ഫലം വരുംവരെ ഉറങ്ങിയേക്കാം...!
text_fields‘ഡ്യൂയി ട്രൂമാനെ തോൽപിച്ചു’ എന്ന തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച പത്രവുമായി മുൻ യു.എസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ
33 ദിവസം 31,000 മൈൽ തീവണ്ടിയിൽ യാത്ര ചെയ്ത് 352 പൊതുയോഗങ്ങളിൽവെച്ച് ജനങ്ങളെ നേരിട്ട് കണ്ട് പ്രസംഗിച്ച ട്രൂമാന് അറിയാമായിരുന്നു എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനാൽ, അദ്ദേഹം ഉറങ്ങാൻ പോയി.
1948ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഹാരി എസ്. ട്രൂമാൻ ഡെമോക്രറ്റിക് സ്ഥാനാർഥിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ തോമസ് ഇ. ഡ്യൂയിയാണ് എതിരാളി. ഫലം വരുന്ന ദിവസം മിസൂറിയിലെ എക്സെൽസിയർ സ്പ്രിങ്സിലുള്ള ഒരു ഹോട്ടലിലായിരുന്നു ഹാരി എസ്. ട്രൂമാൻ. രാത്രി ഏതാണ്ട് ഒമ്പത് മണിയോടെ അദ്ദേഹം ഉറങ്ങാൻ കിടന്നു.
പുലർച്ച നാലുമണിയോടെ സഹായികളും സുരക്ഷാ ഗാർഡുകളും എല്ലാവരുംകൂടി വിളിച്ചുണർത്തി. റേഡിയോവിൽ ഫലപ്രഖ്യാപനമുണ്ടായിരുന്നു. അത് കേൾപ്പിച്ചു. ട്രൂമാൻ ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് കേൾക്കാനാണ് വിളിച്ചുണർത്തിയത്. ‘‘ഇത് രണ്ട് മണിക്കൂർ കഴിഞ്ഞിട്ട് പറഞ്ഞാലും പോരേ’’ എന്നായിരുന്നു ട്രൂമാന്റെ പ്രതികരണം. ആഘോഷം തുടങ്ങാമെന്നായി സഹപ്രവർത്തകർ. ‘‘പോയി ഉറങ്ങിക്കോളൂ, രാവിലെ എഴുന്നേൽക്കുമ്പോഴും ഈ റിസൾട്ട് അവിടെയുണ്ടാകും. മാറാൻ പോകുന്നില്ല’’ എന്ന് ട്രൂമാൻ.
ഉറക്കിന്റെ കൃത്യനിഷ്ഠ മാത്രമായിരുന്നില്ല ട്രൂമാന്റെ നിസ്സംഗതക്ക് കാരണം -മാധ്യമങ്ങളും സർവേ ഏജൻസികളുമെല്ലാം അദ്ദേഹത്തെ എഴുതിത്തള്ളിയിരുന്നു. എല്ലാവരും റിപ്പബ്ലിക്കൻ സ്ഥാനാർഥി തോമസ് ഇ. ഡ്യൂയിക്ക് തകർപ്പൻ വിജയം പ്രവചിച്ചിരുന്നു. എക്സിറ്റ് പോളുകളൊക്കെ അങ്ങനെയാണെന്ന് കേട്ടുകൊണ്ടാണ് ട്രൂമാൻ ഉറങ്ങാൻ കിടന്നത്. സുഖമായി ഉറങ്ങുകയും ചെയ്തു. സ്ഥാനാർഥി ഉറങ്ങുമ്പോഴാണ് ഫലം തിരിഞ്ഞുവന്നത്.
കഥയുടെ ക്ലൈമാക്സ് അതുമല്ല. രാവിലെയദ്ദേഹം തീവണ്ടിയിൽ കയറാനായി സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം കണ്ട പത്രം തകർത്തു. ഷികാഗോ ഡെയിലി ട്രൈബ്യൂൺ എന്ന പത്രം മത്തങ്ങാ തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് ‘‘ഡ്യൂയി ട്രൂമാനെ തോൽപിച്ചു’’ എന്നാണ്. ആ പത്രവുമായി ട്രൂമാൻ നിൽക്കുന്നതായിരുന്നു പിറ്റേദിവസത്തെ പ്രധാന വാർത്താചിത്രം.
രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും പറ്റിയതിനേക്കാൾ വലിയ അടി ഷികാഗോ ട്രൈബൂണിന് കിട്ടാനും രണ്ടുണ്ട് കാരണം. ഒന്ന്, പ്രസിൽ പ്രിന്റർമാർ ചട്ടപ്പടി സമരത്തിലായിരുന്നു. കൃത്യസമയത്ത് പണിനിർത്തുമെന്ന വാശിയിൽ അവർ ഫലപ്രഖ്യാപനം വരെ കാത്തുനിൽക്കാനൊക്കില്ലെന്നറിയിച്ചു. മാനേജ്മെന്റാകട്ടെ വന്നിടത്തോളം പ്രവചനങ്ങളും സർവേകളും ഡ്യൂയിക്ക് തകർപ്പൻ വിജയമാണല്ലോ പ്രവചിച്ചത് എന്നതിനാൽ പേടിക്കാനില്ല എന്നും കരുതി. എല്ലാത്തിനും പുറമെ, സർവേക്കാരും എക്സിറ്റ് പോളുകാരും നേരത്തേതന്നെ പണി നിർത്തിയിരുന്നു!
എല്ലാവരും പറയുന്നു ഡ്യൂയി ജയിക്കുമെന്ന്. സർവേക്കാർ പറഞ്ഞു. എജൻസികൾ പറഞ്ഞു. പത്രക്കാർ അത് പ്രചരിപ്പിച്ചു. അവർ തന്നെയങ്ങ് വിശ്വസിക്കുകയും ചെയ്തു. 33 ദിവസം 31,000 മൈൽ (ഏതാണ്ട് അരലക്ഷം കിലോമീറ്റർ) തീവണ്ടിയിൽ യാത്ര ചെയ്ത് 352 പൊതുയോഗങ്ങളിൽവെച്ച് ജനങ്ങളെ നേരിട്ട് കണ്ട് പ്രസംഗിച്ച ട്രൂമാന് അറിയാമായിരുന്നു എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനാൽ, അദ്ദേഹം ഉറങ്ങാൻ പോയി.
ഇടക്കൊരു പൊതുയോഗത്തിൽ അദ്ദേഹം എതിരാളിക്കെതിരെ ആഞ്ഞടിച്ചപ്പോൾ അനുയായികൾ കോറസായി വിളിച്ചുപറഞ്ഞു: ‘‘ഗിവ് ദെം ഹെൽ ഹാരി’’. ‘‘ഞാനാർക്കും നരകം കൽപിക്കാനൊന്നും പോകുന്നില്ല. സത്യം പറഞ്ഞെന്നേയുള്ളൂ’’ എന്നായിരുന്നു മറുപടി. റേഡിയോ പ്രസംഗങ്ങളേക്കാൾ നല്ലത് ജനങ്ങളെ നേരിട്ടുകണ്ട് പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് എന്ന് തീരുമാനിച്ചതും തീവണ്ടി തെരഞ്ഞെടുത്തതും ട്രൂമാൻതന്നെയായിരുന്നു. ‘വിസിൽ സ്റ്റോപ് പ്രൊപ്പഗാൻഡ’ എന്നാണ് അന്നത് അറിയപ്പെട്ടത്. ഇങ്ങനെയും സംഭവിക്കാമെന്നിരിക്കെ അവസാന നിമിഷംവരെ ഉറങ്ങാം. അത് കളയേണ്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

