സഖാക്കളേ പിന്നോട്ട്...
text_fieldsവിമോചനസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന വിദ്യാർഥി-യുവജന ജാഥ (1958)
z James Burke, keralaculture
തലക്കെട്ട് പാരഡിയാണ്. പി. കൃഷ്ണപിള്ള അവസാനമായി നടത്തിയതായി കമ്യൂണിസ്റ്റ് ചരിത്രകാർ എഴുതിയ ആഹ്വാനത്തിന്റെ പാരഡി. 1948 ആഗസ്റ്റ് 19ന് ആലപ്പുഴ മുഹമ്മക്ക് സമീപം കണ്ണാർക്കാട്ടെ, ചെല്ലിക്കണ്ടത്തിൽ എന്ന കൊച്ചുകുടിലിൽ ഇരുന്ന് പാർട്ടിക്കുള്ള റിപ്പോർട്ട് എഴുതവെ ചൊരിമണലിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കൃഷ്ണപിള്ളയെ കടിച്ചുവെന്നാണല്ലോ ആ ചരിത്രം. ‘‘എന്നെ എന്തോ കടിച്ചു, പാമ്പാണെന്ന് തോന്നുന്നു’’ എന്ന് സഖാവ് പറഞ്ഞവാറെ ആ വീട്ടിലെ വൃദ്ധയായ അമ്മ ചുണ്ണാമ്പും മഞ്ഞളും വെച്ച് കടിവായിക്ക് മുകളിൽ തുണിക്കഷണംകൊണ്ട് കെട്ടിയെന്നും കൃഷ്ണപിള്ള റിപ്പോർട്ടിലേക്കുതന്നെ തിരിഞ്ഞുവെന്നുമാണ് വാമൊഴിചരിത്രം. എന്നിട്ടെഴുതി...‘‘എന്റെ കണ്ണുകളിൽ ഇരുട്ടുകയറുകയാണ്. ശരീരമാകെ തളരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്.’’ ഏറെനേരം കഴിഞ്ഞ് പാർട്ടിക്കാർ തോളിലേറ്റി വാഹനംവരുന്ന വഴിയിലെത്തിച്ച് ആലപ്പുഴ, കൊല്ലം പ്രദേശങ്ങളിലെ വിഷഹാരികളെയെല്ലാം കാണിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷ്ണപിള്ള പോയി. ആഹ്വാനം ബാക്കിയായി. ‘‘സഖാക്കളേ മുന്നോട്ട്’’ -അതിന്റെ ആയത്തിലാണ് പിന്നീട് ആ പാർട്ടി മുന്നോട്ട് കുതിച്ചത്. ആ കുതിപ്പിൽ പത്തുവർഷം തികയുംമുമ്പ് ഭരണപാർട്ടിയായി. 1957 ഏപ്രിൽ അഞ്ചിന് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ വന്നു. നിയുക്തമന്ത്രിമാർ ആലപ്പുഴ വലിയ ചുടുകാട്ടിലെത്തി പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും കൃഷ്ണപിള്ളക്കും രക്തപുഷ്പങ്ങൾ അർപ്പിച്ച് തിരുവനന്തപുരത്തെത്തി പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്നരയാണ് സമയം നിശ്ചയിച്ചതെങ്കിലും രാഹുകാലം കഴിയാൻവേണ്ടി ഒരു മണിക്കൂർ താമസിപ്പിച്ചതാണെന്ന് പുതുപ്പള്ളി രാഘവൻ ‘വിപ്ലവസ്മരണകൾ’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, രാഷ്ട്രീയത്തിലെ ഗ്രഹങ്ങളും കേതുക്കളും അവയുടെ പണിയെടുത്തു. കഷ്ടിച്ച് രണ്ടുവർഷമായപ്പോഴേക്ക് സർക്കാർ തകർന്നു. ജനവികാരം കുത്തിയൊലിച്ചുവന്നപ്പോൾ കടപുഴകിയതാണ് വിമോചനസമരം. പിന്നെ ആ പാർട്ടി ഒറ്റക്ക് ഭരിച്ചിട്ടില്ല. താമസിയാതെ പിളർന്നു. ആ കഷണങ്ങൾ പലരേയും കൂട്ടിയും പരസ്പരം കൂടിയും ഇടക്കിടെ മന്ത്രിസഭയുണ്ടാക്കി. 68 വർഷങ്ങൾക്കിപ്പുറം അങ്ങനെയൊരു കൂട്ടുകക്ഷി മന്ത്രിസഭക്ക് തുടർഭരണം കിട്ടുകയും മൂന്നാമൂഴത്തിനായി അതിയായി കൊതിക്കുകയും ചെയ്യുമ്പോൾ പിന്നോട്ടുനോക്കുന്നത് രസകരമാണ്. രാഷ്ട്രീയകേരളം ഒട്ടും മാറിയിട്ടില്ലെന്ന് കാണാം. പഴയകാലത്തെ രാഷ്ട്രീയായുധങ്ങളെല്ലാം ഇന്നും പ്രയോഗത്തിലുണ്ട്. വിശ്വാസം, ദാരിദ്യ്രം, അക്കാദമികൾ, സ്ഥാനങ്ങൾ, പാരഡി അങ്ങനെ എല്ലാമുണ്ട്. ഇന്നിപ്പോൾ അതിദാരിദ്യ്രമില്ല എന്നതാണ് ഒരു വിശ്വാസം. അതിനെ ഉച്ഛാടനം ചെയ്തെന്ന് സർക്കാർ വിശ്വസിക്കുന്നു. 1957ൽ അതിദാരിദ്യ്രം അതിഭയങ്കരമായിരുന്നു. അരി കിട്ടാനേയില്ലായിരുന്നു. ഭരണത്തിലേറും മുമ്പ് കമ്യൂണിസ്റ്റുപാർട്ടി വിളിച്ച മുദ്രാവാക്യം ഭരണത്തിലെത്തിയപ്പോൾ തിരിച്ചലയടിച്ചു:
‘‘അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ...’’
അരിയല്ല, പുതിയ ആശയങ്ങളാണ് കേന്ദ്രം തന്നത്. അരിക്ക് പകരം മറ്റുപലതും ഉപയോഗിക്കാമല്ലോ എന്നായിരുന്നു ഒരുപദേശം. അങ്ങനെ നിർദേശിക്കപ്പെട്ട ഒന്നാണ് മക്രോണി. സംസ്ഥാന സർക്കാറിന് അത് രസിച്ചു. മക്രോണി പ്രചരിപ്പിക്കാൻ നടപടിയെടുത്തു. എന്നാൽ, അരിയാഹാരം കഴിക്കുന്ന കേരളീയർക്ക് അത് പിടിച്ചില്ല. 1959ൽ വിമോചനസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ പൊള്ളിച്ചത് മക്രോണിയാണ്. ‘ഭഗവാൻ മക്രോണി’ എന്ന കഥാപ്രസംഗം. ആലപ്പുഴക്കാരനായ, കമ്യൂണിസ്റ്റ് പാർട്ടിക്കാരനായിരുന്ന, തൊഴിലാളിയായ, കെ.എസ്. രാജൻ എന്ന രാജൻപിള്ളയാണ് കഥാപ്രസംഗവുമായി വേദിയിലെത്തിയത്. പാട്ടുകാരനായ രാജൻ സർക്കാറിനെതിരായ വിവാദകഥകൾ നീട്ടിപ്പാടി ആവശ്യത്തിന് എരിവും പുളിയും ചേർത്തപ്പോൾ മക്രോണി ദഹിക്കാത്തവർപോലും ‘ഭഗവാൻ മക്രോണി’ക്കായി കാത്തിരുന്നു. ആലപ്പുഴ, കൊല്ലം പ്രദേശങ്ങളിൽ സമരസമ്മേളനങ്ങളിലെ മുഖ്യയിനം ഇതായിരുന്നു. മന്ത്രി പി.കെ. ചാത്തൻ മാസ്റ്റർ ഒരു പെൺകുട്ടിയെ ചാടിച്ചുകൊണ്ടുപോയി മന്ത്രിമന്ദിരത്തിൽ താമസിപ്പിച്ചെന്നും ഭക്ഷ്യമന്ത്രി കെ.സി. ജോർജ് ഒന്നരക്കൊല്ലംകൊണ്ട് ഒന്നരക്കോടി കട്ടു എന്നുമെല്ലാം രാജൻ നീട്ടിപ്പാടിയപ്പോൾ സമരക്കാർക്ക് ഹരംകയറി. പൊലീസ് മേധാവി ശ്രീനിവാസയ്യർ റെക്കോഡ് ചെയ്തുകൊണ്ടുപോയി ആഭ്യന്തരമന്ത്രി വി.ആർ. കൃഷ്ണയ്യരെ കേൾപ്പിച്ചു. ജനങ്ങളുടെ കയ്യടിയും വിസിലടിയുമെല്ലാം അതിലും കേൾക്കാമായിരുന്നു! സഹിക്കാതായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഇതിനൊരു പാരഡിയുണ്ടാക്കി- ‘ആരെടാ മക്രോണി’. ഓച്ചിറ രാമചന്ദ്രൻ എന്ന കമ്യൂണിസ്റ്റ് കാഥികനാണ് പാരഡി മക്രോണിയുമായി വന്നത്. പക്ഷേ, ഏശിയില്ല. പിന്നപ്പിന്നെ മക്രോണി രാജനെ കൈകാര്യം ചെയ്യാൻ തുടങ്ങി. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ വള്ളികുന്നം വഴി കാറിൽ പോയപ്പോൾ തടഞ്ഞുവെച്ച് രാജനെയും സംഘത്തേയും കഠിനമായി മർദിച്ചു. മറ്റൊരു കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദേവകീകൃഷ്ണനും പരിക്കേറ്റു. വയലാർ രവിയുടെ അമ്മയാണ് ദേവകീകൃഷ്ണൻ. അടിതടകൾക്കും ആക്രമണങ്ങൾക്കുമൊടുവിൽ മക്രോണി രാജനെ കാണാതായി. വിഷംകൊടുത്തു കൊന്നുവെന്നും മർദിച്ചുകൊന്നുവെന്നുമൊക്കെ സ്ഥിരീകരിക്കാത്ത കഥകൾ മാത്രം ബാക്കി. കാഥികൻ കടങ്കഥയായി.
സമരവിരുദ്ധ പ്രചാരണവും ശക്തമായിരുന്നു. അതിനായി ‘അജിേപ്രാപ്പ്’ എന്നൊരു സംവിധാനം പാർട്ടിബുദ്ധിജീവികളുടെ കീഴിലുണ്ടായിരുന്നു. പറയുമ്പോൾ എല്ലാം പറയണമല്ലോ, ഘടാഘടിയന്മാരായ സാഹിത്യനായകരും ബുദ്ധിജീവികളുമൊക്കെ രണ്ടുഭാഗത്തും യഥേഷ്ടം അണിനിരന്നു. സി.ജെ. തോമസ്, കെ. ബാലകൃഷ്ണൻ, കേശവദേവ്, എൻ.എൻ. പിള്ള, സുകുമാർ അഴീക്കോട്, എന്നുവേണ്ട എം.കെ. സാനു പോലും വിമോചനസമരത്തിനുവേണ്ടി സാഹിത്യം ചമച്ചവരാണ്. അതുവരെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രചാരണായുധമായിരുന്ന നാടകങ്ങൾക്കും പാരഡിയിറങ്ങി. തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്ക് സി.ജെ. തോമസും (വിഷവൃക്ഷം) കേശവദേവും (ഞാനിപ്പം കമ്യൂണിസ്റ്റാവും) പാരഡിയെഴുതി. കുറുക്കൻ രാജാവായി, ഏപ്രിൽ അഞ്ച്, മലങ്കോവിന്റെ മക്കൾ, എൻ.എൻ. പിള്ളയുടെ ‘മോസ്കോവിൽനിന്ന് മനയിലേക്ക്’ തുടങ്ങി നിരവധി നാടകപ്പാരഡികൾ. സർക്കാർവിരുദ്ധ സാഹിത്യങ്ങൾ ലഘുലേഖകളായി പ്രസിദ്ധീകരിക്കാൻ പ്രസാധനാലയങ്ങളും പത്രങ്ങളുമുണ്ടായിരുന്നു. അവക്ക് തടയിടാൻ പാർട്ടിയും പത്രങ്ങൾ തുടങ്ങി. ജനയുഗവും ദേശാഭിമാനിയും ഉണ്ടെങ്കിലും പാർട്ടിയുടെ ആലപ്പുഴ ജില്ലകമ്മിറ്റി കേരളഭൂമി എന്നൊരു പത്രം തുടങ്ങി. സാഹിത്യകാരെയും ബുദ്ധിജീവികളേയും കമ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെനിർത്തിക്കാനാണ് സർക്കാർ സംഗീതനാടക അക്കാദമി സ്ഥാപിച്ചത് എന്ന് ആക്ഷേപമുണ്ടായി. ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളൊക്കെയും ചെങ്കൊടിയേന്തി. കലയെ പ്രോത്സാഹിപ്പിക്കാൻ ജില്ലാടിസ്ഥാനത്തിൽ സർക്കാർ കലാമേളകൾ നടത്തി. സംഘാടകസമിതികളിൽ ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് പാർട്ടിക്കാരുമായിരുന്നു. സുകുമാർ അഴീക്കോട് എഴുതി: ‘‘ഭരണകക്ഷിയിലെ അംഗം എന്ന ഒറ്റ പിടിവള്ളിമേൽ തൂങ്ങിക്കൊണ്ട് കലയുടെ സ്വർഗരാജ്യത്തിൽ കയറാൻ ഇന്നത്തെ കേരള സർക്കാർ കുറെ സാഹിത്യസംഗീതകലാവിഹീനന്മാരെ അനുവദിച്ചത് അജ്ഞതകൊണ്ടാണെങ്കിൽ അക്ഷന്തവ്യമായ അപരാധവും അറിഞ്ഞുകൊണ്ടാണെങ്കിൽ അക്ഷന്തവ്യമായ പാതകവുമാണ്. മുമ്പും ഈ നാട്ടുകാർ കക്ഷിഭരണത്തിനു കീഴിൽ പുലർന്നുപോന്നിട്ടുണ്ട്. ഈ ക്രമലംഘനം കണ്ടിട്ടില്ല അന്നൊന്നും. ഈ പോക്ക് നാടിനെ എവിടെ എത്തിക്കും’’ (മാതൃഭൂമി 1958 ഡിസംബർ 28). എവിടെയാണെത്തിച്ചതെന്ന് ഇപ്പോൾ മനസ്സിലായല്ലോ!
എല്ലാത്തിനുമുപരി വിശ്വാസവും കമ്യൂണിസ്റ്റ് പാർട്ടിക്കും സർക്കാറിനും ആയുധമായി. അന്നും വേദിയാക്കിയത് ശബരിമല ക്ഷേത്രമാണ്. വിദ്യാഭ്യാസബില്ലിനെതിരെ ബിഷപ്പുമാർ പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് അത് പ്രയോഗിച്ചത്. 1957 ഡിസംബർ 12ന്. ശബരിമല തീപിടിത്തക്കേസിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു! 1950 ജൂൺ ആദ്യമാണ് തീപിടിത്തമുണ്ടായത്. പറവൂർ ടി.കെ. നാരായണപിള്ളയാണ് അന്ന് തിരുകൊച്ചി മുഖ്യമന്ത്രി. ഐക്യകേരളമായിട്ടില്ല. തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ൈക്രംബ്രാഞ്ച് മേധാവിയായ കേശവൻ മേനോനെ നിയമിച്ചിരുന്നു. മേനോൻ കൃത്യസമയത്തുതന്നെ റിപ്പോർട്ട് നൽകി. നാരായണപിള്ള സർക്കാർ തൊട്ടില്ല. പിന്നാലെ പല സർക്കാറുകൾ വന്നു. ഐ.ജെ. ജോൺ, സി. കേശവൻ, പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങിയവരൊക്കെ തിരുകൊച്ചി ഭരിച്ചു. ആരുമത് തൊട്ടില്ല. തിരുകൊച്ചിതന്നെ ഇല്ലാതായി കേരള സംസ്ഥാനം വന്ന് കമ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയുണ്ടാക്കിയപ്പോൾ റിപ്പോർട്ട് പുറത്തുവന്നു. കേസൊന്നും എടുത്തില്ല. റിപ്പോർട്ട് പുറത്തുവിട്ടുവെന്നു മാത്രം! തീവെച്ചതാണെന്നോ, ആരാണെന്നോ, ഖണ്ഡിതമായി പറയുന്ന കണ്ടെത്തലൊന്നും റിപ്പോർട്ടിലില്ല. എന്നാലും ക്രിസ്ത്യാനികളാണ് ക്ഷേത്രം കത്തിച്ചത് എന്ന് ‘നിഗമിച്ചിട്ടുണ്ട്’. സംശയിക്കുന്ന ചിലരുടെ പേരുമുണ്ടായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ഹിന്ദു ദേവന്മാരേയും ദേവാലയങ്ങളേയും മഹാപുച്ഛമാണെന്നും ശബരിമല ക്ഷേത്രം ഉള്ളതുകൊണ്ട് അധഃകൃത വിഭാഗക്കാരെ മാർഗംകൂട്ടാൻ തടസ്സമുണ്ടെന്നും മറ്റുമുള്ള യുക്തികളും റിപ്പോർട്ടിലുണ്ടായിരുന്നു. മുൻ ഗവൺമെന്റുകളൊന്നും ആ റിപ്പോർട്ട് പുറത്തുവിടാതിരിക്കാനും കമ്യൂണിസ്റ്റ് ഗവൺമെന്റ് അത് വിടാനുമുള്ള കാരണം ആ നിഗമനങ്ങളും യുക്തികളുംതന്നെയായിരുന്നു. യുക്തിയുടെ ശക്തിയേ!
അന്നും ഇന്നും ശബരിമല കമ്യൂണിസ്റ്റുപാർട്ടിയുടെ കൈയിലൊരു ആയുധമാണ്. സ്വാമിയല്ലാതൊരു ശരണമില്ല!
mullaanasar@gmail.co
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

