സൗഹൃദത്തിന്റെ വർണങ്ങൾ
text_fieldsനമുക്കെല്ലാവർക്കും സൗഹൃദങ്ങളുണ്ട്. ജീവിതത്തിന് പ്രകാശം നൽകുന്ന ഘടകമാണത്. ഓരോ സൗഹൃദവും ഓരോ തരമാണ്. പ്രൈമറി സ്കൂൾ കാലത്ത് തുടങ്ങി ആ പഠനകാലം കഴിയുമ്പോൾ അവസാനിക്കുന്നവയാണ് ചിലത്. എന്നാൽ മറ്റുചിലതാകട്ടെ, കാലമെത്ര കഴിഞ്ഞാലും മങ്ങാതെ നിൽക്കും. നിത്യേനയുള്ള സംസാരമോ കാണലോ ഇല്ലെങ്കിൽ പോലും അവയ്ക്ക് ഒരു സ്ഥായീഭാവമുണ്ടാകും. മൂന്നാമത്തെ വിഭാഗമാണ് ആഴമേറിയ സൗഹൃദങ്ങൾ; ഊണിലും ഉറക്കത്തിലും ഒപ്പമുള്ളവർ. നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും താങ്ങായി നിൽക്കുന്ന, ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവെക്കാൻ കഴിയുന്ന ഗാഢമായ ബന്ധങ്ങൾ. എല്ലാ തരം സൗഹൃദങ്ങൾക്കും അതിന്റേതായ മൂല്യമുണ്ട്.
ഒരു പഴയ സുഹൃത്ത് ഈ നിമിഷം ഓർമയിലെത്തുന്നു. ചങ്ങാത്തം കൂടാൻ ഏറെ താല്പര്യമുള്ളൊരാളായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ രീതി കൗതുകമുളവാക്കുന്നതായിരുന്നു; ഒരാളുടെ കൂടെ കുറച്ചുനാൾ ചങ്ങാത്തം കൂടും, അടുത്തയാളിൽ നിന്ന് എന്തെങ്കിലും മെച്ചമുണ്ടെന്ന് കണ്ടാൽ ആദ്യത്തെയാളെ പാടേ ഉപേക്ഷിക്കും. സ്വന്തം നേട്ടങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് സൗഹൃദത്തിന്റെ മാനദണ്ഡം.
ചെറുപ്പത്തിൽ ഇത്തരമൊരു അവഗണന നേരിടേണ്ടി വന്നപ്പോൾ എനിക്ക് വലിയ പ്രയാസം തോന്നി. പൊടുന്നനെ ഒരാൾ നമ്മെ തിരിഞ്ഞുനോക്കാതെയാകുമ്പോൾ ആ പിഞ്ചുമനസ്സിനുണ്ടാകുന്ന വേദന ചെറുതല്ല. അന്ന് ഞാൻ അയാളെ തിരികെ വിളിക്കാനൊക്കെ ശ്രമിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അതിന്റെ പൊരുൾ എനിക്ക് മനസ്സിലായത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്തരം സൗഹൃദങ്ങൾ വന്നുപോകുന്നതിൽ എനിക്ക് തീർത്തും വിഷമമില്ല. ജീവിതയാത്രയിൽ പലരും വരുന്നു, പലരും പല വഴികളിൽ പിരിഞ്ഞുപോകുന്നു. നാം നമ്മുടെ പാതയിലൂടെ മുന്നോട്ട് പോകുന്നു.
ഇനി മറ്റൊരു സുഹൃത്ത്; എന്റെ സഹപാഠിയായിരുന്നു. ദീർഘകാലം വിദേശത്ത് ജോലി ചെയ്തിരുന്ന അദ്ദേഹം സമയം കിട്ടുമ്പോഴെല്ലാം എന്നെ വിളിക്കുകയും നാട്ടിൽ വരുമ്പോഴെല്ലാം വീട്ടിൽ എത്തുകയും ചെയ്യുമായിരുന്നു. ഒരിക്കൽ പോലും എനിക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. എന്റെ സ്ഥാനമാനങ്ങൾ നോക്കിയല്ല അദ്ദേഹം എന്നെ സ്നേഹിച്ചത്. കാരണം, കൂടെ പഠിച്ച എല്ലാവരോടും അദ്ദേഹം ഇതേ സ്നേഹബന്ധം പുലർത്തിയിരുന്നു. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും ചെറിയ ദുഃഖങ്ങളിലുമെല്ലാം അദ്ദേഹം എപ്പോഴും ഒപ്പമുണ്ടായിരുന്നു.
ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ‘‘നീ എപ്പോഴും എനിക്ക് സമ്മാനങ്ങൾ കൊണ്ടുവരുന്നു, പക്ഷേ തിരിച്ച് ഒന്നും ചെയ്യാൻ എനിക്ക് കഴിയുന്നില്ലല്ലോ.’’ സാധാരണഗതിയിൽ ‘‘അവസരം വരുമ്പോൾ ചോദിക്കാം’’ എന്നാകും നാം പ്രതീക്ഷിക്കുന്ന മറുപടി. എന്നാൽ അദ്ദേഹം പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി:
‘‘ഞാൻ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. നിങ്ങൾ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിയത് കാണുന്നത് തന്നെ എനിക്ക് അഭിമാനമാണ്. എന്നെങ്കിലും എന്റെ വീട്ടിലേക്ക് ഒന്ന് വരണമെന്ന ഒരൊറ്റ ആഗ്രഹമേ എനിക്കുള്ളൂ.’’
അടുത്തിടെ അദ്ദേഹത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തപ്പോൾ ഞാൻ ഒരു പുത്തൻമുണ്ട് അദ്ദേഹത്തിന് സമ്മാനിച്ചു. അത് വാങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആഹ്ലാദവും നിർവൃതിയും വിവരിക്കാനാവില്ല. പിന്നീട് പലരോടും അദ്ദേഹം ആവേശത്തോടെ ആ സമ്മാനത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
ഇങ്ങനെയുള്ള കൂട്ടുകാർ ജീവിതത്തിലെ യഥാർത്ഥ രത്നങ്ങളാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും അവർ തന്നെ. ജീവിതത്തിന് അർഥമുണ്ടാക്കുന്നത് ഇത്തരം മനുഷ്യരാണ്. ചുറ്റുപാടുമുള്ളവരോട് നിഷ്കളങ്കമായി ഇടപഴകുകയും പ്രതിഫലം കാംക്ഷിക്കാതെ സ്നേഹിക്കുകയും ചെയ്യുന്ന ഇവർ ജീവിതത്തിലെ വലിയ വെളിച്ചമാണ്.
ഈ രണ്ട് രീതിയിലുള്ള സൗഹൃദങ്ങളും നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാകാം. ഇതിൽ ആദ്യത്തെ കൂട്ടർ സുലഭമാണ്; നാം ഉന്നതിയിൽ നിൽക്കുമ്പോൾ കൂടെയുണ്ടാകുമെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവർ അപ്രത്യക്ഷരാകും. എന്നാൽ രണ്ടാമത്തെ കൂട്ടർ അങ്ങനെയല്ല, ജീവിതത്തിന്റെ ഏത് വിഷമഘട്ടത്തിലും അവർ നമുക്കൊപ്പം കാണും. അത്തരം ശ്രേഷ്ഠമായ സൗഹൃദങ്ങൾ നേടിയെടുക്കുക എന്നതും മറ്റൊരാൾക്ക് അത്തരമൊരു സുഹൃത്തായിരിക്കുക എന്നതുമാണ് ജീവിതത്തിലെ വലിയ നേട്ടം.
പ്രശസ്ത ആംഗലേയ നോവലിസ്റ്റ് റോബർട്ട് ലൂയി സ്റ്റീവൻസന്റെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്:
‘‘നിങ്ങൾ നിങ്ങൾക്കുതന്നെ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ഒരു സുഹൃത്ത്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

