കാലേക്കർ സ്ഥലമോ, കത്തോലിക്കാ സഭയോ?
text_fieldsഓരോന്നിനും ഒരോ കാലമുണ്ട് എന്നാണ് വേദപുസ്തകം പറയുന്നത്: ‘‘ആകാശത്തിനുകീഴിലുള്ള സമസ്തകാര്യങ്ങൾക്കും ഒരവസരമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാൻ ഒരു കാലം. വിതക്കാൻ ഒരു കാലം, കൊയ്യാൻ ഒരു കാലം. കൊല്ലാൻ ഒരു കാലം, സൗഖ്യമാക്കാൻ ഒരു കാലം. തകർക്കാൻ ഒരു കാലം, പണിതുയർത്താൻ ഒരു കാലം. കരയാൻ ഒരു കാലം, ചിരിക്കാൻ ഒരു കാലം. സ്നേഹിക്കാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം. യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം......’’. അങ്ങനെയങ്ങനെ എണ്ണിപ്പറയുന്നുണ്ട് വേദപുസ്തകം. (സഭാപ്രസംഗകൻ 3:1 മുതൽ 3:8 വരെ) സത്യവേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നിത്യസത്യമാണ്.
ആ പാർട്ടിക്കും ഓരോന്നിനും ഓരോ കാലമുണ്ട്. പിളരാൻ ഒരുകാലം, ലയിക്കാൻ ഒരുകാലം. മുന്നണിയിൽ ചേരാൻ ഒരുകാലം, മുന്നണിവിടാൻ ഒരുകാലം. കാലമാവുമ്പോൾ ഒത്ത തീരുമാനമെടുത്താൽ മതി. കാരണമൊന്നും വേണമെന്നില്ല. ‘‘രാഷ്ട്രീയത്തിൽ തക്കസമയത്ത് തീരുമാനം എടുക്കുക എന്നതാണ് പ്രധാനം, കാരണം പിന്നീട് കണ്ടെത്തിയാൽ മതി’’- എന്ന് കെ.എം. മാണി സാറ് പറഞ്ഞിട്ടുണ്ട്. അങ്ങനെ വന്നാൽ ചിലപ്പോൾ പാർട്ടി പിളർന്നേക്കും. കുഴപ്പമില്ല. ‘‘പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസമാണ് കേരളാ കോൺഗ്രസ്’’ എന്നും മാണിസാറ് പറഞ്ഞിട്ടുണ്ട്.
മാണിസാറിന്റെ കാലത്ത്
അതൊക്കെയും കൃത്യമായി നടന്നിരുന്നു. പിളരേണ്ടപ്പോൾ പിളർത്താനും ലയിക്കേണ്ടപ്പോൾ ലയിപ്പിക്കാനും മുന്നണിവിടേണ്ടപ്പോൾ വിടാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. അക്കാലത്ത് പാർട്ടിയിൽ രണ്ടാമതൊരു ആലോചനകേന്ദ്രം ഉണ്ടായിരുന്നില്ല. ഇപ്പോൾ ജോസ് കെ. മാണിയുടെ മാണിഗ്രൂപ്പിൽ റോഷി അഗസ്റ്റിൻ ഉള്ളതുപോലെ ഒരു രണ്ടാമനെ മാണിസാർ വെച്ചുവാഴിച്ചിട്ടില്ല. അഥവാ ഒരുത്തൻ അങ്ങനെയങ്ങു വളർന്നാൽ അവനെപ്പിന്നെ പാർട്ടിയിൽ കണ്ടിട്ടില്ല. പി.ജെ. ജോസഫായാലും ടി.എം.ജേക്കബ്ബായാലും അതല്ല പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസുതന്നെയായാലും ആളായി എന്നുതോന്നിയാൽ അവനൊരു കേരളാ കോൺഗ്രസ് ഉണ്ടാക്കാനുള്ള അവകാശംകൊടുത്ത് പിളർത്തി അയക്കലായിരുന്നു മാണിസാറിന്റെ രീതി.
അതുകൊണ്ടുതന്നെ മാണിസാറിന്റെ തീരുമാനങ്ങൾ മാറ്റിവെക്കേണ്ടി വന്നിട്ടില്ല. ഇതിപ്പോൾ ഇമ്മാതിരി എടപാടുകളിലൊന്നും ജോസ് മോന് അത്രതന്നെ കൈത്തഴക്കം പോരാത്തതുകൊണ്ടോ അതല്ല, വിനിമയരീതികളിൽ മാറ്റം വന്നതുകൊണ്ടോ എന്തോ ഒരു സീസൺ പാഴായി. എൽ.ഡി.എഫ് വിടലും, യു.ഡി.എഫിലേക്ക് തിരിച്ചുചെല്ലലും അതിന്റെ പേരിൽ ആരെങ്കിലും പിളരുകയാണെങ്കിൽ പിളർന്നുപോകലും അങ്ങനെവരുമ്പോൾ ജോസഫിന്റെ പാർട്ടിയുമായൊരു ലയനവും അങ്ങനെ എന്തെല്ലാം പെരുന്നാളുകൂടേണ്ടതാണ്. തെരഞ്ഞെടുപ്പുകാലമാണല്ലോ ഇതിന്റെയൊക്കെയൊരുസീസൺ. ഇക്കുറി ഒന്നും നടന്നില്ല. സീസൺ പാഴായി എന്നങ്ങ് തീർത്ത് പറയാനുംവയ്യ. തിരുവനന്തപുരത്ത് ഇരുപത്തഞ്ച് സെൻറ് ഭൂമി മുതൽക്കൂട്ടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ലൈനിൽ നോക്കിയാൽ കച്ചവടം മോശമല്ല. അഞ്ചുകൊല്ലത്തെ നിക്ഷേപത്തിന് അത് നല്ല വരവാണ്.
മുൻപൊക്കെ ഒരു കേരളാ കോൺഗ്രസിനെ ഒരു മുന്നണിയിലെടുക്കാനോ, ഉറപ്പിച്ചുനിർത്താനോ എത്രമണ്ഡലങ്ങൾ കൊടുക്കേണ്ടിവരും, അതിൽ ജയിക്കുന്നതെത്ര, തോൽക്കുന്നതെത്ര? അധികാരത്തിൽ വന്നാൽ ബോർഡ്-കോർപറേഷൻ പദവികൾ എത്ര എന്നൊക്കെയായിരുന്നു നോക്കിയിരുന്നത്. ഇപ്പോൾ അതുപോരല്ലോ. നല്ലൊരു തറവാട്ടിൽനിന്നുള്ള കേരളാ കോൺഗ്രസിനെ മുന്നണിയിൽ നിർത്തണമെങ്കിൽ കണ്ണായ സ്ഥലത്ത് 25 സെൻറ് സ്ഥലമെങ്കിലും കൊടുക്കണം. ഇപ്പോൾതന്നെ ജോസ് മോന്റെ പാർട്ടിക്ക് തിരുവനന്തപുരത്ത് കവടിയാറിൽ 25 സെൻറ് സ്ഥലമാണ് കൊടുത്തിട്ടുള്ളത്. കേരളാ കോൺഗ്രസിനേയും കുറ്റപ്പെടുത്താനാവില്ല. പഴയതുപോലല്ല, സംസ്ഥാനകമ്മിറ്റി ആപ്പീസുമാത്രം പോരാ.
പഠനഗവേഷണ കേന്ദ്രം നിർബന്ധമാണ്. സി.പി.എമ്മിനാണെങ്കിൽ എ.കെ.ജി പഠനഗവേഷണ കേന്ദ്രവും ഇ.എം.എസ് പഠനഗവേഷണ കേന്ദ്രവും തിരുവനന്തപുരത്തുതന്നെയുണ്ട്. ഇനിയിപ്പോൾ കോടിയേരി ബാലകൃഷ്ണൻ പഠനഗവേഷണകേന്ദ്രം തലശ്ശേരിയിൽ വരാൻ പോകുന്നുണ്ട്. അതിന് ഒരേക്കർ സ്ഥലം പാട്ടത്തിന് കൊടുത്ത കൂട്ടത്തിലാണ് മാണിസാറിെൻറ പേരിലുള്ള പഠനഗവേഷണ കേന്ദ്രത്തിന് തിരുവനന്തപുരത്ത് കൊടുത്തത്. കോടിയേരിയുടെ ഓർമകൾ തലശ്ശേരിക്കുമാത്രം ഉള്ളതാണല്ലോ. ആ നേതാവിന് തിരുവനന്തപുരത്ത് കേന്ദ്രം വേണ്ട എന്ന് മരിച്ചയന്നുതന്നെ തീരുമാനിച്ചതാണ്. തലശ്ശേരിമതി. പാട്ടം എന്നാൽ അത്ര അധികമൊന്നുമില്ല. ഏക്കറിന് വർഷത്തിൽ നൂറു രൂപ. ഇടതുപക്ഷജനാധിപത്യമുന്നണിയിലെ മൂന്നാമത്തെ പാർട്ടി എന്നൊക്കെപ്പറയുമ്പോൾ തിരുവനന്തപുരത്ത് പഠനഗവേഷണകേന്ദ്രം നിർബന്ധമാണല്ലോ. സി.പി.ഐക്ക് അച്യുതമേനോൻ ഫൗണ്ടേഷനുണ്ട്. കെ.വി. സുരേന്ദ്രനാഥിെൻറ പേരിൽ ഫൗണ്ടേഷനുണ്ട്. ആ ലെവലിലേക്ക് കേരളാ
കോൺഗ്രസിനേയും വളർത്തിക്കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ച സ്ഥിതിക്ക് ഗവേഷണകേന്ദ്രം വേണം. അല്ലെങ്കിലും മാണിസാറിന്റെ അധ്വാനവർഗസിന്താദ്ധം പഠിക്കേണ്ട ദർശനമാണല്ലോ. ഇനി ഇതുകണ്ട് ഭ്രമിച്ച് ഐ.എൻ.എൽ സേട്ടുസാഹിബിന്റെ പേരിൽ പഠനവും ഗവേഷണവും തുടങ്ങിക്കളയാം എന്ന് മോഹിക്കണ്ട. ഭൂമി കിട്ടില്ല. കേരളാ കോൺഗ്രസ് വേറൊരു ജനുസ്സാണ്. മധ്യതിരുവിതാംകൂറിലെ അന്തരീക്ഷത്തിൽ വലിയ പരിപാലനം ഇല്ലാതെതന്നെ വളരുന്നതാണ്. അവിടെ ചില മണ്ഡലങ്ങൾ ഉഴുതുമറിക്കാൻ അതിലൊരു ജോടി കൂടെ വേണമെന്നാണ് സി.പി.എമ്മിന്റെ കണ്ടെത്തൽ. ഐ.എൻ.എല്ലിനെ കെട്ടിത്തീറ്റിയിട്ട് മലബാറിൽപ്പോലും ആ ഗുണം കിട്ടില്ല. പിളരാൻ മിടുക്കരാണ് എന്നതുശരി. വേറെയൊരു ഗുണവുമില്ലെന്ന് തെളിയിച്ചല്ലോ.
ഇരുപത്തഞ്ച് സെൻറ് ഭൂമികൊണ്ട് കത്തോലിക്കാ മേലധ്യക്ഷരെപ്പോലും കേരളാ കോൺഗ്രസിൽനിന്ന് അകറ്റിനിർത്താനായി എന്നതാണ് റിയൽഎസ്റ്റേറ്റ് ലൈനിെൻറ ഗുണം. മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുമാത്രമേ ഇത്തവണയും പിതാക്കന്മാർ ചെയ്തിട്ടുള്ളൂ. കേരളാ കോൺഗ്രസുകാർ കളംനിറഞ്ഞു കളിക്കുമ്പോൾ ഗാലറിയിലിരുന്ന് കളിപറഞ്ഞുകൊടുത്തിരുന്നത് പണ്ടും മെത്രാനച്ചൻമാർതന്നെയാണ്. 1970 മുതൽ ഉള്ളതാണത്. കൊളംബിയർ അച്ചെൻറ കാലംമുതൽ നടത്തിപ്പോരുന്ന ഗുണദോഷിക്കൽ മാത്രമേ തറയിൽപ്പിതാവാണെങ്കിലും കുവ്വക്കാട്ടിൽപ്പിതാവാണെങ്കിലും പാംപ്ലാനിപ്പിതാവാണെങ്കിലും ഇപ്പോഴും വിചാരിച്ചിട്ടുള്ളൂ. ‘‘നിയമസഭാ തെരഞ്ഞെടുപ്പാണ് വരാൻപോകുന്നത്. കേരളാ കോൺഗ്രസുകളിങ്ങനെ ഭിന്നിച്ച് പലമുന്നണികളിലായി ചിതറിക്കിടക്കുന്നത് നഷ്ടം വരുത്തും, ഒന്നിച്ചുനിന്ന് ശക്തിവർധിപ്പിക്കണം. എന്നിട്ട് കൂടുതൽ ജയസാധ്യതയുള്ള മുന്നണിയോടൊപ്പം നീങ്ങണം’’ - അതാണ് മെത്രാൻതന്ത്രം. ജോസ്ഗ്രൂപ്പിലെ അഞ്ച് എം.എൽ.എമാരിൽ ഒരാൾക്ക് അതു പെട്ടെന്ന് കത്തി.
ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിന്. ജയസാധ്യത എന്നുകേട്ടപ്പോൾ ജോബ് ചങ്ങനാശ്ശേരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ യു.ഡി.എഫ് എന്ന് അർഥംവെച്ചു. പൂഞ്ഞാർ അംഗം സെബാസ്റ്റ്യൻ കുളത്തുങ്കലും ആ വഴി ചന്തിച്ചേനെ. അപ്പോഴേക്കാണ് റോഷി അഗസ്റ്റിൻ പാർട്ടിക്കകത്തൊരു ഇടതുപക്ഷ ഏകോപനത്തിന് ഇറങ്ങിയത്. ഡോ.എൻ. ജയരാജും പഴയ സി.പി.എമ്മുകാരനായ പ്രമോദ് നാരായണനും അവിടെ അണിനിരന്നപ്പോൾ കക്ഷിനില 32 ആയി. എൽ.ഡി.എഫ് പക്ഷത്ത് മൂന്ന്, യു.ഡി.എഫ് പക്ഷത്ത് രണ്ട്. പൂഞ്ഞാറംഗം ആദ്യമേ നില ഉറപ്പിച്ചിരുന്നില്ല എന്നും പറയാം. ഏതായാലും പാർട്ടി ചെയർമാനായ ജോസ് മോന് ഭൂരിപക്ഷത്തിന് വഴങ്ങേണ്ടിവന്നു. അല്ലെങ്കിൽ പാർട്ടി പിളർന്നേക്കും. റോഷി പിളർത്തും. ആകെ അഞ്ച് എം.എൽ.എമാരുള്ളതിൽ രണ്ടാളേയും കൊണ്ട് യു.ഡി.എഫിൽ ചെന്നാൽ ജോസഫിനുമുന്നിൽ പറ്റെ കൊച്ചായിപ്പോവും ജോസ്. അതിലും നല്ലത് റോഷി അഗസ്റ്റിന്റെ പാർട്ടിയുടെ ചെയർമാനായി ഇരിക്കുന്നതാണല്ലോ.
കണക്കുവിടാം. കാര്യംവേറെയുണ്ട്. റോഷി അഗസ്റ്റിൻ കാരണംചോദിച്ചു എന്നതാണാ കാര്യം. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകണണെങ്കിൽ കാരണം പറയണമെത്ര. എന്തു കാരണം പറയും എന്നാണ് റോഷിയുടെ ചോദ്യം. അതിൽ ജോസ് കെ. മാണി വീണു. വീഴും. കാരണമില്ല എന്നതുമാത്രമല്ല കാരണം. അങ്ങനെയൊരു ചോദ്യമേ ആ പാർട്ടിയിൽ ശീലമില്ല. അപ്പനപ്പൂപ്പന്മാരുടെ കാലത്തൊന്നും ഇല്ല. കാര്യം നടത്തുക എന്നല്ലാതെ ആരും കാരണം നോക്കാറില്ല. അതുചോദിക്കാനുള്ള ധൈര്യം റോഷി അഗസ്റ്റിന് ആരു കൊടുത്തു എന്നതാണ് കാതലായ കാര്യം. സഖ്യകക്ഷികളിൽ കയറിക്കളിക്കാൻ ധൈര്യമുള്ള ഒരു ലീഡറുണ്ടായിരുന്നു പണ്ട്. കെ. കരുണാകരൻ. ഏതു പാർട്ടിയിലും ലീഡറുടെ കളിക്കാരുമുണ്ടായിരുന്നു. അങ്ങനെയൊരുകോപ്പ് ഇപ്പോഴുള്ളത് പിണറായി വിജയെൻറ കൈയിൽ മാത്രമാണ്. അതാണ് റോഷിയുടെ ധൈര്യമെങ്കിൽ എല്ലാവരും പേടിക്കണം. കേരളാ കോൺഗ്രസിനെ എന്നല്ല, എന്തിനേയും പിണറായി പൊട്ടിക്കും. അദ്ദേഹം ഒരു പൊട്ടൻഷ്യൽ ലീഡറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

