Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Filippo Osella
cancel
camera_alt

ഫി​ലി​പോ ഒ​സെ​ല്ല

Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഅക്കാദമിക്...

അക്കാദമിക് സംവാദങ്ങളുടെ വായടപ്പിക്കരുത്

text_fields
bookmark_border

'കാലാവസ്ഥാ വ്യതിയാനവും കോവിഡ്19, വിനിമയ സാങ്കേതികവിദ്യകളുടെ വികാസവും കേരളത്തിലെ തീരദേശ പ്രശ്നങ്ങളും' എന്ന പ്രമേയത്തിൽ മാർച്ച് 25-26 തീയതികളില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കോൺഫറൻസില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടനിൽനിന്നുള്ള പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഫിലിപോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് അധികൃതര്‍ തിരിച്ചയച്ച സംഭവം ഇതിനകം മാധ്യമ-ജനകീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തിരിച്ചയച്ചതിന് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കിയില്ലെന്നു മാത്രമല്ല, അടിയന്തര ആരോഗ്യപ്രശ്നങ്ങൾക്കുള്ള മരുന്നുകള്‍ ഉപയോഗിക്കാൻപോലും അനുവദിക്കാതെ അങ്ങേയറ്റം പരുഷമായാണ് വന്ന വിമാനത്തില്‍തന്നെ അധികൃതര്‍ അദ്ദേഹത്തെ തിരിച്ചയച്ചത്. കാലാവധി അവസാനിച്ചിട്ടില്ലാത്ത ഗവേഷകവിസ അദ്ദേഹത്തിനുണ്ടായിരുന്നു. ഗവേഷകവിസ നൽകുന്നത് സാധാരണയില്‍ കവിഞ്ഞ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് എന്നും പഠനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി സമർപ്പിച്ചുമാത്രമേ അതു നേടാന്‍ കഴിയൂ എന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് തിരിച്ചയക്കപ്പെട്ടു എന്നതിന്റെ ഒരു വിശദീകരണവും ഉണ്ടായില്ല എന്നത് ഏറെ ദുരൂഹതകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

സാങ്കേതികമായി ഇന്ത്യന്‍ ഭരണകൂടം ഇത്തരം ഒരു ഇടപെടല്‍ നടത്തുമ്പോള്‍ അതിന്റെ കാരണം ബോധിപ്പിക്കേണ്ട കാര്യമില്ല എന്നതും ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ സവിശേഷ അവകാശം ഭരണകൂടങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതും യാഥാർഥ്യമാണ്. എങ്കിലും ഈ തിരിച്ചയക്കലിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം ഉണ്ടാവുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം, അക്കാദമിക് മേഖലയിലെ ആശയവിനിമയങ്ങളും കൊടുക്കല്‍വാങ്ങലുകളും അങ്ങേയറ്റം പ്രധാനമാകുന്ന ഒരു ആഗോള സാഹചര്യത്തിലാണ് നമ്മുടെ വിദ്യാഭ്യാസമേഖലയിന്ന്. അതുകൊണ്ടുതന്നെ, അക്കാദമിക് സ്വാതന്ത്ര്യവും ആശയപ്രകാശനസ്വാതന്ത്ര്യവും തടസ്സപ്പെടുന്ന ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദോഷകരമായാണ് ബാധിക്കുക.

പ്രസ്തുത കോൺഫറൻസില്‍ അദ്ദേഹത്തിന്റെ പ്രബന്ധമടക്കമുള്ള ചില പഠനങ്ങളെക്കുറിച്ച് വിമർശനാത്മക നിർദേശങ്ങള്‍ നൽകാനുള്ള പ്രതികർത്താവായി എന്നെയും ക്ഷണിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നത്. കേരള സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങള്‍ യൂനിവേഴ്‌സിറ്റി ഓഫ് സസക്‌സ് ബ്രിട്ടനുമായി ചേർന്ന് സംഘടിപ്പിച്ച തീരദേശ മേഖലയിലെ സാമൂഹിക-സാമ്പത്തിക പരിസ്ഥിതി പ്രശ്നങ്ങളെയും നവസാങ്കേതികവിദ്യകളുടെ വിന്യാസത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളെയും തീരദേശവാസികളുടെ സുരക്ഷിതത്വ ദുർബലതകളെയും ആഴത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു ഗവേഷക സംരംഭമായിരുന്നു പ്രസ്തുത കോൺഫറൻസ്.

മാത്രമല്ല, ഈ സംഘാടക സ്ഥാപനങ്ങള്‍ കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്, കോട്ടയം, ഫിഷറീസ് ആൻഡ് ‌ ഓഷ്യന്‍ സ്റ്റഡീസ് സർവകലാശാല കൊച്ചി, ഇന്ത്യ മെറ്ററോളജിക്കല്‍ വകുപ്പ്, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്ററോളജി, പുണെ, ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇൻഫർമേഷന്‍ സർവിസസ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാല, ജെ.എന്‍.യു, ഐ.ഐ.ടി മദ്രാസ്, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് സയൻസ് ടെക്നോളജി തുടങ്ങി നിരവധി സർക്കാര്‍ സ്ഥാപനങ്ങളിലെ ഗവേഷകരും ഇതില്‍ പങ്കെടുത്തിരുന്നു. ഈ ഗവേഷണങ്ങൾക്ക് കഴിഞ്ഞ ഒരു വർഷമായി മേൽനോട്ടം നൽകുകയും കേരളത്തിലെയും ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകർക്കൊപ്പം ഈ പഠനത്തെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യാന്‍ മുൻകൈ എടുത്തിരുന്നത് ഒസെല്ലോ ആയിരുന്നു. അതുകൊണ്ടുതന്നെ, ഈ കോൺഫറൻസില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത് വളരെ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഈ കോൺഫറൻസില്‍ പ്രബന്ധം അവതരിപ്പിച്ച പല യുവ ഗവേഷകരും കേരളത്തിലെ തീരദേശ സമുദായങ്ങളില്‍നിന്നുള്ളവരായിരുന്നു എന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പാർശ്വവത്കൃത മേഖലകളില്‍നിന്നുള്ളവര്‍, അതായത് പഴയ കേരളമാതൃകയിൽനിന്ന് പുറന്തള്ളപ്പെട്ടവരായ സമൂഹങ്ങളില്‍ നിന്നുള്ളവര്‍, ശക്തമായി പ്രവേശിക്കാന്‍ തുടങ്ങുന്നു എന്നത് പുതിയ വാർത്തയല്ല. കഴിഞ്ഞ രണ്ടു ദശകങ്ങളായി പതുക്കെയാണെങ്കിലും ഇതു സംഭവിക്കുന്നുണ്ട്. ഇക്കാര്യം ഈ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ആയിരുന്ന ഗതാഗത മന്ത്രി ആന്റണിരാജുവും ചൂണ്ടിക്കാണിച്ചിരുന്നു. സ്വാനുഭവങ്ങളുടെയും ശാസ്ത്രീയ - സൈദ്ധാന്തിക രീതിവിദ്യകളുടെയും വെളിച്ചത്തില്‍ അവര്‍ നടത്തുന്ന ഇടപെടലുകള്‍ അക്കാദമിക് ചർച്ചകൾക്ക് പുതിയ ഉന്മേഷവും ഊർജ്വവും നൽകുന്നുണ്ട്. വിലക്കുകളും അനാവശ്യ നിയന്ത്രണങ്ങളുമില്ലാത്ത ഒരു അക്കാദമിക് മേഖല എന്നത് അവരുടെയും എല്ലാവരുടെതന്നെയും ആവശ്യവും അവകാശവുമാണ്.

ഫിലിപോ ഒസെല്ല കേരളത്തെക്കുറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി അന്വേഷണങ്ങള്‍ നടത്തുന്ന ഗവേഷകനാണ്. ഞാനദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് ഗവേഷണരംഗത്ത്‌ ഔദ്യോഗികമായി എന്തെങ്കിലും ചെയ്തുതുടങ്ങുന്നതിനു മുമ്പാണ്. ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ്, ഞാനൊരു വിദ്യാർഥിയായിരിക്കുന്ന കാലത്ത് ചെന്നിത്തലയില്‍ എന്റെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ അതിഥിയായി ഫിലിപോ ഒസെല്ലയും കരോളിന്‍ ഒസെല്ലോയും ഉണ്ടായിരുന്നു. കേരളത്തിലെ നവോത്ഥാനപാരമ്പര്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായുള്ള അടിസ്ഥാനതല വിവരശേഖരണത്തിന് അന്നവിടെ താമസിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമവാസികളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഊഷ്മളമായ സൗഹൃദം അന്നെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നരവംശശാസ്ത്ര ഗവേഷണത്തിന്റെ സവിശേഷമായ രീതിശാസ്ത്രം അന്നെനിക്ക് അറിയുമായിരുന്നില്ല. എന്റെ അത്ഭുതത്തിന്റെ അടിസ്ഥാനം ഒരു പക്ഷേ അതായിരുന്നിരിക്കാം. കേരളത്തിലെ പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ സാമൂഹിക പരിവർത്തനങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് തന്റെ പല പഠനങ്ങളിലും അദ്ദേഹം നടത്തിയിട്ടുള്ളത്. ആ സംഭവത്തിനുശേഷം വളരെക്കാലം കഴിഞ്ഞു ഞാന്‍ സമാനമായ മേഖലകളില്‍ പഠനം നടത്തുകയും ഒസല്ലോയോ പല അന്താരാഷ്ട്ര സെമിനാറുകളിലും കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്.

ഫിലിപോ ഒെസല്ല അടക്കമുള്ള ഒരു ഗവേഷകനും ഗവേഷകക്കും നിഗമനങ്ങളുടെ കാര്യത്തില്‍ അവസാനവാക്കുകള്‍ ഉണ്ടാവില്ല. പഠനം എന്നത് ഒരു നിരന്തര പ്രക്രിയയാണ്. നമ്മള്‍ പഠിക്കുന്നത് മുന്‍ തലമുറയിലെ ഗവേഷകര്‍ കെണ്ടത്തിയത് മനസ്സിലാക്കിയും തിരുത്തിയുമാണ്. അടുത്ത തലമുറ മുന്നേറുന്നത് ഈ പുതിയ മനസ്സിലാക്കലുകളെ ഉൾക്കൊണ്ടും അവയെ തിരുത്തിക്കൊണ്ടുമാണ്. സമകാലികരായ ഗവേഷകര്‍ തമ്മിലും ഇങ്ങനെയൊരു വിമർശനാത്മക ബന്ധമാണുള്ളത്. ആരെയെങ്കിലും വിമർശിക്കരുതേ എന്ന ഹതാശമായ നിലവിളി അറിവിന്റെ മേഖലയില്‍ അപ്രസക്തമാണ്. അതിനാല്‍, ആരുടെയും നിഗമനങ്ങളെയും നിലപാടുകളേയും ഭയക്കുകയോ അകറ്റിനിർത്തുകയോ ചെയ്യേണ്ടതില്ല. ഫിലിപ്പോയുടെ നിഗമനങ്ങള്‍ വിമർശിക്കേണ്ടിവന്നിട്ടുള്ളപ്പോള്‍ ഞാനും വിമർശിച്ചിട്ടുണ്ട്. അത് എന്റെ പഠനങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്ന് അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ എനിക്ക് യോജിക്കാവുന്ന നിലപാടുകള്‍ ഉൾക്കൊള്ളുന്നതില്‍നിന്ന് എന്നെയോ തടയുന്നില്ല. കഴിഞ്ഞ തവണ ഇതുപോലെ ഒരു സമ്മേളനത്തില്‍ െവച്ചുകണ്ടപ്പോള്‍ മൊബൈൽഫോണുമായി ബന്ധപ്പെട്ട പഠനത്തെക്കുറിച്ചു ദീർഘമായി സംസാരിക്കുകയും മാധ്യമ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എന്റെ ചില ലേഖനങ്ങള്‍ ചോദിച്ചു പിന്നീട് മെയില്‍ അയക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഞാനും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പല കൃതികളും ലേഖനങ്ങളും സൂക്ഷ്മമായി വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ രഹസ്യങ്ങള്‍ ഒന്നുമില്ല. അദ്ദേഹത്തിന്റെ പഠനങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. തുറന്ന സമീപനങ്ങളാണ് അക്കാദമിക് മേഖലയില്‍ ഉണ്ടാവേണ്ടത്. സംവാദങ്ങളുടെയും വിമർശനങ്ങളുടെയും സാധ്യതകള്‍ ഇല്ലാതാക്കുന്ന സമീപനം സ്വതന്ത്ര ഗവേഷണത്തിന്‍ മരണമണിയായാണ് മാറുന്നത്.

ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയില്‍ കാണുന്ന പല പുതിയ പ്രവണതകളും നിശ്ശബ്ദതയിലേക്കും കീഴടങ്ങലിലേക്കും ഗവേഷകരെ നിർബന്ധിക്കുന്നതാണ്. മതഭൂരിപക്ഷ ദേശീയ-സംസ്കാരത്തിന് ഹിതകരമല്ലാത്തതെന്തും മുറിച്ചുമാറ്റപ്പെടണം എന്ന അഹന്താനിർഭരമായ ചിന്ത ആഴത്തില്‍ വേരൂന്നുകയാണ്. ഭയത്തിന്റെയും വിമർശനഭീതിയുടെയും സംസ്കാരം ബലപ്പെടുകയാണ്. ഈ ആഭ്യന്തര സന്ദർ‍ഭം ഒസെല്ലോയെപ്പോലുള്ള ഒരു ലിബറല്‍ ഗവേഷകനെപ്പോലും തടയുന്നതിലേക്ക് എത്തുന്നുണ്ടോ എന്ന സംശയത്തിന് ഈ സംഭവം ആക്കംകൂട്ടിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കേണ്ടത് ആവശ്യമായി വരുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.

Show Full Article
TAGS:Filippo Osellaacademic debate
News Summary - Do not shut up about academic debates
Next Story