സൈനിക സാമ്രാജ്യത്വത്തിന്റെ ലോകക്രമം
text_fieldsഏത് യുദ്ധത്തെയും അപലപിക്കുകയെന്നത് ഒരു ധാർമിക അനിവാര്യതയാണ്. കാരണം, യുദ്ധം എല്ലായ്പോഴും നാശവും കഷ്ടപ്പാടും മനുഷ്യാന്തസ്സിന്റെ ശോഷണവും രക്തപ്പുഴകളും സൃഷ്ടിക്കുന്നു. മനുഷ്യചരിത്രത്തിലെമ്പാടും യുദ്ധങ്ങള്‍ വീഴ്ത്തിയ കണ്ണുനീരിന്‍റെയും ചോരയുടെയും അടയാളങ്ങളുണ്ട്. എന്നാല്‍, യുദ്ധവിരുദ്ധത കേവലമായ ഒരു നൈതികനിലപാടല്ല. യുദ്ധത്തിന്റെ കാരണങ്ങളെയോ അതിന് കാരണക്കാരായ ശക്തികളെയോ പരിശോധിക്കാനും വിമര്‍ശിക്കാനും വിസമ്മതിക്കുന്ന പൊള്ളയായ അമൂർത്തീകരണമായല്ല യുദ്ധവിരുദ്ധ അപലപനം ഉണ്ടാവേണ്ടത്. അക്രമത്തെ പൊതുവായി അപലപിക്കുകയും അതിനെ പ്രേരിപ്പിക്കുന്ന അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ആക്രമണത്തിന്‍റെയും ഘടനകളെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്യുന്നത് രാഷ്ട്രീയഭീരുത്വമാണ്.
സാമ്രാജ്യത്വാഭിലാഷങ്ങൾ പൂര്‍ത്തീകരിക്കാനുള്ള ഭൗമരാഷ്ട്രീയ ബലപ്രയോഗവും സാമ്പത്തികവും തന്ത്രപരവുമായ ആധിപത്യവും അധീശത്വവും നേടാനും നിലനിര്‍ത്താനുമുള്ള രക്തച്ചൊരിച്ചിലും മനുഷ്യസംസ്കൃതിക്കെതിരെയുള്ള കുറ്റകൃത്യമാണ്. അതിന്‍റെ പ്രണേതാക്കളെക്കുറിച്ചുള്ള നിശബ്ദത അനീതിയെ മറയ്ക്കുന്ന യുദ്ധപങ്കാളിത്തംതന്നെയാണ്. യുദ്ധത്തിനെതിരായ തത്ത്വാധിഷ്ഠിത നിലപാട് സമാധാനത്തോടുള്ള പ്രതിബദ്ധത മാത്രമല്ല, മറ്റുള്ളവരുടെമേൽ യുദ്ധം അടിച്ചേൽപിക്കുന്നവരെ തിരിച്ചറിയാനും വിമർശിക്കാനുമുള്ള ധൈര്യവും ആവശ്യപ്പെടുന്നുണ്ട്. ആക്രമണത്തിന്റെ ഇരകളോടൊപ്പം നിൽക്കുകയെന്നത് അക്രമത്തെ അംഗീകരിക്കലല്ല; മറിച്ച്, തങ്ങളുടെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ നിർബന്ധിതരായവർക്ക് യുദ്ധം അനിവാര്യമാക്കുന്ന ശക്തികളെ നേരിടേണ്ടത് നീതി ആവശ്യപ്പെടുന്നു എന്ന തിരിച്ചറിവാണ്.
യുദ്ധവും മൂലധന താൽപര്യങ്ങളും
അടുത്തകാലത്തായി അമേരിക്ക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സൈനിക ഇടപെടലുകൾ സാമ്രാജ്യത്വത്തെ വീണ്ടും പ്രധാന രാഷ്ട്രീയചർച്ചയായി മാറ്റിയിരിക്കുകയാണ്. ശീതയുദ്ധം അവസാനിച്ചതിനുശേഷം അമേരിക്ക ലോകരാഷ്ട്രീയത്തിൽ ഒരു ഏകാധിപത്യശക്തിയായി പ്രവർത്തിക്കുന്നുവെന്നത് ആരുടെയും വിമർശനമല്ല, അവരുടെതന്നെ ലജ്ജാരഹിതമായ ഔദ്യോഗികാഖ്യാനമാണ്. അതിന് താളംചവിട്ടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇല്ല എന്നതായിരുന്നു ആഗോളരാഷ്ട്രീയത്തിലെ ഇന്ത്യന്‍ താന്‍പോരിമയുടെ അടിസ്ഥാനം. ഇപ്പോള്‍ ആ സ്ഥിതി മാറുന്നു എന്ന വസ്തുത ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല.
അന്താരാഷ്ട്ര നിയമക്രമം, ഐക്യരാഷ്ട്രസഭാ സംവിധാനങ്ങൾ, ബഹുസ്വരനയതന്ത്രം എന്നിവയെ അവലംബിക്കാതെ പല സാഹചര്യങ്ങളിലും അമേരിക്ക നേരിട്ടോ പരോക്ഷമായോ സൈനിക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നത് സമീപകാല ചരിത്രമാണ്. ഇറാഖ്, അഫ്ഗാനിസ്താൻ, ലിബിയ, സിറിയ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ ഈ ഏകപക്ഷീയ ഇടപെടലുകളുടെ ചരിത്രപരമായ ഉദാഹരണങ്ങളായി നമ്മുടെ മുമ്പിലുണ്ട്. ഇപ്പോള്‍ ഇറാനെതിരെ നടക്കുന്ന സൈനികാക്രമണങ്ങൾ, മിസൈൽ ആക്രമണങ്ങൾ, ഡ്രോൺ ഓപറേഷനുകൾ, കൂടാതെ ഗൾഫ് മേഖലയിലുടനീളം വ്യാപിച്ചിരിക്കുന്ന അമേരിക്കൻ സൈനികതാവളങ്ങൾ എന്നിവ ചേർന്ന് അമേരിക്കയുടെ സാമ്രാജ്യത്വ ശക്തിപ്രകടനത്തിന്റെ പുതിയഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഈ ഇടപെടലുകൾ പലപ്പോഴും “സുരക്ഷ”, “തീവ്രവാദവിരുദ്ധത”, “പ്രാദേശികസ്ഥിരത” തുടങ്ങിയ പേരുകളിലാണ് ന്യായീകരിക്കപ്പെടുന്നത്. എന്നാൽ, ഇതിനുപിന്നിൽ നിലകൊള്ളുന്നത് ഊർജവിഭവങ്ങളിലേക്കുള്ള നിയന്ത്രണം, സമുദ്രഗതാഗതപാതകളുടെ മേൽനോട്ടം, സൈനിക-രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പാക്കൽ എന്നിവയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. പേർഷ്യൻ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികസാന്നിധ്യം അതിനുള്ള ഉദാഹരണമാണ്. ഇവിടത്തെ താവളങ്ങൾവഴി അമേരിക്കക്ക് പേർഷ്യൻ ഗൾഫ് സമുദ്രപാതകൾ, ഹുർമുസ് കടലിടുക്ക്, മിഡിൽ ഈസ്റ്റ് വ്യോമമേഖല എന്നിവയെ നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോൾ സൈനിക നടപടികൾ നടത്താനും കഴിയും. ഇങ്ങനെകൂടിയാണ് പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയത്തിൽ അമേരിക്കയുടെ സൈനികശക്തി ഒരു സ്ഥിരസാന്നിധ്യമായി നിലനിൽക്കുന്നത്. മാത്രമല്ല, അമേരിക്കന്‍ മൂലധന താല്‍പര്യങ്ങളുടെ അനിഷേധ്യമായ അടിത്തറയില്‍ പണിതുയര്‍ത്തിയതാണ് അമേരിക്കന്‍ സൈനികനയം.
ഇറാഖ് യുദ്ധം ഈ ഏകപക്ഷീയതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായിരുന്നു. ഐക്യരാഷ്ട്രസഭയുടെ വ്യക്തമായ അനുമതിയില്ലാതെതന്നെ, സര്‍വനാശകാരികളായ ആയുധങ്ങള്‍ കണ്ടെടുത്ത് നശിപ്പിക്കുക എന്ന കപടാഖ്യാനത്തോടെയാണ് അമേരിക്കയും അതിന്റെ സഖ്യരാജ്യങ്ങളും 2003ൽ ഇറാഖിൽ സൈനികാധിനിവേശം ആരംഭിച്ചത്. പിന്നീട് അവകാശവാദങ്ങൾ ലോകത്തെ കബളിപ്പിക്കാന്‍ കെട്ടിച്ചമച്ചതായിരുന്നുവെന്ന് തെളിഞ്ഞെങ്കിലും, മുഴുവൻ മേഖലയിലും ദീർഘകാല രാഷ്ട്രീയാസ്ഥിരത സൃഷ്ടിച്ച കാപട്യത്തിന് അമേരിക്കക്കോ അതിന്റെ സഖ്യരാഷ്ട്രങ്ങള്‍ക്കോ ആരോടും കണക്ക് ബോധിപ്പിക്കേണ്ടിവന്നിട്ടില്ല.
ഖുമൈനിയുടെ മതപുസ്തകത്തില്‍ ആധുനികതാവിരുദ്ധമായ നിയമങ്ങള്‍ ഇഴകീറിനോക്കുന്നവര്‍ക്ക് ആധുനികനിയമങ്ങളോടുള്ള അമേരിക്കന്‍ അവസരവാദത്തിന് ആ രാജ്യം ഉത്തരം പറയേണ്ടതുണ്ട് എന്ന് തോന്നാറില്ല. അഫ്ഗാനിസ്താനിലെ ഇടപെടല്‍, ലിബിയയിലെ ഇടപെടൽ, സിറിയയിലെ സൈനികസാന്നിധ്യം, യെമനിലെ യുദ്ധത്തിൽ നൽകിയ പിന്തുണ തുടങ്ങിയവയും ഈ നിഷ്ഠൂരമാതൃകയുടെ ഉദാഹരണങ്ങളാണ്. എല്ലായ്പോഴും അമേരിക്കന്‍ ഇടപെടലുകൾ ഏതെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല പുതിയ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനാണ് കാരണമായിട്ടുള്ളത്. എന്നാല്‍, ആരോടും അവരതിന് ഉത്തരം പറയേണ്ടിവരുന്നില്ല.
സൈനിക ഇടപെടലുകൾക്ക് പുറമെ അമേരിക്കയുടെ വിദേശനയത്തിൽ മറ്റൊരു പ്രധാന ഘടകമായി കാണപ്പെടുന്നത് സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദങ്ങളാണ്. സാമ്പത്തിക ഉപരോധങ്ങൾ, വ്യാപാരനിയന്ത്രണങ്ങൾ, സാങ്കേതിക നിയന്ത്രണങ്ങൾ തുടങ്ങിയവ അമേരിക്കയുടെ വിദേശനയ ഉപകരണങ്ങളായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ക്യൂബ, ഇറാൻ, വെനിസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങൾ ഇതിനുള്ള ഉദാഹരണങ്ങളാണ്. പലപ്പോഴും ഈ നടപടികൾ അന്താരാഷ്ട്രസംഘടനകളുടെ സംയുക്ത തീരുമാനങ്ങളെക്കാൾ അമേരിക്കയുടെ ഏകപക്ഷീയ തീരുമാനങ്ങളായാണ് മുന്നോട്ടുപോകുന്നത്. ഇതിലൂടെയാണ് അമേരിക്കയുടെ ശക്തി കേവലം സൈനികതലത്തിൽ എന്നതിലുപരി, സാമ്പത്തികവും സാങ്കേതികവുമായ മേഖലകളിലും നിലനിര്‍ത്തപ്പെടുന്നത്. ഇതാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്ന സൈനികസാമ്രാജ്യത്വത്തിന്‍റെ പുതിയ ലോകക്രമ സങ്കല്‍പം.
ഇന്ത്യൻ പരമാധികാരവും സാമ്രാജ്യത്വവും
ഈ പശ്ചാത്തലത്തിൽവേണം പരോക്ഷമായെങ്കിലും ഇന്ത്യയുടെ പരമാധികാരം ചോദ്യംചെയ്യുന്ന തരത്തിലുള്ള അമേരിക്കയുടെ സമീപനവും മനസ്സിലാക്കേണ്ടത്. ശീതയുദ്ധകാലത്ത് ഇന്ത്യ ഒരു സ്വതന്ത്രവിദേശനയം പിന്തുടർന്നിരുന്നെങ്കിലും, അതിനുശേഷം അമേരിക്കയുമായി കൂടുതലടുക്കുന്ന സമീപനം സ്വീകരിക്കാന്‍ തുടങ്ങിയെന്നത് ശരിയാണ്. പ്രതിരോധസഹകരണം, സാങ്കേതികപങ്കാളിത്തം, വ്യാപാരബന്ധങ്ങൾ എന്നിവ കൂടാതെ ചൈനയെ നേരിടുന്നതിനുള്ള തന്ത്രപരമായ കൂട്ടുകെട്ട് എന്നനിലക്കും ഈ ബന്ധം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എന്നതിനപ്പുറം ആഗോളഭൗമരാഷ്ട്രീയ അസമത്വങ്ങള്‍ അതിലുണ്ടായിരുന്നു. പക്ഷേ, അപ്പോഴുമത് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഉഭയകക്ഷി ബന്ധമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു ദശകമായി നാം കാണുന്നതെന്താണ്? നമ്മുടെ താല്‍പര്യങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് അമേരിക്കന്‍ നേതൃത്വത്തിന് ഏകപക്ഷീയമായി ഇന്ത്യയെപ്പറ്റി അഭിപ്രായ പ്രകടനങ്ങള്‍വരെ നടത്താന്‍ കഴിയുന്നത്ര രൂക്ഷമായ രാഷ്ട്രീയവിധേയത്വമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയെ പ്രധാന പ്രാദേശിക പങ്കാളിയായി കാണുമ്പോഴും, പലപ്പോഴും ഇന്ത്യയുടെ താൽപര്യങ്ങൾ സ്വാഭാവികമായി അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങളോട് ചേർന്നുപോകുമെന്ന് ഉറപ്പുവരുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയാറാവുന്നില്ല എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ശക്തമാവുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ കൂടാതെ അന്താഷ്ട്രവ്യാപാരത്തില്‍ ഇന്ത്യക്ക് അമേരിക്കന്‍ അനുമതികള്‍ ആവശ്യമുണ്ടെന്ന പരസ്യപ്രസ്താവനകൾ അമേരിക്കന്‍ സെക്രട്ടറിമാര്‍ ഇറക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഇന്ത്യയെ ഒരു സ്വതന്ത്ര നയതന്ത്രശക്തിയായി കാണുന്നതിനുപകരം ആജ്ഞാനുവര്‍ത്തിയായ ഒരു സാമന്തരാജ്യംപോലെ കരുതാം എന്ന മൂഢവിശ്വാസം അമേരിക്ക വെച്ചുപുലര്‍ത്തുന്നുവെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.
ആത്യന്തികമായി നാം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: ഇന്ത്യയുടെ ദീർഘകാല താൽപര്യങ്ങൾ ഏറ്റവും മികച്ചരീതിയിൽ സംരക്ഷിക്കപ്പെടുന്നത് പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ സൈനിക ഇടപെടലുകളെ നയതന്ത്രപരമായി എതിർക്കുന്നതിലൂടെയാണ്. ഊർജവിതരണത്തിനും വ്യാപാരപ്പാതകൾക്കും ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ ഉപജീവനമാർഗത്തിനും ഈ മേഖല ഇന്ത്യക്ക് നിർണായകമാണ്. സൈനികസംഘർഷങ്ങൾ എണ്ണവിപണികളെ അസ്ഥിരപ്പെടുത്തുകയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ഹുർമുസ് കടലിടുക്കിലെയും സമുദ്രസുരക്ഷയെ ഭീഷണിപ്പെടുത്തുകയും ഇന്ത്യൻ പ്രവാസികളെ അപകടത്തിലാക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വയംഭരണം, ചേരിചേരായ്മ, ദേശീയ പരമാധികാരത്തോടുള്ള ബഹുമാനം എന്നീ തത്ത്വങ്ങൾ ഇന്ത്യ എക്കാലവും പ്രധാനമായി കരുതിയ പ്രമാണങ്ങളാണ്. സൈനിക ഇടപെടലിനുപകരം സംഭാഷണം, ബഹുകക്ഷി നയതന്ത്രം, പ്രാദേശിക സ്ഥിരത, സാമ്രാജ്യത്വപ്പിന്മാറ്റം എന്നിവക്കായി വാദിക്കുന്നതിലൂടെയാണ്, ഇന്ത്യക്ക് പുതിയ അമേരിക്കന്‍ സൈനിക ലോകക്രമത്തിനുള്ളില്‍ സ്വന്തം സാമ്പത്തികതാൽപര്യങ്ങളോടും സ്വതന്ത്രവും സന്തുലിതവുമായ വിദേശനയത്തോടുമുള്ള ദീർഘകാല പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ സാധ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

