Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightമാലിക്: കൊന്നാല്‍...

മാലിക്: കൊന്നാല്‍ മാത്രം അനുസരിക്കുന്ന ജനതയുടെ കഥ

text_fields
bookmark_border
മാലിക്: കൊന്നാല്‍ മാത്രം അനുസരിക്കുന്ന ജനതയുടെ കഥ
cancel

ഒരു ഗാങ്​സ്​റ്റ​െറ നായകനായി കഥയില്‍ അടയാളപ്പെടുത്തുന്നതും അയാൾക്ക്​ മതത്തി​െൻറയോ ഏതെങ്കിലും സാമൂഹികവിഭാഗങ്ങളുടെയോ പിന്തുണയുണ്ടായിരുന്നതായി ചിത്രീകരിക്കുന്നതും ഒടുവില്‍ അയാള്‍ ചതിയില്‍ കൊല്ലപ്പെടുന്നതോ അല്ലെങ്കില്‍, തന്നെ ചതിച്ചവരെ കൊന്നുകളഞ്ഞ്, നീതിക്കു മുകളില്‍ സ്വയം കയറിനിൽക്കുന്നതോ ആയ രീതിയിൽ അവസാനിക്കുന്നതുമായ ചിത്രങ്ങള്‍ എന്നുമുണ്ടായിരുന്നു, ഇനിയുമുണ്ടാകും. അതിനിടയില്‍ 'മാലിക്' പോലൊരു സിനിമകൂടി ഉണ്ടായി എന്നത് ഗതാനുഗതികത്വത്തി​െൻറ ഭാവനാശൂന്യത എന്നതില്‍ കവിഞ്ഞു ഗൗരവമായി എടുക്കേണ്ട കാര്യമല്ല. എന്നാല്‍, ഇത്തരം ചിത്രങ്ങള്‍ പലപ്പോഴും യഥാർഥ ചരിത്രത്തോട് സ്വീകരിക്കുന്ന ഹിംസാത്മക സമീപനം അത് തങ്ങൾക്ക്​ യഥേഷ്​ടം ഉപയോഗിക്കാനുള്ള അസംസ്കൃത വസ്തുവാണ് എന്നതാണ്. അലി അക്ബര്‍ എന്ന സംവിധായകന്‍ ത​െൻറ പുതിയ സിനിമയുടെ നിർമാണം തീരുമാനിക്കുന്നത് കൊളോണിയല്‍ വിരുദ്ധ പോരാളിയായ വാരിയംകുന്നത്ത് അഹ്​മദ്ഹാജിയെക്കുറിച്ച് ഒരു ബയോപിക് എടുക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായപ്പോഴാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് അലി അക്​ബറി​െൻറ സിനിമ 1921ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ വർഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതാണ്. സിനിമയുടെ പേര് അങ്ങനെ നോക്കിയാല്‍ അന്വർഥമാണ്. 'മമധർമ' എന്നു​െവച്ചാല്‍ 'എ​െൻറധർമം' എന്നർഥം. ത​െൻറ ഹിന്ദുത്വ വിഭാഗീയ രാഷ്​ട്രീയനിലപാടിന്​ അനുസൃതമായ ധർമമാണ് സ്വന്തം കലയിലൂടെ അദ്ദേഹം നിർവഹിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രം വളച്ചൊടിക്കപ്പെടുന്ന ഇത്തരം സിനിമകളില്‍ സംവിധായകര്‍ 'ഇദം മമധർമ', 'ഇത്​ എ​െൻറ (രാഷ്​ട്രീയ) ധർമം', എന്നുതന്നെയാണ് പറയാന്‍ ശ്രമിക്കുന്നത്. സിനിമയിലൂടെ നിർവഹിക്കുന്ന ഈ സ്വധർമത്തെ പാടേ നിഷേധിക്കുന്നതും, താന്‍ ചെയ്യുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നതും കടുത്ത അധാർമികതയാണ്. സ്വന്തം രാഷ്​ട്രീയം പരസ്യമായി സമ്മതിക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന ജാള്യത്തിന്​ ഒരു മാർജിന്‍ അനുവദിക്കാന്‍ കഴിഞ്ഞാൽപോലും ഇതിലെ അധാർമികത മുഴച്ചുനിൽക്കുകതന്നെ ചെയ്യും.

ഇത്തരം സ്വധർമങ്ങള്‍ പലപ്പോഴും മറനേടുന്നത് കലയുടെ ആവിഷ്കാര സ്വാതന്ത്ര്യവാദത്തിലാണ്. ആവിഷ്കാര സ്വാതന്ത്ര്യം നിയമപരമായ കാര്യമാണ്. സ്വന്തം വ്യാഖ്യാനങ്ങള്‍ ആവിഷ്കരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ മാത്രമേ അതിനെക്കുറിച്ച് പറയുന്നതിന് പ്രസക്തി ഉണ്ടാകുന്നുള്ളൂ. അല്ലെങ്കില്‍ ഭാവന സംഘർഷത്തില്‍ ഏർപ്പെടുന്നത് അഭിപ്രായവ്യത്യാസങ്ങളുമായാണ്. പ്രത്യയശാസ്ത്രപരമായി ഒരുഭാഗത്ത്‌ നിലയുറപ്പിക്കുന്ന സിനിമ സ്വാഭാവികമായും വ്യത്യസ്തമായ രാഷ്​ട്രീയാഭിപ്രായമുള്ളവരാല്‍ ചോദ്യംചെയ്യപ്പെടും. അതില്‍ രണ്ടു വ്യത്യസ്ത സ്വാതന്ത്ര്യങ്ങളുടെ പ്രശ്നമാണ് അടങ്ങിയിട്ടുള്ളത്. ചരിത്രത്തെ ആസ്പദമാക്കുന്ന കല സ്വാഭാവികമായും ചരിത്രത്തി​െൻറ ഒരു വ്യാഖ്യാനം കൂടിയാകുന്നു എന്നതാണ് സംവാദങ്ങളും വിവാദങ്ങളും സൃഷ്​ടിക്കുന്നത്. എം.ടി. വാസുദേവന്‍ നായരും ഹരിഹരനും ചേർന്ന്​ 'വടക്കൻ വീരഗാഥ' എന്ന ചിത്രം സൃഷ്​ടിച്ചപ്പോള്‍ അതിലുണ്ടായിരുന്നത്‌ നിലവില്‍ പരിചിതമായ ഒരു കഥയുടെ പുനർവ്യാഖ്യാനമായിരുന്നു. അങ്ങനെ അത് ആ കഥയുടെ നരേറ്റിവ് ഹിസ്​റ്ററിയിലെ ഒരു ഇടപെടലായി മാറി. അരഡസന്‍ ഉദയാചിത്രങ്ങൾക്ക്​ കഴിയാത്തരീതിയില്‍ വടക്കൻ പാട്ടുകളുടെ ഒരു വിമർശനാത്മകവായന അതു മുന്നോട്ടു​െവച്ചു. അത്തരത്തില്‍ ചരിത്രത്തെയും ജനകീയസംസ്കാരത്തിലെ കഥകളെയും ഇതിഹാസ കഥാപാത്രങ്ങളെയുമെല്ലാം വ്യത്യസ്തമായി വായിക്കുന്ന സന്ദർഭങ്ങളില്‍ വിധ്വംസകമായ പുനര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറുണ്ട്. വേണാട്ടിലെ എട്ടുവീട്ടിൽ പിള്ളമാര്‍ ചതിയന്മാരാകുന്നത്​ മാർത്താണ്ഡവർമയുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ മാത്രമാണ്. മാർത്താണ്ഡവർമ ചതിയനാണ് എന്നത് അതേ ചരിത്രത്തിൽനിന്ന് കണ്ടെടുക്കാവുന്ന മറ്റൊരു യാഥാർഥ്യമാണ്. അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തി​െൻറ നവസാധ്യതകള്‍ ആരായുന്ന ഭാവനാസമ്പന്നമായ കലാപ്രവർത്തനമാണ്.

ചരിത്രം നമുക്ക് കലാസൃഷ്​ടിക്കുള്ള വലിയ ഉപാദാനങ്ങള്‍ നൽകുന്നുണ്ട് എന്നത് ശരിയാണെങ്കിലും അവ ഉപയോഗിക്കുന്നതിന്​ ആവശ്യമായ രാഷ്​ട്രീയപക്വതയും ചരിത്രബോധവും കലാകാരന് അനുപേക്ഷണീയമാണ്. നമ്മുടെ വ്യാഖ്യാനങ്ങൾക്ക്​ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരിക്കുക എന്നതും അവ വിശദീകരിച്ചുനൽകാന്‍ കഴിയുക എന്നതും പ്രധാനമാണ്. 'വടക്കൻ വീരഗാഥ'യുടെ കാര്യത്തിലും 'രണ്ടാമൂഴ'ത്തി​െൻറ കാര്യത്തിലും അത്തരത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ത​െൻറ പുനർവ്യാഖ്യാനത്തെ വിശദീകരിക്കാന്‍ എം.ടി നൽകുന്നുണ്ട്. അതേസമീപനം തന്നെയാണ് 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന കൃതിയുടെ കാര്യത്തില്‍ പി.കെ. ബാലകൃഷ്ണനും സ്വീകരിച്ചത്. അവരുടെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍, പൂർവസന്ദർഭങ്ങളിലെ ഏതൊക്കെ മൗനങ്ങളെയും സൂചനകളെയും അടയാളങ്ങളെയും ആശ്രയിച്ചാണ് രൂപപ്പെടുത്തിയത് എന്ന് പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ അവർക്ക്​ കഴിഞ്ഞിരുന്നു. അത്തരമൊരു ബാധ്യതയിൽനിന്ന് 'ഇതെ​െൻറ ഭാവന മാത്രമാണ്' എന്നുപറഞ്ഞ്​ ഒളിച്ചോടാന്‍ തയാറാവാത്ത കർമധീരത അവരുടെ കല-സാഹിത്യ ജീവിതത്തിനുണ്ട് എന്നർഥം. ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനുള്ള അനുമതിപത്രമായി ആവിഷ്കാര സ്വാതന്ത്ര്യത്തെ കാണുന്ന സമീപനമല്ല അവരുടേത് എന്നത് തിരിച്ചറിയപ്പെടേണ്ട ഒരു വലിയ രചനാമൂല്യമാണ്. പത്രവാർത്തകളുടെപോലും ആനുകൂല്യമില്ലാത്ത നുണക്കഥയിലൂടെ ഒരു സമൂഹത്തെ അപമാനിക്കാം എന്ന വിചാരം കലാപ്രവർത്തനത്തി​െൻറ ഭാഗമായി കാണാൻ കഴിയില്ല.

രണ്ടു വർഷംമുന്പ് ദക്ഷിണേഷ്യയിലെ മതസംസ്കൃതികളുടെ സവിശേഷതകളെക്കുറിച്ചു സി.ഡി.എസിൽ സംഘടിപ്പിച്ച അന്താരാഷ്​ട്ര കോൺഫറൻസില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതില്‍ തിരുവനന്തപുരത്തെ തീരങ്ങളില്‍ വിവിധ സർക്കാറുകളുടെ കാലത്ത് നടന്നിട്ടുള്ള വെടിവെപ്പുകളെക്കുറിച്ചുള്ള ഔദ്യോഗികഭാഷ്യങ്ങളെ സൂക്ഷ്മമായി അവലോകനംചെയ്യുന്ന പഠനം ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ അധ്യാപകന്‍ ഡോ. സലാഹ്​ പുനത്തില്‍ അവതരിപ്പിച്ചിരുന്നു. 1963ലെ പനത്തുറ വെടി​െവപ്പ്​ അന്വേഷണ റിപ്പോർട്ട്, 1980ലെപള്ളിത്തുറ വെടി​െവപ്പിനെക്കുറിച്ചുള്ള മുഹമ്മദലി കമീഷന്‍ റിപ്പോർട്ട്​, 1980ലെ വിഴിഞ്ഞം വെടി​െവപ്പിനെക്കുറിച്ചുള്ള കനകദാസന്‍ റിപ്പോർട്ട്​, 1982ലെ വലിയതുറ വെടി​െവപ്പ്​ അന്വേഷണ റിപ്പോർട്ട്​, 1998ലെ വിഴിഞ്ഞം വെടിവെപ്പിനെക്കുറിച്ചുള്ള ഗോപാലകൃഷ്ണപിള്ള കമീഷന്‍ റിപ്പോർട്ട്​ തുടങ്ങിയവയും ബീമാപള്ളി വെടിവെപ്പില്‍ രാമകൃഷ്ണന്‍ കമീഷന്‍ മുമ്പാകെ നൽകപ്പെട്ട സത്യവാങ്​മൂലങ്ങള്‍ എന്നിങ്ങനെ നിരവധി രേഖകള്‍ പരിശോധിച്ചാണ് സലാഹി​െൻറ പഠനം തയാറാക്കിയിരുന്നത്. ഈ റിപ്പോർട്ടുകള്‍ എങ്ങനെയാണ് തീരദേശവാസികളെ പൊലീസ് വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരം കുറ്റവാളികളും വർഗീയവാദികളും ഹിംസാത്മക സ്വഭാവമുള്ളവരുമായി നിർമിച്ചെടുക്കുന്നതെന്നും അത്തരം പൊതുബോധനിർമിതിയില്‍ പത്രവാർത്തകളും റിപ്പോർട്ടുകളുടെ തലക്കെട്ടുകൾ​േപാലും വഹിക്കുന്ന പങ്കെന്താണെന്നും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. ഇന്ത്യാചരിത്ര പഠനത്തില്‍തന്നെ ഗ്യാനെദ്ര പാണ്ഡെയും വീണ ദാസും ദീപക്മേത്തയും പ്രതീക്ഷ ബക്ഷിയും മറ്റനേകം ഗവേഷകരും ഇതേക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുകയും ഇത്തരം കപട ഭരണകൂടനിർമിതികളുടെ രാഷ്​ട്രീയം അനാവരണം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്‌.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റു സ്ഥലങ്ങളിലും ഉണ്ടായതുപോലുള്ള ചില സംഘർഷങ്ങളുടെ പേരില്‍ പൂന്തുറയില്‍ പൊലീസ് റൂട്ട്‌മാർച്ച്​ നടത്തിയപ്പോള്‍ ഒരു ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍ 'പൂന്തുറ'യിലേത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ജനതയാണെന്നും തോക്ക് അവർക്കുള്ള നല്ല സന്ദേശമാണെന്നും പറഞ്ഞത് ഈ വെടി​െവപ്പുകളെക്കുറിച്ച് ഭരണകൂടം സൃഷ്​ടിച്ചിട്ടുള്ള പൊതുബോധത്തി​െൻറ അടിസ്ഥാനത്തിലാണ്. ഭരണകൂടത്തി​െൻറ മൃത്യുരാഷ്​ട്രീയത്തെ നീതിമത്കരിക്കാൻവേണ്ടി, ജനങ്ങളെ വെടിവച്ചുകൊല്ലുകയല്ലാതെ വേറെ മാർഗങ്ങള്‍ പൊലീസിനു മുന്നിലുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ചുറപ്പിക്കാന്‍ ശ്രമിച്ച മേൽപറഞ്ഞ അന്വേഷണ കമീഷന്‍ റിപ്പോർട്ടുകളാണ് നമ്മുടെ മുന്നിലുള്ള സത്യവേദങ്ങള്‍. 'മാലിക്' എന്ന സിനിമ ഈ കപടപൊതുബോധത്തില്‍ നിന്നാണ്, അതിൽനിന്ന്​ മാത്രമാണ് കടംകൊണ്ടിട്ടുള്ളത്. അല്ലാതെ യഥാർഥ ചരിത്രത്തില്‍ നിന്നല്ല. അന്നത്തെ കേരള കോൺഗ്രസ് എം.എൽ.എ സുരേന്ദ്രന്‍ നായര്‍ 'മുസ്​ലിംപാർട്ടി' എം.എൽ.എ 'അബൂബക്കറാ'യും, സഞ്ജീവ് കൗള്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ 'അൻവര്‍ അലി'യായും മാറുന്നത് ഈ പൊതുബോധം നൽകുന്ന ധൈര്യത്തിന്റെ ഉൽപന്നങ്ങളായാണ്.

ഗുണ്ടാവിളയാട്ടം ഉണ്ടായപ്പോള്‍ ഗുണ്ടയെ അറസ്​റ്റ്​ചെയ്യുന്നതിനുപകരം പൊലീസ് അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും വിവേചനരഹിതമായി ഒരു വിഭാഗത്തിനുനേരെ നിറയൊഴിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തതിനെ ദീർഘകാലമായുള്ള കുടിപ്പകയുടെ പേരില്‍ ആ വെടി​െവപ്പി​െൻറ ഇരകളായ സമൂഹത്തിന്റെ നേതാക്കന്മാർതന്നെ ചെയ്ത ഗൂഢാലോചനയായും പറഞ്ഞു​െവച്ച്, ഗുണ്ടയെയും ഭരണകൂടത്തെയും പൊലീസിനെയുമൊക്കെ സംശയത്തിന്റെ ആനുകൂല്യം നൽകി വിശുദ്ധീകരിക്കുന്നതും ഭാവനമാത്രമാണ് എന്നത് സത്യമാണ്. പക്ഷേ, ആ ഭാവന നിഷ്കളങ്കമല്ല. അതിനു പിന്നിലുള്ളത് പാർശ്വവത്​കൃതരുടെ ചരിത്രം അവരെ അപമാനിക്കുന്ന തരത്തില്‍ പ്രതിനിധാനംചെയ്യാന്‍ അവകാശമുണ്ടെന്നു ധരിക്കുന്ന കൊളോണിയൽകാലം മുതൽക്കുള്ള ഭരണകൂടങ്ങളുടെ മൃത്യുരാഷ്​ട്രീയ മുൻവിധികളുടെ തണൽപറ്റി രൂപംകൊള്ളുന്നതാണ്. അത്തരം കല ഭരണകൂടത്തി​െൻറ മെഗാഫോണ്‍ മാത്രമായി അധഃപതിക്കുന്നു, കലയുടെ വിധ്വംസകധർമത്തെ നിസ്സാരമായി കുരുതികൊടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beemapallymalik moviebeemapally police shooting
Next Story