Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഡി.എൻ.എ നിയമം:...

ഡി.എൻ.എ നിയമം: സ്വകാര്യതയുടെ ആത്മശാന്തി

text_fields
bookmark_border
ഡി.എൻ.എ നിയമം: സ്വകാര്യതയുടെ ആത്മശാന്തി
cancel

ഭരണഘടനയുടെ മുഖാകൃതി മാറ്റാനുള്ള തത്രപ്പാടിലാണ് കേന്ദ്രം. ഒന്നിച്ചു വലിച്ചെറിയാന്‍ കഴിയാത്ത ഒന്നിനെ അരികുകള്‍ കടിച്ചുമുറിച്ചും കിഴിവുകളും കീറലുകളും സൃഷ്​ടിച്ചും കുത്തിവരച്ചും മഷിയൊഴിച്ചുമെല്ലാം ഉപയോഗശൂന്യമാക്കാമോ എന്നൊരു പരീക്ഷണം അകത്തളങ്ങളില്‍ തിളക്കുന്നുണ്ടെന്ന്​ പാര്‍ലമെൻറില്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബില്ലുകളുടെയൊക്കെ പ്രമേയവും ഉള്ളടക്കവും കാണുമ്പോള്‍ തോന്നിപ്പോകും.

ഇത്തരം ബില്ലുകള്‍ പലപ്പോഴും പുറമേനിന്ന് നോക്കുമ്പോള്‍ സദുദ്ദേശ്യപരമാണ് എന്ന് തോന്നിപ്പിക്കുന്ന ചില വകുപ്പുകൾ ചേര്‍ത്ത് മോടിപിടിപ്പിച്ചിട്ടുണ്ടാവും. വിദ്യാഭ്യാസ ബില്‍ അത്തരമൊന്നാണെന്ന് വളരെ വേഗം മനസ്സിലാക്കാന്‍ കഴിയും. സ്വയംഭരണവും അതുമായി ബന്ധപ്പെട്ട ഘടനാപരമായ മാറ്റങ്ങളും സ്വീകാര്യമായി തോന്നുന്നവരുണ്ട്.

പക്ഷേ, ഏതു സാകല്യത്തിനുള്ളിലാണ്, ഏതു രാഷ്​ട്രീയ സംസ്കാരത്തിനുള്ളിലാണ്, ഏതു സാമൂഹിക എൻജിനീയറിങ്​ നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നു കാണാതെ അവയിലെ ചില വിശദാംശങ്ങളെ സക്രിയവും പ്രയോജനകരവുമായ ഇടപെടലുകളായി ഉയര്‍ത്തിക്കാട്ടുന്നതില്‍ വലിയ അർഥമുണ്ടാവില്ല. വിദ്യാഭ്യാസ ബില്‍ പോലെ തന്നെ അപകടകരമായ സാമൂഹിക വിവക്ഷകളുള്ള ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ തുനിയുന്ന ഡി.എൻ.എ ബില്‍.

ഡി.എൻ.എ സാങ്കേതിക വിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബിൽ എന്ന് പേരിട്ട ഈ രേഖ (ഡി.എന്‍.എ ടെക്‌നോളജി റെഗുലേഷന്‍ ബില്‍), കുറ്റവാളികൾ, ഇരകൾ, കാണാതായവർ തുടങ്ങിയവരെ തിരിച്ചറിയാൻ ഡി.എൻ.എ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുമതി നൽകുന്ന, അതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യംവെക്കുന്ന നിയമ നിർമാണമാണ്.

കേസുകളിൽ സംശയിക്കപ്പെടുന്നവർ, വിചാരണയിലിരിക്കുന്നവർ, കാണാതായവർ തുടങ്ങി ആരെയും തിരിച്ചറിയുന്നതിനും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നതിനും പൊലീസിന്​ അമിതാധികാരങ്ങളോടെ ഡി.എൻ.എ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലി​െൻറ ഉള്ളടക്കം.

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ നിയമം ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കി. എന്നാല്‍, രാജ്യസഭ ഇത് സെലക്​ട്​ കമ്മിറ്റിയുടെ പരിശോധനക്ക് വിടുകയും അതില്‍ കാലതാമസമുണ്ടായതോടെ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതുമൂലം ഇപ്പോള്‍ ലാപ്സായി പോവുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഇതുമായി മുന്നോട്ടുപോകാന്‍തന്നെയാണ് കേന്ദ്ര സര്‍ക്കാറി​െൻറ തീരുമാനം. കേന്ദ്ര ബയോടെക്നോളജി വകുപ്പാണ് ബില്‍ തയാറാക്കിയത്.

ഈ ബില്‍ പാസായാല്‍ ഏത്​ അന്വേഷണ ഏജൻസിക്കും സ്വേച്ഛാപരമായി ആരുടേയും ഡി.എൻ.എ വിവരങ്ങൾ ശേഖരിക്കാനും താൽപര്യം പോലെ ഉപയോഗിക്കാനും അനുമതി ലഭിക്കുമെന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മാനങ്ങളുള്ള പ്രധാന വിഷയമാണ്‌ എന്ന കാര്യം പാര്‍ലമെൻറില്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ പല പ്രതിപക്ഷാംഗങ്ങളും ചൂണ്ടിക്കാണിച്ചതാണ്.

വ്യക്തികളുടെ ഡി.എൻ.എ അനാവശ്യമായി ശേഖരിച്ച് ദുരുപയോഗം ചെയ്യാനുള്ള അവസരം നല്‍കുന്ന ഈ നിയമം ജനാധിപത്യ വിരുദ്ധമാണെന്നും അറസ്​റ്റിലായ പ്രതിയുടെതന്നെ ഡി.എൻ.എ അനുവാദംകൂടാതെ ശേഖരിക്കുന്നത് ഭരണഘടന വ്യക്തിയുടെ സ്വകാര്യതക്ക് നല്‍കുന്ന പരിരക്ഷകളുടെ നഗ്​നമായ ലംഘനമാണെന്നും കോൺഗ്രസ് ഉൾ​െപ്പടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിര്‍ത്തു വാദിച്ചിരുന്നതാണ്.

എന്നാൽ, മറ്റു പല രാജ്യങ്ങളിലും ഡി.എൻ.എ സാങ്കേതിക വിദ്യ കുറ്റാന്വേഷണങ്ങൾക്ക് ഉപയോഗിക്കുന്ന രീതി നിലവിലുണ്ടെന്ന് വാദിച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടത്. സ്വകാര്യതയുടെയും വിശ്വസനീയതയുടെയുമൊക്കെ കാര്യത്തില്‍ കാര്യമായ ഒരുറപ്പുമില്ലാതെ ഗതാനുഗതികത്വം മാത്രം വാദമുഖമാക്കി, ലോക്സഭയിലെ ഭൂരിപക്ഷമുപയോഗിച്ച് ബില്‍ പാസാക്കിയെടുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

ജനിതകഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്‍കുന്ന കുറ്റവാളികളുടെ ജനിതകഘടനയുടെ ഡേറ്റാബേസ് സ്ഥാപിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിരവധി ഭേദഗതികള്‍ നിർദേശിച്ചുകൊണ്ട് ഈ ബില്‍ ഇപ്പോഴുള്ള രീതിയിൽ നിയമമാക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്കും വ്യക്തികളുടെ സ്വകാര്യതയോടുള്ള മനുഷ്യാവകാശപരമായ സമീപനത്തിനും വിരുദ്ധമാവുന്നു എന്നതായിരുന്നു പ്രതിപക്ഷ വിമര്‍ശനത്തി​െൻറ കാതല്‍.

നിരവധി ഫോറൻസിക്, നിയമ വിദഗ്​ധരും സമാനമായ ആശങ്കകള്‍ പങ്കു​െവച്ചിരുന്നു. എന്നാല്‍, അവയിലൊന്നുപോലും ഗൗരവമായി പരിഗണിക്കാന്‍ തയാറാവാതെ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. ഒരു ഡി.എൻ.എ റഗുലേറ്ററി ബോർഡി​െൻറ നിയന്ത്രണത്തിലായിരിക്കും ഡി.എൻ.എ ഡേറ്റാബാങ്കി​െൻറയും ഡി.എൻ.എ ഫോറൻസിക് ലാബി​െൻറയും പ്രവർത്തനമെന്ന്​ ബില്ലില്‍ പറയുന്നു.

ബയോ-ടെക്നോളജി വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ മനുഷ്യാവകാശ കമീഷൻ അംഗം ഉൾ​െപ്പടെ അംഗങ്ങളായിരിക്കുമെന്നും ഡി.എൻ.എ വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ലാബുകൾക്ക് ഈ റഗുലേറ്ററി ബോർഡി​െൻറ അനുമതി നിർബന്ധമാണെന്നും വ്യവസ്ഥകളുണ്ട്​. ഇതാണ് ആദ്യം സൂചിപ്പിച്ചത്. വലിയ മാറ്റങ്ങള്‍ അടിസ്ഥാനപരമായി കൊണ്ടുവരുകയും അതിനുള്ളില്‍ വിശ്വസനീയതയുടെ പുകമറ സൃഷ്​ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതരം നിയമനിർമാണങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. എന്നാല്‍, ആത്യന്തികമായി അവയുടെ സൂക്ഷ്മരാഷ്​ട്രീയം കറകളഞ്ഞ വലതു യഥാസ്ഥിതികതയുടെതായിരിക്കും.

ആധാർ കാർഡിനുവേണ്ടി വിരലടയാളവും മുഖചിത്രവും കൃഷ്ണപടലവും ഉൾ​െപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിതന്നെ അതി​െൻറ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ വിമർശനങ്ങൾ നേരിടുകയാണ്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുന്ന ആധാർ സംവിധാനത്തി​െൻറ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

അതിനു സമാധാനം പറയാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തികളുടെ ഡി.എൻ.എ വിവരങ്ങൾ ശേഖരിക്കാനും അത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനും അനുമതി നൽകുന്ന മനുഷ്യാവകാശ വിരുദ്ധമായ മറ്റൊരു നിയമനിര്‍മാണത്തിന് മുതിരുകയാണ്. സ്വകാര്യതയോട്, ജനാധിപത്യത്തോട്‌, ഭരണഘടനയോട്​ പ്രതിബദ്ധതയില്ലാത്ത യാഥാസ്ഥിതിക ഫാഷിസ്​റ്റ്​ കാഴ്ചപ്പാട് എല്ലാ ഭരണകൂട ഇടപെടലുകളുടെയും അടിസ്ഥാനമാവുകയാണ്.

ലോ കമീഷന്‍ ഓഫ് ഇന്ത്യ ഈ ബില്‍ പരിശോധിച്ചതാണ് എന്നത് ശരിയാണ്. പക്ഷേ, 2017ല്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യതയെക്കുറിച്ച അമിതമായ ആശങ്കകള്‍ അസ്ഥാനത്താണ് എന്നു പറഞ്ഞത് അതൊരു അക്കാദമിക വിഷയമാണെന്നും സുപ്രീംകോടതിയില്‍ ആധാറുമായി ബന്ധപ്പെട്ട്​ ഈ വിഷയം പരിഗണനയിലുണ്ടെന്നും ചൂണ്ടിക്കാട്ടിയുമായിരുന്നു.

എന്നാല്‍, അതിനുശേഷം സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഏകസ്വരത്തില്‍ സ്വകാര്യത, ഭരണഘടനയുടെ ഇരുപത്തൊന്നാം വകുപ്പ് അനുസരിച്ച് ലംഘിക്കാന്‍ കഴിയാത്ത പരമമായ മനുഷ്യാവകാശമാണെന്ന് വിധിക്കുകയുണ്ടായി. അപ്പോള്‍ അവസാനിച്ചതാണ് യഥാർഥത്തില്‍ ഈ ബില്ലി​െൻറ നിലനില്‍പ്പിനുള്ള അടിസ്ഥാനം. എന്നാല്‍, അത് ആ അർഥത്തില്‍ മനസ്സിലാക്കാനോ ബില്‍ പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല.

ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസും സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും നിയമ വിദഗ്​ധരും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവുമൊക്കെ ചൂണ്ടിക്കാണിച്ച ഒരു പ്രധാന പ്രശ്നം രാഷ്​ട്രീയ ലക്ഷ്യത്തോടെയുള്ള വ്യക്തിചിത്രണത്തിന് -പ്രൊഫൈലിങ്ങിന്​- വേണ്ടിയാവും ഇത് കൂടുതലും ഉപയോഗിക്കുക എന്നാണ്. അതില്‍തന്നെ ദലിത്‌-ന്യൂനപക്ഷ-പാര്‍ശ്വവത്​കൃത വിഭാഗങ്ങള്‍ക്കെതിരെ ആയിരിക്കും ഈ ദുരുപയോഗമെന്നും അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. സാങ്കേതികമായ അർഥത്തില്‍ കുറ്റവാളികളുടെ ഡി.എന്‍.എ വിവരമാണ് ഡേറ്റാ ബാങ്കില്‍ സൂക്ഷിക്കുക.

എന്നാല്‍, മറ്റുള്ളവരുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ അവ്യക്തതകള്‍ അപകടകരമാണ്. ഡി.എന്‍.എ വിവരം സൂക്ഷിക്കുന്ന ഫോറന്‍സിക് ലാബുകള്‍ക്ക് പ്രത്യേക അംഗീകാരം നിര്‍ബന്ധമാണെന്നും ഡി.എന്‍.എ പ്രൊഫൈലിങ്​ ബോര്‍ഡ് എന്ന ഉന്നതാധികാര സമിതിക്കാകും സംസ്ഥാനതല ഡേറ്റാ ബാങ്കുകള്‍ രൂപവത്കരിക്കാനുള്ള ചുമതലയെന്നും ബില്‍ പറയുന്നുണ്ടെങ്കിലും ഇതിലെ വലിയ പഴുതുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാണ്. സംശയിക്കപ്പെടുന്നവരുടെ പോലും ഡി.എൻ.എ സാമ്പിളുകള്‍ എടുത്ത്​ തോന്നുംപോലെ ഉപയോഗിച്ചാലും ഒരു കോടതിയിലും ഈ 'സദുദ്ദേശ്യത്തെ' ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന വകുപ്പുകൂടി എഴുതിച്ചേര്‍ത്താണ് ഈ നിയമം അവതരിക്കുന്നത്.

മേല്‍നിരീക്ഷണ ഭരണകൂടം ഇന്നൊരു ആഗോള മുതലാളിത്ത പ്രതിഭാസമാണ്. അതി​െൻറ ചുവടുപിടിച്ച്​ ലിബറല്‍ ജനാധിപത്യത്തി​െൻറ മൂല്യങ്ങളെ കൈയൊഴിയാന്‍ വിവിധ ദേശരാഷ്​ട്രങ്ങളിലെ ജനാധിപത്യ സര്‍ക്കാറുകള്‍പോലും സമ്മർദം നേരിടുകയാണ്.

ഫാഷിസ്​റ്റ്​ ഭരണകൂടങ്ങളാവട്ടെ, ഈ ആഗോളസന്ദര്‍ഭം മുതലെടുത്ത്‌ വ്യക്തികളുടെ പൗരത്വം, അടിസ്ഥാനാവകാശങ്ങളോ സ്വകാര്യതയോ മുഖവിലക്കുപോലും എടുക്കാത്ത ഒട്ടനവധി ഡ്രാക്കോണിയന്‍ നിയമ നിർമാണങ്ങള്‍കൊണ്ട് റദ്ദുചെയ്തുകൊണ്ടിരിക്കുകയാണ്. ആ വംശാവലിയില്‍പെടുന്ന മനുഷ്യവിരുദ്ധമായ ഒരു നിയമനിർമാണം എന്ന നിലയില്‍ ഈ ഡി.എൻ.എ പ്രൊഫൈലിങ്​ നിയമത്തെ എതിര്‍ത്തു തോൽപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

Show Full Article
TAGS:DNA bill 
Next Story