Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇടം വലംchevron_rightവിധിയുമായി...

വിധിയുമായി (വല്ലാത്തൊരു) കൂടിക്കാഴ്ച!

text_fields
bookmark_border
വിധിയുമായി (വല്ലാത്തൊരു) കൂടിക്കാഴ്ച!
cancel


ഇടം വലം

പി.ടി. നാസർ

പല്ലി ഒരു തുള്ളി മുതലയാണ്’’ എന്ന് സ്പാനിഷ് കവി ഫെഡറികോ ഗാർസിയ ലോർക്ക പറഞ്ഞിട്ടുണ്ട്. വൃദ്ധനായ പല്ലി എന്ന കവിതയിലാണാ വരികളുള്ളത്.

‘‘വരണ്ട പാതയിൽ ഞാൻ നല്ലൊരു പല്ലി ധ്യാനിക്കുന്നതു കണ്ടു. (ഒരു തുള്ളി മുതലയാണ് പല്ലി)’’എന്നാണ് വരി. അരവിന്ദന്‍റെ ‘ചെറിയമനുഷ്യനും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലെ ഗുരുജി എന്ന കഥാപാത്രമാണ് ഒരു ദാർശനികസത്യമെന്ന മട്ടിൽ ഇതു മലയാളത്തിലാക്കുന്നത്. അങ്ങനെ പല്ലി കേരളത്തിൽ മുതലയായി. ഒരുതുള്ളിയെങ്കിൽ ഒരുതുള്ളി.

ഇമ്മട്ടിലൊരു ദാർശനികപ്രസ്താവന അടുത്തകാലത്ത് നടത്തിയത് കവി കൽപറ്റ നാരായണനാണ്. ‘‘നെഹ്റു ഒരു പരിധിവരെ വി.ഡി. സതീശനിലുണ്ട്’’ എന്ന്. രാഷ്ട്രീയമായി അതൊരു മോശം പ്രസ്താവനയല്ല. ‘‘ഒരു ബഹുസ്വരപ്രദേശം ഭരിക്കാൻ ഒരു ഗാന്ധിയോ സ്റ്റാലിനോ നെഹ്റുവോ വേണ്ടത് എന്നു ചോദിച്ചാൽ ഒരു നെഹ്റു വേണം എന്നാണ് ഞാൻ പറയുക. ആ നെഹ്റു ഒരു പരിധിവരെ വി.ഡി. സതീശനിലുണ്ട്’’ - എന്നാണ് കൽപറ്റ പറഞ്ഞത്. അല്ലെങ്കിലും താൻ നെഹ്റൂവിയനാണ് എന്നും നെഹ്റൂവിയൻ ലെഫ്റ്റാണ് എന്നുമൊക്കെ സതീശൻ പ്രസ്താവിച്ചുറപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രതിഭാധനനായ കവിയുടെ സാക്ഷ്യപത്രം കൂടിയായപ്പോൾ വി.ഡി. സതീശൻ കേരളത്തിലെ നെഹ്റുവായി.

ഭരണത്തിലേറിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിനാൽ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചപ്പോഴും നെഹ്റു കൂടെയുണ്ട്. ബജറ്റ് പ്രസംഗം അവസാനിച്ചപ്പോൾ പറഞ്ഞു: ‘‘വിധിയുമായുള്ള കൂടിക്കാഴ്ച (Tryst with Destiny) എന്ന പ്രസിദ്ധമായ പ്രസംഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആധുനികവും സമഭാവന നിറഞ്ഞതും സമൃദ്ധിയുള്ളതുമായ നാടിനെ സ്വപ്നം കണ്ടു. അദ്ദേഹത്തിന്‍റെ വാക്കുകൾ നമുക്ക് ഹൃദയത്തിൽ കുറിക്കാം’’. ആ ആമുഖത്തോടെ സതീശൻ നെഹ്റുവിന്‍റെ ചരിത്രപ്രസംഗത്തിലേക്കിറങ്ങിപ്പോകുമ്പോഴാണ് ബജറ്റ്പ്രസംഗം അവസാനിക്കുന്നത്.

ബജറ്റിന്‍റെ രേഖകൾ വന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പ്രതികരണവും വന്നു. കോർപറേറ്റ് താൽപര്യത്തിനും സ്വകാര്യവത്കരണത്തിനും ഊന്നൽ നൽകുന്നതാണ് ബജറ്റ് എന്ന്. അതു ശരിയാണെന്നും ആ ആക്ഷേപം സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടിയും കൊടുത്തു. സ്വകാര്യനിക്ഷേപങ്ങൾതന്നെയാണ് ലക്ഷ്യം എന്നാണ് ഉറച്ച മറുപടി. ബജറ്റ് പ്രസംഗത്തിൽ സതീശൻ ഓർമിപ്പിച്ചത് നെഹ്റുവിനെയാണെങ്കിൽ ബജറ്റിനുശേഷം വാർത്തസമ്മേളനത്തിൽ കണ്ടത് മൻമോഹൻസിങ്ങിനെയാണ്. പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങിനെയല്ല. 1991ൽ പുത്തൻസാമ്പത്തികനയം എന്ന പേരിട്ട് ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരീകരണം എന്നിവ നടപ്പാക്കിയ നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രിയെ; അതു ധനശാസ്ത്രപരമായി ഒരു തെറ്റായിരുന്നില്ല. തകർച്ചയുടെ വക്കിലായിരുന്നു അന്ന് ഇന്ത്യയുടെ സാമ്പത്തികസ്ഥിതി. രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ് ഖജനാവിലുണ്ടായിരുന്നത്. അപ്പോഴാണ് രാഷ്ട്രീയക്കാരനല്ലാത്ത മൻമോഹൻസിങ് ബജറ്റായി പുത്തൻസാമ്പത്തികനയം അവതരിപ്പിക്കുന്നത്. അന്നദ്ദേഹം വിക്ടർ ഹ്യൂഗോവിന്‍റെ വരികളെയാണ് കൂട്ടുപിടിച്ചത്: ‘‘യഥാസമയം ഉദയംചെയ്ത ഒരു ആശയത്തെ തടഞ്ഞുനിർത്താൻ ഭൂമിയിലൊരു ശക്തിക്കും കഴിയില്ല’’- എന്ന വരികൾ ഉദ്ധരിച്ചാണ് മൻമോഹൻസിങ് ലൈസൻസ് രാജ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഉദാരീകരണത്തിലേക്കും സ്വകാര്യവത്കരണത്തിലേക്കും വാതിൽ തുറന്നത്.

പിന്നെയൊക്കെ ചരിത്രം. നമ്മൾ അനുഭവിച്ച ചരിത്രം. രാജ്യവും ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പിന്നീടങ്ങോട്ട് നടന്നത് ആ വാതിൽ കടന്നുതന്നെയാണ്. കഴിഞ്ഞ പത്തുവർഷം കേരളം നടന്നതും പൂർണമായും വേറിട്ടൊരു വഴിയിലൂടെയായിരുന്നില്ല. കേന്ദ്രസർക്കാറിന്‍റെ സാമ്പത്തികനയമായ ആഗോളീകരണത്തിന്‍റെയും ഉദാരീകരണത്തിന്‍റെയും സാധ്യതകൾ പിണറായി വിജയന്‍റെ രണ്ട് സർക്കാറുകളും നന്നായി ഉപേയാഗിച്ചിട്ടുണ്ട്. ഡോ.തോമസ് ഐസക്കും കെ.എൻ. ബാലഗോപാലും മൻമോഹൻസിങ്ങിന്‍റെ ഏകലവ്യന്മാരായിരുന്നു. ക്ലാസിൽ കയറിയില്ല. ഒളിഞ്ഞുനിന്നു പഠിച്ചു. ആ വിദ്യകളൊക്കെ ഗംഭീരമായി പ്രയോഗിക്കുകയും ചെയ്തു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിലൂടെ മസാലബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചതും മറ്റ് വിദേശനിക്ഷേപങ്ങൾ ആകർഷിച്ചതും ആഗോളീകരണത്തിന്‍റെ സാധ്യതകളേയും ഉപകരണങ്ങളേയും എടുത്തുപയോഗിച്ചുകൊണ്ടാണ്. അവ ജനകീയബദലിനായി ഉപയോഗിക്കുകയാണ് എന്ന വാചാേടാപംകൊണ്ട് മറച്ചുപിടിച്ചു എന്നുമാത്രം. ഇപ്പുറത്ത് വി.ഡി. സതീശൻ മൻമോഹൻസിങ്ങിന്‍റെ ക്ലാസിലിരുന്നു പഠിക്കുന്നു എന്നുമാത്രമല്ല ക്ലാസ് ലീഡറാകാനും നോക്കുന്നു. അതാണു വ്യത്യാസം. അതുമൊരു മോശം കാര്യമല്ല. കേരളം രക്ഷപ്പെടാൻ അതേവഴിയുള്ളുവെങ്കിൽ രക്ഷപ്പെടട്ടെ. എന്നും മസാലബോണ്ട്തന്നെ വേണമെന്നില്ല. ദഹനക്കേട് വരും. നെഹ്റുവിന്‍റെ മിക്സഡ് ഇക്കോണമി പാചകം ചെയ്യാൻ തോമസ് ഐസക്കിനോളം മിടുക്ക് വി.ഡി. സതീശനില്ല എന്നതുകൊണ്ട് കേരളം പട്ടിണിയാവരുതല്ലോ. മൻമോഹൻസിങ്ങിന്‍റെ ഉദാര റസിപ്പി വരട്ടെ.

മൻമോഹൻസിങ് ആദ്യം ധനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയിട്ടാണ് അവതരിച്ചത്. സതീശൻ അങ്ങനെയല്ല. രണ്ടും ഒരു ജന്മത്തിലാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഒരേ ശരീരത്തിലാണ്. ഇങ്ങനെ പലരും കേരളത്തിൽ മുമ്പും അവതരിച്ചിട്ടുണ്ട്. ആർ. ശങ്കർ, സി. അച്യുതമേനോൻ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാരൊക്കെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഒന്നും മോശമായിട്ടില്ല. പക്ഷേ, സതീശന്‍റെ കാര്യത്തിലൊരു വ്യത്യാസമുണ്ട്. സിദ്ധാന്തത്തിലെ നെഹ്റൂവിസം പ്രയോഗത്തിലില്ല. നെഹ്റുവിന്‍റെ മിക്സഡ് ഇക്കോണമിയല്ല മൻമോഹനോമിക്സാണ് പഥ്യം എന്നുകണ്ടല്ലോ. കലർപ്പില്ലാത്ത മുതലാളിത്തം.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഭരണത്തിലും ആ വ്യത്യാസമുണ്ട്. ജവഹർലാൽ നെഹ്റുവിനെയല്ല നരസിഹറാവുവിനെയാണ് സതീശന്‍റെ ഭരണം ഓർമിപ്പിക്കുന്നത്. നെഹ്റുവിനോളംതന്നെ പാണ്ഡിത്യമുണ്ടായിട്ടും 13 ഭാഷകൾ അറിയാമായിരുന്നിട്ടും ഒന്നും ഉപയോഗിക്കാതെ നിർണായകനിമിഷങ്ങളിലൊക്കെ സമ്പൂർണമൗനം പാലിച്ച നരസിംഹറാവുവിനെ. അതേ മഹാമുനിയെയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്‍റെ നോർത്ത്ബ്ലോക്കിൽ ഇപ്പോൾ കാണാനുള്ളത്. സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം മുഴുനീളത്തിൽ ആലപിക്കാൻ, സിൻഡിക്കേറ്റിലേക്ക് ആളെക്കയറ്റാൻ, ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ദർശനം കൊടുക്കാൻ വന്നപ്പോൾ സർവകലാശാല വി.സിമാരെ ബൈഠക്കിന് എത്തിക്കാൻ, യോഗദിനത്തിന്‍റെ ഒരുക്കത്തിന്റെ അവലോകനത്തിന് വകുപ്പധ്യക്ഷരെ വിളിച്ചുചേർക്കാൻ എല്ലാം ബഹുമാനപ്പെട്ട ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് സാധിച്ചത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വടശ്ശേരി ദാമോദരമോനോൻ സതീശൻ ജവഹർലാൽ നെഹ്റുവിന്‍റെ വേഷമിട്ട് നരസിംഹറാവുവിന്‍റെ ഭാഗം അഭിനയിക്കുന്നതുകൊണ്ടാണ്.

വന്ദേമാതരം ലോക്ഭവനിലായതുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞത് അംഗീകരിക്കാം. പിന്നെ നടന്നവയോ? സിൻഡിക്കേറ്റിലെ നിയമനം, വി.സിമാരുടെ ബൈഠക്, ഒന്നുമറിഞ്ഞില്ല! വകുപ്പ് അധ്യക്ഷരുടെ യോഗം ഗവർണർ വിളിച്ചുചേർത്തു എന്നകാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞശേഷമാണ് സർക്കാറിന് പ്രതിഷേധമുണ്ടെന്ന കത്ത് ചീഫ്സെക്രട്ടറിയെെക്കാണ്ട് ഗവർണർക്ക് കൊടുപ്പിക്കുന്നത്. പ്രതിപക്ഷനേതാവ് പറയുംവരെ മുഖ്യമന്ത്രി അതും അറിഞ്ഞില്ലെന്നാണെങ്കിൽ ഇത് നരസിംഹമൂർത്തിയുടെ അവതാരംതന്നെ. സംശയമില്ല. പി.എം ശ്രീ മാത്രമല്ല കേരളത്തിനിപ്പോൾ ഗവർണർശ്രീയുമുണ്ട്. എന്നാലും പണ്ഡിറ്റ്ജീ, വിധിയുമായി വല്ലാത്തൊരു കൂടിക്കാഴ്ചയായിപ്പോയി ഇത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsarticlePinarayi VijayanVD SatheesanKerala Budget 2026
News Summary - A (very) meeting with fate!
Next Story