മതിവന്നവൻ കോൺഗ്രസാണോ!
text_fieldsവേമ്പനാട്ടു കായലിലൂടെ ആലപ്പുഴ-കോട്ടയം റൂട്ടിൽ നുരഞ്ഞുപാഞ്ഞിരുന്ന പുഞ്ചിരി ബോട്ടുസർവിസിന്റെ കഥ ടി.ജെ.എസ്. ജോർജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കേൾവികേട്ട കമ്പനിയായിരുന്നു. ജനസമ്മതിയുടെ ബലത്തിൽ പുഷ്ടിപ്പെട്ടപ്പോൾ ഒന്നിനുപിറകെ ഒന്നായി ബോട്ടുകൾ വാങ്ങിക്കൂട്ടി. കായൽപ്പരപ്പിൽ പരന്നൊഴുകുന്ന ബോട്ടുപട കണ്ട് തൃപ്തിയടഞ്ഞ ബോട്ടുടമ ചന്തവും തലയെടുപ്പുമുള്ള ഒരു പുത്തൻ ബോട്ട് ഇറക്കി.
അതിന് ‘മതി’ എന്നാണ് പേരിട്ടത്. അത് അവസാനത്തെ പുഞ്ചിരിബോട്ടായിരുന്നു. പിന്നെ അദ്ദേഹം ബോട്ടുവാങ്ങിയില്ല! മതി. അർഥമുള്ള ആ കുഞ്ഞുവാക്ക് പറയേണ്ട സമയത്ത് പറയാൻ കഴിവുള്ളവരാണ് ജീവിതത്തിന്റെ പൂർണതയും സംതൃപ്തിയും അറിയുന്നവർ എന്ന് ടി.ജെ.എസ് പറയുന്നു. മനസ്സിന്റെ സുഖമാണ് യഥാർഥ സുഖം എന്നറിയുന്ന അവരാണ് ശരിയായ അർഥത്തിൽ സമ്പന്നർ എന്നും ടി.ജെ.എസിന്റെ സിദ്ധാന്തം. അദ്ദേഹത്തിന് അതൊക്കെ തോന്നും. 1977 മുതൽ ഒരേ പത്രത്തിൽ പംക്തി എഴുതിയിട്ട് 25 വർഷം തികയുന്ന ദിവസം, ‘യാത്രപറയാൻ സമയമായി’’ എന്നെഴുതി പരിപാടി നിർത്തിയ ആശാനാണല്ലോ.
ആശാൻ പറഞ്ഞതാണ് പൂർണതയുടെയും സംതൃപ്തിയുടെയും മനസ്സുഖത്തിന്റെയുമൊക്കെ അളവുകോലെങ്കിൽ വി.എം. സുധീരനായിരിക്കും ഇതൊക്കെ അനുഭവിക്കുന്ന ഏക കോൺഗ്രസുകാരൻ. എല്ലാ കോൺഗ്രസുകാരും എങ്ങനെയെങ്കിലും നിയമസഭയിലെത്താനും മന്ത്രിയാവാനും, സാധ്യമെങ്കിൽ മുഖ്യമന്ത്രിതന്നെയാവാനും പെടാപ്പാടുപെടുമ്പോഴാണ് അന്തിക്കാട്ടുകാരൻ വൈലോപ്പള്ളി ശങ്കരൻ മാമ മാസ്റ്ററുടെ മകൻ സുധീരൻ മത്സരിക്കാനില്ലെന്ന് തീർത്തുപറയുന്നത്. മുമ്പേ പറഞ്ഞതാണെന്നും നിർബന്ധിച്ചാലും നിൽക്കില്ലെന്നും ആണയിടുന്നു.
ചെറിയാൻ ഫിലിപ്പും അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നിട്ടെന്തുകൊണ്ട് ചെറിയാൻ ജിയെ വി.എം.സുധീരന്റെ ഗണത്തിലെണ്ണുന്നില്ല എന്ന ചോദ്യം വരാം. ചെറിയാൻ വേറെ ജനുസ്സാണെന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് തീർപ്പുകൽപിച്ചതാണ്. ‘മോഹമുക്തനായ കോൺഗ്രസുകാരൻ’ എന്നാണ് ചെറിയാൻജിക്ക് ആചാര്യൻ കൽപിച്ചുകൊടുത്ത പട്ടം. എന്നിട്ടും ചെറിയാൻ സീറ്റിനുവേണ്ടി കോൺഗ്രസ് നേതാക്കളുടെ സ്വൈരം കെടുത്തിയതും ജയിക്കുന്ന സീറ്റ് കിട്ടാതെവരുകയും കിട്ടിയ സീറ്റിൽ ജയിക്കാതെ വരുകയും ചെയ്തപ്പോൾ കമ്യൂണിസ്റ്റുകാരോടൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചതുമൊന്നും മറക്കാവുന്നത്ര പഴയതല്ലല്ലോ.
ലീല ദാമോദര മേനോൻ, ടി. ജെ. എസ്. ജോർജ്
അവിടെത്തോറ്റപ്പോൾ സി.പി.എമ്മുകാർ ദത്തെടുത്ത് ‘കൈരളി’യിലിരുത്തി, പിന്നെ കെ.ടി.ഡി.സിയിലിരുത്തി. അക്കാലം കൊതിച്ച രാജ്യസഭാ സീറ്റ് കിട്ടാതായപ്പോൾ തിരികെ കോൺഗ്രസ് കൊമ്പത്തേക്കുതന്നെ ചാടി. കോൺഗ്രസിലിപ്പോൾ പഴയ രക്ഷകർക്കൊന്നും പിടിയില്ലാതെ വന്നതുകൊണ്ടാണ് മോഹമുക്തന് വിരക്തിവന്നത് എന്ന് ന്യായമായും കരുതാം. അതിനാൽ സുധീരന്റെ കള്ളിയിൽ ചെറിയാനെ പെടുത്തേണ്ടതില്ല. സുധീരൻ പണ്ടേ തെരഞ്ഞെടുപ്പു വരുമ്പോൾ ഇത് പറയാറുണ്ടായിരുന്നു. പിന്നെ ഹൈകമാൻഡ് നിർബന്ധിക്കുമ്പോൾ മനസ്സില്ലാമനസ്സോടെ മത്സരിക്കലാണ്! ഇത്തവണ ആരും നിർബന്ധിക്കാനും പോണില്ല, അദ്ദേഹം മത്സരിക്കാനും പോണില്ല. സുധീരമായൊരു ജീവിതം പൂർണമായതിന്റെ സംതൃപ്തി അനുഭവിക്കട്ടെ. ഒരാൾക്കെങ്കിലും മതി എന്ന് തോന്നിയല്ലോ, അതുമതി.
അല്ലെങ്കിലും ഈ കോൺഗ്രസുകാർക്ക് എന്തോ പറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരം കോമഡികളൊന്നും അവതരിപ്പിക്കണ്ട എന്നാണത്രെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിൽതല്ലില്ല എന്ന് തീരുമാനിച്ചതായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും പറയുന്നുണ്ട്. പത്തുകൊല്ലംമുമ്പ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസുകാരോട് ഇത് പറഞ്ഞതാണ്: ‘‘തൽക്കാലം നിങ്ങൾ തമ്മിൽതല്ലൊന്ന് നിർത്ത്.
തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് തല്ലിക്കോ, വേണമെങ്കിൽ കാണാൻ ഞാനും വരാം’’ എന്നായിരുന്നു രാഹുൽജി അന്ന് പറഞ്ഞത്. പതിറ്റാണ്ടു കഴിഞ്ഞിട്ടെങ്കിലും കോൺഗ്രസുകാർ അത് അനുസരിച്ചല്ലോ. അത്രയും നല്ലത്. പക്ഷേ, ഇതുകൊണ്ടൊന്നും കോൺഗ്രസ് സംസ്കാരം ഇല്ലാതാവുമെന്ന് സതീശനും രമേശനും കരുതരുത്. നിങ്ങളില്ലെങ്കിലും അത് കൊണ്ടുനടക്കാൻ വേറെ ആളുകളുണ്ട്.
കോൺഗ്രസ് സംസ്കാരം എന്നാൽ, ആഗ്രഹിക്കലും ആഗ്രഹിച്ചത് ഏതുവിധേനയും നേടിയിട്ട് സംതൃപ്തി പൂർണമായി അനുഭവിക്കലുമാണ്. അതിലാണ് സന്തോഷം. ടി.ജെ.എസ് പറഞ്ഞത് ബൗദ്ധസംസ്കാരമായിരിക്കും. ആള് കുറേക്കാലം ഹോങ്കോങ്ങിലായിരുന്നല്ലോ. ബൗദ്ധസ്വാധീനം കാണും. അതല്ല കോൺഗ്രസിലെ പൂർണത. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുഭവിച്ച പൂർണതയും സന്തോഷവുമുണ്ടല്ലോ. അതാണ് കോൺഗ്രസ് സംസ്കാരത്തിന്റെ ഉത്തമ മാതൃക. ആഗ്രഹിച്ചത് ഏതുവിധേനയും നേടുക! മനസ്സിന്റെ സുഖമാണ് യഥാർഥ സുഖം എന്ന് എല്ലാവരും സമ്മതിച്ചുതരില്ല. ശരീരവും ചേർന്നതാണല്ലോ മാങ്കൂട്ടത്തിലെ മനുഷ്യനും. ആ വിഷയം വിടാം. ഒരു സ്ഥാനം. അതാഗ്രഹിച്ചാൽ എങ്ങനെയും അതിലെത്തുക. അതിന് ആരെ വേണമെങ്കിലും വെട്ടാം. വലുപ്പച്ചെറുപ്പവും ഗുരുത്വവുമൊന്നും നോക്കേണ്ടതില്ല.
1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും അതിലും മുതിർന്ന നേതാവിന്റെ ഭാര്യയുമായ ലീല ദാമോദരമേനോന്റെ പേരും, പശുവും കുട്ടിയും ചിഹ്നവും ചുമരിലൊക്കെ പതിച്ചശേഷമാണ് മാതൃഭൂമിയുടെ ഡൽഹി ലേഖകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ ഇന്ദിരഗാന്ധിയുടെ പാസുമായിവന്ന് ജയിച്ചുപോയത്. പിന്നീട് എട്ടു തെരഞ്ഞെടുപ്പുകളിൽ ഉണ്ണികൃഷ്ണനായിരുന്നു വടകര വാണത്. ഒടുവിൽ അടിതെറ്റിയത് വേറെ കഥ. അന്നുതന്നെയാണ് കെ.പി.സി.സി തയാറാക്കിയ പട്ടികയിൽ നിന്ന് സാക്ഷാൽ ആർ.ശങ്കറെ വെട്ടിമാറ്റി യുവസിങ്കമായ വയലാർ രവി അന്നത്തെ ചിറയിൻകീഴ് മണ്ഡലത്തിൽനിന്ന് പാർലമെൻറിലേക്ക് കയറിയത്. അക്കാലത്തെ കില്ലാടികൾ വേറെയുമുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയൊക്കെ അതിൽ പെടും. അവരൊക്കെ ഇപ്പോഴും അതേ വീര്യത്തോടെ നിൽക്കുമ്പോഴാണ് സുധീരന്റെ തൃപ്തിപ്രഖ്യാപനവും സതീശ്-രമേശ് ടീമിന്റെ നല്ലനടപ്പും. ഇവരൊക്കെ എന്തു കരുതി. കോൺഗ്രസ് സംസ്കാരമങ്ങ് ഇല്ലാതാക്കിക്കളയാമെന്നോ?
കോൺഗ്രസ് എന്നാൽ ഇന്ദിരാ കോൺഗ്രസ് മാത്രമല്ലല്ലോ. കോൺഗ്രസ് എസും നാഷനലിസ്റ്റ് കോൺഗ്രസുമെല്ലാം കോൺഗ്രസാണ്. അണികൾ കുറവാണെന്നുകരുതി ഒരു കോൺഗ്രസും കോൺഗ്രസല്ലാതാവുന്നില്ല. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഏകാധിപത്യം സഹിക്കാനാവാതെ കോഴിക്കോട് ജില്ലയിൽ നാനൂറ് പേർ കോൺഗ്രസ് എസ് വിട്ടെന്ന കഥ പരന്നതിന്റെ പിന്നാലെയാണ് കടന്നപ്പള്ളിതന്നെ ഇത്തവണയും കണ്ണൂരിൽ മത്സരിക്കുമെന്ന വാർത്ത വന്നത്. ഒരു ജില്ലയിൽനിന്ന് 400 ആളുകൾ രാജിവെച്ചാൽ ആ പാർട്ടിയിൽ ഇനി എത്രയാളുകൾ അവശേഷിക്കുന്നുണ്ടാകും എന്നൊരു പ്രശ്നമുണ്ട്. കണക്ക് പിന്നെനോക്കാം. ഇപ്പോൾ കളികാണാം. കോൺഗ്രസ് എസിന്റെ സീറ്റ്, കോൺഗ്രസ് എസിന്റെ സ്ഥാനാർഥി, കോൺഗ്രസ് എസിന്റെ പ്രസിഡൻറ് പ്രഖ്യാപിക്കുന്നു. അതാണ് രാമചന്ദ്രൻ കടന്നപ്പള്ളി. അതാണ് ശരിയായ കോൺഗ്രസ് സംസ്കാരം. അതിനേക്കാൾ അൽപം വലിയ കോൺഗ്രസാണല്ലോ നാഷനലിസ്റ്റ് കോൺഗ്രസ്.
അഖിലേന്ത്യാ കമ്മിറ്റിയുണ്ട്. കേരളത്തിൽ രണ്ട് സംസ്ഥാന കമ്മിറ്റിയുണ്ട്. അതിലൊരു കമ്മിറ്റിയുടെ കീഴിൽ രണ്ട് എം.എൽ.എമാരുണ്ട്. കുട്ടനാട്ടിൽ തോമസ് കെ.തോമസും എലത്തൂരിൽ എ.കെ. ശശീന്ദ്രനും. രണ്ടുപേരും അതതു മണ്ഡലങ്ങളിൽതന്നെ മത്സരിക്കുമെന്ന് അവരവർതന്നെ പ്രഖ്യാപിക്കുന്നു. പാർട്ടി മീറ്റിങ്ങിൽ തല്ലുണ്ടാകുന്നു. തല്ല് സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ പേരിലല്ലെന്നും വേറെ കാര്യത്തിനാണെന്നും ശശീന്ദ്രൻ വിശദീകരിക്കുന്നു.
ഒരു കോൺഗ്രസാകുമ്പോൾ തല്ലിന് എന്തൊക്കെ കാരണങ്ങൾ കാണും! അതൊക്കെ എന്തോ ആകട്ടെ, ഈ സംസ്ഥാനത്ത് കോൺഗ്രസ് സംസ്കാരം ഇല്ലാതായിട്ടില്ല. കോൺഗ്രസ് ഐയിലെ ഭാവിമുഖ്യമന്ത്രിമാർ തൽക്കാലം തമ്മിലടി നിർത്തിയെന്നുവെച്ച് കോൺഗ്രസ് പൈതൃകമുള്ളവർ അങ്ങനെ വഴങ്ങണമെന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടില്ലേ. ഒന്നല്ല, രണ്ടു മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സേവനത്വര. അതാണ് കോൺഗ്രസ് സംസ്കാരത്തിന്റെ തിര. അതില്ലെങ്കിൽ കോൺഗ്രസ് ചത്ത കടലാണ്. ഇപ്പറഞ്ഞ മഹാന്മാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ എന്നിവർ മാറിനിന്നാൽ എന്താണ് സംഭവിക്കുക എന്നറിയുമോ?
ദേശീയ പ്രസ്ഥാനവും നമ്മുടെ നിയമസഭയും തമ്മിലുള്ള പൊക്കിൾകൊടിബന്ധം അറ്റുപോകും. കടന്നപ്പള്ളിയും മുല്ലപ്പള്ളിയും 1941ൽ ജനിച്ചവരാണ്. എ.കെ.എസ് 1946ലും. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ജനിച്ചവരുടെ തലമുറയെ ഒഴിച്ചുനിർത്തി ഒരു നിയമസഭയോ-അതാലോചിക്കാൻ കൂടി വയ്യ. എഴുപതുകളിലെ കെ.എസ്.യുക്കാരില്ലാത്ത ഒരു നിയമസഭ വേണ്ട. അതിന് യു.ഡി.എഫ് സമ്മതിച്ചാലും എൽ.ഡി.എഫ് സമ്മതിക്കരുത്. ഇവരൊന്നും പോരെങ്കിൽ തോമസ് മാഷെ ഡൽഹീന്നു വലിച്ച് കൊച്ചിയിലിട്ടുകൊടുക്കണം. കോൺഗ്രസിനെ ഒഴിവാക്കാം പക്ഷേ, ആ സംസ്കാരം വിട്ടുകളിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

