രണ്ട് ഹൃദയങ്ങളുള്ള ഒരാളുടെ ഉപമ
text_fieldsനമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അണികൾക്ക് ‘ഇരട്ടച്ചങ്കൻ’ ആണ്; രണ്ട് ഹൃദയങ്ങളുള്ളവൻ. അങ്ങനെയാണ് അനുയായി വാഴ്ത്ത്. വളരെച്ചുരുക്കം സാഹചര്യങ്ങളിൽ മനുഷ്യർക്ക് രണ്ട് ഹൃദയങ്ങളാവാമെന്ന് ഹൃദയചികിത്സാവിദഗ്ധർ പറയുന്നുണ്ട്. ഹൃദയം കേടായി എടുത്തുമാറ്റുന്നത് പ്രയാസകരമായാൽ കേടുള്ളത് നിലനിർത്തി പുതിയതൊന്നു വെച്ചുപിടിപ്പിക്കും. രണ്ടും ഒരേസമയം പ്രവർത്തിപ്പിക്കാമെന്നു വിദഗ്ധർ. അതാണ് ഇരട്ടച്ചങ്ക് വരാനുള്ള ഏകമാർഗം. 2017ൽ ഇറ്റലിയിൽ 71കാരൻ ഇങ്ങനെ ഇരട്ടച്ചങ്കുകൊണ്ട് ഹൃദയാഘാതത്തെ മറികടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹെറ്ററോട്ടോപിക് ഹാർട്ട് ട്രാൻസ് പ്ലാൻറ് (എച്ച്.എച്ച്.ടി) എന്ന ഈ ശസ്ത്രക്രിയ ഇന്ത്യയിൽ ചെയ്തിട്ടുള്ളത് കോയമ്പത്തൂരിൽ ഒരു 45കാരനിലാണ്. രണ്ടാം ചങ്ക് വെച്ചുപിടിപ്പിച്ചാൽ 25 കൊല്ലംവരെ കുഴപ്പമില്ലാതെ ജീവിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷേ, ഹൃദയമിടിപ്പിന് രണ്ട് താളമായിരിക്കും.
എന്നാൽ, നമ്മുടെ കേസിൽ സംഗതി സാങ്കൽപികമാണല്ലോ. ആരാധകരുടെ സങ്കൽപം. അങ്ങനെയുള്ളവരുടെ കാര്യം കഷ്ടമാണെന്ന് കവികൾ പറയുന്നു (സാങ്കൽപിക കാര്യങ്ങൾ വിശദീകരിക്കാൻ മിടുക്ക് അവർക്കാണല്ലോ). ‘മെൻ അറ്റ് വർക്ക്’ എന്ന പ്രശസ്തമായ ആസ്ട്രേലിയൻ പോപ്പ് ഗായകസംഘം 1985ൽ പുറത്തിറക്കിയ ‘റ്റൂ ഹാർട്ട്സ്’ എന്ന ആൽബത്തിൽ ഇങ്ങനെയൊരു ഗാനമുണ്ട്:
‘‘മാൻ വിത്ത് റ്റൂ ഹാർട്ട്സ്’’
‘‘രണ്ടു ഹൃദയങ്ങളുള്ള ഒരുത്തനെപ്പോലെ
അവർ രണ്ടുപേരും രണ്ടു ലോകങ്ങളാണ്
എങ്കിലും നിങ്ങൾക്കറിയാമല്ലോ,
അവരവരുടെ കാര്യം നോക്കുന്നുണ്ട്
രണ്ട് ഭാര്യമാരുള്ള ഒരുത്തനെപ്പോലെ
അവന്റെ ജീവിതംതന്നെയപ്പോൾ
ഒരു ഒഴികഴിവാകുന്നു.
അതെന്തുകൊണ്ടാണെന്ന് ആരുമവനോട്
ചോദിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ...’’ -എന്നാണാ ഗാനം തുടങ്ങുന്നത്. രചിച്ചതും സംഗീതസംവിധാനം നിർവഹിച്ചതും നിർമിച്ചതും കോളിൻ ഹായ് ആണ്. അപ്പോൾ, അങ്ങനെയൊരു സങ്കൽപം ആദ്യമല്ല. സങ്കൽപത്തിൽപോലും ആരാധകർ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല പിണറായി വിജയന്റെ ഇരട്ടച്ചങ്കുകൊണ്ട്. ഇരട്ടിശക്തിയിൽ ആഞ്ഞടിക്കുന്ന വിപ്ലവക്കരുത്തിന്റെ കടഞ്ഞെടുത്ത രൂപമായിരിക്കാം പേര് ചാർത്തിയവർ മനസ്സിൽ കണ്ടത്. എന്നാൽ, ആ പഴയ ഹൃദയം വർഗതാളത്തിലും രണ്ടാമത്തേത് വെള്ളാപ്പള്ളി നടേശന്റെ വർഗീയതാളത്തിലും മിടിക്കുകയാൽ അണികളുടെ ആരാധന ഇപ്പോൾ പാഴാണ്. പഴയ പിണറായിവിഗ്രഹം പോലുമില്ലിപ്പോൾ. അര വെള്ളാപ്പിള്ളിയോട് അരപ്പിണറായിയെ ചേർത്തുവെച്ച വിചിത്ര രൂപത്തെയാണിപ്പോൾ ആരാധിക്കുന്നത്.
അല്ലെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ വ്യാകരണം മാറുകയാണ്. പണ്ട് ഉപമയായിരുന്നു പഥ്യം. ‘ഒന്നിനോടൊന്ന് സാദൃശ്യംചൊന്നാൽ ഉപമയാമത്’ എന്നാണല്ലോ. അന്നങ്ങനെയായിരുന്നു. എ.കെ.ജിയെപ്പോലെ വി.എസ്, സ്റ്റാലിനെപ്പോലെ പിണറായി, പിണറായിയെപ്പോലെ സ്വരാജ്....എന്നിങ്ങനെ ഉപമിച്ച് അഭിമാനിക്കുകയായിരുന്നു. എന്നാലിന്ന് ഉൽപ്രേക്ഷയാണ് അലങ്കാരം.
‘മറ്റൊന്നിൻ ധർമയോഗത്താൽ
അതുതാനല്ലയോ ഇതെന്ന്
വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി’’ എന്നാണല്ലോ.
എസ്.എൻ.ഡി.പി യോഗത്തിന്റെ ധർമം സി.പി.എം നിർവഹിക്കുന്നതുകണ്ട് അതുതന്നെയല്ലേ ഇത് എന്ന് ആശങ്കതോന്നുന്ന അവസ്ഥ. ഈ അവസ്ഥ വരുംമുമ്പ് പിണറായി വിജയൻ രചിച്ച ഒരു പുസ്തകമുണ്ട്- ‘കേരളീയ നവോത്ഥാനം നേരിടുന്ന വെല്ലുവിളികൾ’. പിണറായി വിജയന്റെ പഴയ ഹൃദയം ഈ പുസ്തകം കാണിച്ചുതരും. വെള്ളാപ്പള്ളിയുടെ ഓരോ വാക്കിനും പിണറായി അറുത്തുമുറിച്ച് മറുപടി പറഞ്ഞിരുന്നു അക്കാലം. അന്ന് വെള്ളാപ്പള്ളി പറഞ്ഞൊരു കാര്യം പിണറായി ഉദ്ധരിക്കുന്നുണ്ട്: ‘‘എന്റെ സമ്പത്തിന്റെ ബലംകൊണ്ടും തന്റേടംകൊണ്ടും ഞാൻ പിടിച്ചുനിന്നു. ഇത്രയുംകാലം ബിസിനസ് നടത്തിയതിൽ എനിക്ക് ഇന്നുവരെ ഒരു നഷ്ടവുമുണ്ടായിട്ടില്ല. ഇതുവരെ ഞാൻ ആരോടും തോറ്റിട്ടുമില്ല. മലബാറിലേക്ക് ഞാനെന്റെ യാഗാശ്വത്തെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതൊരു വെല്ലുവിളിയാണ്’’ -മലയാളം ‘ഇന്ത്യാ ടുഡേ’യിൽ 2002 മേയ് 22ന് വന്ന അഭിമുഖത്തിലാണിത്. വെള്ളാപ്പള്ളിയുടെ ഈ വെല്ലുവിളിയും പ്രഖ്യാപനവും എടുത്തുചേർത്ത് പിണറായി മറുപടി കൊടുക്കുന്നു: ‘‘നടേശന്റെ യാഗാശ്വം ലാഭമുള്ള ഏതോ കച്ചവടത്തിനാണ് എന്ന് ഈ ഉദ്ധരണിയിൽനിന്നുതന്നെ മനസ്സിലാകും. മലബാറിൽ അദ്ദേഹം പുതിയൊരു കച്ചവടം തുടങ്ങാൻ പോവുകയാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. അബ്കാരിയോ മരാമത്തുകാരനോ ആയ വെറും നടേശന്റേതല്ല ഈ വാക്കുകൾ. മറിച്ച്, എസ്.എൻ.ഡി.പി യോഗത്തെ നിയന്ത്രിക്കുന്ന വ്യക്തിയുടേതാണ്. അങ്ങനെ വരുമ്പോൾ നടേശന്റെ വെല്ലുവിളി തീർത്തും നിസ്സാരമോ അവഗണനാർഹമോ അല്ല. ചരിത്രബോധത്തിന്റെ കുറവോ അവിവേകത്തിന്റെ ധാരാളിത്തമോ നടേശന്റെ വാക്കുകളിൽ പലരും കാണാറുണ്ട്. ഇവിടെ ആ പറഞ്ഞ രണ്ടു കാര്യങ്ങളും അതിന്റെ മൂർധന്യത്തിലാണ്. ആധുനിക കേരളത്തിന്റെ സവിശേഷതകളെക്കുറിച്ചോ അതിന്റെ വേരുകളെക്കുറിച്ചോ സാമാന്യബോധമില്ലാത്ത ഒരാൾക്കുമാത്രമേ ഇങ്ങനെ പ്രതികരിക്കാനാകൂ. ശ്രീനാരായണൻ ഉൾപ്പെടെയുള്ള നവോത്ഥാനനായകരുടെ സംഭാവന ഇന്ന് കേരളം അനുഭവിക്കുന്നത് മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷം നിലനിർത്തുന്നതിലൂടെയാണ്. ജാതിഭ്രാന്തും മതഭ്രാന്തും കേരളത്തിന്റെ പൊതുസ്വഭാവമല്ല ഇന്ന്... മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നും ശ്രീനാരായണൻ പറഞ്ഞുവെച്ചത് കേരളീയർ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. നവോത്ഥാനപ്രസ്ഥാനം ഉഴുതുമറിച്ച ആധുനിക കേരളത്തിൽ അധ്വാനിക്കുന്നവന്റെ പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടിയാണ് വളർന്നത്.’’
വെള്ളാപ്പള്ളി തിരിച്ചുകൊടുത്തത് മലയാള മനോരമയിലുണ്ട് (2002 സെപ്റ്റംബർ 26): ‘‘മലബാറിലെ ചില വലിയ സഖാക്കൾ എസ്.എൻ.ഡി.പിയെക്കുറിച്ച് പറഞ്ഞുപരത്തുന്നത് മണ്ടത്തരങ്ങളാണ്... പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ഒരു ഈഴവനും ഒളിവിൽ പോയിട്ടില്ല. ചോര കൊടുത്തിട്ടേയുള്ളൂ. ഒളിവിൽ പോയവരെല്ലാം ഇ.എം.എസിനേയും കൃഷ്ണപിള്ളയേയും പോലുള്ള സവർണസഖാക്കളാണ്. ഒളിവുജീവിതം കഴിഞ്ഞ് പുറത്തിറങ്ങി മുഖ്യമന്ത്രിയായ ശേഷം ഇ.എം.എസ് പൊക്കനെ മറന്നു. പിന്നീട് ഒരിക്കലും പൊക്കനെത്തേടി ഇ.എം.എസ് ചെത്തുകാരന്റെ കൂരയിലേക്ക് പോയിട്ടില്ല. നെറികേടിന്റെ തുടർച്ചയാണ് ഇന്നും ഈഴവർ അനുഭവിക്കുന്നത്.’’ അതിന് അന്ന് പിണറായി കൊടുത്ത മറുപടിയിലിങ്ങനെ കാണാം: ‘‘ഒളിവിൽ പോയത് പാർട്ടി നിശ്ചയിച്ച പ്രധാന പ്രവർത്തകരാണ്. അവരിൽ സവർണരും അവർണരും ഉണ്ടായിരുന്നു. അവർണരടക്കം പലരും ഒളിവിലിരുന്നത് പൊക്കനെപ്പോലുള്ള പ്രവർത്തകരുടെ കൂരകളിൽ മാത്രമല്ല. യാഥാസ്ഥിതികതയുടെ കേന്ദ്രങ്ങളായിരുന്ന നമ്പൂതിരിമനകളിലും രാജകൊട്ടാരങ്ങളിലും കൂടെയായിരുന്നു. കമ്യൂണിസ്റ്റുകാരും അവരുടെ അനുഭാവികളും ചേർന്നായിരുന്നു അവരുടെ ഒളിവുജീവിതം കൈകാര്യം ചെയ്തത്.’’ പറഞ്ഞുപറഞ്ഞ് അന്ന് പിണറായി ഇതും പറഞ്ഞു: ‘‘എന്നാൽ എസ്.എൻ.ഡി.പി എന്ന സംഘടന, വിശേഷിച്ചും അതിന്റെ നേതൃത്വം നിർണായകഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായിരുന്നു എന്നതും ചരിത്രസത്യമാണ്.’’
ഇങ്ങനെയൊക്കെ പിണറായി, വെള്ളാപ്പള്ളിയോട് പറഞ്ഞിട്ടുണ്ടെന്നത് ചരിത്രസത്യമാണ്. പിന്നെയും പതിറ്റാണ്ട് കഴിഞ്ഞപ്പോൾ വെള്ളാപ്പള്ളി നടേശൻ കേരള തൊഗാഡിയ ആകാൻ ശ്രമിക്കുകയാണ് എന്നും പിണറായി പറഞ്ഞു, 2015ൽ. ആ സത്യം കുത്തിപ്പൊക്കിക്കൊണ്ടുവന്ന് പിടിച്ചുനിൽക്കാൻ സൈബർ ചേകവന്മാർ ശ്രമിക്കുന്നതിനിടയിലാണ് സി.പി.എമ്മിന്റെ സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അവരുടെ കോല് തട്ടിത്തെറിപ്പിക്കുന്നത്. ‘‘ഏതെങ്കിലും അവസരത്തിൽ പറഞ്ഞ പദപ്രയോഗത്തെ മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെയും സമൂഹത്തെയും പ്രകൃതിയെയും പ്രകൃതിനിയമത്തെയും മനസ്സിലാക്കാതെ എല്ലാ കാലത്തേക്കുമാണ് എന്ന് പറയുന്നത് ശരിയല്ല’’ എന്നാണ് സി.പി.എമ്മിന്റെ 2026 ജനുവരിയിലെ നിലപാട്.
പുതിയ നിലപാടനുസരിച്ച് നടേശൻ നവോത്ഥാനനായകനാണ്. അതാണ് മുഖ്യമന്ത്രിയുടെ കാറിൽ കയറ്റി നഗരപ്രദക്ഷിണത്തിന് കൊണ്ടുപോവുന്ന കാലത്തേക്കുള്ള നിലപാട്. ഇതിൽ സി.പി.ഐക്ക് നേരിയൊരു അഭിപ്രായവ്യത്യാസമുണ്ടെന്ന് ആ പാർട്ടിയുടെ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചിരിക്കാം, കൈകൊടുക്കാം, കാറിൽ കയറ്റരുത് എന്ന്. അതിന് ബിനോയ് അല്ലാലോ പിണറായി വിജയൻ എന്ന് മറുപടിയും വന്നുകഴിഞ്ഞു. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റിയത് ശരിയാണെന്നും ആണയിട്ടു. 2002ലും 2015ലും പറഞ്ഞതൊക്കെ മാഞ്ഞു. അതൊന്നും ഇനിയാരും കുത്തിപ്പൊക്കിയിട്ട് കാര്യമില്ല. അത് ഹൃദയം കമ്യൂണിസ്റ്റ് താളത്തിൽ മിടിച്ചിരുന്ന കാലത്ത് പറഞ്ഞതാണ്. ഇപ്പോൾ രണ്ടാമത്തെ ചങ്കാണ് പ്രവർത്തിക്കുന്നത്. അതിന്റെ താളം വേറെയാണ്. പ്രപഞ്ചത്തേയും പ്രകൃതിയേയും അവയുടെ നിയമങ്ങളേയും പഠിക്കുന്ന കൂട്ടത്തിൽ ഭാഷയിലെ അലങ്കാരനിയമങ്ങളും ഹൃദയമിടിപ്പുംകൂടി പഠിക്കേണ്ടതാണ് സഖാക്കളേ. നിർണായകഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ എതിർത്തവരെയൊക്കെ ആദരിക്കേണ്ട കാലമാണിത്. അതറിയാതെ വെറും ബിനോയ് ആകരുത്.
mullaanasar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

