Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightപ്രത്യയശാസ്ത്ര...

പ്രത്യയശാസ്ത്ര ഭീകരതയുടെ പരിണതികൾ

text_fields
bookmark_border
sidharthan
cancel

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സഹപാഠികൾ നടത്തിയ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്കൊടുവിൽ, 20 വയസ്സുള്ള വിദ്യാർഥി സിദ്ധാർഥൻ കൊല്ലപ്പെട്ട ദാരുണ സംഭവം, അതിലടങ്ങിയ അധികാര ഘടനകൾ, പ്രത്യയശാസ്ത്ര മേധാവിത്വം, സ്ഥാപനപരമായ ദുർബലതകൾ എന്നിവയുടെ സങ്കീർണമായ പരസ്പരബന്ധത്തിന്റെ പശ്ചാത്തലത്തിൽക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ സംഭവം ഒരു ഒറ്റപ്പെട്ട ദുരന്തമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിശാലമായ സാമൂഹിക ഘടനകളിലും വ്യാപിക്കുന്ന ആഴത്തിലുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങളുടെ പ്രതിഫലനമാണ്. സംഘടനാപരമായ അധികാരങ്ങളും പ്രിവിലേജുകളും എങ്ങനെ ഒരു സമൂഹത്തിൽ അധികാരത്തിന്റെ കേന്ദ്രീകരണത്തിലേക്കു നയിക്കുന്നു എന്നത് ചരിത്രത്തിൽ നാം പരിചയപ്പെട്ടിട്ടുള്ള പ്രതിഭാസമാണ്. ജനാധിപത്യത്തെ പ്രഹസനമാക്കുന്നതരം ദുരധികാര കേന്ദ്രീകരണമാണ് പാർട്ടി സെൻട്രലിസമെന്ന പേരിൽ ലെനിൻ പരീക്ഷിക്കുന്നതെന്ന് അക്കാലത്തുതന്നെ റോസ ലക്സംബർഗ് വിമർശിച്ചിരുന്നു. അധികാരത്തിന്​ അവസരമുണ്ടെങ്കിൽ അതിലേക്ക് ആർത്തിയോടെ നീങ്ങുന്നതിൽ ഒരു വലിയ വിഭാഗം, സ്വന്തം കുടുംബത്തിലേക്കുള്ള ധനസമ്പാദനത്തിനും മറ്റുചിലർ അതിന്റെ ജീർണമായ സൗജന്യങ്ങൾ ഉപയോഗിച്ച് സ്വന്തം പരപീഡന വ്യഗ്രതകളെ പോഷിപ്പിക്കുന്നതിനും മറ്റൊരു ജീർണ വിഭാഗം സ്വന്തം ആത്മരതിയുടെ നിർലജ്ജമായ പ്രകാശനത്തിനും അങ്ങേയറ്റം ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടാവാറുള്ളത്. ഇത് മൂന്നും ഒരുമിച്ചു ചെയ്യുന്നവരും വിരളമല്ല. സൈബർ ഇടങ്ങളിൽപ്പോലും ഇത്തരക്കാരുടെ തള്ളിക്കയറ്റം കാണാം.

സിദ്ധാർഥനെ പീഡിപ്പിച്ച, മരണത്തിനു കാരണക്കാരായ വിദ്യാർഥി ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്​.ഐ) അംഗങ്ങളുടെ അധികാര പ്രയോഗമാണ് ഈ സംഭവത്തിന്റെ കാതൽ. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആ സംഘടന യൂനിറ്റിന്റെ പ്രധാന ഭാരവാഹികൾ ഉണ്ടെന്നതും അവർ തന്നെയാണ് കോളജ് യൂനിയൻ ഭാരവാഹികളെന്നതുമാണ്, എസ്.എഫ്‌.ഐ അംഗങ്ങളല്ലെന്ന് ഇപ്പോൾ അവകാശപ്പെടുന്ന മറ്റു പ്രതികളുടെയും പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനം. സംഘടനാപരമായ അധികാരം ദുഷിക്കുമ്പോൾ അത് സൃഷ്ടിക്കുന്ന അനീതിയുടെ വ്യവസ്ഥകൾ മറ്റുള്ളവരെ ആ തിന്മയുടെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. ഇവരെല്ലാം സാധാരണക്കാരായ കുട്ടികൾ അല്ലേ? തീർച്ചയായും ആണ്. ഹന്നാ ആരേന്ദിന്റെ banality of evil എന്ന പ്രയോഗം ഈ യാഥാർഥ്യത്തെയാണ് വെളിവാക്കുന്നത്. നിസ്സാരരായ മനുഷ്യർ വ്യവസ്ഥയോട് പറ്റിച്ചേർന്നുനിന്ന് അതിന്റെ ഗുണഭോക്താക്കളായി എല്ലാ തിന്മകളെയും നടപ്പിലാക്കാനും നീതീകരിക്കാനും സ്വയം സജ്ജമാക്കി സ്വന്തം നൈതിക കോംപാസിനെ അഴിച്ചുവെക്കുന്നതാണ് തിന്മയുടെ തുച്ഛത. മടിയിൽ കനമുണ്ടെന്നു തോന്നുകപോലും ചെയ്യാതെ അധികാരത്തെ ആരാധിച്ചും ആശ്രയിച്ചും ജീവിക്കുന്ന മനുഷ്യരാണ് വ്യവസ്ഥയുടെ ഏറ്റവും വലിയ ക്രിമിനലുകൾ. അവർക്കു സസന്തോഷം വിപുലമായ അനുയായി വൃന്ദങ്ങളെ വളർത്തിയെടുത്തു വിഹരിക്കാൻ കഴിയുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സമഗ്രാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്, അല്ലാതെ അവരുടെ വെറും റിക്രൂട്ട്മെന്റ് ഏജൻസി മാത്രമായി മാറിയിട്ടുള്ള വിദ്യാർഥി സംഘടനയല്ല ഇക്കാര്യത്തിൽ പുനർവിചാരം നടത്താനുള്ളത്.

വിചാരണയല്ല, ഭീകരതയാണ്

അധികാരം, അതും സ്ഥാപനവത്കൃതമായ ദുരധികാരം, സ്വയം അടയാളപ്പെടുത്തിയ ഒരു ടെറിറ്ററിക്കുള്ളിൽ നിസ്സങ്കോചം നടപ്പിലാക്കിയ ടെറർ - ഭീകരത - തന്നെയാണ് പൂക്കോട് നടന്നത്. ഇത് കേവലമായ ഭീകരവാദവുമല്ല. വ്യവസ്ഥാപിതമാക്കപ്പെട്ടതാണ് തങ്ങളുടെ ദുരധികാരം എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത ഒരു പ്രത്യയശാസ്ത്ര ദുരന്തത്തിന്റെ പ്രായോഗിക രൂപമാണിത്​. സോവിയറ്റ് യൂനിയനിലെ റെഡ് ടെറർ വിപ്ലവത്തിന്റെ അനിവാര്യമായ ഘടകമാണ് എന്നാണ് ലെനിനും ട്രോട്സ്കിയുമടക്കമുള്ളവർ വിശ്വസിച്ചിരുന്നത്. ഇതിനെ കൗട്സ്കി എതിർത്തിരുന്നു. ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ കെ. വേണു അടക്കമുള്ളവർ ഉന്മൂലന സിദ്ധാന്തം നടപ്പാക്കിയ കാലത്ത് അതിനെതിരെ എഴുതിയ ഇ.എം.എസിനെ ഇന്ത്യൻ കൗട്സ്കി എന്നാണ് വിളിച്ചിരുന്നത്. ഇ.എം.എസും പക്ഷേ, സി.പി.എംതന്നെ അത്തരമൊരു മാനസിക ഘടനയിലേക്ക് വഴുതിവീഴുന്നത് മനസ്സിലാക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല.

അധികാരം പലപ്പോഴും ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയും, ഇത് പാർശ്വവത്കരിക്കപ്പെട്ടവരോ ചൊൽപടിയിൽനിന്ന് വ്യതിചലിക്കുന്നവരോ ആയവർക്കെതിരെ ഹിംസാത്മകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സിദ്ധാർഥന്റെ ദുരന്തം അനിയന്ത്രിതമായ അധികാരത്തിന്റെ അപകടങ്ങളും അത് വളരാൻ അനുവദിച്ച വ്യവസ്ഥയുടെ ആന്തരികമായ ജീർണതകളും തുറന്നുകാട്ടുന്നുണ്ട്. അനിയന്ത്രിതമായ സമഗ്രാധിപത്യ ചിന്തയുടെ പരിണിതഫലം എന്ന് എസ്.എഫ്.ഐക്കാരുടെ ചെയ്തികളെ വ്യാഖ്യാനിക്കാം. കാമ്പസിനുള്ളിലെ പ്രത്യയശാസ്ത്ര മേധാവിത്വത്തിന്റെ സ്വാധീനം, പ്രത്യേകിച്ച് ആധിപത്യ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രം, വ്യക്തികൾക്കു നൽകുന്ന അമിതമായ ദുരധികാരബോധം എന്നിവ ഈ സംഭവത്തിന്റെ നിർണായകവശമാണ്.

പ്രത്യയശാസ്ത്രവും സ്വാതന്ത്ര്യവും

കേരളത്തിൽ പൊതുവേ പാർട്ടികൾക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ എന്തോ അപമാനമായാണ് കരുതപ്പെടുന്നത്. തീർച്ചയായും അത് കമ്യൂണിസ്റ്റ് പാർട്ടികളിലെ ഡെമോക്രാറ്റിക് സെൻട്രലിസം എന്ന, മാർക്സിനു ഉത്തരവാദിത്തം ഇല്ലാത്തതും ലെനിന്റെ സംഭാവനയുമായ സങ്കൽപത്തിന്റെ അമിതമായ സ്വാധീനത്തിൽ ഉണ്ടായതാണ്. കോൺഗ്രസുപോലെ ഒരു ലിബറൽ ജനാധിപത്യ പാർട്ടിയിലെ നേതാക്കൾ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കു മാധ്യമങ്ങൾക്കു മുന്നിൽ മറുപടി പറയേണ്ടി വരുന്നത് ഈ ലെനിനിസ്റ്റ് സ്വാധീനം കേരളത്തിലെ എല്ലാ പാർട്ടികളെയും ഗ്രസിച്ചതുകൊണ്ടാണ്. പാർട്ടിയിലെ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുള്ളത് കൊട്ടിഘോഷിക്കേണ്ട വർത്തയാണെന്നു മാധ്യമങ്ങൾക്ക് തോന്നുന്നത് മാധ്യമങ്ങളുടെ കുഴപ്പമല്ല, മറിച്ച് അത്തരം എന്തെങ്കിലും എതിർപ്പുകൾ ഉണ്ടായാൽ അത് മറച്ചുവെക്കാനും ഇല്ലെന്നുവരുത്താനുമുള്ള പാർട്ടികളുടെ വ്യഗ്രതയാണ് ഈ ദുഃസ്ഥിതി സൃഷ്ടിച്ചത്.

എസ്.എഫ്.ഐ ദുഷിച്ചത് കാമ്പസിന്റെ ഉള്ളിലല്ല. മറിച്ച് വലതുപക്ഷ സൈബറിസ്റ്റുകളടക്കമുള്ളവർ സി.പി.എമ്മിന്റെ നിയോലിബറൽ നയങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ ഇല്ലാതായ വിമർശനഭീതിയെ മുതലെടുത്ത് അനാരോഗ്യകരമായ ആന്തരിക ജീർണതകളിലേക്ക് ബഹുജന സംഘടനകൾ ഒന്നാകെ പിൻവാങ്ങിയപ്പോഴാണ്. മാവോവാദികളെ വെടിവെച്ചു കൊല്ലുമ്പോൾ അതിന്റെ നീതിമത്കരിക്കുന്ന, പരിസ്ഥിതി സമരങ്ങളെ പുച്ഛിക്കുന്ന, വലതു വ്യതിയാനങ്ങളെ കൊട്ടുംകുരവയുമായി സ്വീകരിക്കുന്ന ഒരു പൊതുമണ്ഡലം സൃഷ്ടിച്ചപ്പോഴുണ്ടായ അനുബന്ധമാണ്‌ കാമ്പസിലെ സ്വാതന്ത്ര്യ നിഷേധങ്ങൾ. സിദ്ധാർഥൻ കൊല്ലപ്പെട്ട സംഭവം ഏതെങ്കിലും ആദർശത്തിൽനിന്നുള്ള വ്യതിയാനത്തെയല്ല പ്രതിനിധാനംചെയ്യുന്നത്, അത് ദുരധികാര പ്രയോഗത്തിന്റെ വേദിയായി മാറിയ വിദ്യാഭ്യാസ അന്തരീക്ഷത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് തുറന്നുപറയാനും വിമർശിക്കാനുമുള്ള ഉത്തരവാദിത്തത്തിൽ നിന്നാണ് നാം നമ്മുടേതായ കാരണങ്ങളാൽ ഒഴിഞ്ഞു മാറുന്നത്. ഇതിന്റെ മറ്റൊരു കാരണം അരക്ഷിതത്വമാണ്. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വളർച്ച പൊതുവിൽ ലിബറൽ പാർട്ടികളെയും കമ്യൂണിസ്റ്റ് പാർട്ടികളെയും അരക്ഷിതത്വ ചിന്തകളിലേക്ക് തള്ളിവിട്ടിട്ടുണ്ട്. സർവൈവൽ ഭീതിയുടെ നീരാളിപ്പിടിത്തത്തിലാണ് ഈ പാർട്ടികൾ. അതിന്റെകൂടി അനന്തരഫലമാണ് ചില അധാർമികമായ നീതിമത്കരണങ്ങൾ. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വിഷം വമിക്കുന്ന ഒരു ഉരഗം വിഴുങ്ങാൻ ശ്രമിക്കുന്ന തവളയെയാണ് പറന്നുപോവുന്ന ഈച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ നാം വിമർശിക്കുന്നതെന്ന് കോൺഗ്രസിനെയോ കമ്യൂണിസ്റ്റ് പാർട്ടികളെയോ വിമർശിക്കുമ്പോൾ എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കാൻ ഇവിടെ ഇപ്പോൾ അവശേഷിച്ചിട്ടുള്ള പ്രതിപക്ഷത്തെ, കേരളത്തിലായാലും പുറത്തായാലും, വിമർശിക്കുന്നതിന് ചില രാഷ്ട്രീയമായ പരിമിതികളും നീതിബദ്ധതയുടെ മറ്റു ചില മാനദണ്ഡങ്ങളുമുണ്ട് എന്ന കാര്യം വിസ്മരിക്കാൻ കഴിയുന്നതല്ല. പക്ഷേ, അവർ എന്തുചെയ്യുന്നു എന്നത് പൂർണമായും അവഗണിക്കാനും കഴിയില്ല. കേരളത്തിൽത്തന്നെ നടക്കുന്ന പല കാര്യങ്ങളും നിശിതമായി വിമർശിക്കപ്പെടേണ്ടതാണ്. ആത്മപരിശോധന നടത്താൻ പാർട്ടികൾ തന്നെയാണ് തയാറാവേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IdeologyKerala NewsSiddharth Death Wayanad
News Summary - Consequences of Ideological Terrorism
Next Story