Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightരാ​ഷ്ട്രം മ​ന​സ്സ്...

രാ​ഷ്ട്രം മ​ന​സ്സ് വെ​ളി​പ്പെ​ടു​ത്തി​യ പ്ര​ക്ഷോ​ഭം

text_fields
bookmark_border
രാ​ഷ്ട്രം മ​ന​സ്സ് വെ​ളി​പ്പെ​ടു​ത്തി​യ പ്ര​ക്ഷോ​ഭം
cancel
പ്രക്ഷോഭ വിജയത്തിന്റെ ഏറ്റവും ഹൃദ്യമായ മുൻസൂചന ലഭിച്ചത് രാഷ്ട്രീയ പാർട്ടികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അല്ല, മറിച്ച് സാധാരണക്കാരിൽ നിന്നാണ്. പ്രക്ഷോഭത്തിലുടനീളം പൗരജനങ്ങൾ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ പ്രതിഷേധസ്ഥലത്തേക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു. ഐക്യദാർഢ്യത്തിന്റെ ഇത്തരം സ്വതസിദ്ധമായ പ്രകടനങ്ങൾ സംഘടനാപരമായ ആസൂത്രണത്തിലൂടെയോ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയോ നിർമിച്ചെടുക്കാൻ കഴിയില്ല

ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ വിജയകരമായ സമാപനം, ഇന്ത്യയിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ സമീപകാല ചരിത്രത്തിലെ സുപ്രധാനമായ ഒരു സന്ദർഭത്തെയാണ് അടയാളപ്പെടുത്തുന്നത്. ഏതൊരു പ്രസ്ഥാനത്തെയും അതിന്റെ അടിയന്തര ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നത് ശരിയല്ലെങ്കിലും ഈ പ്രക്ഷോഭം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വഴിവെക്കുകയും വിദ്യാഭ്യാസ ഭരണരംഗത്തെ പ്രതിസന്ധിയെ ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ട് അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൈവരിച്ചുവെന്നത് എടുത്തുപറയേണ്ടതുണ്ട്. എങ്കിലും, ഈ തൽക്ഷണ വിജയത്തിനും അപ്പുറത്താണ് ഇതിന്റെ ഏറ്റവും സ്ഥായിയായ ചില സവിശേഷതകൾ മനസ്സിലാക്കപ്പെടേണ്ടത്. വർധിച്ചുവരുന്ന അധികാരകേന്ദ്രീകരണം, ചുരുങ്ങുന്ന ജനാധിപത്യ ഇടങ്ങൾ, പൊതുനയങ്ങൾ തീരുമാനിക്കപ്പെടുന്നതിൽ കാണുന്ന അഭൂതപൂർവമായ കോർപറേറ്റ് സ്വാധീനം, ദൈനംദിന ഭരണത്തിന്റെ അമിതമായ പൊലീസ്-മിലിറ്ററിവൽക്കരണം എന്നിവ മുഖമുദ്രകളായി മാറിയ രാഷ്ട്രീയാന്തരീക്ഷത്തിൽ പോലും, അഹിംസാത്മകമായ സിവിൽ സമൂഹ പ്രവർത്തനങ്ങൾക്ക് അസാധാരണമായ നൈതികാർജവം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ടാണ് ഈ സമരം സമാപിച്ചത്.

ഭരണയുക്തിയുടെ പ്രതിസന്ധി

ഉയർത്തിയ ആവശ്യത്തേക്കാൾ, ആ ആവശ്യം ഉന്നയിച്ച അതിശയകരമായ രീതികൊണ്ടായിരിക്കും ഒരുപക്ഷേ ഈ പ്രസ്ഥാനം ഓർമിക്കപ്പെടുക. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ പലപ്പോഴും ക്രമസമാധാന ലംഘനമായോ അക്രമാസക്തമായോ ചിത്രീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, വിദ്യാർഥികൾ അഹിംസ, അച്ചടക്കം, അന്തസ്സ് എന്നിവയോട് മാതൃകാപരമായ പ്രതിബദ്ധതയാണ് പുലർത്തിയത്. പ്രകോപനങ്ങളും ഭീഷണികളും പൊലീസ് ഇടപെടലുകളും നേരിടേണ്ടി വന്നപ്പോൾ പോലും പ്രതിഷേധക്കാർ സംയമനവും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. കേവലമായ അക്രമത്തിലേക്ക് തരംതാഴാനുള്ള അവരുടെ വിസമ്മതം ഈ പ്രക്ഷോഭത്തെ ഭരണകൂടത്തിന് മുന്നിലെ ശക്തമായ ധാർമിക വെല്ലുവിളിയാക്കി മാറ്റി. അത് ബലഹീനതയെയല്ല, മറിച്ച് സമാധാനപരമായ പ്രതിരോധത്തിന്റെ ധാർമിക ശ്രേഷ്ഠതയിലുള്ള ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിച്ചത്. യഥാർഥത്തിൽ ഗാന്ധിയൻ മാതൃക ഗാന്ധിയെ അനുകരിക്കുന്നതല്ല, സ്വന്തം ധാർമികതയുടെ ആത്മവിശ്വാസത്തിൽ മാത്രമേ അഹിംസാവാദം നിലനിൽക്കുകയുള്ളൂ എന്ന ഗാന്ധിയൻ ധാരണ ഉൾക്കൊള്ളലാണ്.

ഈ പ്രക്ഷോഭത്തിന്റെ കൂടുതൽ ചരിത്രപരമായ വിജയം ഭരണകൂടത്തിന് ഇതഃപര്യന്തം കാണാതിരുന്ന ആഴത്തിൽ ഭരണയുക്തിയുടെ പ്രതിസന്ധി അത് സൃഷ്ടിച്ചുവെന്നതാണ്. ജനാധിപത്യ സർക്കാറുകൾ ഭരണസാധുത നേടുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങളിൽനിന്ന് മാത്രമല്ല, മറിച്ച് ഉത്തരം പറയാനുള്ള ബാധ്യത, സുതാര്യത, പൊതുജന ആശങ്കകളോട് പ്രതികരിക്കാനുള്ള സന്നദ്ധത എന്നിവയിൽനിന്നു കൂടിയാണ്. വിശ്വാസരാഹിത്യത്തിന്റെ സൂചനകളെ മറികടക്കാൻ ഈ ഭരണകൂടം എപ്പോഴും ശ്രമിക്കുന്നത് കൂടുതൽ അപരത്വനിർമിതികൾ സൃഷ്ടിച്ചുകൊണ്ടാണ്. എന്നാൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതിലെ വിമുഖത, പ്രതിഷേധത്തെ അസാധുവാക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടികൾ എന്നിവ പൊതുജനങ്ങളുടെ ശ്രദ്ധയെ അടിയന്തര വിദ്യാഭ്യാസ ആവശ്യങ്ങളിൽനിന്ന് ജനാധിപത്യ ഭരണത്തെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളിലേക്ക് ക്രമേണ മാറ്റുകയായിരുന്നു എന്നത് ഈ സ്ഥിരം തന്ത്രത്തിന്റെ ഫലശേഷി താൽക്കാലികമായെങ്കിലും മരവിപ്പിച്ചു. സോനം വാങ്ചുകിന്റെ നിരാഹാരവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില പുകമറകളുണ്ടെങ്കിലും അദ്ദേഹത്തെ ബലമായി നീക്കം ചെയ്തത് ആശങ്കകളെ കൂടുതൽ ആഴത്തിലാക്കി. അതിൽ ഏതെങ്കിലും തരത്തിലുള്ള ഒളിച്ചുകളികളോ ഒത്തുതീർപ്പുകളോ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനുപരി, ഭരണകൂടം സമാധാനപരമായ വിയോജിപ്പുകളിൽ കൂടുതൽ അസ്വസ്ഥരാകുന്നു എന്ന ധാരണയെ അത് ശക്തിപ്പെടുത്തി.

ഭക്ഷണപ്പൊതികളുടെ രാഷ്ട്രഭാഷ

സമരത്തിന്റെ ചരിത്രപരമായ നൈസർഗികതയെ മനസ്സിലാക്കുമ്പോഴും ഇതിനോടൊപ്പം ചേർന്നുനിന്ന സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഹിച്ച പങ്കിനെപ്പറ്റി പറയാതിരിക്കുന്നത് ശരിയല്ല. ഇടതുപക്ഷ പാർട്ടികളുടെയും പ്രത്യേകിച്ച് അവരുടെ വിദ്യാർഥി-യുവജന സംഘടനകളുടെയും സജീവമായ പങ്കാളിത്തം, പ്രസ്ഥാനത്തിന്റെ വിശാലമായ ജനാധിപത്യ സ്വഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സംഘടനാപരമായ തുടർച്ച കൈവരിക്കുന്നത് ഉറപ്പാക്കി എന്നതാണ്. അവരുടെ സാന്നിധ്യവും ലൊജിസ്റ്റിക് പിന്തുണയും രാഷ്ട്രീയ വിദ്യാഭ്യാസവും പ്രതിഷേധക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയുള്ള സംരക്ഷണവും നൽകിയെന്നത് സമരത്തിന്റെ യൂഫോറിയയിൽ മറന്നുപോകാൻ പാടുള്ളതല്ല. അത് സമരനേതാക്കൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പല പ്രതിപക്ഷ പാർട്ടികളും പ്രസ്ഥാനത്തിന്റെ പ്രാധാന്യം ക്രമേണ തിരിച്ചറിയുകയും പിന്തുണ നൽകുകയും ചെയ്തു എന്നതും കുറച്ചുകാണാൻ കഴിയില്ല. ഈ ഇടപെടൽ പലരും പ്രതീക്ഷിച്ചതിലും വൈകിയാണ് വന്നതെങ്കിലും, പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ സാധുത വികസിപ്പിക്കുന്നതിനും വിദ്യാർഥികളുടെ ആവശ്യങ്ങൾ മുഖ്യധാര ദേശീയ രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുകയുണ്ടായി. സ്വതന്ത്രമായ പൗരസംരംഭങ്ങളും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരസ്പരം ശക്തിപ്പെടുത്തുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾ കൂടുതൽ ശക്തമാകുമെന്ന യാഥാർഥ്യത്തിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ സമരത്തിന്റെ സവിശേഷമായ നാൾവഴികൾ കാട്ടിത്തരുന്നത്.

പ്രക്ഷോഭ വിജയത്തിന്റെ ഏറ്റവും ഹൃദ്യമായ മുൻസൂചന ലഭിച്ചത് രാഷ്ട്രീയ പാർട്ടികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അല്ല, മറിച്ച് സാധാരണക്കാരിൽ നിന്നാണ്. പ്രക്ഷോഭത്തിലുടനീളം പൗരജനങ്ങൾ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ പ്രതിഷേധസ്ഥലത്തേക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു. ഐക്യദാർഢ്യത്തിന്റെ ഇത്തരം സ്വതസിദ്ധമായ പ്രകടനങ്ങൾ സംഘടനാപരമായ ആസൂത്രണത്തിലൂടെയോ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയോ നിർമിച്ചെടുക്കാൻ കഴിയില്ല. ഒരു പ്രസ്ഥാനം സമൂഹത്തിന്റെ ധാർമിക മനസ്സാക്ഷിയെ സ്പർശിക്കുന്നതിൽ വിജയിക്കുമ്പോൾ മാത്രമാണ് അവ ഉയർന്നുവരുന്നത്.

പൗരരും വിദ്യാർഥികളും തൊഴിലാളികളും പ്രഫഷനലുകളും സന്നദ്ധപ്രവർത്തകരും ഒരുമിച്ച് ഒരു പൊതു പോരാട്ടത്തെ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു. രാഷ്ട്രം അക്ഷരാർഥത്തിൽ ജന്തർ മന്തറിലേക്ക് ഒഴുകുകയായിരുന്നു എന്നർഥം. ഇതോടെ പ്രക്ഷോഭം അതിന്റെ സംഘാടകരുടേത് മാത്രമല്ലാതായി. പൗരസമൂഹം തന്നെ ഏറ്റെടുത്ത ഒരു ലക്ഷ്യമായി സമരത്തിന്റെ മുദ്രാവാക്യം മാറുന്നുവെന്ന് ഭരണകൂടത്തെ ഓർമിപ്പിച്ച ഏറ്റവും വലിയ നൈതിക പ്രതീകമായി ഉയർന്നുനിൽക്കുന്നത് തീർച്ചയായും ഈ സ്വയംഭൂവായ ഇടപെടലായിരുന്നു. ആദ്യത്തെ ഭക്ഷണപ്പൊതി ജന്തർ മന്തറിൽ എത്തിയപ്പോൾ തന്നെ അത് പ്രതിരോധത്തിന്റെ ദേശീയ സ്വീകാര്യത ബോധ്യപ്പെടുത്തി എന്നതാണ് പരമാർഥം. നാനാദിക്കുകളിൽനിന്നുള്ള മനുഷ്യർ നിരന്തരം ഓർഡർ ചെയ്തുകൊണ്ടിരുന്ന ഭക്ഷണപ്പൊതികളിലൂടെ രാഷ്ട്രം അതിന്റെ മനസ്സ് വെളിപ്പെടുത്തുകയായിരുന്നു.

ഇനിയെന്ത്?

ഈ പ്രക്ഷോഭത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നുവെന്നതും ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇനിയുള്ള നീക്കങ്ങളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുവെന്നതും ശരിയാണ്. പല ജനാധിപത്യ മുന്നേറ്റങ്ങളെയും പോലെ, ആവേഗം നിലനിർത്തുക, സഖ്യങ്ങൾ വിപുലീകരിക്കുക, സ്വാംശീകരണങ്ങളെ പ്രതിരോധിക്കുക എന്നീ വെല്ലുവിളികൾ ഇതിനും നേരിടേണ്ടിവരും. എങ്കിലും ഈ പ്രക്ഷോഭം ഇതിനകം തന്നെ കൂടുതൽ സ്ഥായിയായ ഒരു രാഷ്ട്രീയമൂല്യം അവശേഷിപ്പിച്ചിട്ടുണ്ട്. അഹിംസാത്മക പ്രതിരോധം ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായി തുടരുന്നുവെന്നും, അധികാരം കൊണ്ടും അപരവൽക്കരണം കൊണ്ടും പോപ്പുലിസം കൊണ്ടും ഭീതിനിർമാണം കൊണ്ടും ഒരു ഭരണകൂടത്തിനും എക്കാലത്തേക്കും ഭരണസാധുത നിലനിർത്താൻ കഴിയില്ലെന്നും പൗരസമൂഹം ധൈര്യത്തോടും അച്ചടക്കത്തോടും നിശ്ചയദാർഢ്യത്തോടും കൂടി സംഘടിക്കുമ്പോൾ രാഷ്ട്രീയ-കോർപറേറ്റ് അധികാരങ്ങളുടെ ഏറ്റവും ശക്തമായ മർദകരൂപങ്ങളെപ്പോലും അതിന്റെ നൈതികശക്തി പ്രതികരിക്കാൻ നിർബന്ധിതരാക്കുമെന്നും ഈ പ്രക്ഷോഭത്തെ രാജ്യം ഓർമിപ്പിച്ചു.

ഒരു കാര്യം വ്യക്തമാണ്-പ്രക്ഷോഭങ്ങളുടെ അജണ്ടകൾ മാത്രമല്ല പ്രധാനം. വിദ്യാർഥികൾ, തൊഴിലാളികൾ, സിവിൽ സൊസൈറ്റി സംഘടനകൾ, ജനാധിപത്യ രാഷ്ട്രീയശക്തികൾ എന്നിവർക്കിടയിൽ ആഴത്തിലുള്ള സഹകരണത്തിന് പ്രചോദനം നൽകാൻ കഴിയുന്ന വിശാലമായ ആശയദാർഢ്യം അവക്കുണ്ടാവണം എന്നതാണ് വിജയത്തിന്റെ കാതൽ. അഭിജിത്ത് ദീപ്കെ നാളെ എന്തുചെയ്യും എന്നതല്ല, ഈ പ്രക്ഷോഭം സൃഷ്ടിച്ച ധാർമികോർജം ഇനിയുള്ള സമരങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതാണ് പ്രധാനം. അതിന്റെ ദിശാസൂചന ഞാൻ കാണുന്നത് ഇടതു ജനാധിപത്യ സിവിൽ സൊസൈറ്റി ശക്തികളുടെ സമരത്തിലെ സജീവമായ സാന്നിധ്യത്തിലും ദീപ്കെയും നൂറുകണക്കിന് മറ്റ് പ്രക്ഷോഭകരും നിരന്തരം ഉയർത്തിപ്പിടിച്ച് സമരവേദികളിൽ മുഴക്കം സൃഷ്ടിച്ച അംബേദ്കറുടെ ചിത്രങ്ങളിലുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanstudents protestBJP governmentNEET ExamsCockroach Janata Party
News Summary - The protest that revealed the nation's mind
Next Story