സുധാകരൻമാരറിയാൻ...
text_fieldsകെ. സുധാകരൻ, ജി. സുധാകരൻ
ഓരോ പ്രായത്തിലും മനുഷ്യൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ശരിയായി മനസ്സിലാക്കിയ ആളാണ് ജി. സുധാകരൻ. പന്തം കൈയിലേന്തേണ്ട പ്രായത്തിൽ അതുമേന്തി ഇറങ്ങിയ ആളാണ്. കരിന്തിരി കത്തേണ്ട ആളല്ല
എടക്കാട്ടെ നടാൽ ആലുങ്കീഴിലുള്ള സുധാകരേട്ടന് അയക്കാനായി കഴിഞ്ഞ മേയ് മാസത്തിൽ പകർത്തിവെച്ച തുറന്നകത്താണിത്. മാറ്റിമാറ്റിവെച്ച് ഇത്രയുമായി. ഇപ്പോൾ ഒരു കോപ്പി പുന്നപ്ര പറവൂരിലെ സുധാകരൻ കൊച്ചാട്ടനുകൂടി അയക്കേണ്ട പരുവത്തിലായി. കത്തിലേക്ക് കടക്കുംമുമ്പ് രണ്ടുപേരേയും പരിചയപ്പെടുത്താം. എടക്കാട്ടുള്ളത് കെ.എസ്. അഥവാ കെ. സുധാകരൻ. കോൺഗ്രസിന്റെ പഴയ തീക്കൊള്ളി. പുന്നപ്രയിലുള്ളത് ജി.എസ്. അതായത് ജി. സുധാകരൻ. മാർക്സിസ്റ്റ് പാർട്ടിയുടെ പഴയ തീപ്പൊരി. പഴയൊരു കത്തിന്റെ പകർപ്പാണ് എന്നതിന് രണ്ടാളും ക്ഷമിച്ചേക്കണം. നിങ്ങളോളംതന്നെ പഴക്കമുള്ള കത്താണ്. രണ്ടുപേരും ഒരേ കാലത്ത് ജനിച്ചോരാണല്ലോ. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞശേഷം പിറന്നുവീണ ആദ്യതലമുറയുടെ രണ്ടുപ്രതിനിധികളാണു നിങ്ങൾ. ഭൂമിശാസ്ത്രപരമായി തെക്കും വടക്കുമുള്ളവർ. രാഷ്ട്രീയമായി ഇടത്തും വലത്തുമുള്ളവർ. സോഷ്യലിസം ഭരണഘടനയിൽ എഴുതിച്ചേർത്ത് നെഹ്റുവിയൻ സോഷ്യലിസം എന്ന നടുവഴി കണ്ടുപിടിച്ച കേനാൺഗ്രസിനെ വലത് എന്ന് അടയാളപ്പെടുത്തുന്നത് ശരിയല്ലെങ്കിലും കെ.എസിന്റെ യാത്രയിൽ വലത്തോട്ടൊരു വലിവ് എപ്പോഴുമുണ്ടായിരുന്നല്ലോ. സംഘടനാകോൺഗ്രസ്, ജനതാപാർട്ടി വഴി തിരിച്ചു കോൺഗ്രസിലെത്തിയ യാത്രയോർക്കുക.
1948 നവംബർ 10ന് ഓണാട്ടുകര താമരക്കുളം വേടരപ്ലാക്കൽ പി. ഗോപാലക്കുറുപ്പിന്റെയും പങ്കജാക്ഷിയമ്മയുടേയും മകനായി ജി. സുധാകരൻ ജനിച്ചപ്പോൾ വടക്ക് പഴയ ചിറക്കൽ താലൂക്കിൽ എടക്കാട് വി. രാമുണ്ണിയുടേയും കെ. മാധവിയുടേയും മകനായ കെ. സുധാകരന് ഒച്ചയുറച്ച് കഴിഞ്ഞിരിക്കും. ’48 ജൂൺ ഏഴിനായിരുന്നല്ലോ ജനനം. രണ്ടുപേരും അക്ഷരം പഠിച്ചുതുടങ്ങുന്ന കാലത്ത് കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയതാണീ തുറന്നകത്ത്. 1953 ജൂൺ 22ന് കൗമുദിയിൽ അച്ചടിച്ചുവന്ന മുഖപ്രസംഗമാണ്. ‘കുമ്പളത്ത് ശങ്കുപ്പിള്ളക്കൊരു തുറന്നകത്ത്’ എന്നായിരുന്നു തലക്കെട്ട്. എഴുതിയത് സാക്ഷാൽ കെ. ബാലകൃഷ്ണൻ. കുമ്പളത്തിന്റെ രാഷ്ട്രീയശിഷ്യൻ. കുമ്പളത്തു ശങ്കുപ്പിള്ള ആര് എന്നറിയാത്തവർക്ക് എളുപ്പത്തിൽ പറഞ്ഞുകൊടുക്കാവുന്നത് അക്കാലത്ത് തിരുവിതാംകൂറിലുണ്ടായിരുന്ന കെ. സുധാകരൻ എന്നാണ്. അടിതടക്കാരനായ കെ.പി.സി.സി പ്രസിഡന്റ്. രോമാഞ്ചമുണ്ടാക്കും ആ രാഷ്ട്രീയക്കസർത്ത്. ഒരു സാമ്പിൾ: തന്റെ തട്ടകത്തിൽ പേരെടുത്തൊരു തറവാട്ടിലെ പത്തുതൊണ്ണൂറു വയസ്സായ വല്യമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടു. വീണതാരും കണ്ടില്ല. മരിച്ചിട്ടാണ് കണ്ടത്. ആളുകൂടിയപ്പോൾ പൊലീസുവന്നു.
പോസ്റ്റ്മോർട്ടം വേണമെന്ന് ചിലർ. അത് ഒഴിവാക്കിക്കിട്ടണമെന്ന് തറവാട്ടുകാർ. കൊല്ലത്തുനിന്നാണ് എസ്.ഐയും രണ്ട് കോൺസ്റ്റബ്ൾമാരും വന്നത്. തറവാട്ടുകാരെ ഒന്ന് താഴ്ത്തണമെന്ന നിലയായിരുന്നു എസ്.ഐക്കും. അതിനാൽ, മേൽനടപടിക്ക് ഒരുങ്ങി. അപ്പോഴാണ് ശങ്കുപ്പിള്ളച്ചേട്ടൻ നടപടിയെടുത്തത്. എസ്.ഐയേയും പൊലീസുകാരേയും പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു. മൃതശരീരം കിണറ്റിൽനിന്നെടുത്തു ദഹിപ്പിച്ചു. പുക അടങ്ങിയിട്ടാണ് അവരെ അഴിച്ചുവിട്ടത്. ബാക്കി പിന്നെ നോക്കാം എന്നായിരുന്നു ശങ്കുപ്പിള്ളച്ചേട്ടന്റെ നില. രാഷ്ട്രീയകഥകൾ അതിനേക്കാൾ ജോറാണ്. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി മുഖ്യമന്ത്രിയായപ്പോൾ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശങ്കുപ്പിള്ളച്ചേട്ടനെയൊന്നു തോൽപിച്ചു. തോറ്റത് ചേട്ടൻ സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്തു. പക്ഷേ, പനമ്പിള്ളി ട്രംപിന്റെ സ്വഭാവം കാണിച്ചു. പിറ്റേ ആഴ്ചയിലൊരു കല്യാണപ്പുരയിൽ കണ്ടപ്പോൾ ശങ്കുപ്പിള്ളച്ചേട്ടനെ ഒന്നു ഞോണ്ടി.
അതിൽപിന്നെ പനമ്പിള്ളി ഉറങ്ങിയിട്ടില്ല. തിരു-കൊച്ചിയിലോ ഐക്യകേരളത്തിലോ അധികാരത്തിൽ ഇരുന്നിട്ടില്ല. എന്നുമാത്രമല്ല. ദേശീയരാഷ്ട്രീയത്തിലേക്ക് കെട്ടുകെട്ടേണ്ടിവന്നു. അവിടെ കെ.എസിനെപ്പോലെ വെറും എം.പിയല്ലകെട്ടോ. കാബിനറ്റ് മന്ത്രിതന്നെയായി. അന്ന് പിന്നെ കോൺഗ്രസിന്റെ പ്രതാപകാലമായിരുന്നല്ലോ. ഏതായാലും കളിച്ചുകളിച്ച് ശങ്കുപ്പിള്ളച്ചേട്ടൻ കളത്തിനു പുറത്തായി. കേരള പീപ്ൾസ് പാർട്ടി-കെ.പി.പി എന്നൊരു പാർട്ടിയുണ്ടാക്കി. ‘‘ദേശബന്ധുപത്രത്തിന്റെ തിരുവനന്തപുരം ഓഫിസിനു മുന്നിൽ പേരെഴുതിത്തൂക്കിയ ഒരു ബോർഡൊഴികെ പൊതുജനമധ്യത്തിൽ മറ്റൊരു പ്രതിച്ഛായയും പുതിയ പാർട്ടിക്കുണ്ടായില്ല...അടുത്ത തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അത് സ്വാഭാവികമരണം പ്രാപിച്ചു. പേരെഴുതിയ ബോർഡും അവസാനം അപ്രത്യക്ഷമായി’’ -എന്നാണ് കെ.സി. ജോൺ രേഖപ്പെടുത്തിയിട്ടുള്ളത്.
രാജാപാർട്ടായിരുന്ന കുമ്പളത്തു ശങ്കുപിള്ള വേണ്ടാവേഷം കെട്ടിയ ഇക്കാലത്താണ് ശിഷ്യൻ കെ. ബാലകൃഷ്ണൻ തുറന്നകത്ത് എഴുതിയത്. ശങ്കുപ്പിള്ളയോടുള്ള വികാരവായ്പും സ്നേഹവും ആദരവും നിലനിർത്തിക്കൊണ്ടും പഴയതൊക്കെ ഓർമിപ്പിച്ചുകൊണ്ടുമുള്ള ആ എഴുത്തിലെ കാതലായ വരികൾ ഇതാണ്: ‘‘അങ്ങയുടെ ഭാഷയിൽത്തന്നെ ഞാൻ പറയട്ടെ. അങ്ങ് രാഷ്ട്രീയത്തിലെ ഒരു പുരാണവസ്തുവായിക്കഴിഞ്ഞിരിക്കുന്നു. ബഷീറിന്റെ പാത്തുമ്മ ‘ന്റുപ്പാപ്പാക്കൊരാനണ്ടാർന്നു’ എന്നു പറഞ്ഞാശ്വസിച്ചതുപോലെ. ‘അത് കുഴിയാനയാണ്’ എന്ന് കുട്ടികൾ കൈകൊട്ടിച്ചിരിച്ചു പരിഹസിക്കുംവരെ ഞാനൊരു രാഷ്ട്രീയനേതാവാണ് എന്ന് അങ്ങേക്ക് സമാധാനിക്കാം. മാംസവും രക്തവും ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയത്തിന് മാംസവും രക്തവും മറുപടിപറയുന്നതു കാണാൻ കാത്തുനിൽക്കാതെ പ്രിയപ്പെട്ട ശങ്കുപ്പിള്ളച്ചേട്ടാ കർട്ടൻ താഴ്ത്തൂ. രാഷ്ട്രീയരംഗത്തുനിന്ന് വിടവാങ്ങൂ. അങ്ങയുടെ കാലം കഴിഞ്ഞുപോയി!’’
മാംസത്തിന് മാംസവും രക്തത്തിന് രക്തവും മറുപടി പറഞ്ഞ കാലം കടന്നുവന്നവനാണല്ലോ കെ. സുധാകരൻ. കണ്ണൂരിലെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും അതിൽ മതിമറന്നകാലം. അക്കാലത്തെ കെ.എസിനെ ഓർക്കുന്ന ആർക്കും ഇപ്പോഴത്തെ ഭിക്ഷാംദേഹിവേഷം മടുപ്പുളവാക്കും കെ.എസേ. താങ്കളെ വെറും അടിതടക്കാരനായിട്ടല്ലല്ലോ കോൺഗ്രസ് കണ്ടിട്ടുള്ളത്. നാലുതവണ എം.എൽ.എയും ഒരിക്കൽ മന്ത്രിയും മൂന്നുതവണ എം.പിയും, ആഗ്രഹിച്ചിടത്തോളം ഡി.സി.സി പ്രസിഡന്റും ആഗ്രഹിച്ചപ്പോൾ കെ.പി.സി.സി പ്രസിഡന്റും ആയിട്ടുണ്ടല്ലോ. ശരിയാണ്, അർഹതയുണ്ടായിട്ടാണ്. അതിന് പക്ഷേ തടയിടാതെ ആരോഹണങ്ങൾ ഒരുക്കിത്തന്നിട്ടില്ലേ? അഞ്ചുവർഷത്തേക്ക് എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ഇപ്പോഴും ആ പദവിയിലിരിക്കുകയും ചെയ്യുമ്പോൾ തിരിച്ച് നിയമസഭയിലെത്തണമെന്ന് വാശിപിടിക്കുന്നത് കഷ്ടമാണ്. കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കണമെന്ന് വാശിപിടിച്ച കെ. സുധാകരനാണ് ഇതെന്ന് കെ.എസ്.യുക്കാരോട് പറഞ്ഞാൽ വിശ്വസിക്കാത്ത അവസ്ഥയുണ്ടാക്കരുത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ കളിമുറ്റമായ ആലപ്പുഴയിൽ വളർന്ന ലക്ഷണമൊത്ത കമ്യൂണിസ്റ്റ് നേതാവായ ജി. സുധാകരനെ നിയമസഭയിൽ കാണുമ്പോൾ തീരാത്ത കൗതുകത്തോടെ കേരളം നോക്കിയിരുന്നിട്ടുണ്ട്. അറിവിന്റെ അവസരമറിഞ്ഞ പ്രയോഗംകൊണ്ട്. നീതി ഒരു വിഷയമായി കടന്നുവരുമ്പോഴൊക്കെ ജി. സുധാകരൻ അതിന്റെ പോരാളിയാകുന്നത് നിയമസഭ കണ്ടിട്ടുണ്ട്. എന്തിനാണ് ഈ സഭ എന്നറിയുന്ന പോരാളി. മന്ത്രിയായപ്പോൾ ആ രാഷ്ട്രീയയോഗിയുടെ ഉള്ളുറപ്പും കണ്ടു. വി.എസ് മന്ത്രിസഭയിലെ ദേവസ്വംമന്ത്രിയും പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും ഏതൊരു രാഷ്ട്രീയ വിദ്യാർഥിയേയും ത്രസിപ്പിക്കുന്നവിധം തിളങ്ങുന്നുണ്ട്. കഴിവൊക്കെയും ജി.എസ് കാഴ്ചവെച്ചതാണ്. അവസരം കിട്ടാതെ പാഴായിപ്പോയി എന്നുവേദനിക്കേണ്ടുന്ന അവസ്ഥയില്ല. പിന്നെ പ്രായം, അതിന്റെ അർഥം അറിയുന്ന മറ്റാരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. 2007 മാർച്ച് 21ന് ദേവസ്വംബില്ലിന്റെ ചർച്ചക്കിടയിൽ ‘‘മുപ്പത് വയസ്സുള്ളവരെ ദേവസ്വംബോർഡ് മെംബർമാരായി നിയമിക്കാത്തത് എന്തുകൊണ്ട്’’ -എന്ന് കെ.ബി. ഗണേശ് കുമാർ ചോദിച്ചപ്പോൾ കൊടുത്ത മറുപടി ഇപ്പോഴും മുഴങ്ങുന്നുണ്ട്: ‘മുപ്പത് മുപ്പത്തഞ്ച് വയസ്സിൽ, ചെറുപ്പകാലത്ത്, അങ്ങയെപ്പോലെ ചോരത്തിളപ്പുള്ളപ്പോൾ... ചോരതുടിക്കും ചെറുകയ്യുകളേ പേറുകവന്നീ പന്തങ്ങൾ... അറുപതുവയസ്സായാൽ പന്തമൊന്നും ആരും എടുക്കില്ല. ചെറുപ്പത്തിൽ നമ്മൾ ഇതൊക്കെ ചെയ്യേണ്ട സമയമാണ്.
അതെ മുപ്പത്തഞ്ചാം വയസ്സിൽ ദേവസ്വംബോർഡിൽ പോകേണ്ട കാര്യമില്ല. നല്ല തീപ്പന്തങ്ങളുമായി സാമൂഹികപ്രവർത്തനത്തിനിറങ്ങണം.’’ അതെ, ഓരോ പ്രായത്തിലും മനുഷ്യൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ശരിയായി മനസ്സിലാക്കിയ ആളാണ് ജി. സുധാകരൻ. പന്തം കൈയിലേന്തേണ്ട പ്രായത്തിൽ അതുമേന്തി ഇറങ്ങിയ ആളാണ്. കരിന്തിരി കത്തേണ്ട ആളല്ല. അറിവിന്റെ എണ്ണ ഉള്ളിലുണ്ട്. പിന്നെ, നിയമസഭാ പ്രവർത്തനത്തിനുള്ള പരിധി, പാർട്ടിയുടെ മാനദണ്ഡങ്ങൾ! സ്വന്തം പാർട്ടിയെ സെമികേഡറെങ്കിലുമാക്കാൻ ശ്രമിച്ചു നിരാശനായ കെ. സുധാകരന് അത് മനസ്സിലാകില്ല. കേഡർമണ്ണിൽ ജനിച്ചുവളർന്ന ജി. സുധാകരൻ അങ്ങനെയാകരുത്. ‘കനൽ വഴികളിൽ കറപുരളാതെ’ എന്നാണല്ലോ അങ്ങയുടെ പുസ്തകം. നിയമസഭാ പ്രസംഗങ്ങൾ. അതിലേക്ക് നോക്കൂ: ‘‘അധികാരത്തിന്റെ അപ്പക്കഷണത്തിന്റെ പിന്നാലെപ്പോകാത്ത ഒരു പാർട്ടിയുടെ പേര് പറയാൻ നഴ്സറി സ്കൂളിലെ ഒരു വിദ്യാർഥിയോട് ആവശ്യപ്പെട്ടാൽ ചിലപ്പോൾ ആ കുട്ടി കൈയക്ഷരം തെളിഞ്ഞിട്ടില്ലെങ്കിലും സി.പി.ഐ(എം) എന്ന് എഴുതിവെക്കുമെന്ന് ഞാൻ അഭിമാനപൂർവം പറയുകയാണ്.’’ ആ കുട്ടി വലുതായിക്കാണും. അങ്ങയെക്കാണുമ്പോൾ മുഖംചുളിക്കാൻ ഇടയാക്കരുത് ജി.എസേ...
രണ്ടുപേരും അഭിഭാഷകരാണ്. ഒറ്റക്കിരിക്കുമ്പോൾ സ്വന്തം മനസ്സിനോടൊന്ന് വാദിച്ചുനോക്കുക. എന്നിട്ട് നിങ്ങളുടെ ബോധ്യംപോലെ ചെയ്തുകൊള്ളുക. എല്ലാവരും കോമാളികളായ അസംബന്ധ നാടകവേദിയിൽ തിരിച്ചറിയപ്പെടാത്ത രണ്ട് വൃദ്ധകൊമേഡിയരായി നിങ്ങൾ മാറരുത് എന്നുണ്ടായിരുന്നു. നിങ്ങളുടെ യഥാർഥ വേഷം കണ്ട് കൈയടിച്ച പഴയൊരു ആരാധകന്റെ ആഗ്രഹമായി കൂട്ടിയാൽമതി. കർട്ടൻ താഴ്ത്തൂ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

