Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightആഗോള പരിസ്ഥിതിയും...

ആഗോള പരിസ്ഥിതിയും സാമൂഹികനീതിയും

text_fields
bookmark_border
ആഗോള പരിസ്ഥിതിയും സാമൂഹികനീതിയും
cancel
ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും അ​തി​വേ​ഗ തീ​വ​ണ്ടി​പ്പാ​ത​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളി​ല്‍ പ​ല​തും പാ​രി​സ്ഥി​തി​ക സാ​മൂ​ഹി​ക​നീ​തി​യു​മാ​യി​ക്കൂ​ടി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. അ​വ​ക്ക് പ്രാ​ദേ​ശി​ക​മാ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ഉ​ള്ള​ത്. മു​ത​ലാ​ളി​ത്ത രാ​ഷ്ട്ര​ങ്ങ​ള്‍ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നാം​ലോ​ക രാ​ജ്യ​ങ്ങ​ളെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന അ​ധി​നി​വേ​ശ യു​ക്തി​യാ​ണ് ഇ​ത്ത​രം പ​ല പ​ദ്ധ​തി​ക​ളു​ടെ​യും പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്

ലോക പരിസ്ഥിതിദിനം ഒരിക്കല്‍ക്കൂടി കടന്നുപോയിരിക്കുകയാണ് (ജൂണ്‍ 5). ഇതിന്റെ ഭാഗമായും അല്ലാതെയും നടക്കുന്ന പരിസ്ഥിതി ചര്‍ച്ചകളില്‍ ഈ പ്രശ്നത്തിന് സാമൂഹികനീതിയുമായുള്ള ആഗോളബന്ധം പലപ്പോഴും ഉയര്‍ത്തപ്പെടാറില്ല. രണ്ടാം ലോകയുദ്ധ ശേഷം പൊതുവേയും അറുപതുകളില്‍ വിശേഷിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുണ്ടായ സിവില്‍സമൂഹ കാഴ്ചപ്പാടുകളാണ്, 1972ല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്റ്റോക്ഹോം ലോക പരിസ്ഥിതി സമ്മേളനത്തിലേക്കും തുടര്‍ന്ന് ലോക പരിസ്ഥിതി ദിനമായി ജൂണ്‍ അഞ്ച് പരിഗണിക്കാനും ഇടയാക്കിയത്. അതിന്റെ സംഘാടന സമിതിയില്‍ പഴയ സോവിയറ്റ് യൂനിയനും ഇന്ത്യയും അമേരിക്കയും അറബ് എമിറേറ്റ്സും യു.കെയുമടക്കം ഇരുപത്തേഴോളം രാജ്യങ്ങളുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്ന രാജ്യങ്ങള്‍ ഒന്നുചേര്‍ന്നാണ് അന്ന് പാരിസ്ഥിതിക സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആലോചനകള്‍ക്ക് മുന്‍കൈയെടുത്തത്‌. സോവിയറ്റ് യൂനിയനും ചെകോസ്ലോവാക്യയും ഉദ്ഘാടനവേദിയിൽവെച്ച് ആ സമിതിയില്‍നിന്ന് പിന്മാറിയത് ലക്ഷ്യങ്ങളോടുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, അന്നത്തെ സോവിയറ്റ് ചേരിയിലുള്ള പശ്ചിമ ജര്‍മനിയെ പങ്കെടുപ്പിക്കാതെ സമ്മേളനത്തില്‍ രാഷ്ട്രീയ സങ്കുചിതത്വം കലര്‍ത്താനുള്ള നീക്കത്തിനെതിരെ ആയിരുന്നു.

അന്നത്തെ ചേരിചേര പ്രസ്ഥാനത്തില്‍ അംഗത്വമുള്ള പല രാജ്യങ്ങളും ആ സംഘാടന സമിതിയില്‍ ഉണ്ടായിരുന്നു. പരിസ്ഥിതി പ്രസ്ഥാനങ്ങളും ദേശരാഷ്ട്രങ്ങളും അന്താരാഷ്ട്ര സമിതികളും ശാസ്ത്രസ്ഥാപനങ്ങളും അതുവരെ ലഭ്യമായ തെളിവുകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ നിരവധി ചര്‍ച്ചകളിലൂടെ എത്തിച്ചേര്‍ന്ന സമവായമായിരുന്നു പരിസ്ഥിതി സംരക്ഷണം ആഗോളാടിസ്ഥാനത്തില്‍ തന്നെയുള്ള അടിയന്തരപ്രശ്നമാണ് എന്നത്. കേവലമായ വൈകാരിക വിഷയമായിരുന്നില്ല ഇത്. വൈകാരിക-കാൽപനിക സമീപനങ്ങള്‍ മോശമാണെന്നല്ല, മറിച്ച്, ഈ സമവായത്തിന്റെ അടിസ്ഥാനം കൂടുതല്‍ ഗവേഷണപരമായ കാഴ്ചപ്പാടുകളായിരുന്നു എന്നതാണ് പ്രധാനം.

ഈ സമ്മേളന ശേഷമാണ് എഴുപതുകളില്‍ വളരെപ്പെട്ടെന്ന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കുകൂടി ആഗോളശ്രദ്ധ തിരിയുന്നതും പാരിസ്ഥിതിക സംവാദങ്ങളുടെ കേന്ദ്രബിന്ദുവായി കാര്‍ബണ്‍ വാതകവാര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ മാറുന്നതും (ഇതിനെ ചോദ്യംചെയ്യുന്ന 'ഗൂഢാലോചനാവാദ'വും സമാന്തരമായി നിലനില്‍ക്കുന്നുണ്ട്). ഒന്നാം വ്യാവസായിക വിപ്ലവത്തിന്റെ കാലംമുതല്‍ ഭൂമിയിലെ മനുഷ്യ ഇടപെടലുകള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെയും മീഥൈലിന്റെയും അനിയന്ത്രിതമായ വാർച്ചയിലൂടെ അന്തരീക്ഷ താപനില ക്രമമായി വർധിപ്പിക്കുന്നുണ്ടെന്നും സമീപഭാവിയിൽതന്നെ ഈ പ്രതിഭാസം ഭൂമിയിലെ ജീവന്റെ നിലനിൽപിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നുമുള്ള കണ്ടെത്തലുകള്‍ ഈ പ്രശ്നത്തെ പാരിസ്ഥിതിക ചര്‍ച്ചകളുടെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനു കാരണമായിട്ടുണ്ട്. പരിസ്ഥിതി പ്രതിസന്ധിയുടെ പ്രാദേശിക-ആഗോളബന്ധങ്ങള്‍ കൂടുതല്‍ ശക്തിയായി മനസ്സിലാക്കപ്പെടുന്നതിന് ഈ സംവാദവും അതിന്റെ കണ്ടെത്തലുകളും സഹായിച്ചിട്ടുണ്ട്. കൃത്യം ഒന്നര ദശാബ്ദത്തിനുള്ളില്‍ 1988ല്‍ കാലാവസ്ഥ വ്യതിയാനത്തെ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായി രാജ്യാന്തര സമിതി (IPCC — Intergovernmental Panel on Climate Change) സ്ഥാപിതമാവുകയും ചെയ്തു.

എന്നാല്‍ ഈ ആഗോള സമവായത്തിനപ്പുറം, ചില അടിസ്ഥാന കാര്യങ്ങളില്‍ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ നിലനിന്നിരുന്നു. അന്നത്തെ സോവിയറ്റ് യൂനിയന്റെ യാഥാസ്ഥിതിക മാര്‍ക്സിസ്റ്റ്‌ നിലപാട്, മുതലാളിത്ത ഉൽപാദന വ്യവസ്ഥയിലെ ഉൽപാദന ബന്ധങ്ങളാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ മൂലകാരണം എന്നതായിരുന്നു. സോവിയറ്റ് യൂനിയനില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്ന രീതിയിലുള്ള പഠനങ്ങള്‍ അക്കാലത്ത് അവര്‍ പ്രചരിപ്പിച്ചിരുന്നു. പ്രോഗ്രസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "മുതലാളിത്തവും പാരിസ്ഥിതിക തകര്‍ച്ചയും" (Boris Gorizontov, 1982, Capitalism and the ecological crisis) പോലുള്ള നിരവധി പുസ്തകങ്ങള്‍ അക്കാലത്ത് രചിക്കപ്പെട്ടു. എന്നാല്‍ സോഷ്യലിസത്തിനുള്ളില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍, മറ്റുപല വംശ-ലിംഗ-അന്യവത്കരണ പ്രശ്നങ്ങള്‍ക്ക് സംഭവിക്കുന്നതുപോലെ, അപരിഹാര്യമായി തുടരുകയായിരുന്നുവെന്ന് സോവിയറ്റ് യൂനിയന്റെ പതനത്തോടെ പരക്കെ ബോധ്യപ്പെടുകയും ചെയ്തു.

ഒരുപക്ഷേ, ഉത്തരാധുനിക ദാര്‍ശനികന്‍ ബോദ്രിയാദ് തന്റെ 'ഉൽപാദനത്തിന്റെ കണ്ണാടി' (Jean Baudrillard, 1973, The Mirror of Production ) എന്ന പുസ്തകത്തില്‍ മാര്‍ക്സിസത്തിന്റെ പരിമിതിയായി ചൂണ്ടിക്കാട്ടിയ അടിസ്ഥാനപരമായ പ്രശ്നം-അത് ക്ലാസിക്കല്‍ ധനശാസ്ത്രത്തിന്റെ അധ്വാനം, മൂല്യം എന്നീ പരികല്‍പനകളില്‍ ബന്ധിതമായിരിക്കുന്നു എന്നത്- ഈ പാരിസ്ഥിതിക ചര്‍ച്ചയിലാണ് കൂടുതല്‍ പ്രസക്തമായത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നും ഉൽപാദന ബന്ധങ്ങളുടെ മാത്രം പ്രശ്നമായി ഇതിനെ കാണുന്ന സമീപനം ചില വൃത്തങ്ങളിലെങ്കിലും പ്രബലമാണ്. സിവിൽ സമൂഹം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള സമീപനം, ഇത് ആധുനികതയുടെ പ്രബലധാരകള്‍ സ്വീകരിച്ച വികസന സമീപനത്തിന്റേതാണ് എന്നതാണ്. ജ്ഞാനോദയത്തിനും കൊളോണിയല്‍ അധിനിവേശത്തിനും ശേഷമുള്ള ഭരണകൂടങ്ങളുടെ കേവലമായ രാഷ്ട്രീയ സ്വഭാവത്തിലല്ല, മുതലാളിത്തവും സോഷ്യലിസവും പലപ്പോഴും ഒരുപോലെ പങ്കിടുന്ന ഉൽപാദന-വിതരണ-ഉപഭോഗ ശീലങ്ങളുടെ സാമ്പത്തിക പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട വേരുകള്‍ കണ്ടെത്താനാവുക. എന്നാല്‍, ഇതിനു തുടക്കമിട്ടതും ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതും മുതലാളിത്തമാണ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല.

അപകോളനീകരണത്തിന്റെ ആദ്യഘട്ടത്തില്‍ പക്ഷേ ഇതിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രം മനസ്സിലാക്കാന്‍ മൂന്നാംലോകരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ വ്യതിയാന സംവാദം വാതകവാർച്ചയുടെ പ്രശ്നപരിഹാരത്തിന്റെ പ്രായോഗിക മാര്‍ഗങ്ങളിലേക്ക് എത്തിയപ്പോഴാണ് ഇത്തരം പ്രത്യയശാസ്ത്ര സമീപനങ്ങള്‍ക്ക് വീണ്ടും പ്രസക്തി കൈവന്നത്. ഇക്കാര്യത്തില്‍ മുതലാളിത്ത രാജ്യങ്ങളുടെ ആദ്യകാല സമീപനം, വാതകവാർച്ചക്ക് എല്ലാവരും ഉത്തരവാദികളാണെന്നും എല്ലാ രാജ്യങ്ങളും ഒരുപോലെ ഇതിന്റെ ഭാരം ഏറ്റെടുക്കണം എന്നതുമായിരുന്നു. വാതകവാർച്ചയുടെ രാഷ്ട്രങ്ങള്‍ തിരിച്ചുള്ള കണക്കില്‍ ഇതേതാണ്ട്‌ ശരിയുമായിരുന്നു. എന്നാല്‍, ഈ സമീപനത്തിലെ കള്ളക്കളികള്‍ ഇന്ത്യയിലെയും മറ്റു പ്രദേശങ്ങളിലെയും സാമ്പത്തിക ശാസ്ത്രജ്ഞര്‍ തൊണ്ണൂറുകളില്‍ തുറന്നുകാട്ടുന്നുണ്ട്. 2008ല്‍ പെറുവില്‍ നടന്ന, കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച സിവില്‍സമൂഹ സംഘടനകളുടെ ആലോചന യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. സാമൂഹികനീതിയുടെ അടിസ്ഥാനത്തില്‍ പ്രതിശീര്‍ഷ വാതകവാർച്ചയാണ് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം നിർണയിക്കാന്‍ അളവുകോല്‍ ആക്കേണ്ടത് എന്ന ആവശ്യം അതിനുള്ളില്‍ അമര്‍ത്യാസെന്‍ അടക്കമുള്ള വികസന വിദഗ്ധര്‍ ഉന്നയിച്ചുകഴിഞ്ഞിരുന്നു. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹികനീതിയുടെ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ ഉയർത്തണമെന്നത് സമ്മേളനത്തിന്റെ മുഖ്യമായ നിലപാടായിരുന്നു. പല മൂന്നാംലോക രാജ്യങ്ങളും കൈക്കൊണ്ട സമീപനവും ഇതുതന്നെയായിരുന്നു. ഈ സംവാദത്തില്‍ പ്രതിക്കൂട്ടിലായതോടെയാണ് അമേരിക്കയടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ വിഷയത്തില്‍ പിന്‍വാങ്ങല്‍ സമീപനം കൈക്കൊള്ളാന്‍ തുടങ്ങിയത്. എന്നാല്‍, ആഗോളതാപനത്തിന്റെ പ്രശ്നം സ്വന്തം കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന പൊതുബോധം ആഗോളതലത്തില്‍ ശക്തിപ്പെട്ടതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ പുനര്‍വിചാരങ്ങള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

പാരിസ്ഥിതിക ചിന്തയിലെ സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സമീപനം ഈ വിഷയത്തില്‍മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തികവികസനം എന്ന ഒറ്റക്കാഴ്ചയില്‍ മനുഷ്യവംശത്തിന്റെ ഭാവി സങ്കൽപിക്കുന്ന എല്ലാ സങ്കുചിത സമീപനവും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. പോസ്റ്റ്‌ഹ്യൂമന്‍-ട്രാന്‍സ്ഹ്യൂമന്‍ മുതലാളിത്തം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന യുട്ടോപ്പിയയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. പ്രാദേശിക ഭരണകൂടങ്ങളും ദേശരാഷ്ട്രങ്ങളുംതന്നെ അകപ്പെട്ടിരിക്കുന്ന ഈ വികസനയുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും പാര്‍ശ്വവത്കരണങ്ങളിലേക്കും കോടിക്കണക്കിന് മനുഷ്യരെ തള്ളിവിടുന്നതാണ് പോസ്റ്റ്‌ഹ്യൂമന്‍ സാങ്കേതിക വികാസത്തിന്റെ അടിസ്ഥാന സ്വഭാവം. പുതിയ സാങ്കേതികവിദ്യകള്‍ അധ്വാനത്തെ നിഷ്കാസനം ചെയ്യുന്നവയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാത്തവയുമാണ് എന്ന കാര്യത്തില്‍ സമവായം ഉണ്ടായിട്ടുണ്ട്. യൂറോപ്യൻ യൂനിയനും അമേരിക്കയുമടക്കമുള്ള മുതലാളിത്ത രാഷ്ട്രസമുച്ചയങ്ങള്‍ക്കും ഈ പോസ്റ്റ്‌ഹ്യൂമന്‍ അവസ്ഥയെക്കുറിച്ച് വേവലാതികളുണ്ട് എന്നാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലുകള്‍ തെളിയിക്കുന്നത്.

ഇന്ത്യയിലെയും കേരളത്തിലെയും അതിവേഗ തീവണ്ടിപ്പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യങ്ങളില്‍ പലതും പാരിസ്ഥിതിക സാമൂഹികനീതിയുമായിക്കൂടി ബന്ധപ്പെട്ടവയാണ്. അവക്ക് പ്രാദേശികമാനങ്ങള്‍ മാത്രമല്ല ഉള്ളത്. മുതലാളിത്ത രാഷ്ട്രങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളെ മറികടക്കാന്‍ മൂന്നാംലോക രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടുന്ന അധിനിവേശ യുക്തിയാണ് ഇത്തരം പല പദ്ധതികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 'അവികസിത' രാജ്യങ്ങളിലെ 'മൂലധനക്ഷാമ'വും 'വികസിത' മുതലാളിത്തത്തിന്റെ വിപണി വ്യാപന വ്യഗ്രതയും തമ്മില്‍ കാണപ്പെടുന്ന സാമ്പത്തിക പാരസ്പര്യം ഒരു നിർമിത മിഥ്യയാണ്. ആധുനികതയുടെ ഏറ്റവും സങ്കീര്‍ണമായ പോസ്റ്റ്‌ഹ്യൂമന്‍ ദൃശ്യവിരുന്നാണത് (spectacle). മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് കടംവാങ്ങി അവര്‍ അടിച്ചേൽപിക്കുന്ന സാങ്കേതികവിദ്യ വാങ്ങുക എന്ന കെണിയിലാണ് ഈ മായക്കാഴ്ച അപകോളനീകരണ പ്രക്രിയയെ അകപ്പെടുത്തിയിരിക്കുന്നത്. വളരെ സങ്കുചിതമായ, സാമൂഹികനീതിയെ മുറിവേൽപിക്കുന്ന, ഈ രാഷ്ട്രീയ സമ്പദ്ശാസ്ത്രം ഒഴിവാക്കിയുള്ള പാരിസ്ഥിതിക ചര്‍ച്ചകള്‍ പരിസ്ഥിതി സ്നേഹത്തെക്കുറിച്ചുള്ള കേവലവിലാപങ്ങള്‍ മാത്രമായി അവസാനിക്കുകയേയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment daysocial justicesilver lineGlobal environment
News Summary - Global environment and social justice
Next Story