Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightനീതിവ്യവസ്ഥയുടെ...

നീതിവ്യവസ്ഥയുടെ ജനാധിപത്യബോധ്യങ്ങള്‍

text_fields
bookmark_border
നീതിവ്യവസ്ഥയുടെ ജനാധിപത്യബോധ്യങ്ങള്‍
cancel
camera_alt

പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ, എ​സ്.​എ. ബോ​ബ്​​ഡെ

കഴിഞ്ഞ ജൂലൈ 22ന്​ പ്രശാന്ത്​ ഭൂഷണിനെതിരെ കോടതിയലക്ഷ്യം ആരോപിച്ച്​ സുപ്രീംകോടതി നോട്ടീസ് അയച്ചപ്പോള്‍ രാഷ്​ട്രത്തിലെ നിയമവൃത്തങ്ങളെത്തന്നെ ഞെട്ടിച്ച നടപടിയായി അത് മാറി. കാരണം, ഭരണഘടനാപരമായ ഒരു പ്രധാനഘടകത്തെ അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ആ തീരുമാനം. കോടതിയലക്ഷ്യക്കേസുകള്‍ അറ്റോണി ജനറലി​െൻറ അനുവാദത്തോടെ മാത്രമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് നിയമം. പ്രശാന്ത്​ ഭൂഷണിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ രണ്ടു പരാതികള്‍ സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി അവ പരിശോധിക്കണമെങ്കില്‍ അറ്റോണി ജനറല്‍ അതി​െൻറ സാധുത പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ട്. കഴിഞ്ഞ ദിവസംതന്നെ നടിയും സാമൂഹികനിരീക്ഷകയുമായ സ്വര ഭാസ്കര്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകനായ അര്‍ജുന്‍ സക്സേന നല്‍കിയ അപേക്ഷ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ തള്ളിക്കളയുകയായിരുന്നു.

എന്താണ് സ്വര ഭാസ്കര്‍ പറഞ്ഞത് എന്നത് പ്രസക്തമായ ചോദ്യമാണ്. ബാബരി പള്ളിയുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വര ഭാസ്കര്‍ നടത്തിയ രണ്ടു പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടിയ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. അതിലൊന്ന് കോടതികള്‍ ഇപ്പോള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യം സംശയാസ്പദമായിരിക്കുന്നു എന്നായിരുന്നു. ''നമ്മെ ഭരിക്കുന്നത്‌ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു ഭരണകൂടമാണ്‌. നമ്മെ ഭരിക്കുന്നത്‌ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു പൊലീസാണ്. അതിനപ്പുറം ഇപ്പോള്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നത് നമ്മുടെ കോടതികളും ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ്'' എന്നാണു സ്വര ഭാസ്കര്‍ പറഞ്ഞത്. കൂടാതെ, ഒരു കാര്യംകൂടി അവര്‍ പറഞ്ഞു: ''ബാബരി പള്ളി പൊളിച്ചവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കോടതി, പള്ളി പൊളിച്ച കുറ്റവാളികള്‍ക്ക് ആ കെട്ടിടം സമ്മാനിക്കുന്ന രാഷ്​ട്രത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്.'' കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ച്​ അറ്റോണി ജനറല്‍ പറഞ്ഞത് ഈ രണ്ടു പ്രസ്താവനകളും വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അവ കോടതികളെയോ വിശിഷ്യ സുപ്രീംകോടതിയെയോ ഒരു തരത്തിലും അപമാനിക്കുന്നതാവുന്നില്ല എന്നുമായിരുന്നു.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ

അതായത്, രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായവ്യവസ്ഥക്ക് കോടതിയലക്ഷ്യം എന്നു വിളിക്കാവുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ അതി​െൻറ ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതിന് ഒരു ചട്ടക്കൂട് നിലവിലുണ്ട് എന്നർഥം. ആ ചട്ടക്കൂടിനെത്തന്നെ തികച്ചും അപ്രസക്തമാക്കിയാണ് പ്രശാന്ത്​ ഭൂഷണി​െൻറ കാര്യത്തില്‍ കോടതിനടപടികള്‍ ഉണ്ടായിരിക്കുന്നത്. അറ്റോണി ജനറല്‍ സ്വര ഭാസ്കരുടെ കാര്യത്തില്‍ എടുത്ത നിലപാട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നുണ്ട്​. സ്വാഭാവികമായും അതിനു സമാനമായ അഭിപ്രായപ്രകടനങ്ങള്‍തന്നെയാണ്‌ പ്രശാന്ത്​ ഭൂഷണും നടത്തിയിട്ടുള്ളത്. ഒരുപക്ഷേ, സാധാരണ നിയമവഴിയിലൂടെയാണ് ഈ കേസ് ഉന്നയിക്കപ്പെട്ടിരുന്നതെങ്കില്‍ ഇതിന്​ അറ്റോണി ജനറലി​െൻറ അനുവാദംതന്നെ ലഭിക്കുമായിരുന്നോ എന്നുപോലും സംശയമാണ്.

ട്വീറ്റ് വഴി പ്രശാന്ത്​ ഭൂഷൺ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സുപ്രീംകോടതിയുടെ നോട്ടീസില്‍ പറയുന്നത്. ചീഫ് ജസ്​റ്റിസ് ഒരു മാസ്​ക്കുപോലും ധരിക്കാതെ മോട്ടോര്‍സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ച് ജൂണ്‍ 29ന് ട്വിറ്ററില്‍ ചെയ്ത പോസ്​റ്റി​െൻറ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി ജൂലൈ 22ന് നോട്ടീസ് അയച്ചത്. മാസ്​ക്കോ ഹെല്‍മറ്റോ ധരിക്കാതെ ചീഫ് ജസ്​റ്റിസ് ബോബ്​ഡെ ഒരു ഹാര്‍ലി ഡേവിഡ്​സൺ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കു​െവച്ച്, ''സുപ്രീംകോടതിയെ ലോക്​ഡൗണിലാക്കി ജനങ്ങള്‍ക്ക്‌ നീതി ലഭിക്കാനുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിച്ചിട്ട്, നാഗ്പുരിലെ രാജ്ഭവനു സമീപം ചീഫ് ജസ്​റ്റിസ് ബി​.ജെ.പി നേതാവി​െൻറ 50 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു'' എന്നായിരുന്നു പ്രശാന്ത് ഭൂഷൺ എഴുതിയത്. മൂന്നു മാസമായി കോടതിനടപടികള്‍ നടക്കാത്ത സാഹചര്യത്തിലുള്ള വേദനയിലാണ് ത​െൻറ ട്വീറ്റെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു. മാത്രമല്ല, ''ഭാവി ചരിത്രരചയിതാക്കള്‍ തിരിഞ്ഞുനോക്കുമ്പോള്‍, കഴിഞ്ഞ ആറുവര്‍ഷമായി ഔപചാരികമായ അടിയന്തരാവസ്ഥയുടെ മറപോലുമില്ലാതെ ഒരു രാജ്യത്തെ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടു എന്നതില്‍ സുപ്രീംകോടതിക്ക് നിര്‍ണായക പങ്കുണ്ടെന്ന് അവര്‍ക്ക് ബോധ്യമാകും, പ്രത്യേകിച്ച് നാലു ചീഫ് ജസ്​റ്റിസുമാരുടെ പങ്ക്​'' എന്നതായിരുന്നു ഇപ്പോഴത്തെ കോടതിയലക്ഷ്യ നോട്ടീസിന്​ ആധാരമായ പ്രശാന്ത്​ ഭൂഷണി​െൻറ മറ്റൊരു ട്വീറ്റ്. സ്വര ഭാസ്കര്‍ കേസില്‍ അറ്റോണി ജനറല്‍ എടുത്ത തീരുമാനം ഏതു മാനദണ്ഡം അനുസരിച്ചായിരുന്നു എന്ന് പരിശോധിക്കുന്നവര്‍ക്ക് വ്യക്തമാവുന്ന ഒരു കാര്യം ഈ കേസ് ശരിയായ നിയമവഴിക്ക് നീങ്ങുമായിരുന്നെങ്കില്‍ അറ്റോണി ജനറലി​െൻറ അനുമതി കിട്ടുമായിരുന്നോ എന്ന കാര്യംതന്നെ സംശയമാണ് എന്നതാണ്.

കാരണം, ഭരണകൂടത്തി​െൻറയും ഭരണകൂടസ്ഥാപനങ്ങളുടെയും നയങ്ങളെയും നിലപാടുകളെയുംകുറിച്ച് മൗലികമായ അഭിപ്രായപ്രകടനങ്ങളോ ഉയർന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോ നടത്താന്‍ ഭരണഘടനാപരമായ അവകാശം ഒരു ജനാധിപത്യത്തിലെ പൗരന്മാര്‍ക്കുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. അത് കോടതിയെക്കുറിച്ചോ ന്യായാധിപന്മാരെക്കുറിച്ചോ ആണെങ്കില്‍ത്തന്നെയും അനുവദനീയമായിരിക്കണം എന്ന കാര്യത്തിലും ഒരു സംശയത്തിനും കാരണമില്ല. അഭിപ്രായസ്വാതന്ത്ര്യത്തെ സംബന്ധിച്ച ഈ അടിസ്ഥാന രാഷ്​ട്രീയധാരണ പ്രശാന്ത്​ ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യക്കേസിനെ തീര്‍ത്തും ദുർബലമാക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു രാഷ്​ട്രം ഫാഷിസത്തിലേക്കു വഴുതുന്നോ എന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് അവിടെ അഭിപ്രായസ്വാതന്ത്ര്യത്തി​െൻറ പരിധികളെക്കുറിച്ചും അത് നിയന്ത്രിക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ചും ഭരണകൂടത്തി​െൻറയോ ഭരണകൂടസ്ഥാപനങ്ങളുടെയോ ഭരണവർഗപാർട്ടികളുടെയോ മുൻകൈയില്‍ ഒരു ചര്‍ച്ച ആരംഭിച്ചിട്ടുണ്ടോ എന്നാണ്. കഴിഞ്ഞ ആറുവര്‍ഷത്തെ ചരിത്രം പരിശോധിക്കുന്നവര്‍ ഒരുപക്ഷേ, നാളെ കണ്ടെത്തുന്ന ഒരു പ്രധാന വസ്തുത മനുഷ്യാവകാശ-അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തി​െൻറ ആവശ്യകത ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ തൽപരകക്ഷികള്‍ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും വ്യവഹാരനിർമിതികളുടെയും ഈ കാലഘട്ടത്തിലെ ബാഹുല്യത്തെക്കുറിച്ചുകൂടിയായിരിക്കും എന്നതില്‍ സംശയമില്ല.

കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച്‌ സത്യവാങ്മൂലം നല്‍കാനാണ് സുപ്രീംകോടതി പ്രശാന്ത്​ ഭൂഷണിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, മാപ്പുപറയില്ലെന്നും പരമോന്നത കോടതി നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇതുവഴി രാഷ്​ട്രത്തി​െൻറ വിമതത്വം എന്ന മൗലികമായ അവകാശത്തി​െൻറ ഭാഗത്ത് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നു. ഈ നിലപാടില്‍ ഒരു രാഷ്​ട്രീയമുണ്ട് എന്നത് അദ്ദേഹത്തി​െൻറ മുന്‍നിലപാടുകള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യമാവും. കേവലമായ അഹന്തയല്ല ഇതിനു പിന്നിലുള്ളത്. കാരണം, മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. 2009ൽ 'തെഹൽക' മാഗസിന് നൽകിയ അഭിമുഖത്തിൽ, 16 സുപ്രീംകോടതി ചീഫ്ജസ്​റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതാണ് ആ കേസിനാധാരം. എന്നാല്‍, പ്രശാന്ത്​ ഭൂഷൺ ആ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ചു. അഴിമതി എന്ന വാക്ക് വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചത് എന്നും സാമ്പത്തികഅഴിമതിയോ ധനപരമായ നേട്ടമോ മാത്രമല്ല ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്​തു. അപ്പോള്‍ ഈ കേസില്‍ മാപ്പുപറയാനും ഖേദം പ്രകടിപ്പിക്കാനും പ്രശാന്ത് ഭൂഷൺ തയാറാവാത്തത് അതി​െൻറ ആവശ്യമില്ല എന്ന് അദ്ദേഹത്തിന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ്.

രാഷ്​ട്രത്തെ ഗ്രസിക്കുന്ന ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തി​െൻറ ചട്ടുകമായി കോടതികള്‍ മാറുന്നുണ്ടോ എന്നത് ഇവിടത്തെ പൗരസമൂഹം ഉറ്റുനോക്കുന്നുണ്ട് എന്തി​െൻറ ഉദാഹരണങ്ങളാണ് സ്വര ഭാസ്കറുടെയും പ്രശാന്ത്​ ഭൂഷണി​െൻറയും മറ്റനേകം പേരുടെയും സമാനമായ പ്രസ്താവനകളില്‍ കാണാന്‍ കഴിയുക. ആ സന്ദേഹങ്ങളും ആശങ്കകളും ദൂരീകരിക്കാന്‍ ഉത്തരവാദപ്പെട്ട ന്യായാസനം നീതിവിരുദ്ധതയുടെ സ്വേച്ഛാപരമായ ഏകപക്ഷീയതകളിലേക്കു നീങ്ങുന്നുവോ എന്ന കടുത്ത വ്യാകുലതയാണ് കോടതിയുടെ ഇപ്പോഴത്തെ നടപടികള്‍ സൃഷ്​ടിക്കുന്നത്. ജനാധിപത്യത്തിന് ഇതൊട്ടുംതന്നെ ശുഭകരമല്ല എന്ന കാര്യം കോടതികളും മനസ്സിലാക്കിയേ മതിയാകൂ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nalamkannutt srikumar
Next Story