തുടരുന്ന യുദ്ധം, തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ
text_fieldsറഷ്യ-യുക്രെയ്ന്‍ യുദ്ധമോ ഇസ്രായേലിന്റെ ഗസ്സ ആക്രമണമോ അതിന് മുമ്പുനടന്ന പ്രാദേശിക യുദ്ധങ്ങളോ പോലെയല്ല ഇറാന്‍യുദ്ധം ആഗോളതലത്തില്‍ അനുഭവപ്പെടുന്നത്. ലോകമെമ്പാടും, ഈ യുദ്ധത്തിന്റെ ഭാരം ചുമക്കേണ്ടിവന്നിരിക്കുന്നത് ഭരണകൂടങ്ങൾക്ക് മാത്രമല്ല, ആഗോള ഊർജ വിതരണ സംവിധാനങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സാധാരണ ജനങ്ങളും തൊഴിലാളികളും ദുർബല സമ്പദ്‌വ്യവസ്ഥകളുമാണ്.
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾമൂലം എണ്ണവില കുതിച്ചുയരുന്നതിനാൽ ഏഷ്യയിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾ ഇന്ധനവിലയും പണപ്പെരുപ്പവും നേരിടുന്നു. അതേസമയം ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും ദരിദ്രരാജ്യങ്ങൾ വളക്ഷാമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, കറൻസി അസ്ഥിരത എന്നിവയിലൂടെ കടുത്ത സമ്മർദം അനുഭവിക്കുന്നു. ഉൽപാദനം, കൃഷി എന്നിവ മുതൽ ഫാർമസ്യൂട്ടിക്കൽസ് വരെയുള്ള വ്യാവസായിക മേഖലകൾ വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ താങ്ങാന്‍ കഴിയാതെ അടച്ചുപൂട്ടപ്പെടുന്നു. കടുത്ത പാചകവാതക ക്ഷാമവും ഇന്ധനക്ഷാമവും ഊബറും സ്വിഗ്ഗിയും സൊമാറ്റോയുമടക്കമുള്ള പ്ലാറ്റ്ഫോം മുതലാളിത്തത്തെ അക്ഷരാർഥത്തില്‍ നിശ്ചലമാക്കിയിരിക്കുന്നു. മധ്യവര്‍ഗ കുടുംബങ്ങള്‍പോലും പട്ടിണിയിലാവുന്നു. തൊഴിലവസരങ്ങൾക്കും ഉൽപാദനസ്ഥിരതക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ട്, വിമാനക്കമ്പനികൾ, ഷിപ്പിങ് വ്യവസായങ്ങൾ, ആഗോള വ്യാപാര ശൃംഖലകൾ എന്നിവ വൻതോതിലുള്ള സാമ്പത്തിക നഷ്ടങ്ങളും പ്രവർത്തന തടസ്സങ്ങളും നേരിടുന്നു. ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇറക്കുമതിചെയ്യുന്ന ഊർജത്തെ, വളരെയധികം ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളിലും, സർക്കാറുകൾ ഇതിനകംതന്നെ കടുത്ത റേഷനിങ് നടപടികളിലേക്ക് നീങ്ങാന്‍ നിർബന്ധിതരായിരിക്കുന്നു. നിക്ഷേപ സ്തംഭനത്തില്‍ വ്യവസായങ്ങൾ അനിശ്ചിതത്വത്തിലേക്ക് വീഴുന്നു. യു.എസ്-ഇറാന്‍ യുദ്ധമിപ്പോള്‍ ഒരു പ്രാദേശിക യുദ്ധമല്ല, മറിച്ച് യുദ്ധച്ചെലവുകൾ അസമമായി വിതരണംചെയ്യപ്പെടുന്ന ഒരു ആഗോള അടിയന്തരാവസ്ഥയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ ഭീകരതയുടെ ഇരയായിരിക്കുന്നത് ഇപ്പോള്‍ ഇറാന്‍ മാത്രമല്ല, ലോകജനത ഒട്ടാകെയാണ്.
നിസ്സാരമായി ഇറാനെ കീഴ്പ്പെടുത്താമെന്നു കരുതിയ അമേരിക്കന്‍ നേതൃത്വം, വങ്കത്തങ്ങള്‍മാത്രം നിരന്തരം വിളിച്ചുപറയുന്ന ട്രംപിന്റെ ദുശ്ശാഠ്യങ്ങള്‍ നയതന്ത്രപരമായി തങ്ങളെ എത്തിച്ചിരിക്കുന്ന പടുകുഴിയിലേക്ക് നിരാശരായി നോക്കിയിരിക്കുകയാണ്. ലോക മനഃസാക്ഷി പൊറുക്കാനിടയില്ലാത്ത കടുംപാതകം ചെയ്തെങ്കിലും ഈ യുദ്ധം ജയിക്കണമെന്ന നിഹിലിസ്റ്റ് യുക്തിയിലേക്ക് അമേരിക്ക ചുരുങ്ങിയിരിക്കുന്നു. അടങ്ങാത്ത യുദ്ധദാഹവും ഊർജസ്രോതസ്സുകള്‍ കൈവശമുള്ള രാജ്യങ്ങളെ കൈപ്പിടിയില്‍ ഒതുക്കാനുള്ള സ്വാർഥലാക്കുംകൊണ്ടുമാത്രം അമേരിക്ക എത്തിപ്പെട്ട സമാനതകളില്ലാത്ത ദുരന്തമാണിത്. അതിന് വിലകൊടുക്കേണ്ടിവരുന്നത് ലോകം മുഴുവനുമാണ്.
ഇറാന്‍റെ തന്ത്രങ്ങളും ആഗോള പ്രതികരണങ്ങളും
സാമ്രാജ്യത്വ ഏറ്റുമുട്ടലിന്റെയും ബലപ്രയോഗത്തിന്റെയും ആവർത്തിച്ചുള്ള പരമാധികാര ലംഘനങ്ങളുടെയും നീണ്ടചരിത്രത്തിന്റെ തുടര്‍ച്ചയാണ് ഈ യുദ്ധവും. 2026 ഫെബ്രുവരി 28ന് ഇറാനിയൻ സൈനിക സൗകര്യങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ആണവ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച വലിയതോതിലുള്ള ഏകോപിത ആക്രമണങ്ങൾ തെഹ്‌റാന്‍ നടത്തിയ ഏതെങ്കിലും പ്രകോപനത്തോടുള്ള പ്രതികരണമായിരുന്നില്ല. ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനും അവിടത്തെ ജനതയെ അപമാനിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ യുദ്ധനടപടിയായിരുന്നു. മുതിർന്ന നേതാക്കളുടെ കൊലപാതകവും സിവിലിയൻ നാശനഷ്ടങ്ങളും പരിമിതമായ സൈനിക ഇടപെടലിനേക്കാൾ അസ്തിത്വപരമായ വൈദേശികാക്രമണമാണ് ഇറാന്‍ നേരിടുന്നതെന്ന വസ്തുതക്ക് അടിവരയിടുന്നതാണ്.
അമേരിക്കന്‍ സംഖ്യരാജ്യങ്ങള്‍ നിറഞ്ഞ യൂറോപ്പിന്റെ പല ഭാഗങ്ങളിലും യുദ്ധത്തോടുള്ള പ്രതികരണങ്ങൾ ജാഗ്രതയോടെയുള്ള എതിർപ്പോ തന്ത്രപരമായ നിസ്സംഗതയോ ആയിരുന്നു. ആര്‍ക്കുംവേണ്ടാത്ത ഒരു യുദ്ധമാണിതെന്ന വികാരമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ സംയമനത്തിനും നയതന്ത്ര പരിഹാരത്തിനും ആഹ്വാനംചെയ്തുകൊണ്ട് വിപുലീകരിച്ച സൈനിക ഇടപെടലിന് പൂർണമായ അംഗീകാരം നൽകുന്നത് ഒഴിവാക്കി മാറിനിന്നു. സംഘർഷം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഇറ്റലിയും സ്പെയിനും പരോക്ഷമായി യുദ്ധത്തെ തള്ളിപ്പറഞ്ഞു. ഊർജ വിപണികളിലെ സ്ഥിരതയടക്കമുള്ള ആഭ്യന്തര സാമ്പത്തികാശങ്കകൾ അവരെ ഭയപ്പെടുത്തുന്നുണ്ട്. പഴയ കൊളോണിയല്‍ അധിനിവേശത്തിന്റെ രക്തദാഹം അവസാനിക്കാത്ത ഭൂതാതുരതയുള്ള ഇംഗ്ലണ്ട് മാത്രമാണ് അമേരിക്കയുമായി ഇക്കാര്യത്തില്‍ അടുത്തബന്ധം പുലർത്തുന്നത്. എന്നാൽ, വലിയതോതിലുള്ള സൈനിക പ്രതിബദ്ധതകളെക്കുറിച്ച് യാതൊരു പ്രഖ്യാപനവും ഇക്കുറി അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
യൂറോപ്പിനുപുറത്ത്, ഇന്ത്യ തന്ത്രപരമായ നിഷ്പക്ഷതയുടെ നിലപാട് പുലർത്തിയത് ആഭ്യന്തര രാഷ്ട്രീയത്തില്‍ ശക്തമായി ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഊർജ സുരക്ഷയും സാമ്പത്തിക സ്ഥിരതയും സംരക്ഷിക്കുന്നതിനൊപ്പം യുദ്ധത്തെ വിമര്‍ശിക്കാനുള്ള ധാർമികബാധ്യതയില്‍നിന്ന് ഇന്ത്യന്‍ ഭരണകൂടം ഒഴിഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍, സംഘർഷം സൃഷ്ടിച്ച അമേരിക്കന്‍ ഇടപെടലിനെ ചൈന വ്യക്തമായി വിമർശിക്കുകയും ഈ യുദ്ധം ആഗോള വ്യാപാരത്തെ അസ്ഥിരപ്പെടുത്തുന്നതാണെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്രസീലും ദക്ഷിണാഫ്രിക്കയും ഇറാന്‍റെ പരമാധികാരത്തിന് ഊന്നൽ നൽകുകയും ഏകപക്ഷീയമായ സൈനിക നടപടികളെ എതിർക്കുകയും ചെയ്യുന്നു. ഏകപക്ഷീയമായ ഈ യുദ്ധം സൃഷ്ടിച്ച ആഭ്യന്തര സമ്മർദങ്ങളുടെയും ആഗോള സാമ്പത്തിക അപകടസാധ്യതകളുടെയും വെളിച്ചത്തിൽ ഓരോ രാജ്യവും സ്വന്തം നിലപാടുകൾ വിലയിരുത്തുന്നു എന്നതിനാല്‍ അമേരിക്കന്‍ സമ്മർദങ്ങളെ അവഗണിച്ചുകൊണ്ട് ഒരു ഏകീകൃത അന്താരാഷ്ട്ര സമവായം യുദ്ധത്തിനെതിരെ ഇപ്പോള്‍ ഉയർന്നുവരുകയാണ്. ഇന്ത്യക്കും ഇതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല.
അമേരിക്കയുമായുള്ള സൈനിക സമമിതിരാഹിത്യം വ്യക്തമായി മനസ്സിലാക്കിയാണ് ഇറാന്‍ സ്വന്തം യുദ്ധതന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ചില കപ്പലുകളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തുകൊണ്ട് കടലിടുക്കിനെ യുദ്ധത്തിന്‍റെ ഭാഗവും ഭാഗികമായെങ്കിലും നിയന്ത്രിതവുമായ മേഖലയാക്കി ഇറാന്‍ മാറ്റിയതോടെയാണ് അമേരിക്ക പ്രതീക്ഷിക്കാത്ത തലത്തില്‍ ഒരു പ്രാദേശിക സൈനികസംഘർഷം ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളരെവേഗം രൂപംമാറിയത്.
ലോകം സാമ്രാജ്യത്വത്തിന്റെ തോക്കിന്‍മുനയില്‍
യുദ്ധം തുടങ്ങുമ്പോള്‍ അമേരിക്ക പ്രധാനമായും പ്രതീക്ഷിച്ചത് മൂന്നു കാര്യങ്ങളായിരുന്നു- ഇറാന്റെ സൈനികശേഷിയുടെ ദ്രുതഗതിയിലുള്ള തകർച്ച, സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഇറാനില്‍ മാത്രമായി ചുരുക്കിനിര്‍ത്തുക, ആഗോള ഊർജ വിപണികളുടെ നിയന്ത്രണം കൈവിടാതിരിക്കുക. ഈ ലക്ഷ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കൻ പദ്ധതികളെയാണ് ഹുർമുസ് കടലിടുക്കിലെ ഇടപെടലിലൂടെ ഇറാന്‍ തകിടംമറിച്ചത്. അമേരിക്കന്‍ ആയുധ ശേഷിക്കുമുന്നില്‍ അസമമാണെങ്കിലും ഇറാന്റെ സൈനികതന്ത്രങ്ങൾ, കടലിടുക്ക് സുരക്ഷിതമാക്കുന്നതിനോ വാണിജ്യ ഗതാഗതത്തിന് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിനോ കഴിയാതെ അമേരിക്കയെ കുഴക്കുകയാണ്. സമുദ്ര ഗതാഗതം മന്ദഗതിയിലാക്കാനും തടസ്സപ്പെടുത്താനുമുള്ള ഇറാന്‍റെ സാധ്യതകളെക്കുറിച്ച് അമേരിക്ക പഠിച്ചിരുന്നില്ലെന്ന് എഴുതിയത് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ്.
ലോകത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്ന ഈ സാമ്രാജ്യത്വയുദ്ധം ഇപ്പോളൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ, ഭാഗികമായ തടസ്സംപോലും ക്രൂഡോയിൽ വില ബാരലിന് 100-120 ഡോളറിനപ്പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. പ്രതിദിനം 8-10 ദശലക്ഷം ബാരലുകൾവരെ കാലതാമസമോ അനിശ്ചിതത്വമോ നേരിട്ടതായും ആഗോള വിതരണം സ്തംഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. തൽഫലമായി, ലോകമെമ്പാടും പണപ്പെരുപ്പ സമ്മർദങ്ങൾ ഉയരുകയാണ്. ഇന്ധനവില കുതിച്ചുയർന്നു, ഷിപ്പിങ് ചെലവ് 30-50 ശതമാനം വർധിച്ചു, എയർലൈൻ പ്രവർത്തനങ്ങൾ കുറയുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകൾക്ക്, വ്യാപാരക്കമ്മി വർധനവും കറൻസി സമ്മർദവും ഇത് സൃഷ്ടിക്കുന്നുണ്ട്. ആഗോള വളർച്ചയിൽ 0.5-1 ശതമാനം മാന്ദ്യമുണ്ടാകുമെന്ന് ഐ.എം.എഫും മറ്റ് ഏജൻസികളും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും ചേരുമ്പോള്‍ സംജാതമാകുന്ന സ്റ്റാഗ്ഫ്ലേഷനറി ഘട്ടത്തിലേക്ക് ലോക സമ്പദ് വ്യവസ്ഥ നീങ്ങുകയാണ്. ഇറാന്‍ അധിനിവേശംപോലെ ഇത്രയും വ്യക്തമായി ലോകം രണ്ട് ചേരിയാണെങ്കില്‍ അതിലെ മനുഷ്യവിരുദ്ധമുഖമുള്ള, ഉള്ളടക്കമുള്ള ചേരി സാമ്രാജ്യത്വത്തിന്റേതാണെന്ന് ലോകജനതക്ക് ഒന്നാകെ കാട്ടിത്തന്ന മറ്റൊരു യുദ്ധവും അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ലോകം ഒന്നിച്ചുതോൽപിക്കേണ്ടതാണ്, ഈ സാമ്രാജ്യത്വ അധിനിവേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

