Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇടം വലംchevron_rightമാർക്സ് ജനിച്ചത്...

മാർക്സ് ജനിച്ചത് കണ്ണൂരിലല്ല!

text_fields
bookmark_border
മാർക്സ് ജനിച്ചത് കണ്ണൂരിലല്ല!
cancel
തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ ചെറുതായി ഉലച്ചു എന്നത് ശരി. അതുണ്ടെങ്കിലും കാപ്റ്റൻ തലപ്പത്തുള്ളതുകൊണ്ട് പിടിച്ചുനിൽക്കേണ്ടതാണ്. പക്ഷേ കണ്ണൂർ ലോബിയുടെ കമാൻഡ് കൺേട്രാൾ വിട്ടുപോയതുപോലെയാണ് ഇപ്പോൾ കാണുന്നത്

1968 ജൂൺ 22, 23 തീയതികളിൽ കോഴിക്കോട് ടൗൺഹാൾ ഒരു പെരുങ്കൊല്ലന്റെ ആലയായി മാറിയിരുന്നു. യുവജനാവേശത്തെ കമ്യൂണിസ്റ്റ് വികാരത്തിൽ ഊട്ടി പതംവരുത്തി ഒരു മഹാവിപ്ലവപ്രസ്ഥാനത്തിന് രൂപംകൊടുക്കുകയാണവിടെ. കമ്യൂണിസ്റ്റ് ചൈനക്ക് മാവോയുടെ യെനാൻ എന്നതുപോലെ അന്നേ പ്രധാനമായിരുന്നല്ലോ സി.പി.എമ്മിന് എ.കെ.ജിയുടെ കണ്ണൂർ. അവിടെനിന്നാണ് പാർട്ടിക്ക് സ്വന്തം യുവജന സംഘടന എന്ന ആശയം ഉരുവംകൊള്ളുന്നത്. എ.കെ.ജിയുടെ ലെഫ്റ്റനന്റായ എം.വി. രാഘവന്റെ മസ്തിഷ്കമൂശയിലാണ് അത് രൂപംകൊണ്ടത് എന്ന് മനസ്സിലാകും അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചുപോകുമ്പോൾ. ഒരു ജന്മം-അതാണതിന്റെ പേര്.

കണ്ണൂരിൽനിന്ന് ഒരെഴുത്തുകാരൻ പുലിജന്മം എന്നൊരു പുസ്തകം വേറെ എഴുതിയിട്ടുണ്ട്. രണ്ടുംതമ്മിൽ മാറിപ്പോകരുത്. രണ്ടും വീരനായകരുടെ ജീവിതകഥയാണ്. വീരനായ എം.വി. രാഘവൻ പാർട്ടിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയിയായിരിക്കുമ്പോഴാണ് യുവജനായുധം എന്ന ആശയം വീണുകിട്ടുന്നത്. അതുമായി മുതിർന്ന നേതാക്കളെ സമീപിച്ചു. അവർ നിരാശപ്പെടുത്തിവിട്ടു. പി.ബി അംഗമായ ഇ.എം.എസ് സൈദ്ധാന്തികമായി നിരുത്സാഹപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയായ സി.എച്ച്. കണാരൻ പറഞ്ഞുപോൽ: ‘അതൊക്കെ പുലിവാലാകും. രാഘവൻ പുലിവാലുപിടിക്കാനൊന്നും പോകണ്ട’. രാഘവനല്ലേ, പുലിവാല് കണ്ടാൽ വെറുതേവിടുമോ? എ.കെ.ജി വരുന്നവരെ കാത്തിരുന്നു. ‘സംസ്ഥാനനേതൃത്വത്തിന്റെ ശക്തമായ എതിർപ്പാണുള്ളതെന്ന് ബോധ്യമായിട്ടും പിന്തിരിയാൻ ഞാൻ തയാറായില്ല. അങ്ങനെയിരിക്കെ എ.കെ.ജി ഒരുദിവസം കണ്ണൂർ പാർട്ടി ഓഫിസിൽ വന്നു.

യുവജനസംഘടനാ രൂപവത്കരണ ആശയം ഞാൻ എ.കെ.ജിയെ ധരിപ്പിച്ചു. യുവതലമുറയെ സാമൂഹികസേവനസജ്ജരാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. എ.കെ.ജി പച്ചക്കൊടികാട്ടി’. പിന്നെയൊരു കമ്മിറ്റിയെ വെക്കുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാരൂപവത്കരണം ആരംഭിക്കുന്നു. പാപ്പിനിശ്ശേരിയിലാണ് സമ്മേളനം. എ.കെ.ജി ഉദ്ഘാടനം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ രൂപവത്കരണം എ.കെ.ജി പ്രഖ്യാപിച്ചു. അഡ്വ. കെ.ബാലകൃഷ്ണൻ പ്രസിഡന്റും കെ.സി. നന്ദനൻ സെക്രട്ടറിയും കെ.പി. നാരായണൻ വൈസ്പ്രസിഡന്റുമായ കമ്മിറ്റി. കണ്ണൂർ ജില്ലമാത്രം കേന്ദ്രീകരിച്ചുപ്രവർത്തിച്ചുവന്ന കെ.എസ്.വൈ.എഫ് ആണ് പിന്നീട് ഡി.വൈ.എഫ്.ഐ ആയി രൂപാന്തരപ്പെട്ടത്. ഇത്രയും ചരിത്രത്തിന്റെ ആമുഖം, എം.വി.ആർ എഴുതിയത്.

ഇതിനിടയിലാണ് കോഴിക്കോട് ടൗൺഹാളിന് ചൂടുപിടിക്കുന്നത്. അപ്പോഴേക്ക് വിപ്ലവം വല്ലാതങ്ങ് ചുവന്നിരുന്നു. വിദ്യാർഥിപ്രസ്ഥാനം ശക്തിപ്പെട്ടിരുന്നു. പിണറായി വിജയനൊക്കെ അതിന്റെ നേതൃസ്ഥാനത്തെത്തിയ പുലിജന്മമാണ്. ബംഗാളിലെ നക്സൽബാരിയിൽനിന്ന് വീശിയ കാറ്റ് കണ്ണൂർപാർട്ടിയെയും തഴുകിയിരുന്നു. കെ.പി.ആർ. ഗോപാലൻ, കെ.സി. നന്ദനൻ, അരയക്കണ്ടി അച്യുതൻ, എ. ബാലകൃഷ്ണൻ, കാന്തലോട്ടു കരുണൻ മുതലായ പുലികളെല്ലാം നക്സൽസ്വരത്തിൽ മുരണ്ടുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചരിത്രം കോഴിക്കോട് ടൗൺഹാളിലേക്ക് കടന്നുവരുന്നത്.1968 ജൂണിൽ. കണ്ണൂരിൽ പ്രവർത്തിച്ച് തെളിയിച്ച കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ സംസ്ഥാന കൺവെൻഷനാണ്. ഫെഡറേഷനെ സംസ്ഥാനതലത്തിലേക്ക് പരിവർത്തിപ്പിക്കുയാണ് ഉദ്ദേശ്യം. ആദ്യദിവസം എസ്. രാമചന്ദ്രൻപിള്ള സംഘടനയുടെ രാഷ്ട്രീയരേഖ അവതരിപ്പിച്ചു. അതുവെച്ച് ചർച്ചതുടങ്ങിയപ്പോൾ രൂക്ഷമായ അഭിപ്രായവ്യത്യാസം പുറത്തുവന്നു. കണ്ണൂരിൽനിന്നുള്ള ഭൂരിപക്ഷം സഖാക്കളും തീവ്രമായ രാഷ്ട്രീയലൈനിലാണ് വാദം.

അവരെ നക്സലൈറ്റ് ആശയങ്ങൾ ബാധിച്ചുകഴിഞ്ഞിരുന്നു. അവിടെയും നിന്നില്ല. കെ.എസ്.വൈ.എഫിന്റെ കമാൻഡ് ആൻഡ് കൺേട്രാൾ കണ്ണൂരിൽ നിന്നുള്ള സഖാക്കളെത്തന്നെ ഏൽപ്പിക്കണം എന്ന് അവർ വാദിച്ചു. ആ വാദമങ്ങ് ചൂടായപ്പോൾ പാലക്കാട് ജില്ലയിൽനിന്നുള്ള ടി. ശിവദാസമേനോൻ പറഞ്ഞു; ‘തോഴരേ, പ്രസ്ഥാനത്തിന് കണ്ണൂർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. എന്നാൽ ഒന്നോർക്കണം-കാൾ മാർക്സ് ജനിച്ചത് കണ്ണൂരിലല്ല’. മേനോനൊരു തമാശ പറഞ്ഞതാണെങ്കിലും കണ്ണൂരിലെ സഖാക്കൾ അത് പരിഹാസമായാണ് കണ്ടത്. അവർ ഇറങ്ങിപ്പോയി. എം.വി. രാഘവനും സുശീലാ ഗോപാലനും ചാത്തുണ്ണി മാസ്റ്ററും പി.വി. കുഞ്ഞിക്കണ്ണനും മറ്റും ഓടിയെത്തി കണ്ണൂരിലെ സഖാക്കളെ വിളിച്ചുകൂട്ടി ചർച്ചചെയ്തിട്ടും അവർ തണുത്തില്ല. ഇറങ്ങിപ്പോവുകതന്നെ ചെയ്ത. പിറ്റേന്ന് സി.കെ. ചക്രപാണി പ്രസിഡന്റും എസ്. രാമചന്ദ്രൻപിള്ള സെക്രട്ടറിയുമായി സംസ്ഥാനകമ്മിറ്റിയുണ്ടാക്കി.

കെ.എസ്.വൈ.എഫ് പൂർവാധികം ശക്തിയോടെ കണ്ണൂർസഖാക്കളുടെ കമാന്റിന് കീഴിൽ എത്തുന്നതാണ് പിന്നീട് കാണുന്നത് (ഇറങ്ങിപ്പോയ സഖാക്കളല്ല. അവർ നക്സൽപാളയത്തിലെത്തി പടകൂട്ടിയിരുന്നു). പാർട്ടിയിൽ ഉറച്ച് നിൽക്കുകയും പാർട്ടി ചിലകാര്യങ്ങൾ ചുമതലപ്പെടുത്തുകയും ചെയ്ത സഖാക്കൾ. അവരായി കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ. 1969ൽതന്നെ പിണറായി വിജയൻ സംസ്ഥാന പ്രസിഡന്റായി. പ്രസ്ഥാനം നീളത്തിലും വീതിയിലും വളരുകയായിരുന്നു. നീളത്തിലെന്നാൽ അഖിലേന്ത്യാ തലത്തിൽ. കെ.എസ്.വെ.എഫ് പോലെ ബംഗാളുൾപ്പടെ പല സംസ്ഥാനങ്ങളിലും യുവജനസംഘടനകൾ ഉണ്ടായിരുന്നു. അതെല്ലാം യോജിപ്പിച്ച് ഒന്നാക്കാൻ ആലോചിച്ചു. അതിനുള്ള പ്രിപ്പറേറ്ററി കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് അഞ്ചുപേരുണ്ടായിരുന്നു. അതിൽ രണ്ടുപേർ കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇ.പി. ജയരാജനും എം.വി. ഗോവിന്ദനും. ടി.പി. ദാസൻ, എം. വിജയകുമാർ, കെ.എ. ചാക്കോ എന്നിവരായിരുന്നു ബാക്കിയുള്ളവർ. ഇ.പി. ജയരാജൻ പ്രിപ്പറേറ്ററി കമ്മിറ്റിയുടെ ജോയന്റ് കൺവീനറായി. 1980 നവംബർ ഒന്നുമുതൽ മൂന്നുദിവസം പഞ്ചാബിലെ ലുധിയാനയിൽ യോഗംചേർന്ന് ഡി.വൈ.എഫ്.ഐ എന്നപേരിലേക്ക് അതിനെ പരിവർത്തിപ്പിച്ചപ്പോൾ ഇ.പി. ജയരാജനാണ് ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റായിവന്നത്. ആ സംഘടനയുടെ ചരിത്രമെഴുതിയ എം.വി. ഗോവിന്ദൻ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.

സംഘടന അവിടെനിൽക്കട്ടെ. കണ്ണൂർ സഖാക്കൾ വളരുകയായിരുന്നു. പിടിവിട്ട വളർച്ച. യുവത്വം വിടുംമുമ്പുതന്നെ അവരൊക്കെ പാർട്ടിയുടെ നേതൃത്വത്തിലെത്തി. പിണറായിയെപ്പോലെ ചിലരൊക്കെ പാർട്ടിൽനിന്ന് തീരുമാനപ്രകാരം യുവജനഘടകത്തിലേക്ക് ഇറങ്ങിവരുകയായിരുന്നു എന്നോർക്കണം. ഇതൊക്കെ വളരെ ചെറുപ്പത്തിലേ നടന്നതുകൊണ്ട് അവർക്കൊക്കെ സംഘടനാപ്രവർത്തനത്തിനും പാർലമെന്ററി പ്രവർത്തനത്തിനും ധാരാളം കാലംകിട്ടി (പാർലമന്റെറി പ്രവർത്തനം എന്ന് കേൾക്കുമ്പോൾ മുഖംചുളിക്കണ്ട, വിപ്ലവം നടത്തിയേ അടങ്ങൂ എന്ന് വാശിയുള്ളവർ ഇറങ്ങി കാട്ടിലേക്ക് പോയല്ലോ. ബാക്കിയുള്ളവർക്ക് പറഞ്ഞത് പാർലമെന്ററി പ്രവർത്തനമാണ്). 18 വർഷം പാർട്ടി സെക്രട്ടറിയായിട്ടും അതുകഴിഞ്ഞ് 10 വർഷം മുഖ്യമന്ത്രിയായും അതുംകഴിഞ്ഞ് പ്രതിപക്ഷനേതാവായും പ്രവർത്തിക്കാൻ സമയംകിട്ടുക എന്നാൽ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് നല്ല കിട്ടലാണല്ലോ. കൂടെയുള്ളവരും മോശമായില്ല.

പാർട്ടിക്കകത്താണെങ്കിൽ സെക്രട്ടറിയായും പോളിറ്റ്ബ്യൂറോ അംഗമായും കേന്ദ്രകമ്മിറ്റിയംഗമായുമൊക്കെ വളർന്നു. പാർലമന്റെറി രംഗത്താണെങ്കിൽ എം.എൽ.എമാരും മന്ത്രിമാരുമായി. വളർച്ച കൂട്ടത്തോടെയായതുകൊണ്ട് കണ്ണൂർലോബി എന്ന പേരുവന്നു എന്നൊരുചെറിയ പ്രശ്നം മാത്രമേയുള്ളൂ. അതൊഴിച്ചുനിർത്തിയാൽ വളർച്ച വിപ്ലവകരംതന്നെയായിരുന്നു. ജില്ലയിൽ കുറേ മണ്ഡലങ്ങൾ ഉള്ളതുകൊണ്ട് കുറേ എം.എൽ.എമാരുണ്ടായി. അതിൽ കുറച്ചുപേരൊക്കെ മന്ത്രിമാരായി. അവരൊക്കെ സംഘടനാപരമായും വളർന്നു. അങ്ങനെ കണ്ണൂർലോബി ഒരു കുടുംബംകണക്കെ ഒന്നിച്ചു വളർന്നു.

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം വിഴിഞ്ഞത്തുണ്ടായ തിരയാണ്. തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ ചെറുതായി ഉലച്ചു എന്നത് ശരി. അതുണ്ടെങ്കിലും കാപ്റ്റൻ തലപ്പത്തുള്ളതുകൊണ്ട് പിടിച്ചുനിൽക്കേണ്ടതാണ്. പക്ഷേ കണ്ണൂർ ലോബിയുടെ കമാൻഡ് കൺേട്രാൾ വിട്ടുപോയതുപോലെയാണ് ഇപ്പോൾ കാണുന്നത്. ലോബിയിൽത്തന്നെ വിള്ളൽ. അതിനാൽ ഇനിയങ്ങോട്ട് കോൺഗ്രസ് മട്ടിൽ വിശകലനം ചെയ്യേണ്ടിവരും.

പിണറായി വിജയനും എം.വി. ഗോവിന്ദനും ഒരു ഭാഗത്ത്. ഇ.പി. ജയരാജനും ലോബിയിലെ മറ്റുചിലരും മറുഭാഗത്ത്. പി. ജയരാജനെപ്പോലെ ചിലർ വിദ്വാന്മാരായതുകൊണ്ട് മൗനത്തിലാണ്. ഏതായാലും പ്ലീനംകൂടാൻ തീരുമാനിക്കാത്തതുകൊണ്ട് പേടിക്കാനില്ല. പ്ലീനം, എന്നാൽ കഴിഞ്ഞ പാർട്ടിസമ്മേളനത്തിലെ പ്രതിനിധികളെ വീണ്ടും വിളിച്ചുചേർക്കുക എന്നാണർഥം. അവർക്ക് വേണമെങ്കിൽ നേതൃമാറ്റംവരെ ആവശ്യപ്പെടാം. പ്ലീനം ചേരാത്തതുകൊണ്ട് അതാവശ്യപ്പെടാൻ സ്കോപ്പില്ല. സംസ്ഥാനകമ്മിറ്റി വിശാലമായി കൂടിപ്പിരിയാം എന്നുമാത്രം. എന്നാലും കണ്ണൂർലോബി ഉലഞ്ഞതുകൊണ്ട് ഉൾഭയം ഇല്ലാതില്ല. വരുന്നിടത്തുവെച്ച് കാണാം.

ഇതൊക്കെ ലോബിയായി വളർന്നവരുടെ കാര്യം. യുവാക്കളെ സാമൂഹികപ്രവർത്തനസജ്ജമാക്കാൻ രൂപംകൊണ്ട സംഘടന എന്തായി എന്നാണല്ലോ നോക്കേണ്ടത്. ഭാവി കിടക്കുന്നത് അവിടെയാണ്. അവർക്ക് ഒന്നും പിടികിട്ടിയിട്ടില്ല എന്നാണ് ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എഴുതിയ പുസ്തകം കണ്ടപ്പോൾ മനസ്സിലായത്. അതിന്റെ പേര് അത്രമേൽ കാവ്യാത്മകമാണ്: ‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ!’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsmadhyamam articleMV GovindanCPMPinarayi Vijayankannur
News Summary - Marx was not born in Kannur!
Next Story