജ്ഞാന സമൂഹനിർമിതിയുടെ ഭാഗമായില്ലെങ്കില്‍ അവര്‍ ക്രമേണ ഡിജിറ്റല്‍ കുതിപ്പി​െൻറ അടുത്ത ഘട്ടങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തവരായി മാറും.

ആഗോളതലത്തിൽ വിജ്ഞാനസമ്പദ്​വ്യവസ്ഥയുടെ ഭാഗമായി കേരളത്തിലെ വിജ്ഞാനസമൂഹനിർമിതിയെ കാണുന്ന സമീപനവും അതിനായി ആഗോളതൊഴില്‍വിഭജന യുക്തിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഇടപെടലുകളും ഇതിനകം അതി​െൻറ ഭാഗമായി മാറിയ കേരളത്തി​െൻറ ആ വഴിക്കുള്ള മുന്നോട്ടുപോക്കിന് ആക്കംകൂട്ടുന്നതാണ്. എന്നാല്‍, നൈപുണി പരിശീലനങ്ങള്‍, ഇന്നൊവേഷന്‍ ഹബുകള്‍, സ്​റ്റാര്‍ട്ട്‌ അപ്പുകളുടെ പ്രോത്സാഹനം തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളിലും പരിമിതമായി മാത്രമേ വിജയിച്ചിട്ടുള്ളൂ. ഇവയുടെ പരാജയകാരണങ്ങള്‍ അന്വേഷിച്ച്​ ആ ദൗർബല്യങ്ങള്‍ പരിഹരിക്കുക വളരെ പ്രധാനമാണ്. മനുഷ്യജീവിതത്തി​െൻറ സര്‍വസ്പര്‍ശിയായ ഒരു സാങ്കേതികവിദ്യയായി ഡിജിറ്റല്‍ സാങ്കേതികവിദ്യയെ മാറ്റിയെടുക്കാന്‍ ആഗോള മൂലധനത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു പുറത്തു കഴിയുക ഒരു വ്യക്തിയുടെ തീരുമാനത്തിനുള്ളില്‍ ഒതുങ്ങാത്തതരത്തില്‍ അത് വ്യാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വിഭവ പുനര്‍വിതരണത്തി​െൻറ യുക്തിയില്‍ അധിഷ്ഠിതമായ സര്‍ക്കാര്‍ പദ്ധതികളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ജനാധിപത്യവത്​കരണത്തിന് ഊന്നല്‍നല്‍കുന്ന സമീപനങ്ങള്‍, അവയുടെ വ്യക്തിശിഥിലീകരണപ്രവണതകളെക്കുറിച്ചുള്ള ദാര്‍ശനികമായ വ്യാകുലതകള്‍ക്കിടയിലും പ്രധാനമായി മാറുന്നുണ്ട്.

Show Full Article
TAGS:higher education 
News Summary - Research-focused approach in the field of higher education
Next Story