Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഎം. ഗംഗാധരന്‍...

എം. ഗംഗാധരന്‍ നഷ്ടകേരളത്തിന്‍റെ ചരിത്രകാരന്‍

text_fields
bookmark_border
എം. ഗംഗാധരന്‍ നഷ്ടകേരളത്തിന്‍റെ ചരിത്രകാരന്‍
cancel
camera_alt

ഡോ. എം. ഗംഗാധരനൊപ്പം ലേഖകൻ (ഫയൽ ചിത്രം)

ഡോ. എം. ഗംഗാധരൻ കേരളത്തിന്‍റെ ആധുനിക-ഉത്തരാധുനിക രാഷ്ട്രീയമനസ്സിനോട് സംവദിക്കാന്‍ ശ്രമിച്ച​ ധിഷണയുടെ തെളിച്ചമുള്ള ചിന്തകനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് എന്നെ സംബന്ധിച്ചിടത്തോളം മൂന്നു ദശാബ്ദക്കാലമായി നിലനിന്ന ദീർഘസൗഹൃദത്തിന്‍റെ ഭൗതികവിരാമമാണ്. എൺപതുകളില്‍ ഞാന്‍ വിദ്യാർഥിയായിരിക്കെ ​ ഒരുമിച്ചു പങ്കെടുത്ത ഒരു യോഗത്തിൽവെച്ചാണ്​ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം സംസാരിച്ചത് കേരളത്തെക്കുറിച്ചായിരുന്നു.

കേരളത്തെ നമുക്ക് മനസ്സിലാക്കാന്‍ സഞ്ചരിക്കേണ്ട വഴികളെക്കുറിച്ച് മറ്റൊരു പാഠം എന്‍റെ മനസ്സില്‍ രൂപപ്പെടുകയായിരുന്നു അദ്ദേഹത്തെ ശ്രവിക്കുന്ന ആദ്യാവസരത്തില്‍. വേദികളിലെ മുഴങ്ങുന്ന വാക്കുകൾക്കപ്പുറത്ത് പതിഞ്ഞ താളത്തില്‍ സൂക്ഷ്മതയോടെ മനസ്സിലാക്കേണ്ട, അപനിർമിക്കപ്പെടേണ്ട, അപകോളനീകരിക്കപ്പെടേണ്ട ഒരു കേരളമുണ്ടെന്ന്, അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളോടെങ്കിലും വിയോജിപ്പ് തോന്നിയപ്പോള്‍പോലും ശാന്തമായ ആ പ്രഭാഷണം എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

പലപ്പോഴും രാഷ്ട്രീയമായ വിയോജിപ്പുകള്‍ പറയാന്‍ മടികാട്ടാത്ത ഞാന്‍ അദ്ദേഹത്തിന്‍റെ ചില നിരീക്ഷണങ്ങളോട് എന്‍റെ ഊഴത്തില്‍ സൂചിപ്പിച്ചിരുന്നു. യോഗം കഴിഞ്ഞ് ഒരു ചെറുചിരിയോടെ അദ്ദേഹം എന്നെ നേരിട്ടു. അന്നു തുടങ്ങിയ സൗഹൃദം വ്യക്തിപരമായ ഒരു അടുപ്പംകൂടിയായി മാറുകയായിരുന്നു. നിരവധി യാത്രകള്‍ ഒന്നിച്ചുണ്ടായിട്ടുണ്ട്. തൊണ്ണൂറുകളുടെ ഒടുവില്‍ ഞാന്‍ കേരളത്തിൽനിന്ന് പോയശേഷം വ്യക്തിപരമായ സൗഹൃദങ്ങള്‍ പലതും പഴയശക്തിയില്‍ നിലനിർത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, നാട്ടിലേക്കുള്ള ഓരോ വരവിലും അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുകയും നിരവധി തവണ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

കേരളം ആന്തരികമായി ദ്രവിക്കുകയും ശിഥിലീകൃതമാവുകയും ചെയ്യുന്നു എന്നത് എൺപതുകളിലും തൊണ്ണൂറുകളിലുംതന്നെ നമ്മുടെ സാംസ്കാരിക മേഖലയില്‍ ഇടപെടുന്നവർക്ക്​ ബോധ്യമാവുന്ന വസ്തുതയായിരുന്നു. പൊള്ളയായ ശുഭാപ്തിവിശ്വാസംകൊണ്ട് പൊതിഞ്ഞുവെക്കാന്‍ കഴിയാത്ത അസ്വസ്ഥതകള്‍ നമ്മുടെ സാമൂഹികമേഖലയില്‍ രൂപംകൊള്ളുന്നുണ്ടായിരുന്നു. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള കേവലമായ വാചാടോപങ്ങൾകൊണ്ട്​ മറച്ചുവെക്കാന്‍ കഴിയാത്ത രാഷ്ട്രീയ പ്രവണതകള്‍ ഇവിടെ ശക്തമാകുന്നുണ്ടായിരുന്നു. കേരളത്തിന്‍റെ ധൈഷണികതയില്‍ ആഴത്തില്‍ വേരൂന്നിയ ലളിതമായ ബൈനറികളുടെ അപ്രമാദിത്വത്തില്‍ വിശ്വസിച്ചിരുന്ന ഒരു താർക്കികലോകം തകർന്നുവീഴുകയും കൂടുതല്‍ വിശാലമായ ഉൾക്കൊള്ളലുകൾക്ക്​ നാം തയാറാവേണ്ടതുണ്ടെന്നും എം. ഗോവിന്ദനുശേഷം ശക്തമായി പറഞ്ഞ രണ്ടുപേര്‍ പി.കെ. ബാലകൃഷ്ണനും എം. ഗംഗാധരനും ആയിരുന്നു.

പരസ്പരപൂരകങ്ങളായ ചില ചിന്തകള്‍ ഇവർക്കിടയില്‍ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. പി.കെ. ബാലകൃഷ്ണന്‍ 'മാധ്യമം' പത്രാധിപരായിരുന്ന കാലത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഇതിന്‍റെ മറ്റൊരു വശമായിരുന്നു എം. ഗംഗാധരന്‍ ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌. ജാതിവെറിയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും ജനാധിപത്യനിഷേധത്തിന്‍റെയും മനുഷ്യാവകാശലംഘനങ്ങളുടെയും കേരളത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന ഒരു രാഷ്ട്രീയബോധമാണ് ഇരുവരും പകരാന്‍ ആഗ്രഹിച്ചത്.

ഞാന്‍ പി.കെ. ബാലകൃഷ്ണനെ പരിചയപ്പെടുന്നതുതന്നെ പഴയ പ്രീഡിഗ്രി വേർപെടുത്തല്‍ സമരത്തില്‍വെച്ചാണ്. നിയോലിബറല്‍ യുക്തിയുടെ രാഷ്ട്രീയത്തിലേക്ക് കേരളം ഒന്നായി കൂപ്പുകുത്തുന്നതെങ്ങനെ എന്നതിന്‍റെ ആദ്യത്തെ ഉദാഹരണമായിരുന്നു പ്രീഡിഗ്രി വേർപെടുത്തല്‍ വിരുദ്ധ സമരത്തിന്‍റെ ഉള്ളിൽനിന്നും പുറത്തുനിന്നുമുള്ള വലിയ പരാജയം. കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തെ ആഗോള നിയോലിബറല്‍ രാഷ്ട്രീയം വിഴുങ്ങുന്നതും അതിന്‍റെ പിന്നാമ്പുറ വക്താക്കള്‍ വലിയ നേതാക്കളായി വളരുന്നതും പിന്നീട് നാം കണ്ടു. വിദ്യാഭ്യാസമേഖലയില്‍നിന്ന് വളരെ വേഗം ഈ പ്രതിലോമരാഷ്ട്രീയം കേരളത്തിന്‍റെ മുഖ്യധാരാ ഭരണയുക്തിയായി രൂപാന്തരം പ്രാപിക്കുന്നത് വേദനയോടെയും എന്നാല്‍ അതിനെതിരെ പോരാടേണ്ടതുണ്ട് എന്ന ആത്മവിശ്വാസത്തോടെയും മനസ്സിലാക്കിയ രണ്ടു ചിന്തകരായാണ് ഞാന്‍ പി.കെ. ബാലകൃഷ്ണനെയും എം. ഗംഗാധരനെയും അക്കാലത്തു മനസ്സിലാക്കിയത്.

എം. ഗംഗാധരന്‍ 'മലയാളി'യെ, 'കേരള'ത്തെ, ഗാഢമായി അറിയുന്നതിന് പരികൽപനപരമായ മനനങ്ങള്‍ ആവശ്യമുണ്ടെന്നു വിശ്വസിച്ചു. ഞാന്‍ കേരളത്തിന്‍റെ നഗരവത്കരണത്തെക്കുറിച്ച് പഠിക്കുന്ന സമയത്ത് 'സ്ഥലം' എന്ന സങ്കൽപത്തെ സാമൂഹികമായി മനസ്സിലാക്കുക എന്നത് ലെഫെബെവറിൽനിന്നും ഫൂക്കോയില്‍നിന്നും മാനുവല്‍ കാസ്തെല്സിനല്‍നിന്നുമെല്ലാം വേറിട്ടുചിന്തിക്കുന്ന ഒരു മനസ്സുമായി അദ്ദേഹം എന്നോട് സംവദിച്ചിട്ടുണ്ട്. ചരിത്രത്തിലെയും സാമൂഹികശാസ്ത്രത്തിലെയും രീതികളെക്കുറിച്ചുള്ള ഒരു അകക്കണ്ണ് അദ്ദേഹം എപ്പോഴും തുറന്നുവെച്ചിരുന്നു. അതിന്‍റെ സൂക്ഷ്മമായ പ്രയോഗത്തിലൂടെയാണ് 'തന്‍റെ ഇടം -തന്‍റേടം' എന്ന ഒരു പരികൽപന മലയാളിയുടെ സ്ഥലബോധത്തെ ചരിത്രപരമായി വിലയിരുത്താന്‍ അദ്ദേഹം കണ്ടെടുക്കുന്നത്. മലയാളി എന്ന സങ്കൽപത്തിലെ സവർണതയും കേരളം എന്ന സങ്കൽപത്തിലെ ചരിത്രശൂന്യതകളും പി.കെ. ബാലകൃഷ്ണനെപ്പോലെ എം. ഗംഗാധരനും ആഴത്തില്‍ മനസ്സിലാക്കി.

ഫ്ലാറ്റുകളിലേക്ക് അതിവേഗം മാറിക്കൊണ്ടിരുന്ന അക്കാലത്തെ സവർണകേരളത്തിന്‍റെ ആത്മസംഘർഷങ്ങള്‍ ഫ്യൂഡല്‍ ഭൂതാതുരതയുടെ പ്രതിലോമരാഷ്ട്രീയത്തിനുള്ള ഒരു വഴികൂടി തുറന്നിടുകയായിരുന്നു എന്ന ബോധ്യം എനിക്കുണ്ടാവുന്നത് ഈ ചിന്താപരിചയത്തിലൂടെയാണ്. 'ചരിത്രവും ആധുനികതയും' എന്ന എന്‍റെ 2000ത്തില്‍ ഇറങ്ങിയ പുസ്തകത്തിലെ ലേഖനങ്ങളും കുറിപ്പുകളും ബാലകൃഷ്ണനും എം. ഗംഗാധരനും ചിന്താപരമായി സ്വാധീനിച്ചതിന്‍റെ ഫലമായി എഴുതപ്പെട്ടവയാണ്. സവർണ രാഷ്ട്രീയത്തിന്‍റെ പിടിയിലേക്ക് കേരളം വീഴുകയാണെന്നത് മുതല്‍ ശബരിമല ക്ഷേത്രം മലയരയരുടേതാണ് എന്നുവരെ എഴുതാന്‍ തൊണ്ണൂറുകളില്‍ എനിക്ക് ആത്മവിശ്വാസം നൽകിയത് ഇവരുടെകൂടി ഉൾക്കാഴ്ചകളാണ്.

ന്യൂനപക്ഷരാഷ്ട്രീയത്തെക്കുറിച്ച്, ലൈംഗികരാഷ്ട്രീയത്തെക്കുറിച്ച് സ്വകീയമായ ധാരണകള്‍ രൂപപ്പെടുത്തുകയും അത് 'കേരളം', 'മലയാളി' തുടങ്ങിയ മെറ്റാപരികൽപനകളുടെ അപനിർമാണപദ്ധതിയുമായി ചേർത്തുവെക്കുകയും ചെയ്യാന്‍ എം. ഗംഗാധരന് കഴിഞ്ഞിരുന്നു. മലബാർ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനം സവിശേഷശ്രദ്ധ അർഹിക്കുന്നുണ്ട്. അദ്ദേഹമതിന്‍റെ രാഷ്ട്രീയതലത്തിനാണ് പ്രാധാന്യം നൽകിയത്. സമരം ജന്മിത്തവിരുദ്ധമായിരുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍, എങ്ങനെയാണ് ഒരു സ്വാഭാവിക ജന്മിത്തവിരുദ്ധ കലാപം ദേശസമരമായി മാറിയത് എന്നത് അദ്ദേഹത്തിലെ ചരിത്രകാരനെ ചിന്തിപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഒരുമിപ്പിച്ചുകൊണ്ട്‌ ഗാന്ധി നടത്തിയ ഇടപെടല്‍ ഇന്ത്യയിലുടനീളം സൃഷ്ടിച്ച ബ്രിട്ടീഷ് വിരുദ്ധതയുടെ രാഷ്ട്രീയം ഈ സമരത്തിന്‍റെ ഊർജപ്രവാഹമായി മാറുന്ന സാഹചര്യം ഇല്ലാതെ 'സ്വതന്ത്ര മലയാള രാജ്യം' എന്ന ആശയം രൂപംകൊള്ളുകയില്ല എന്ന് ഗംഗാധരന്‍ മനസ്സിലാക്കി. ഇത് വർഗീയസമരമല്ല, ജന്മിത്തവിരുദ്ധ സമരമാണ് എന്ന് ശരിയായിത്തന്നെ മനസ്സിലാക്കിയവർക്ക്​ ചോദിക്കാന്‍ കഴിയാതിരുന്ന പ്രസക്തമായ ഒരു ചോദ്യമാണ് എം. ഗംഗാധരന്‍ ചോദിച്ചത്. അപകോളനീകരണത്തിന്‍റെ ഈ ബദല്‍ രാജ്യസങ്കൽപം ഒരു ജന്മിത്തവിരുദ്ധ സമരത്തെ ബ്രിട്ടീഷ് ആധിപത്യവിരുദ്ധസമരമാക്കി മാറ്റിയതിന്‍റെ ചരിത്രമാണ് അദ്ദേഹത്തെ ആകർഷിച്ചത്.

ജയകേരളം മാസിക പുനഃപ്രസിദ്ധീകരിച്ച കാലത്താണ് ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത്. ജയകേരളം അന്ന് ടി.പി. രാജീവനും രാമവർമയും ഒക്കെ മാഷിനോട് ഒപ്പംചേർന്ന്​ സഹകരിച്ചാണ് പ്രസിദ്ധീകരിച്ചിരുന്നത്. പല ദിവസങ്ങളിലും അതിസാമൂഹിക കാഴ്ചപ്പാട് എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഭാരതപ്പുഴയുടെ തീരത്ത് രാത്രികാലയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നെക്കൂടി അദ്ദേഹം ആ ചർച്ചകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍റെ ഓർമയില്‍ ആ യോഗങ്ങളില്‍ കെ.ജി.എസ്, ആറ്റൂര്‍ രവിവർമ, സുജാത ടീച്ചര്‍, സി.ആര്‍. പരമേശ്വരന്‍, ടി.പി. രാജീവന്‍, കൽപറ്റ നാരായണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. തൊണ്ണൂറുകളില്‍ എന്‍റെ രാഷ്ട്രീയചിന്തകൾക്ക്​ ദാർഢ്യംപകരാന്‍ ആ യോഗങ്ങളും ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. പുതിയ സാഹിത്യവിചാരങ്ങൾക്കൊപ്പം സിവിൽസമൂഹരാഷ്ട്രീയത്തിന് കൂടുതല്‍ വ്യക്തതയും അതിന്‍റെ സൈദ്ധാന്തിക വീക്ഷണങ്ങൾക്ക്​ കൂടുതല്‍ സമഗ്രതയും നൽകുന്നതിനും ആ ചർച്ചകളില്‍ പങ്കെടുത്തവര്‍ വലിയ ഉൾക്കാഴ്ചകള്‍ നൽകിയിട്ടുണ്ട്.

നമ്മുടെ മുന്നില്‍, നമുക്ക് നഷ്ടപ്പെടുന്ന ഒരു കേരളത്തെ അദ്ദേഹം വായിച്ചുകൊണ്ടിരുന്നു. അതിന്‍റെ പതിഞ്ഞശീലുകളിലൂടെ സാഹിത്യത്തില്‍, സാംസ്കാരികപഠനത്തില്‍, ചരിത്ര-സാമൂഹികശാസ്ത്ര മേഖലകളില്‍ അനിതരസാധാരണമായ വ്യതിരിക്തതയോടെ ചിന്തിക്കുകയും എഴുതുകയും ചെയ്ത മനീഷിയായി എം. ഗംഗാധരന്‍ ഓർമിക്കപ്പെടും. അദ്ദേഹം തുറന്നിട്ട ധിഷണയുടെ വഴികള്‍ സംവാദഭീതികളില്ലാത്ത ധീരമനസ്സുകൾക്ക്​ ഏറെക്കാലം സഞ്ചാരയോഗ്യമായി തുടരുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HistorianMalabar RebellionDr M Gangadharan
News Summary - M Gangadharan is a historian of lost Kerala
Next Story